അധ്യായം 2
അവരുടെ കാഴ്ചകൾ ‘ദൈവം സ്വീകരിച്ചു’
മുഖ്യവിഷയം: ശുദ്ധാരാധനയ്ക്കായുള്ള യഹോവയുടെ ക്രമീകരണം—അതിന്റെ നാൾവഴിയിലൂടെ
1-3. (എ) നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ പരിശോധിക്കും? (ബി) ശുദ്ധാരാധനയുടെ ഏതു സുപ്രധാനഘടകങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യും? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.)
ഹാബേൽ താൻ ഓമനിച്ചുവളർത്തിയ ആടുകളെ ഒന്നൊന്നായി പരിശോധിക്കുകയാണ്. അവ ജനിച്ചുവീണ നിമിഷംമുതൽ ഹാബേൽ അവയോടൊപ്പമുണ്ട്. ഹാബേൽ ഇപ്പോൾ അവയിൽ ചിലതിനെ തിരഞ്ഞെടുത്ത്, അറുത്ത് ദൈവത്തിനു കാഴ്ചയായി അർപ്പിക്കുന്നു. ഒരു അപൂർണമനുഷ്യൻ അർപ്പിക്കുന്ന ഈ ആരാധന യഹോവ സ്വീകരിക്കുമോ?
2 “ദൈവം ഹാബേലിന്റെ കാഴ്ചകൾ സ്വീകരിച്ചു” എന്ന് അപ്പോസ്തലനായ പൗലോസ് ദൈവപ്രചോദിതനായി എഴുതി. എന്നാൽ കയീന്റെ യാഗം യഹോവ സ്വീകരിച്ചില്ല. (എബ്രായർ 11:4 വായിക്കുക.) ഇതു ചില ചോദ്യങ്ങൾ ഉയർത്തുന്നു. ദൈവം ഹാബേലിന്റെ ആരാധന സ്വീകരിക്കുകയും കയീന്റേതു തള്ളിക്കളയുകയും ചെയ്തത് എന്തുകൊണ്ടാണ്? കയീൻ, ഹാബേൽ എന്നിവരുടെയും എബ്രായർ 11-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന മറ്റുള്ളവരുടെയും മാതൃകയിൽനിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്? ശുദ്ധാരാധനയിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്നു വ്യക്തമായി മനസ്സിലാക്കാൻ അതിനുള്ള ഉത്തരങ്ങൾ നമ്മളെ സഹായിക്കും.
3 ഹാബേലിന്റെ കാലംമുതൽ യഹസ്കേലിന്റെ കാലംവരെയുള്ള ചില സംഭവങ്ങൾ നമ്മൾ ഇപ്പോൾ ഹ്രസ്വമായി അവലോകനം ചെയ്യാൻപോകുകയാണ്. നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമാക്കുന്ന നാലു സുപ്രധാനഘടകങ്ങൾ അതു വ്യക്തമാക്കും: സ്വീകർത്താവ് യഹോവയായിരിക്കണം, ഗുണനിലവാരം ഏറ്റവും മികച്ചതായിരിക്കണം, ആരാധന അർപ്പിക്കുന്ന രീതി ദൈവം അംഗീകരിക്കുന്നതായിരിക്കണം, നമ്മുടെ ആന്തരം ശുദ്ധമായിരിക്കണം. ഇവയിൽ ഒന്നുപോലും വിട്ടുകളയാനാകില്ല.
കയീന്റെ ആരാധന തള്ളിക്കളഞ്ഞത് എന്തുകൊണ്ട്?
4, 5. താൻ അർപ്പിച്ച കാഴ്ചയുടെ സ്വീകർത്താവ് യഹോവയാണെന്നു കയീന് അറിയാമായിരുന്നത് എന്തുകൊണ്ട്?
