അധ്യായം 2
സ്വർഗത്തിൽ ദൈവരാജ്യം ജനിച്ചിരിക്കുന്നു
1, 2. ലോകചരിത്രത്തിലെതന്നെ ഏറ്റവും സുപ്രധാനമായ സംഭവം ഏത്, മനുഷ്യരാരും അതു നേരിട്ട് കാണാത്തതിൽ അതിശയിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
ചരിത്രത്തിലെ ഒരു നിർണായകകാലഘട്ടത്തിനു സാക്ഷിയാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? പലരും അങ്ങനെ ചിന്തിക്കാറുണ്ട്. പക്ഷേ ഒന്ന് ഓർത്തുനോക്കൂ: അതുപോലെ സംഭവബഹുലമായൊരു കാലത്ത് ജീവിച്ചിരുന്നാലും ആ മാറ്റത്തിനു തിരികൊളുത്തിയ ചില സംഭവങ്ങൾ നിങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടാകുമോ? സാധ്യതയില്ല. കാലങ്ങളായി അധികാരത്തിലിരിക്കുന്ന പല ഭരണകൂടങ്ങളും നിലംപൊത്താൻ കാരണമായ സംഭവങ്ങൾ ചരിത്രത്താളുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും അതു പലപ്പോഴും പൊതുജനം നേരിട്ട് കണ്ടിട്ടുണ്ടാകണമെന്നില്ല. മിക്കപ്പോഴും ചരിത്രം ഗതിമാറി ഒഴുകാൻ കാരണമാകുന്ന പല മാറ്റങ്ങളും നടക്കുന്നത് ഇരുചെവിയറിയാതെ ഒരു രാജസദസ്സിലോ ആലോചനാമുറിയിലോ ചിലപ്പോൾ ഒരു ഗവൺമെന്റ് ഓഫീസിലോ ഒക്കെയായിരിക്കും. അടച്ചിട്ട മുറികൾക്കുള്ളിൽ നടക്കുന്ന അത്തരം സംഭവങ്ങൾ പക്ഷേ ദശലക്ഷങ്ങളുടെ ജീവിതംതന്നെ മാറ്റിമറിച്ചേക്കാം.
2 ലോകചരിത്രത്തിലെതന്നെ ഏറ്റവും സുപ്രധാനമായ സംഭവത്തിന്റെ കാര്യമോ? അതു ദശലക്ഷങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നു. പക്ഷേ ആ സംഭവം മനുഷ്യരാരും നേരിട്ട് കണ്ടിട്ടില്ല. അതെ, സ്വർഗത്തിൽ ദൈവരാജ്യം ജനിച്ചതിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. വളരെ പെട്ടെന്നുതന്നെ ഈ ലോകവ്യവസ്ഥിതിയെ മുഴുവനും നശിപ്പിക്കാൻപോകുന്ന ആ മിശിഹൈകഗവൺമെന്റിനെപ്പറ്റി വളരെക്കാലം മുമ്പേ മുൻകൂട്ടിപ്പറഞ്ഞിരുന്നതാണ്. (ദാനിയേൽ 2:34, 35, 44, 45 വായിക്കുക.) ആ ചരിത്രമുഹൂർത്തത്തിനു മനുഷ്യരാരും സാക്ഷികളല്ലായിരുന്നു എന്നുവെച്ച്, യഹോവ അതു മനുഷ്യരിൽനിന്ന് മനഃപൂർവം മറച്ചുവെച്ചതാണെന്നു വിചാരിക്കണോ? അതോ യഹോവ മുൻകൂട്ടി അതിനുവേണ്ടി തന്റെ വിശ്വസ്തജനത്തെ ഒരുക്കിയിരുന്നോ? നമുക്കു നോക്കാം.
‘എന്റെ സന്ദേശവാഹകൻ . . . എനിക്ക് ഒരു വഴി തെളിക്കും’
3-5. (എ) മലാഖി 3:1-ലെ ‘ഉടമ്പടിയുടെ സന്ദേശവാഹകൻ’ ആരായിരുന്നു? (ബി) ‘ഉടമ്പടിയുടെ സന്ദേശവാഹകൻ’ ആലയത്തിലേക്കു വരുന്നതിനു മുമ്പ് എന്തു സംഭവിക്കണമായിരുന്നു?
3 മിശിഹൈകരാജ്യത്തിന്റെ ജനനത്തിനുവേണ്ടി തന്റെ ജനത്തെ ഒരുക്കണമെന്നുള്ള ഉദ്ദേശ്യം പുരാതനകാലം മുതലേ യഹോവയുടെ മനസ്സിലുണ്ടായിരുന്നു. മലാഖി 3:1-ലെ പ്രവചനം അതിന് ഒരു ഉദാഹരണമാണ്. അവിടെ പറയുന്നു: “ഇതാ! ഞാൻ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു. അവൻ എനിക്ക് ഒരു വഴി തെളിക്കും. പെട്ടെന്നുതന്നെ നിങ്ങൾ അന്വേഷിക്കുന്ന കർത്താവ് തന്റെ ആലയത്തിലേക്കു വരും. നിങ്ങളുടെ പ്രിയങ്കരനായ, ഉടമ്പടിയുടെ സന്ദേശവാഹകനും വരും.”
4 ആ പ്രവചനത്തിന്റെ ആധുനികകാലനിവൃത്തിയിൽ, തന്റെ ആത്മീയമായ ആലയത്തിന്റെ മുറ്റത്ത് സേവിക്കുന്നവരെ, അതായത് ഭൂമിയിലുള്ള ദൈവജനത്തെ, പരിശോധിക്കാൻ യഹോവ എന്ന “കർത്താവ്” എപ്പോഴാണു വന്നത്? ‘ഉടമ്പടിയുടെ സന്ദേശവാഹകന്റെ’കൂടെയാണ് യഹോവ വരുകയെന്നു പ്രവചനം വിശദീകരിക്കുന്നു. ആരായിരുന്നു ആ സന്ദേശവാഹകൻ? അതു മിശിഹൈകരാജാവായ ക്രിസ്തുയേശുതന്നെയാണ്. (ലൂക്കോ. 1:68-73) പുതുതായി അവരോധിക്കപ്പെട്ട രാജാവെന്ന നിലയിൽ ക്രിസ്തു, ഭൂമിയിലെ ദൈവജനത്തെ പരിശോധിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുമായിരുന്നു.—1 പത്രോ. 4:17.
5 എന്നാൽ, മലാഖി 3:1-ന്റെ ആദ്യഭാഗത്ത് വേറൊരു ‘സന്ദേശവാഹകനെ’ക്കുറിച്ച് പറയുന്നുണ്ട്. അത് ആരായിരുന്നു? പ്രവചനത്തിൽ പറയുന്ന ആ വ്യക്തി മിശിഹൈകരാജാവിന്റെ സാന്നിധ്യത്തിന് ഏറെ മുമ്പുതന്നെ രംഗത്തെത്തുമായിരുന്നു. എന്നാൽ 1914-നു മുമ്പുള്ള ദശകങ്ങളിൽ അങ്ങനെ ആരെങ്കിലും മിശിഹൈകരാജാവിനു ‘വഴി തെളിച്ചോ?’
6. വരാനിരിക്കുന്ന സംഭവങ്ങൾക്കുവേണ്ടി ദൈവജനത്തെ ഒരുക്കാനായി വന്ന ആദ്യത്തെ ‘സന്ദേശവാഹകൻ’ ആര്?
6 യഹോവയുടെ ജനത്തിന്റെ ആവേശജനകമായ ആധുനികകാലചരിത്രത്തിൽ അതുപോലുള്ള പല ചോദ്യങ്ങൾക്കും ഉത്തരമുണ്ട്. ഈ പ്രസിദ്ധീകരണത്തിലുടനീളം നമ്മൾ അവ പരിശോധിക്കും. ചരിത്രം സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്, സത്യക്രിസ്ത്യാനികളുടെ ചെറിയൊരു സംഘം രൂപപ്പെട്ടുവരുന്നുണ്ടായിരുന്നു. ധാരാളം വരുന്ന കപടക്രിസ്ത്യാനികൾക്കിടയിൽ വേറിട്ടുനിൽക്കുന്ന, വിശ്വസ്തരായവരുടെ ഒരേ ഒരു കൂട്ടമായിരുന്നു അവർ. ബൈബിൾവിദ്യാർഥികൾ എന്ന് അവർ അറിയപ്പെട്ടു. അവർക്ക് ആത്മീയമാർഗനിർദേശം കൊടുത്തുകൊണ്ടും വരാനിരിക്കുന്ന സംഭവങ്ങൾക്കായി അവരെ ഒരുക്കിക്കൊണ്ടും ദൈവജനത്തിന് ഇടയിൽ നേതൃത്വമെടുത്ത ചാൾസ് റ്റി. റസ്സൽ സഹോദരനും അദ്ദേഹത്തിന്റെ അടുത്ത സഹകാരികളും, മുൻകൂട്ടിപ്പറഞ്ഞ ‘സന്ദേശവാഹകനായി’ പ്രവർത്തിച്ചു. ആ ‘സന്ദേശവാഹകൻ’ അതു ചെയ്ത നാലു വിധങ്ങൾ നമുക്കു നോക്കാം.
സത്യത്തിൽ അധിഷ്ഠിതമായ ആരാധന
7, 8. (എ) ദേഹി അമർത്യമാണെന്ന പഠിപ്പിക്കൽ തെറ്റാണെന്നു വെളിപ്പെടുത്താൻ 1800-കളിൽ നേതൃത്വമെടുത്തത് ആര്? (ബി) സി. റ്റി. റസ്സൽ സഹോദരനും അടുത്ത സഹകാരികളും മറ്റ് ഏതെല്ലാം ഉപദേശങ്ങൾ തെറ്റാണെന്നു തെളിയിച്ചു?