4 ഉൽപത്തി 4:2-5 വായിക്കുക. താൻ അർപ്പിച്ച കാഴ്ചയുടെ സ്വീകർത്താവ് യഹോവയാണെന്നു കയീന് അറിയാമായിരുന്നു. യഹോവയെക്കുറിച്ച് പഠിക്കാൻ കയീനു ധാരാളം സമയവും സാഹചര്യവും ഉണ്ടായിരുന്നു. ദൈവത്തിനു കാഴ്ച അർപ്പിച്ച സമയത്ത് കയീനും അനിയൻ ഹാബേലിനും 100-നോടടുത്ത് പ്രായമുണ്ടായിരുന്നിരിക്കാം.a ഏദെൻ തോട്ടത്തെക്കുറിച്ചുള്ള കഥകൾ കേട്ടാണു രണ്ടു പേരും വളർന്നുവന്നത്. ഫലഭൂയിഷ്ഠമായ ആ തോട്ടം അവർ ദൂരെനിന്ന് കണ്ടിട്ടുമുണ്ടാകണം. അതിലേക്കുള്ള പ്രവേശനം തടയാനായി നിൽക്കുന്ന കെരൂബുകളെയും അവർ എന്തായാലും കണ്ടിട്ടുണ്ട്. (ഉൽപ. 3:24) എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചത് യഹോവയാണെന്നും, പതിയെ മരണത്തിലേക്കു നടന്നടുക്കുന്ന ഈ ജീവിതമല്ല ദൈവം തങ്ങൾക്കുവേണ്ടി ഉദ്ദേശിച്ചിരുന്നതെന്നും മാതാപിതാക്കൾ അവരോടു പറഞ്ഞിട്ടുണ്ടാകും. (ഉൽപ. 1:24-28) ഇതെല്ലാം അറിയാവുന്നതുകൊണ്ടാകാം താൻ കാഴ്ച അർപ്പിക്കേണ്ടതു ദൈവത്തിനാണെന്നു കയീൻ നിഗമനം ചെയ്തത്.
5 ബലി അർപ്പിക്കാൻ കയീനെ മറ്റ് എന്തെല്ലാം പ്രേരിപ്പിച്ചിട്ടുണ്ടാകും? ഒരു “സന്തതി” വരുമെന്നും, ഹവ്വയെ വശീകരിച്ച് തെറ്റായ തീരുമാനമെടുപ്പിച്ച ‘സർപ്പത്തിന്റെ’ തല ആ സന്തതി തകർക്കുമെന്നും യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ഉൽപ. 3:4-6, 14, 15) മൂത്ത മകനായതുകൊണ്ട് താനായിരിക്കും ആ “സന്തതി”യെന്നു കയീൻ ചിന്തിച്ചുകാണും. (ഉൽപ. 4:1) ഇനി, യഹോവ പാപികളായ മനുഷ്യരുമായുള്ള ആശയവിനിമയം അപ്പോഴും നിറുത്തിയിട്ടുണ്ടായിരുന്നില്ല. ആദാം പാപം ചെയ്തതിനു ശേഷവും ദൈവം ആദാമിനോടു സംസാരിച്ചു, സാധ്യതയനുസരിച്ച് ഒരു ദൂതനിലൂടെ. (ഉൽപ. 3:8-10) ബലി അർപ്പിച്ചശേഷം, യഹോവ കയീനോടും സംസാരിച്ചു. (ഉൽപ. 4:6) അതെ, യഹോവയാണ് ആരാധനയ്ക്കു യോഗ്യൻ എന്നു കയീനു തീർച്ചയായും അറിയാമായിരുന്നു.
6, 7. കയീന്റെ യാഗവസ്തുവിന്റെ ഗുണനിലവാരത്തിനോ കയീൻ യാഗം അർപ്പിച്ച രീതിക്കോ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ? വിശദീകരിക്കുക.
6 അങ്ങനെയെങ്കിൽ കയീന്റെ യാഗത്തിൽ യഹോവ ഒട്ടും പ്രസാദിക്കാതിരുന്നത് എന്തുകൊണ്ടാണ്? ഗുണനിലവാരം കുറഞ്ഞ ഒരു കാഴ്ചയായിരുന്നോ അത്? ബൈബിൾ അതെക്കുറിച്ച് ഒന്നും പറയുന്നില്ല. കയീൻ ‘കൃഷിയിടത്തിലെ വിളവുകൾ’ കൊണ്ടുവന്നു എന്നു മാത്രമേ ബൈബിൾ പറയുന്നുള്ളൂ. എന്നാൽ ഇത്തരം ഒരു ബലി സ്വീകാര്യമാണെന്നാണു പിൽക്കാലത്ത് മോശയ്ക്കു കൊടുത്ത നിയമത്തിൽ യഹോവ സൂചിപ്പിച്ചത്. (സംഖ്യ 15:8, 9) അന്നത്തെ സാഹചര്യത്തെക്കുറിച്ചും ഒന്നു ചിന്തിക്കുക. അക്കാലത്ത് മനുഷ്യർ സസ്യാഹാരം മാത്രമേ കഴിച്ചിരുന്നുള്ളൂ. (ഉൽപ. 1:29) ഏദെൻ തോട്ടത്തിനു വെളിയിലുള്ള നിലത്തെ യഹോവ ശപിച്ചിരുന്നതുകൊണ്ട് ഈ യാഗവസ്തുക്കൾ കൃഷി ചെയ്തുണ്ടാക്കാൻ കയീനു നന്നായി അധ്വാനിക്കേണ്ടിവന്നുകാണും. (ഉൽപ. 3:17-19) അങ്ങനെ എല്ലു മുറിയെ പണിത് വിളയിച്ച സ്വന്തം അന്നമാണു കയീൻ അർപ്പിച്ചത്! എന്നിട്ടും കയീന്റെ യാഗത്തിൽ യഹോവ പ്രസാദിച്ചില്ല.
7 ഇനി, ആ കാഴ്ച അർപ്പിച്ച രീതിക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ? സ്വീകാര്യമായ ഒരു രീതിയിൽ അത് അർപ്പിക്കുന്നതിൽ കയീൻ പരാജയപ്പെട്ടോ? അതിനു സാധ്യതയില്ല. കാരണം കയീന്റെ യാഗം തള്ളിക്കളഞ്ഞപ്പോൾ അത് അർപ്പിച്ച രീതിയെ യഹോവ കുറ്റം വിധിച്ചില്ല. വാസ്തവത്തിൽ കയീനോ ഹാബേലോ യാഗം അർപ്പിച്ച രീതിയെക്കുറിച്ച് ബൈബിളിൽ ഒരു പരാമർശവുമില്ല. എങ്കിൽപ്പിന്നെ എന്തായിരുന്നു പ്രശ്നം?
8, 9. (എ) കയീനിലും കയീന്റെ യാഗത്തിലും യഹോവ പ്രസാദിക്കാതിരുന്നത് എന്തുകൊണ്ട്? (ബി) കയീനെക്കുറിച്ചും ഹാബേലിനെക്കുറിച്ചും ഉള്ള ബൈബിൾരേഖ താരതമ്യം ചെയ്യുമ്പോൾ ശ്രദ്ധേയമായി നിങ്ങൾ കണ്ടത് എന്താണ്?