7 അവർ പ്രാർഥനാപൂർവം പഠനങ്ങൾ നടത്തി; സുവ്യക്തമായ ബൈബിളുപദേശങ്ങളുടെ കാര്യത്തിൽ പരസ്പരം യോജിച്ചു, അവ ശേഖരിച്ച് പ്രസിദ്ധീകരിച്ചു. നൂറ്റാണ്ടുകളോളം ക്രൈസ്തവലോകം ആത്മീയമായ അന്ധകാരത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. അതിന്റെ പല ഉപദേശങ്ങളുടെയും ഉത്ഭവം വ്യാജമതങ്ങളിൽനിന്നായിരുന്നു. അതിന്റെ വലിയൊരു ഉദാഹരണമാണു ദേഹി അമർത്യമാണെന്ന പഠിപ്പിക്കൽ. പക്ഷേ 1800-കളിൽ ആത്മാർഥഹൃദയരായ ചില ബൈബിൾവിദ്യാർഥികൾ നടത്തിയ സൂക്ഷ്മമായ പഠനത്തിൽ അതിനു ദൈവവചനത്തിന്റെ പിന്തുണയില്ലെന്നു തെളിഞ്ഞു. സാത്താനിൽനിന്ന് വന്ന ആ ഉപദേശത്തിന്റെ മുഖംമൂടി നീക്കാനായി ഹെൻട്രി ഗ്രൂ, ജോർജ് സ്റ്റെറ്റ്സൺ, ജോർജ് സ്റ്റോഴ്സ് എന്നിവർ ധൈര്യസമേതം ലേഖനങ്ങൾ എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.a അവരുടെ പ്രവർത്തനം സി. റ്റി. റസ്സൽ സഹോദരനെയും അദ്ദേഹത്തിന്റെ അടുത്ത സഹകാരികളെയും കാര്യമായി സ്വാധീനിച്ചു.
8 ദേഹി അമർത്ത്യമാണെന്ന ആശയവുമായി അടുത്ത ബന്ധമുള്ള മറ്റ് ഉപദേശങ്ങളെല്ലാം തെറ്റാണെന്നും അവ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും ബൈബിൾവിദ്യാർഥികളുടെ ആ ചെറിയ കൂട്ടം കണ്ടെത്തി. നല്ല ആളുകളെല്ലാം സ്വർഗത്തിൽ പോകുമെന്നും ദുഷ്ടരായ ആളുകളുടെ അമർത്യമായ ദേഹിയെ ദൈവം നരകത്തിലെ കെടാത്ത തീയിലിട്ട് ദണ്ഡിപ്പിക്കുമെന്നും ഉള്ള ഉപദേശം അതിന് ഉദാഹരണമാണ്. ആ നുണകളുടെ മറ നീക്കാൻ റസ്സൽ സഹോദരനും അദ്ദേഹത്തിന്റെ അടുത്ത സഹകാരികളും മുന്നിട്ടിറങ്ങി. അതിനായി അവർ ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും ചെറുപുസ്തകങ്ങളും ലഘുലേഖകളും പ്രസംഗങ്ങളും ധൈര്യസമേതം പ്രസിദ്ധീകരിച്ചു.
9. സീയോന്റെ വീക്ഷാഗോപുരം ത്രിത്വോപദേശത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയത് എങ്ങനെ?
9 ജനലക്ഷങ്ങൾ പരിപാവനമായി കണ്ടിരുന്ന ത്രിത്വോപദേശത്തിന്റെ പൊള്ളത്തരവും ബൈബിൾവിദ്യാർഥികൾ തുറന്നുകാട്ടി. അതെപ്പറ്റി 1887-ൽ സീയോന്റെ വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ പറഞ്ഞു: “യഹോവയ്ക്കും നമ്മുടെ കർത്താവായ യേശുവിനും വെവ്വേറെ വ്യക്തിത്വങ്ങളുണ്ടെന്ന കാര്യവും അവർ തമ്മിലുള്ള കൃത്യമായ ബന്ധം എന്താണെന്നും തിരുവെഴുത്തുകൾ വളരെ വ്യക്തമായി വരച്ചുകാട്ടുന്നുണ്ട്.” “മൂന്നു ദൈവങ്ങൾ ചേർന്ന് ഒന്നായും അതേ സമയം ഒരു ദൈവം മൂന്നായും സ്ഥിതി ചെയ്യുന്ന ത്രിയേകദൈവം എന്ന ആശയത്തിന് ഇത്രയധികം പ്രാധാന്യം കിട്ടിയതും അതിനു പരക്കെ ജനസമ്മതിയുണ്ടായതും” അതിശയിപ്പിക്കുന്ന ഒരു കാര്യമാണെന്ന് ആ ലേഖനം പറയുകയുണ്ടായി. അത് ഇങ്ങനെയും പറഞ്ഞു: “എന്നിട്ടും ഈ ആശയത്തിന് ഇത്രയും പ്രാമുഖ്യത കിട്ടിയതിൽനിന്ന് ഒരു കാര്യം മനസ്സിലാക്കാം. അസംബന്ധത്തിന്റെ ചങ്ങലകളാൽ ശത്രു ബന്ധിച്ചപ്പോഴും ക്രൈസ്തവലോകം അതൊന്നും അറിയാതെ നല്ല ഉറക്കമായിരുന്നു.”
10. 1914 ഒരു സുപ്രധാനവർഷമായിരിക്കുമെന്നു വീക്ഷാഗോപുരം ചൂണ്ടിക്കാട്ടിയത് എങ്ങനെ?
10 ആ മാസികയുടെ മുഴുവൻ പേര്, സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യ ഘോഷകനും എന്നായിരുന്നു. പേര് സൂചിപ്പിച്ചതുപോലെതന്നെ അതു ക്രിസ്തുവിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രവചനങ്ങൾക്കു നല്ല പ്രാധാന്യം കൊടുത്തിരുന്നു. മിശിഹൈകരാജ്യത്തെക്കുറിച്ചുള്ള ദൈവോദ്ദേശ്യങ്ങൾ നിറവേറുന്നതിന്റെ സമയവും ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞ ‘ഏഴു കാലത്തെക്കുറിച്ചുള്ള’ പ്രവചനവും തമ്മിൽ ബന്ധമുണ്ടെന്ന് ആ മാസികയിൽ ലേഖനങ്ങൾ എഴുതിയിരുന്ന വിശ്വസ്തരായ അഭിഷിക്തർക്കു മനസ്സിലായി. ആ ഏഴു കാലം അവസാനിക്കുന്ന വർഷം 1914 ആയിരിക്കും എന്ന് അവർ 1870-കളിൽത്തന്നെ പറഞ്ഞുതുടങ്ങി. (ദാനി. 4:25; ലൂക്കോ. 21:24) ആ സുപ്രധാനവർഷത്തിന്റെ പ്രാധാന്യം മുഴുവനായി മനസ്സിലാക്കാൻ അക്കാലത്ത് സഹോദരങ്ങൾക്കു സാധിച്ചില്ലെങ്കിലും തങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ അവർ പരക്കെ അറിയിച്ചു. ദൂരവ്യാപകഫലങ്ങൾ ഉളവാക്കിയ ഒരു പ്രവർത്തനമായിരുന്നു അത്.
11, 12. (എ) താൻ പഠിപ്പിച്ച കാര്യങ്ങൾക്കുള്ള ബഹുമതി റസ്സൽ സഹോദരൻ ആർക്കാണു കൊടുത്തത്? (ബി) 1914-നു മുമ്പുള്ള ദശകങ്ങളിൽ റസ്സൽ സഹോദരനും അദ്ദേഹത്തിന്റെ സഹകാരികളും നടത്തിയ പ്രവർത്തനങ്ങളുടെ പ്രാധാന്യം എന്ത്?
11 വിലയേറിയ ആ ആത്മീയസത്യങ്ങൾ മറനീക്കി മനസ്സിലാക്കിയെടുത്തതിനുള്ള ബഹുമതി റസ്സൽ സഹോദരനോ അദ്ദേഹത്തിന്റെ വിശ്വസ്തസഹകാരികളോ ആഗ്രഹിച്ചില്ല. തനിക്കു മുമ്പേ വന്നവർക്കു ബഹുമതി കൊടുക്കുന്നതിൽ റസ്സൽ സഹോദരൻ ഒട്ടും പിശുക്കു കാട്ടിയില്ല. എല്ലാറ്റിലുമുപരി, തന്റെ ജനം ഒരു കാര്യം അറിയേണ്ട സമയത്തുതന്നെ അത് അവരെ പഠിപ്പിക്കുന്ന ദൈവമായ യഹോവയ്ക്ക് അദ്ദേഹം അതിന്റെ മഹത്ത്വം കൊടുത്തു. അസത്യത്തിൽനിന്ന് സത്യത്തെ അരിച്ചെടുക്കാൻ റസ്സൽ സഹോദരനും അദ്ദേഹത്തിന്റെ സഹകാരികളും നടത്തിയ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുന്നുണ്ടായിരുന്നു എന്നു വ്യക്തമാണ്. വർഷങ്ങൾ കടന്നുപോകുംതോറും അവരും ക്രൈസ്തവലോകവും തമ്മിലുള്ള വ്യത്യാസം കൂടിക്കൂടിവന്നു.
12 ബൈബിളിലെ സത്യങ്ങൾക്കുവേണ്ടി പോരാടാൻ 1914-നു മുമ്പുള്ള ദശകങ്ങളിൽ ആ വിശ്വസ്തമനുഷ്യർ നടത്തിയ ശ്രമങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തും! ആ കാലത്തേക്കു പിന്തിരിഞ്ഞ് നോക്കിക്കൊണ്ട്, വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യ ഘോഷകനും എന്ന മാസികയുടെ 1917 നവംബർ 1 ലക്കം ഇങ്ങനെ പറഞ്ഞു: “നരകാഗ്നിയും മറ്റു തെറ്റായ ഉപദേശങ്ങളും കാരണം ആളുകൾ ഭയത്തിന്റെ പിടിയിലായിരുന്നു. ഭാരപ്പെടുത്തുന്ന ആ ചുമടിൽനിന്ന് ദശലക്ഷങ്ങൾ ഇന്നു സ്വതന്ത്രരായിരിക്കുന്നു. . . . നാൽപ്പതു വർഷം മുമ്പ് സത്യത്തിന്റെ ഒരു വേലിയേറ്റംതന്നെ ഉണ്ടായെന്നു പറയാം. അടിക്കടി ഉയർന്നുകൊണ്ടിരിക്കുന്ന അത് ഒടുവിൽ ഭൂമി മുഴുവനും മൂടും. സത്യം ഭൂമിയിലെങ്ങും വ്യാപിക്കുന്നതു തടയാൻ ശത്രുക്കൾ ശ്രമിച്ചേക്കാം. പക്ഷേ, അലറിയടുക്കുന്ന ഒരു മഹാസമുദ്രത്തിന്റെ തിരമാലകളെ വെറുമൊരു ചൂലുകൊണ്ട് തടയാൻ നോക്കുന്നതുപോലെയായിരിക്കും അവരുടെ ശ്രമങ്ങൾ.”
13, 14. (എ) ‘സന്ദേശവാഹകൻ’ മിശിഹൈകരാജാവിനു വഴി ഒരുക്കാൻ സഹായിച്ചത് എങ്ങനെ? (ബി) ഒരു നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന നമ്മുടെ സഹോദരങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാനുണ്ട്?
13 ഇക്കാര്യമൊന്നു ചിന്തിക്കുക: യേശുവും പിതാവായ യഹോവയും രണ്ടു വ്യക്തികളാണെന്നു മനസ്സിലായില്ലെങ്കിൽ ആളുകൾ ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ തുടക്കത്തിനായി ഒരുങ്ങിയിരിക്കുമായിരുന്നോ? ഒരിക്കലുമില്ല. ഇനി അമർത്യതയോ? അതു ക്രിസ്തുവിന്റെ കാലടികൾ പിന്തുടരുന്നവരിൽ ഒരു ചെറിയ കൂട്ടത്തിനു മാത്രം കിട്ടുന്ന അമൂല്യമായ ഒരു സമ്മാനമാണല്ലോ. എന്നാൽ ആ സത്യം മനസ്സിലാക്കുന്നതിനു പകരം അത് എല്ലാവർക്കും സ്വാഭാവികമായി കിട്ടുന്ന സ്വത്താണെന്നായിരുന്നു അവരുടെ വിചാരമെങ്കിലോ? എങ്കിലും അവർ ഒരുങ്ങിയിരിക്കുമായിരുന്നില്ല. ആളുകൾക്ക് ഒരിക്കലും മോചനം കൊടുക്കാതെ നിത്യതയിലുടനീളം നരകത്തീയിലിട്ട് ദണ്ഡിപ്പിക്കുന്നയാളാണു ദൈവമെന്നു വിശ്വസിച്ചിരുന്നെങ്കിലും അവർ ഒരുങ്ങിയിരിക്കില്ലായിരുന്നു. അതെ, ‘സന്ദേശവാഹകൻ’ മിശിഹൈകരാജാവിനു വഴി ഒരുക്കി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
14 ഇന്നു നമ്മുടെ കാര്യമോ? ഒരു നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന നമ്മുടെ സഹോദരങ്ങളിൽനിന്ന് നമുക്ക് എന്തു പഠിക്കാനുണ്ട്? അവരെപ്പോലെ നമ്മളും ദൈവവചനം ആവേശത്തോടെ വായിക്കുകയും പഠിക്കുകയും വേണം. (യോഹ. 17:3) ഭൗതികാസക്തിയുള്ള ഈ ലോകം ഒരു ആത്മീയാർഥത്തിൽ മെലിഞ്ഞുണങ്ങിക്കൊണ്ടിരിക്കുമ്പോൾ ആത്മീയഭക്ഷണത്തിനായുള്ള നമ്മുടെ വിശപ്പു മുമ്പ് എന്നത്തേതിലും വർധിച്ചുവരട്ടെ!—1 തിമൊഥെയൊസ് 4:15 വായിക്കുക.
“എന്റെ ജനമേ, . . . അവളിൽനിന്ന് പുറത്ത് കടക്ക്”
15. ബൈബിൾവിദ്യാർഥികൾ ക്രമേണ ഏതു കാര്യം തിരിച്ചറിഞ്ഞു? (അടിക്കുറിപ്പും കാണുക.)
15 ക്രൈസ്തവലോകവുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടത് ആവശ്യമാണെന്നു ബൈബിൾവിദ്യാർഥികൾ പഠിപ്പിച്ചു. 1879-ലെ വീക്ഷാഗോപുരത്തിൽ “ക്രൈസ്തവലോകം എന്ന ബാബിലോൺ” എന്നൊരു പരാമർശമുണ്ടായിരുന്നു. ആ പ്രയോഗം പാപ്പായുടെ അധികാരത്തെയാണോ ഉദ്ദേശിച്ചത്? റോമൻ കത്തോലിക്കാ സഭയായിരുന്നോ അത്? ബൈബിൾപ്രവചനങ്ങളിൽ പറഞ്ഞിരിക്കുന്ന ബാബിലോണിന്റെ അർഥം അതാണെന്നാണു നൂറ്റാണ്ടുകളോളം പ്രോട്ടസ്റ്റന്റ് സഭകൾ പഠിപ്പിച്ചിരുന്നത്. പക്ഷേ ആധുനികകാലത്തെ ‘ബാബിലോണിൽ,’ ക്രൈസ്തവലോകത്തിലെ എല്ലാ സഭകളും ഉൾപ്പെടുമെന്നു ക്രമേണ ബൈബിൾവിദ്യാർഥികൾ തിരിച്ചറിഞ്ഞു. എന്തായിരുന്നു കാരണം? മുമ്പ് പറഞ്ഞ തെറ്റായ ഉപദേശങ്ങൾ ആ സഭകളെല്ലാം പഠിപ്പിച്ചിരുന്നു എന്നതുതന്നെ.b ബാബിലോണിന്റെ ഭാഗമായ ക്രൈസ്തവസഭകളിലെ ആത്മാർഥഹൃദയരായ അംഗങ്ങൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കാലക്രമേണ നമ്മുടെ പ്രസിദ്ധീകരണങ്ങൾ തുറന്നെഴുതാൻ തുടങ്ങി.
16, 17. (എ) വ്യാജമതവുമായുള്ള ബന്ധം ഉപേക്ഷിക്കാൻ സഹസ്രാബ്ദോദയത്തിന്റെ വാല്യം III-ഉം വീക്ഷാഗോപുരവും ആളുകളെ പ്രോത്സാഹിപ്പിച്ചത് എങ്ങനെ? (ബി) ഏതു കാര്യമാണ് ആ ആദ്യകാലമുന്നറിയിപ്പുകളുടെ ഗൗരവം കുറച്ചുകളഞ്ഞത്? (അടിക്കുറിപ്പും കാണുക.)
16 ഉദാഹരണത്തിന്, ദൈവം ആധുനികകാലത്തെ ബാബിലോണിനെ തള്ളിക്കളഞ്ഞതിനെക്കുറിച്ച് 1891-ൽ പുറത്തിറങ്ങിയ സഹസ്രാബ്ദോദയത്തിന്റെ വാല്യം III (ഇംഗ്ലീഷ്) വിശദീകരിച്ചു. അത് ഇങ്ങനെ പറഞ്ഞു: “അവളുടെ തെറ്റായ ഉപദേശങ്ങളോടും ആചാരങ്ങളോടും മമതയില്ലാത്ത എല്ലാവരും ഇപ്പോൾ അവളുമായുള്ള ബന്ധം വിച്ഛേദിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുകയാണ്.”
17 അപ്പോഴും ക്രൈസ്തവലോകസഭകളുടെ അംഗത്വരേഖകളിൽനിന്ന് പേര് നീക്കാത്ത ചിലരുണ്ടായിരുന്നു. “എന്റെ കൂറു മുഴുവൻ സത്യത്തോടാണ്, ഞാൻ മറ്റു സഭകളിലെ യോഗങ്ങൾക്കു തീരെ പോകാറില്ലെന്നുതന്നെ പറയാം” എന്നു പറഞ്ഞ് അവർ തങ്ങളുടെ ഭാഗം ന്യായീകരിക്കാറുമുണ്ടായിരുന്നു. എന്നാൽ 1900 ജനുവരി ലക്കം വീക്ഷാഗോപുരം അവർക്ക് ഇങ്ങനെയൊരു ഉപദേശം കൊടുത്തു: “ഇങ്ങനെ പകുതി പുറത്തും പകുതി അകത്തും ആയി ബാബിലോണിൽ നിൽക്കുന്നതു ശരിയാണോ? നമ്മൾ കാണിക്കേണ്ട അനുസരണം ഇതാണോ? ഇതു ദൈവത്തിനു സ്വീകാര്യമായിരിക്കുമോ, ദൈവത്തെ ഇതു സന്തോഷിപ്പിക്കുമോ? ഒരിക്കലുമില്ല. ഒരു സഭയിൽ ചേർന്നപ്പോൾ അദ്ദേഹം (പള്ളിയംഗം) പരസ്യമായി ആ സഭയുമായി ഒരു ഉടമ്പടി ചെയ്തെന്നു പറയാം. ആ അംഗത്വം പരസ്യമായി തള്ളിപ്പറയുകയോ അതു റദ്ദാക്കുകയോ ചെയ്യാത്തിടത്തോളം ആ ഉടമ്പടിയിലെ എല്ലാ വ്യവസ്ഥകളും വിശ്വസ്തമായി പാലിച്ച് ജീവിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്.” വർഷങ്ങൾ കടന്നുപോകുംതോറും ആ സന്ദേശത്തിന്റെ തീവ്രത കൂടിക്കൂടിവന്നു.c യഹോവയുടെ ആരാധകർ വ്യാജമതവുമായുള്ള ബന്ധങ്ങളെല്ലാം പാടേ ഉപേക്ഷിക്കണം.
18. ബാബിലോൺ എന്ന മഹതിയിൽനിന്ന് ആളുകൾ പുറത്ത് കടക്കേണ്ടത് ആവശ്യമായിരുന്നത് എന്തുകൊണ്ട്?
18 ബാബിലോൺ എന്ന മഹതിയിൽനിന്ന് പുറത്ത് കടക്കാൻ ഇടയ്ക്കിടയ്ക്കു മുന്നറിയിപ്പുകൾ കൊടുത്തില്ലായിരുന്നെങ്കിൽ ക്രിസ്തു രാജാവായി അവരോധിതനാകുന്ന സമയത്ത്, ഒരുങ്ങിയിരിക്കുന്ന അഭിഷിക്തസേവകരുടെ ഒരു കൂട്ടം ഭൂമിയിലുണ്ടാകുമായിരുന്നോ? തീർച്ചയായും ഇല്ല. കാരണം, ബാബിലോണിന്റെ പിടിയിൽനിന്ന് മുക്തരായ ക്രിസ്ത്യാനികൾക്കു മാത്രമേ യഹോവയെ ‘ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കാൻ’ കഴിയൂ. (യോഹ. 4:24) വ്യാജമതത്തിൽനിന്ന് പൂർണമായും വിട്ടുനിൽക്കാൻ ഇന്നു നമ്മളും അതുപോലെ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടോ? “അവളിൽനിന്ന് പുറത്ത് കടക്ക്” എന്ന കല്പന ഒരിക്കലും മറന്നുകളയാതെ നമുക്ക് അനുസരിക്കാം.—വെളിപാട് 18:4 വായിക്കുക.
ആരാധനയ്ക്കായി കൂടിവരുന്നു
19, 20. ആരാധനയ്ക്കായി കൂടിവരാൻ വീക്ഷാഗോപുരം ദൈവജനത്തെ പ്രോത്സാഹിപ്പിച്ചത് എങ്ങനെ?
19 സഹാരാധകർ ആരാധനയ്ക്കായി കൂടിവരാൻ പരമാവധി ശ്രമിക്കണമെന്നു ബൈബിൾവിദ്യാർഥികൾ പഠിപ്പിച്ചു. സത്യക്രിസ്ത്യാനികൾ വ്യാജമതത്തിൽനിന്ന് പുറത്ത് കടന്നാൽ മാത്രം പോരാ, സത്യാരാധനയിൽ പങ്കെടുക്കുന്നതും അതിപ്രധാനമാണ്. ആരാധനയ്ക്കായി കൂടിവരാൻ വീക്ഷാഗോപുരം ആദ്യകാല ലക്കങ്ങൾമുതലേ വായനക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നു. 1880 ജൂലൈ ലക്കം വീക്ഷാഗോപുരം അതിന് ഉദാഹരണമാണ്. അതിൽ, താൻ നടത്തിയ ഒരു പ്രസംഗപര്യടനത്തെക്കുറിച്ച് വിവരിക്കുന്നതിനിടെ, വിവിധസ്ഥലങ്ങളിൽ നടക്കുന്ന യോഗങ്ങൾ എത്ര പ്രോത്സാഹനം പകരുന്നതായിരുന്നെന്നു റസ്സൽ സഹോദരൻ പറഞ്ഞു. തുടർന്ന്, തങ്ങളുടെ പുരോഗതിയെക്കുറിച്ച് വിവരിക്കുന്ന കാർഡുകൾ അയച്ചുതരാൻ അദ്ദേഹം വായനക്കാരോട് ആവശ്യപ്പെട്ടു. അവയിൽ ചിലതു മാസികയിൽ പ്രസിദ്ധീകരിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്തായിരുന്നു അതിന്റെ ലക്ഷ്യം? “ദൈവം നിങ്ങൾക്ക് അഭിവൃദ്ധി തരുന്നത് എങ്ങനെയെന്നു ഞങ്ങളെല്ലാവരും അറിയട്ടെ. നമ്മളെല്ലാം വളരെ വിലമതിക്കുന്ന, നമ്മുടെ അതേ വിശ്വാസങ്ങളുള്ളവരുമൊത്തുള്ള നിങ്ങളുടെ കൂടിവരവുകൾ എങ്ങനെ നടക്കുന്നെന്നും ഞങ്ങൾക്ക് അറിയാനാകുമല്ലോ.”
20 1882-ലെ വീക്ഷാഗോപുരത്തിൽ, “ഒന്നിച്ചുകൂടുന്നു” എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചു. “പരസ്പരം അറിവ് പകരാനും, പ്രോത്സാഹിപ്പിക്കാനും ബലപ്പെടുത്താനും വേണ്ടി” യോഗങ്ങൾ സംഘടിപ്പിക്കാൻ ആ ലേഖനം ക്രിസ്ത്യാനികളെ പ്രചോദിപ്പിച്ചു. അത് ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങളുടെ ഇടയിൽ അഭ്യസ്തവിദ്യരോ പ്രഗല്ഭരോ ആയ ആരെങ്കിലും ഉണ്ടായിരിക്കണമെന്നു യാതൊരു നിർബന്ധവുമില്ല. എല്ലാവരും സ്വന്തം ബൈബിളും പേപ്പറും പെൻസിലും കൊണ്ടുവരണം. ബൈബിൾപദങ്ങളുടെ സൂചികപോലെ, നിങ്ങൾക്കു ലഭ്യമായ സഹായങ്ങളെല്ലാം ആവുന്നത്ര പ്രയോജനപ്പെടുത്താൻ മറക്കരുത്. ആദ്യം ഒരു വിഷയം തിരഞ്ഞെടുത്തിട്ട് അതിനെപ്പറ്റി മനസ്സിലാക്കാൻ ആത്മാവിന്റെ സഹായത്തിനായി പ്രാർഥിക്കുക. പിന്നെ വായിക്കുക, ചിന്തിക്കുക, വാക്യങ്ങൾ മറ്റു വാക്യങ്ങളുമായി ഒത്തുനോക്കുക. നിശ്ചയമായും നിങ്ങൾ സത്യത്തിലേക്കു വഴിനയിക്കപ്പെടും.”
21. യോഗങ്ങൾ, ഇടയസന്ദർശനം എന്നിവയുടെ കാര്യത്തിൽ പെൻസിൽവേനിയയിലെ അലഗാനിയിലുള്ള സഭ എന്തു മാതൃക വെച്ചു?
21 യു.എസ്.എ.-യിലെ പെൻസിൽവേനിയയിലുള്ള അലഗാനിയിലായിരുന്നു ബൈബിൾവിദ്യാർഥികളുടെ ആസ്ഥാനം. എബ്രായർ 10:24, 25-ൽ (വായിക്കുക.) ദൈവപ്രചോദിതമായി രേഖപ്പെടുത്തിയിരിക്കുന്ന ഉപദേശം അനുസരിച്ചുകൊണ്ട് ഒന്നിച്ച് കൂടിവരുന്നതിൽ അവർ നല്ലൊരു മാതൃകയായിരുന്നു. ബാല്യകാലത്ത് അവിടെ യോഗങ്ങൾക്കു പോയിരുന്നതിനെക്കുറിച്ച് ചാൾസ് കേപ്പൻ സഹോദരൻ കുറെ നാളുകൾക്കു ശേഷം പറഞ്ഞത് ഇതാണ്: “സൊസൈറ്റിയുടെ സമ്മേളനഹാളിന്റെ ഭിത്തിയിൽ ചായംകൊണ്ട് എഴുതിവെച്ചിരുന്ന വാക്യങ്ങളിലൊന്ന് ഇന്നും എന്റെ മനസ്സിലുണ്ട്: ‘ഒരാൾ മാത്രമാണു നിങ്ങളുടെ ഗുരു, നിങ്ങളോ എല്ലാവരും സഹോദരന്മാർ.’ ആ വാക്യം എന്റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിക്കാൻ ഒരു കാരണമുണ്ട്: സാധാരണയായി വൈദികരുടെയും സാധാരണജനങ്ങളുടെയും ഇടയിൽ കല്പിച്ചുവെച്ചിട്ടുള്ള വേർതിരിവൊന്നും യഹോവയുടെ ജനത്തിന്റെ ഇടയിലില്ല.” (മത്താ. 23:8) ആവേശം നിറയ്ക്കുന്ന യോഗങ്ങളും ഊഷ്മളമായ പ്രോത്സാഹനവും സഭയിലെ ഓരോരുത്തർക്കും നേരിട്ട് ഇടയസന്ദർശനം നടത്താൻ റസ്സൽ സഹോദരൻ കാണിച്ച സ്ഥിരോത്സാഹവും എല്ലാം കേപ്പൻ സഹോദരന്റെ ഓർമകളിൽ മായാതെ നിൽപ്പുണ്ട്.
22. ക്രിസ്തീയയോഗങ്ങളിൽ പങ്കെടുക്കാനുള്ള പ്രോത്സാഹനത്തോട്, വിശ്വസ്തരായവർ എങ്ങനെ പ്രതികരിച്ചു, അവരിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
22 വിശ്വസ്തരായവർ അത് ഒരു മാതൃകയാക്കി. തങ്ങൾക്കു കിട്ടിയ നിർദേശങ്ങളോട് അവർ നന്നായി പ്രതികരിച്ചു. അതിന്റെ ഫലമായി ഒഹായോ, മിഷിഗൺ എന്നീ സംസ്ഥാനങ്ങളിലും പുതിയ സഭകൾ രൂപപ്പെട്ടു. പിന്നീട്, വടക്കേ അമേരിക്കയിലെങ്ങും സഭകൾ ഉണ്ടായി. അതു പതിയെ മറ്റു നാടുകളിലേക്കും വ്യാപിച്ചു. ഒരു കാര്യം ചിന്തിക്കൂ: ആരാധനയ്ക്കായി കൂടിവരാനുള്ള ദൈവപ്രചോദിതമായ ഉപദേശം അനുസരിക്കാൻ വിശ്വസ്തരായവർക്കു പരിശീലനം കിട്ടിയില്ലായിരുന്നെങ്കിൽ അവർക്കു ക്രിസ്തുവിന്റെ സാന്നിധ്യത്തിനായി ശരിക്കും ഒരുങ്ങിയിരിക്കാനാകുമായിരുന്നോ? ഒരിക്കലുമില്ല! ഇന്നു നമ്മളുടെ കാര്യമോ? ക്രിസ്തീയയോഗങ്ങൾ മുടക്കാതിരിക്കാൻ നമുക്കും അതേ ദൃഢനിശ്ചയം വേണം. ഒരുമിച്ചുകൂടി ആരാധന നടത്താനും ആത്മീയമായി പരസ്പരം ബലപ്പെടുത്താനും ഉള്ള ഒറ്റ അവസരംപോലും നമ്മൾ നഷ്ടപ്പെടുത്തിക്കൂടാ!
തീക്ഷ്ണതയോടെ പ്രസംഗിക്കുന്നു
23. എല്ലാ അഭിഷിക്തരും മറ്റുള്ളവരോടു സത്യം അറിയിക്കണമെന്ന കാര്യം വീക്ഷാഗോപുരം വ്യക്തമാക്കിയത് എങ്ങനെ?
23 എല്ലാ അഭിഷിക്തരും മറ്റുള്ളവരെ സത്യം അറിയിക്കണമെന്നു ബൈബിൾവിദ്യാർഥികൾ പഠിപ്പിച്ചു. 1885-ൽ വീക്ഷാഗോപുരം ഇങ്ങനെ അഭിപ്രായപ്പെട്ടു: “അഭിഷിക്തരുടെ കൂട്ടത്തിലെ ഓരോരുത്തരെയും അഭിഷേകം ചെയ്തതു പ്രസംഗിക്കാൻവേണ്ടിയാണെന്ന കാര്യം നമ്മൾ മറക്കരുത്. (യശ. 61:1) ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടവരാണ് അവർ.” 1888-ലെ ഒരു ലക്കം ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “നമ്മുടെ നിയോഗം വ്യക്തമാണ്. . . . ഒഴികഴിവുകൾ കണ്ടെത്തി ആ നിയോഗം അവഗണിച്ചാൽ നമ്മൾ മടിയന്മാരായ വേലക്കാരുടെ കൂട്ടത്തിൽപ്പെടും. അങ്ങനെയായാൽ നമ്മളെ വിളിച്ച ശ്രേഷ്ഠമായ പദവിക്കു നമ്മൾ യോഗ്യരല്ലെന്നും വരും.”
24, 25. (എ) റസ്സൽ സഹോദരനും അടുത്ത സഹകാരികളും ആളുകളെ വാക്കാൽ പ്രോത്സാഹിപ്പിക്കുന്നതിലും അധികം ചെയ്തത് എങ്ങനെ? (ബി) മോട്ടോർവാഹനങ്ങളില്ലാത്ത കാലത്തെ പ്രവർത്തനം ഒരു കോൽപോർട്ടർ വിവരിക്കുന്നത് എങ്ങനെ?
24 റസ്സൽ സഹോദരനും അടുത്ത സഹകാരികളും പ്രസംഗപ്രവർത്തനത്തിനായി ആളുകളെ വാക്കാൽ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ചെയ്തത്. അവർ ബൈബിൾവിദ്യാർഥികളുടെ ലഘുലേഖകൾ (ഇംഗ്ലീഷ്) എന്ന പേരിൽ ലഘുലേഖകൾ പുറത്തിറക്കാൻ തുടങ്ങി. പിന്നീട് അവ പുരാതന ദൈവശാസ്ത്രം—ത്രൈമാസപ്പതിപ്പ് (ഇംഗ്ലീഷ്) എന്ന് അറിയപ്പെട്ടു. ഇവ പൊതുജനത്തിനു വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിൽ വീക്ഷാഗോപുരത്തിന്റെ വായനക്കാർക്കു സൗജന്യമായി കൊടുത്തിരുന്നു.
‘എന്റെ ജീവിതത്തിൽ പ്രസംഗപ്രവർത്തനം കഴിഞ്ഞേ മറ്റ് എന്തും വരുകയുള്ളോ’ എന്നു നമ്മൾ നമ്മളോടുതന്നെ ചോദിക്കുന്നതു നല്ലതാണ്
25 തങ്ങളുടെ മുഴുവൻ സമയവും ശുശ്രൂഷ ചെയ്യാൻ ഉഴിഞ്ഞുവെച്ചവർ കോൽപോർട്ടർമാർ എന്നാണ് അറിയപ്പെട്ടത്. മുമ്പ് പറഞ്ഞ ചാൾസ് കേപ്പൻ സഹോദരൻ അതിൽ ഒരാളായിരുന്നു. അക്കാലത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: “പെൻസിൽവേനിയയിലെ എന്റെ പ്രദേശം പ്രവർത്തിച്ചുതീർക്കാൻ, യു.എസ്. ഗവൺമെന്റിന്റെ ഭൂമിശാസ്ത്ര സർവേ വകുപ്പു പുറത്തിറക്കിയ ഭൂപടങ്ങൾ എനിക്ക് ഉപകാരപ്പെട്ടു. അതിൽ എല്ലാ റോഡുകളും കാണിച്ചിരുന്നു. ഞാൻ കാൽനടയായാണു പോയിരുന്നത്. ഭൂപടമുണ്ടായിരുന്നതുകൊണ്ട് പ്രദേശത്തിന്റെ ഒരു ഭാഗംപോലും വിട്ടുപോകാതെ പ്രവർത്തിക്കാൻ പറ്റി. ചിലപ്പോഴൊക്കെ വേദാദ്ധ്യയനങ്ങൾ പരമ്പരയിലെ പുസ്തകങ്ങൾക്ക് ആവശ്യക്കാരുണ്ടോ എന്നു മനസ്സിലാക്കാൻ ഒരു പ്രദേശത്ത് മൂന്നു ദിവസത്തോളം പ്രവർത്തിക്കും. പുസ്തകങ്ങൾ കൊണ്ടുപോയി കൊടുക്കാൻ ഒരു കുതിരയും കുതിരവണ്ടിയും വാടകയ്ക്ക് എടുക്കുകയായിരുന്നു പതിവ്. പലപ്പോഴും അന്തിയുറങ്ങാൻ സ്ഥലം തന്നിരുന്നതു കർഷകരായിരുന്നു. അന്നൊന്നും മോട്ടോർവാഹനങ്ങൾ തീരെയില്ല.”
26. (എ) ക്രിസ്തുവിന്റെ ഭരണത്തിനായി ഒരുങ്ങാൻ ദൈവജനം മറ്റുള്ളവരെ സത്യം അറിയിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്? (ബി) നമ്മൾ നമ്മളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കുന്നതു നല്ലതാണ്?
26 മറ്റുള്ളവരെ സത്യം അറിയിക്കാനുള്ള ആ ആദ്യകാലശ്രമങ്ങൾക്കു നല്ല ധൈര്യവും തീക്ഷ്ണതയും വേണമായിരുന്നു. പ്രസംഗപ്രവർത്തനത്തിന്റെ പ്രാധാന്യം എന്താണെന്നു പഠിപ്പിക്കാൻ ആരുമില്ലായിരുന്നെങ്കിൽ സത്യക്രിസ്ത്യാനികൾക്കു ക്രിസ്തുവിന്റെ ഭരണത്തിനായി ഒരുങ്ങിയിരിക്കാനാകുമായിരുന്നോ? ഒരിക്കലുമില്ല! ശരിക്കും പറഞ്ഞാൽ, ആ പ്രവർത്തനം ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ ഒരു പ്രമുഖസവിശേഷതയാകുമായിരുന്നു. (മത്താ. 24:14) ആളുകളുടെ ജീവൻ രക്ഷിക്കുന്ന ആ പ്രവർത്തനം തങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രഭാഗമാക്കാൻ ദൈവജനത്തെ ഒരുക്കേണ്ടതുണ്ടായിരുന്നു. ഇന്നു നമ്മൾ നമ്മളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിക്കുന്നതു നല്ലതാണ്: ‘എന്റെ ജീവിതത്തിൽ പ്രസംഗപ്രവർത്തനം കഴിഞ്ഞേ മറ്റ് എന്തും വരുകയുള്ളോ? അതിൽ പരമാവധി ഉൾപ്പെടാൻ ഞാൻ എന്തെങ്കിലുമൊക്കെ ത്യാഗങ്ങൾ ചെയ്യാറുണ്ടോ?’
ദൈവരാജ്യം ജനിച്ചുകഴിഞ്ഞു!
27, 28. യോഹന്നാൻ അപ്പോസ്തലൻ ദർശനത്തിൽ എന്തു കണ്ടു, ദൈവരാജ്യത്തിന്റെ ജനനത്തോടു സാത്താനും അവന്റെ ഭൂതങ്ങളും പ്രതികരിച്ചത് എങ്ങനെ?
27 ഒടുവിൽ 1914 എന്ന ആ സുപ്രധാനവർഷം വന്നെത്തി. ഈ അധ്യായത്തിന്റെ തുടക്കത്തിൽ കണ്ടതുപോലെ, സ്വർഗത്തിൽവെച്ച് നടന്ന അതിഗംഭീരമായ സംഭവങ്ങൾക്കു ദൃക്സാക്ഷികളായി മനുഷ്യരാരുമുണ്ടായിരുന്നില്ല. എന്നാൽ ആലങ്കാരികമായ രീതിയിൽ കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു ദർശനം അപ്പോസ്തലനായ യോഹന്നാനു ലഭിച്ചു. ഇതൊന്നു ഭാവനയിൽ കണ്ടുനോക്കൂ: സ്വർഗത്തിൽ “വലിയൊരു അടയാളം” യോഹന്നാൻ കാണുന്നു. ദൈവത്തിന്റെ “സ്ത്രീ,” അതായത് സ്വർഗത്തിലെ ആത്മസൃഷ്ടികൾ അടങ്ങുന്ന ദൈവത്തിന്റെ സംഘടന, ഗർഭിണിയായിരിക്കുന്നതും ഒരു ആൺകുഞ്ഞിനെ പ്രസവിക്കുന്നതും യോഹന്നാൻ കണ്ടു. ആലങ്കാരികഭാഷയിൽ പറഞ്ഞിരിക്കുന്ന ഈ ആൺകുട്ടി ഉടൻതന്നെ “ജനതകളെയെല്ലാം ഇരുമ്പുകോൽകൊണ്ട് മേയ്ക്കും” എന്നും പറഞ്ഞിരിക്കുന്നു. പക്ഷേ പിറന്നുവീണ ഉടനെ “കുഞ്ഞിനെ ദൈവത്തിന്റെ അടുത്തേക്കും ദൈവത്തിന്റെ സിംഹാസനത്തിലേക്കും കൊണ്ടുപോയി.” അപ്പോൾ ആകാശത്തുനിന്ന് ഒരു വലിയ ശബ്ദം ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും ദൈവത്തിന്റെ ക്രിസ്തുവിന്റെ ആധിപത്യവും വന്നിരിക്കുന്നു.”—വെളി. 12:1, 5, 10.
28 ഒരു സംശയവും വേണ്ടാ, യോഹന്നാൻ ദർശനത്തിൽ കണ്ടതു മിശിഹൈകരാജ്യത്തിന്റെ ജനനമായിരുന്നു. അതിഗംഭീരമായ ഒരു സംഭവമായിരുന്നു അത് എങ്കിലും എല്ലാവരും അതിലത്ര സന്തുഷ്ടരായിരുന്നില്ല. മീഖായേലിന്റെ അഥവാ ക്രിസ്തുവിന്റെ നേതൃത്വത്തിൽ അണിനിരന്ന വിശ്വസ്തദൂതന്മാരുമായി സാത്താനും അവന്റെ ഭൂതങ്ങളും പടവെട്ടി. ഒടുവിൽ എന്തു സംഭവിച്ചു? അതെക്കുറിച്ച് നമ്മൾ ഇങ്ങനെ വായിക്കുന്നു: “ഈ വലിയ ഭീകരസർപ്പത്തെ, അതായത് ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന പിശാച് എന്നും സാത്താൻ എന്നും അറിയപ്പെടുന്ന ആ പഴയ പാമ്പിനെ, താഴെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു. അവനെയും അവന്റെകൂടെ അവന്റെ ദൂതന്മാരെയും താഴേക്ക് എറിഞ്ഞു.”—വെളി. 12:7, 9.
29, 30. മിശിഹൈകരാജ്യത്തിന്റെ ജനനത്തെത്തുടർന്ന് (എ) ഭൂമിയിലെ സാഹചര്യങ്ങൾ മാറിയത് എങ്ങനെ? (ബി) സ്വർഗത്തിൽ എന്തു മാറ്റം ഉണ്ടായി?
29 1914 എന്ന സുപ്രധാനവർഷം പ്രശ്നങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിനു തുടക്കം കുറിക്കുമെന്ന് അതിനും കുറെ നാളുകൾക്കു മുമ്പേ ബൈബിൾവിദ്യാർഥികൾ പറഞ്ഞുതുടങ്ങിയിരുന്നു. പക്ഷേ ആ വാക്കുകൾ എത്ര കൃത്യതയോടെ നിറവേറുമെന്ന് ഊഹിക്കാൻ അവർക്കുപോലും കഴിഞ്ഞിട്ടുണ്ടാകില്ല. യോഹന്നാന്റെ ദർശനത്തിൽ കണ്ടതുപോലെ, സാത്താൻ തുടർന്നങ്ങോട്ടു മനുഷ്യസമുദായത്തിന്മേൽ കൂടുതൽ ശക്തമായ ആഘാതമേൽപ്പിക്കുമായിരുന്നു. അതെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “ഭൂമിക്കും സമുദ്രത്തിനും ഹാ, കഷ്ടം! തനിക്കു കുറച്ച് കാലമേ ബാക്കിയുള്ളൂ എന്ന് അറിഞ്ഞ് പിശാച് ഉഗ്രകോപത്തോടെ നിങ്ങളുടെ അടുത്തേക്കു വന്നിരിക്കുന്നു.” (വെളി. 12:12) 1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ക്രിസ്തു രാജാധികാരത്തോടെ സാന്നിധ്യവാനായതിന്റെ അടയാളം ഭൂമിയിലെങ്ങും കാണാൻ തുടങ്ങി. അങ്ങനെ, ഈ വ്യവസ്ഥിതിയുടെ ‘അവസാനകാലം’ ആരംഭിച്ചു.—2 തിമൊ. 3:1.
30 പക്ഷേ സ്വർഗത്തിലാകെ സന്തോഷമായിരുന്നു. സാത്താനെയും അവന്റെ ഭൂതങ്ങളെയും എന്നെന്നേക്കുമായി പുറന്തള്ളിയിരുന്നു. യോഹന്നാന്റെ വിവരണം പറയുന്നു: “അതുകൊണ്ട് സ്വർഗമേ, അവിടെ വസിക്കുന്നവരേ, സന്തോഷിക്കുക!” (വെളി. 12:12) സ്വർഗം ശുദ്ധീകരിക്കപ്പെടുകയും യേശു രാജാവായി വാഴിക്കപ്പെടുകയും ചെയ്തതോടെ മിശിഹൈകരാജ്യം ഭൂമിയിലുള്ള ദൈവജനത്തിനുവേണ്ടി നടപടിയെടുക്കാൻ ഒരുങ്ങിക്കഴിഞ്ഞിരുന്നു. തുടർന്ന് അത് എന്തു ചെയ്യുമായിരുന്നു? ഈ അധ്യായത്തിന്റെ തുടക്കത്തിൽ കണ്ടതുപോലെ, ‘ഉടമ്പടിയുടെ സന്ദേശവാഹകൻ’ എന്ന നിലയിൽ ക്രിസ്തു ആദ്യം ഭൂമിയിലുള്ള ദൈവസേവകരെ ശുദ്ധീകരിക്കുമായിരുന്നു. അത് എങ്ങനെ?
ഒരു പരിശോധനാകാലം
31. ശുദ്ധീകരണകാലത്തെക്കുറിച്ച് മലാഖി എന്തു മുൻകൂട്ടിപ്പറഞ്ഞു, ആ പ്രവചനം നിറവേറിത്തുടങ്ങിയത് എപ്പോൾ? (അടിക്കുറിപ്പും കാണുക.)
31 ശുദ്ധീകരണപ്രക്രിയ അത്ര എളുപ്പമായിരിക്കില്ലെന്നു മലാഖി മുൻകൂട്ടിപ്പറഞ്ഞിരുന്നു. അദ്ദേഹം എഴുതി: “അവൻ വരുന്ന ദിവസത്തെ അതിജീവിക്കാൻ ആർക്കു കഴിയും? അവൻ വരുമ്പോൾ ആരു പിടിച്ചുനിൽക്കും? അവൻ ലോഹം ശുദ്ധീകരിക്കുന്നവന്റെ തീപോലെയും അലക്കുകാരന്റെ ചാരവെള്ളംപോലെയും ആയിരിക്കും.” (മലാ. 3:2) ആ വാക്കുകൾ സത്യമാണെന്നു കാലം തെളിയിച്ചു! ഭൂമിയിലുള്ള ദൈവജനത്തിന് 1914 മുതൽ ഒന്നിനു പുറകേ ഒന്നായി കഠിനപരിശോധനകളും ബുദ്ധിമുട്ടുകളും നേരിടേണ്ടിവന്നു. ഒന്നാം ലോകമഹായുദ്ധം രൂക്ഷമായതോടെ ധാരാളം ബൈബിൾവിദ്യാർഥികൾ ക്രൂരമായ ഉപദ്രവത്തിനു വിധേയരായി, അനേകർ ജയിലറകളിലുമായി.d
32. 1916-നു ശേഷം ദൈവജനത്തിന് ഇടയിൽ ഏതു പ്രശ്നം തലപൊക്കി?
32 സംഘടനയുടെ ഉള്ളിൽനിന്നും പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങി. 1916-ൽ വെറും 64 വയസ്സുള്ളപ്പോൾ റസ്സൽ സഹോദരൻ മരിച്ചു. അതു ദൈവജനത്തിൽ പലർക്കും വലിയൊരു ആഘാതമായിരുന്നു. അദ്ദേഹം മാതൃകായോഗ്യനായിരുന്നെങ്കിലും ചിലയാളുകൾ ആ ഒരു വ്യക്തിക്ക് ആവശ്യത്തിലധികം പ്രാധാന്യം കല്പിച്ചിരുന്നെന്ന് ആ സംഭവം തെളിയിച്ചു. റസ്സൽ സഹോദരൻ അത്തരം ഭക്ത്യാദരങ്ങൾ ആഗ്രഹിച്ചിരുന്നില്ലെങ്കിലും അദ്ദേഹത്തെ ചിലരെങ്കിലും ഒരു ആരാധനാമനോഭാവത്തോടെയാണു കണ്ടിരുന്നത്. സത്യം പടിപടിയായി വെളിപ്പെടുന്നത് അദ്ദേഹത്തിന്റെ മരണത്തോടെ അവസാനിച്ചെന്നു പലരും കരുതി. മുന്നോട്ടു നീങ്ങാനുള്ള സംഘടനയുടെ ശ്രമങ്ങളെ ചിലർ ശക്തിയുക്തം എതിർത്തു. ആ മനോഭാവം കാരണം വിശ്വാസത്യാഗം പടർന്നുപന്തലിച്ചു, സംഘടനയിൽ ഭിന്നിപ്പുണ്ടായി.
33. നിറവേറാതെപോയ പ്രതീക്ഷകൾ ദൈവജനത്തിന് ഒരു പരിശോധനയായത് എങ്ങനെ?
33 ചില പ്രതീക്ഷകൾ നിറവേറാതെപോയതും മറ്റൊരു പരിശോധനയായിരുന്നു. 1914-ൽ ജനതകളുടെ കാലം അവസാനിക്കുമെന്നു വീക്ഷാഗോപുരം കൃത്യമായി മുൻകൂട്ടിപ്പറഞ്ഞെങ്കിലും ആ വർഷം എന്തു സംഭവിക്കുമെന്നു സഹോദരങ്ങൾക്കു കൃത്യമായി അറിയില്ലായിരുന്നു. (ലൂക്കോ. 21:24) സ്വർഗത്തിൽ തന്നോടൊപ്പം ഭരിക്കാൻ, അഭിഷിക്തർ അടങ്ങുന്ന മണവാട്ടിവർഗത്തെ ക്രിസ്തു 1914-ൽ സ്വർഗത്തിലേക്കു കൊണ്ടുപോകുമെന്നൊരു പ്രതീക്ഷ അവർക്കുണ്ടായിരുന്നു. പക്ഷേ ആ പ്രതീക്ഷകൾ അസ്ഥാനത്തായി. 1917-ന്റെ അവസാനത്തോടടുത്ത് വീക്ഷാഗോപുരം ഒരു പ്രഖ്യാപനം നടത്തി. 40 വർഷം നീളുന്ന ഒരു കൊയ്ത്തുകാലം 1918-ലെ വസന്തകാലത്ത് അവസാനിക്കുമെന്നായിരുന്നു അത്. പക്ഷേ പറഞ്ഞ സമയത്ത് പ്രസംഗപ്രവർത്തനം അവസാനിച്ചില്ല. പകരം പിന്നീടങ്ങോട്ട് പ്രവർത്തനം അഭിവൃദ്ധിപ്പെടുകയാണു ചെയ്തത്. യഥാർഥത്തിൽ കൊയ്ത്ത് അവസാനിച്ചെന്നും ഇനി ശേഷിക്കുന്നതു കാലാപെറുക്കൽ മാത്രമാണെന്നും മാസിക വിശദീകരിച്ചു. എങ്കിലും നിരാശയ്ക്കു വഴിപ്പെട്ട അനേകർ യഹോവയെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞു.
34. തളർത്തിക്കളയുന്ന ഏതു പരിശോധനയാണ് 1918-ൽ ഉണ്ടായത്, ദൈവജനം ‘മരിച്ചെന്നു’ ക്രൈസ്തവലോകം കരുതിയത് എന്തുകൊണ്ട്?
34 ആകെ തളർത്തിക്കളയുന്ന ഒരു പരിശോധനയാണ് 1918-ൽ ഉണ്ടായത്. സി. റ്റി. റസ്സൽ സഹോദരനു ശേഷം ദൈവജനത്തിനു നേതൃത്വമെടുത്തിരുന്ന ജെ. എഫ്. റഥർഫോർഡ് സഹോദരനെയും സംഘടനയിൽ ചുമതലകൾ വഹിച്ചിരുന്ന മറ്റ് ഏഴു സഹോദരന്മാരെയും ആ വർഷം അറസ്റ്റ് ചെയ്തു. അവരെ ദീർഘകാലത്തെ തടവിനു വിധിച്ച് യു.എസ്.എ.-യിലെ ജോർജിയയിലുള്ള അറ്റ്ലാന്റായിൽ ജയിലിലടച്ചു. അന്യായമായൊരു നടപടിയായിരുന്നു അത്. ദൈവജനത്തിന്റെ പ്രവർത്തനം നിന്നുപോയെന്നു ചിലരെങ്കിലും കുറച്ച് കാലത്തേക്കു കരുതിക്കാണും. ക്രൈസ്തവലോകത്തിലെ പുരോഹിതന്മാരിൽ പലർക്കും വലിയ സന്തോഷമായി. ‘നേതാക്കന്മാർ’ തടവിലാകുകയും ബ്രൂക്ലിനിലെ ആസ്ഥാനം അടച്ചുപൂട്ടുകയും അമേരിക്കയിലും യൂറോപ്പിലും പ്രസംഗപ്രവർത്തനത്തിന് എതിർപ്പുകളുണ്ടാകുകയും ചെയ്തതോടെ ആ ബൈബിൾവിദ്യാർഥികൾ ‘മരിച്ചെന്ന്’—ആ അപകടകാരികൾ മേലാൽ തങ്ങൾക്ക് ഒരു ഭീഷണിയാകില്ലെന്ന് അക്കൂട്ടർ കണക്കുകൂട്ടി. (വെളി. 11:3, 7-10) പക്ഷേ അവർക്കു തെറ്റിപ്പോയി!
പുതുജീവനിലേക്ക്!
35. തന്റെ അനുഗാമികൾക്കു കഷ്ടതകളുണ്ടാകാൻ യേശു അനുവദിച്ചത് എന്തുകൊണ്ട്, അവരെ സഹായിക്കാൻ യേശു എന്തു ചെയ്തു?
35 ആ സമയത്ത് “മാലിന്യം നീക്കി വെള്ളി ശുദ്ധീകരിക്കുന്നവനെപ്പോലെ” ഇരുന്ന് യഹോവ പ്രവർത്തിക്കുകയായിരുന്നെന്നും ആ ഒരൊറ്റ കാരണംകൊണ്ടാണു തന്റെ ജനം ഈ കഷ്ടതകളെല്ലാം നേരിടാൻ യേശു അനുവദിച്ചതെന്നും സത്യത്തിന്റെ ശത്രുക്കൾക്ക് അറിയില്ലായിരുന്നു. (മലാ. 3:3) വിശ്വസ്തരായ അവരെ അഗ്നിസമാനമായ ആ പരിശോധനകൾ സ്ഫുടം ചെയ്ത് ശുദ്ധീകരിക്കുമെന്നുള്ള ഉറപ്പ് യഹോവയ്ക്കും പുത്രനായ യേശുവിനും ഉണ്ടായിരുന്നു. അതോടെ അവർ രാജാവിനെ സേവിക്കാനായി മുമ്പെന്നത്തേതിലും അനുയോജ്യരാകുമെന്നും അവർക്കു ബോധ്യമുണ്ടായിരുന്നു. 1919-ന്റെ തുടക്കംമുതലേ ഒരു കാര്യം വ്യക്തമായി. അസാധ്യമെന്നു ദൈവജനത്തിന്റെ ശത്രുക്കൾ കരുതിയ ഒരു കാര്യം നടക്കാൻ ദൈവാത്മാവ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതെ, വിശ്വസ്തരായവർക്കു പുതുജീവൻ ലഭിച്ചു! (വെളി. 11:11) അവസാനകാലത്തിന്റെ അടയാളത്തിലെ മുഖ്യസവിശേഷതയായ ഒരു കാര്യം സാധ്യതയനുസരിച്ച് ആ സമയത്ത് യേശു ചെയ്തു. തന്റെ ജനത്തിനു തക്കസമയത്ത് ആത്മീയഭക്ഷണം വിതരണം ചെയ്തുകൊണ്ട് അവർക്കു നേതൃത്വമെടുക്കുമായിരുന്ന അഭിഷിക്തരുടെ ഒരു ചെറിയ കൂട്ടത്തെ, അതായത് ‘വിശ്വസ്തനും വിവേകിയും ആയ അടിമയെ,’ യേശു നിയമിച്ചു.—മത്താ. 24:45-47.
36. ദൈവജനത്തിന് ആത്മീയമായി ഒരു പുത്തനുണർവുണ്ടായതിന്റെ തെളിവുകൾ എന്തെല്ലാമായിരുന്നു?
36 1919 മാർച്ച് 26-നു റഥർഫോർഡ് സഹോദരനെയും സഹകാരികളെയും ജയിലിൽനിന്ന് മോചിപ്പിച്ചു. വൈകാതെതന്നെ സെപ്റ്റംബറിൽ ഒരു കൺവെൻഷൻ നടത്താൻ തീരുമാനമുണ്ടായി. സുവർണയുഗം എന്ന പേരിൽ രണ്ടാമതൊരു മാസിക പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകളും അണിയറയിൽ നടന്നു. വീക്ഷാഗോപുരത്തിന്റെ ഈ കൂട്ടുമാസിക, വയലിൽ ഉപയോഗിക്കാനായി രൂപകല്പന ചെയ്തതായിരുന്നു.e അതേ വർഷംതന്നെ ബുള്ളറ്റിൻ എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യലക്കം പുറത്തിറങ്ങി. അത് ഇന്ന്, നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി എന്ന് അറിയപ്പെടുന്നു. വയൽസേവനത്തിനു വേണ്ട പ്രോത്സാഹനം നൽകുക എന്നതായിരുന്നു തുടക്കംമുതലേ അതിന്റെ ഉദ്ദേശ്യം. വീടുതോറും പോയി ആളുകളെ നേരിട്ട് കണ്ട് സത്യം അറിയിക്കുന്ന പ്രവർത്തനത്തിന് 1919 മുതൽ പ്രത്യേകമായ ഊന്നൽ കൊടുത്തിരുന്നു.
37. 1919-നെ തുടർന്നുള്ള വർഷങ്ങളിൽ, ചിലർ അവിശ്വസ്തരാണെന്നു തെളിഞ്ഞത് എങ്ങനെ?
37 പ്രസംഗപ്രവർത്തനം തുടർന്നും ക്രിസ്തുസേവകരെ ശുദ്ധീകരിച്ചുകൊണ്ടിരുന്നെന്നു പറയാം. കാരണം, അത്തരം എളിയൊരു കാര്യം ചെയ്യുന്നത് ഒരു കുറച്ചിലായി അവരിൽ ചിലർക്കു തോന്നി, അഹങ്കാരം അവരെ തടഞ്ഞു. ആ പ്രവർത്തനവുമായി പൊരുത്തപ്പെടാൻ കഴിയാതിരുന്നവർ, വിശ്വസ്തരായ ആളുകളുമായുള്ള ബന്ധം ഉപേക്ഷിച്ചു. 1919-നെ തുടർന്നുള്ള വർഷങ്ങളിൽ അവരിൽ ചിലരുടെ മുഷിച്ചിൽ പരദൂഷണത്തിന്റെ രൂപത്തിൽ പുറത്ത് വന്നു, ചിലരെ അവർ കരിവാരിത്തേക്കാൻ ശ്രമിച്ചു. ചിലയാളുകൾ യഹോവയുടെ വിശ്വസ്തസേവകരെ ഉപദ്രവിക്കുന്നവരുടെ പക്ഷം ചേരുകപോലും ചെയ്തു.
38. ക്രിസ്തുവിന്റെ അനുഗാമികളായി ഭൂമിയിൽ ജീവിക്കുന്നവരുടെ നേട്ടങ്ങളും വിജയങ്ങളും നമ്മളെ എന്തു ബോധ്യപ്പെടുത്തണം?
38 അത്തരം ആക്രമണങ്ങളെല്ലാമുണ്ടായിട്ടും, ക്രിസ്തുവിന്റെ അനുഗാമികളായി ഭൂമിയിൽ ജീവിക്കുന്നവർ ആത്മീയമായി വളരുകയും അഭിവൃദ്ധിപ്പെടുകയും ചെയ്തു. അന്നു മുതൽ ഇന്നുവരെ അവർക്കുണ്ടായ ഓരോ നേട്ടവും, ഓരോ വിജയവും ദൈവരാജ്യം ഭരിക്കുന്നു എന്നതിന്റെ അനിഷേധ്യമായ തെളിവാണ്. ദൈവം തന്റെ പുത്രനിലൂടെയും മിശിഹൈകരാജ്യത്തിലൂടെയും അവരെ നന്നായി പിന്തുണച്ചിട്ടുണ്ട്, അവരെ ദൈവം അനുഗ്രഹിച്ചിട്ടുണ്ടെന്നും ഉറപ്പാണ്. അതൊന്നുമില്ലാതെ, വെറും അപൂർണരായ മനുഷ്യരുടെ ഒരു കൂട്ടത്തിനു സാത്താന്റെ മേലും ഈ ദുഷ്ടവ്യവസ്ഥിതിയുടെ മേലും ഒന്നിനു പുറകേ ഒന്നായി വിജയങ്ങൾ നേടാനാകുമോ?—യശയ്യ 54:17 വായിക്കുക.
39, 40. (എ) ഈ പ്രസിദ്ധീകരണത്തിന്റെ ചില സവിശേഷതകൾ എന്തെല്ലാം? (ബി) ഈ പുസ്തകം പഠിക്കുന്നതു നിങ്ങളെ എങ്ങനെ സഹായിക്കും?
39 സ്വർഗത്തിൽ ദൈവരാജ്യം ജനിച്ചതുമുതലുള്ള ഒരു നൂറ്റാണ്ടുകൊണ്ട് അതു ഭൂമിയിൽ കൈവരിച്ച നേട്ടങ്ങൾ എന്തെല്ലാമാണ് എന്നാണു നമ്മൾ ഇനിയുള്ള അധ്യായങ്ങളിൽ കാണാൻപോകുന്നത്. ഈ പുസ്തകത്തിന്റെ ഓരോ ഭാഗവും, ദൈവരാജ്യം ഭൂമിയിൽ ചെയ്യുന്ന കാര്യങ്ങളുടെ ഓരോ വശം ചർച്ച ചെയ്യും. ഓരോ അധ്യായത്തിലും പുനരവലോകനത്തിലുള്ള ഒരു ചതുരമുണ്ട്. ദൈവരാജ്യം നമുക്ക് ഓരോരുത്തർക്കും എത്ര യഥാർഥമാണെന്നു തിരിച്ചറിയാൻ അതു സഹായിക്കും. ദുഷ്ടരെ ഇല്ലാതാക്കാനും ഒരു പറുദീസാഭൂമി ആനയിക്കാനും വേണ്ടി ദൈവരാജ്യം സമീപഭാവിയിൽത്തന്നെ വരുമ്പോൾ നമുക്ക് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് അവസാനത്തെ അധ്യായങ്ങൾ പറയുന്നു. ഈ പ്രസിദ്ധീകരണത്തിന്റെ പഠനം നിങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടും?
40 ദൈവരാജ്യത്തിലുള്ള നിങ്ങളുടെ വിശ്വാസം എങ്ങനെയും ക്ഷയിപ്പിക്കാനാണു സാത്താൻ നോക്കുന്നത്. പക്ഷേ യഹോവ ആഗ്രഹിക്കുന്നതു നിങ്ങളുടെ വിശ്വാസം ബലപ്പെടണമെന്നാണ്. അതു നിങ്ങളെ സംരക്ഷിക്കുമെന്നും നിങ്ങളെ ശക്തരാക്കിനിറുത്തുമെന്നും യഹോവയ്ക്ക് അറിയാം. (എഫെ. 6:16) അതുകൊണ്ട്, ഈ പ്രസിദ്ധീകരണം പ്രാർഥനാപൂർവം പഠിക്കാനാണു ഞങ്ങളുടെ ശുപാർശ. ‘ദൈവരാജ്യം എനിക്ക് ഒരു യാഥാർഥ്യമാണോ’ എന്നു സ്വയം ചോദിച്ചുകൊണ്ടിരിക്കുക. ദൈവരാജ്യം യഥാർഥമാണെന്നും അതു ഭരിച്ചുകൊണ്ടിരിക്കുകയാണെന്നും ജീവനുള്ളവരെല്ലാം മനസ്സിലാക്കുന്ന ഒരു ദിവസം വരും! അന്നു നിങ്ങൾ ദൈവരാജ്യത്തെ വിശ്വസ്തതയോടെ, സജീവമായി പിന്തുണയ്ക്കുമോ ഇല്ലയോ എന്നത്, ആ രാജ്യം ഇപ്പോൾ നിങ്ങൾക്ക് എത്ര യഥാർഥമാണ് എന്നതിനെ ആശ്രയിച്ചിരിക്കും.
a ഹെൻട്രി ഗ്രൂ, ജോർജ് സ്റ്റെറ്റ്സൺ, ജോർജ് സ്റ്റോഴ്സ് എന്നിവരെക്കുറിച്ച് കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 45-46 പേജുകൾ കാണുക.
b അന്നു ബൈബിൾവിദ്യാർഥികളല്ലാതിരുന്ന ചിലർ, തങ്ങൾ മോചനവിലയിൽ വിശ്വസിക്കുന്നുണ്ടെന്നും ദൈവത്തിനു സമർപ്പിച്ചവരാണെന്നും അവകാശപ്പെട്ടിരുന്നു. ലോകത്തോടു സൗഹൃദം പുലർത്തുന്ന മതസംഘടനകളുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടതിന്റെ ആവശ്യം ബൈബിൾവിദ്യാർഥികൾക്കു മനസ്സിലായിരുന്നെങ്കിലും മേൽപ്പറഞ്ഞ ആളുകളെ അവർ തുടർന്നും വർഷങ്ങളോളം ക്രിസ്തീയസഹോദരങ്ങളായാണു കണ്ടിരുന്നത്.
c ആദ്യകാലത്തെ അത്തരം മുന്നറിയിപ്പുകൾ പ്രധാനമായും ബാധകമാകുന്നത് 1,44,000 പേർ അടങ്ങുന്ന ക്രിസ്തുവിന്റെ ചെറിയ ആട്ടിൻകൂട്ടത്തിനാണെന്നായിരുന്നു അന്നു കരുതിയിരുന്നത്. അതുപോലുള്ള മുന്നറിയിപ്പുകളുടെ ഗൗരവം കുറച്ചുകളഞ്ഞ ഒരു ഘടകമായിരുന്നു അത്. ക്രൈസ്തവലോകത്തിന്റെ ഭാഗമായ എണ്ണമറ്റ സഭകളിലെ അംഗങ്ങൾ വെളിപാട് 7:9, 10 വാക്യങ്ങളിൽ പറയുന്ന ‘മഹാപുരുഷാരത്തിൽ’പ്പെടുമെന്നും അന്ത്യത്തിന്റെ സമയത്ത് ക്രിസ്തുവിന്റെ പക്ഷത്ത് നിൽക്കുന്നതിന്റെ പേരിൽ അവർ സ്വർഗത്തിലേക്കു പോകുന്ന ഒരു രണ്ടാംതരം കൂട്ടത്തിന്റെ ഭാഗമാകുമെന്നും ആണ് 1935-നു മുമ്പ് കരുതിയിരുന്നത്. അതെക്കുറിച്ച് നമ്മൾ അഞ്ചാം അധ്യായത്തിൽ പഠിക്കും.
d കാനഡ, ഇംഗ്ലണ്ട്, ജർമനി, ഐക്യനാടുകൾ എന്നിവിടങ്ങളിൽ യുദ്ധസമയത്ത് നേരിടേണ്ടിവന്ന അസംഖ്യം ഉപദ്രവങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സുവർണയുഗത്തിന്റെ (ഇപ്പോഴത്തെ ഉണരുക!) ഒരു പ്രത്യേകപതിപ്പ് 1920 സെപ്റ്റംബറിൽ പുറത്തിറങ്ങി. അവയിൽ ചിലതു ഞെട്ടിക്കുന്ന പീഡനമുറകളായിരുന്നു. എന്നാൽ ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പുള്ള ദശകങ്ങളിൽ അതുപോലുള്ള ഉപദ്രവങ്ങൾ തീരെയില്ലായിരുന്നെന്നുതന്നെ പറയാം.
e വർഷങ്ങളോളം വീക്ഷാഗോപുരത്തിന്റെ പ്രധാനലക്ഷ്യം ചെറിയ ആട്ടിൻകൂട്ടത്തിലെ ഓരോ അംഗത്തിനും പോഷണം നൽകുകയെന്നതായിരുന്നു.