8 യാഗം അർപ്പിച്ചതിനു പിന്നിലെ കയീന്റെ ആന്തരം ശുദ്ധമായിരുന്നില്ലെന്നു ദൈവപ്രചോദിതനായി പൗലോസ് എബ്രായർക്ക് എഴുതിയ വാക്കുകൾ സൂചിപ്പിക്കുന്നു. കയീനു വിശ്വാസമില്ലായിരുന്നു. (എബ്രാ. 11:4; 1 യോഹ. 3:11, 12) അതുകൊണ്ടാണ് യഹോവ കയീന്റെ യാഗത്തിൽ മാത്രമല്ല കയീൻ എന്ന വ്യക്തിയിൽത്തന്നെയും പ്രസാദിക്കാതിരുന്നത്. (ഉൽപ. 4:5-8) സ്നേഹമുള്ള ഒരു പിതാവായതുകൊണ്ട് യഹോവ ദയയോടെ തന്റെ മകനെ തിരുത്താൻ ശ്രമിച്ചു. എന്നാൽ യഹോവയുടെ സഹായഹസ്തം കയീൻ ഒരർഥത്തിൽ തട്ടിത്തെറിപ്പിക്കുകയാണു ചെയ്തത്. അപൂർണജഡത്തിന്റെ പ്രവൃത്തികളായ “ശത്രുത, വഴക്ക്, അസൂയ” എന്നിവ നുരഞ്ഞുപൊന്തുന്ന ഹൃദയമായിരുന്നു കയീന്റേത്. (ഗലാ. 5:19, 20) ആ ദുഷിച്ച ഹൃദയം കയീന്റെ ആരാധനയുടെ മറ്റെല്ലാ നല്ല വശങ്ങളെയും വിലകെട്ടതാക്കി. കയീന്റെ ദൃഷ്ടാന്തം നമ്മളെ വിലയേറിയ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്: ശുദ്ധാരാധന അർപ്പിക്കാൻ, ദൈവഭക്തിയുള്ളതായി പുറമേ നടിച്ചാൽ പോരാ!
9 ബൈബിൾ കയീനെക്കുറിച്ച് പല കാര്യങ്ങളും പറയുന്നുണ്ട്. യഹോവ കയീനോടു സംസാരിച്ചതിനെക്കുറിച്ചും അതിനൊക്കെ കയീൻ നൽകിയ മറുപടിയെക്കുറിച്ചും അതിലുണ്ട്. എന്തിന്, കയീന്റെ മക്കളുടെ പേരും അവർ ചെയ്ത ചില കാര്യങ്ങളും അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. (ഉൽപ. 4:17-24) എന്നാൽ ഹാബേലിനെക്കുറിച്ചാണെങ്കിൽ, ഹാബേലിനു മക്കളുണ്ടായിരുന്നോ ഇല്ലയോ എന്നൊന്നും ബൈബിൾ പറയുന്നില്ല. ഹാബേൽ പറഞ്ഞ കാര്യങ്ങളിൽ ഒന്നുപോലും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും ഹാബേലിന്റെ പ്രവൃത്തികൾ ഇന്നും നമ്മളോടു സംസാരിക്കുന്നു. എങ്ങനെ?
ഹാബേൽ—ശുദ്ധാരാധനയ്ക്ക് ഒരു മാതൃക
10. ഹാബേൽ ശുദ്ധാരാധനയ്ക്ക് ഒരു മാതൃക വെച്ചത് എങ്ങനെ?
10 ഹാബേൽ യഹോവയ്ക്കാണു യാഗം അർപ്പിച്ചത്. തന്റെ യാഗത്തിന്റെ സ്വീകർത്താവ് ആയിരിക്കാൻ അർഹൻ യഹോവ മാത്രമാണെന്നു ഹാബേലിനു ബോധ്യമുണ്ടായിരുന്നു. ഗുണനിലവാരത്തിന്റെ കാര്യത്തിലും ആ കാഴ്ച ഏറ്റവും മികച്ചതായിരുന്നു. കാരണം, ബൈബിൾ പറയുന്നതു ഹാബേൽ “ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽ ചിലതിനെ” തിരഞ്ഞെടുത്തു എന്നാണ്. ഹാബേൽ അവയെ അർപ്പിച്ചത് ഒരു യാഗപീഠത്തിൽ ആണോ അല്ലയോ എന്നൊന്നും ബൈബിൾ പറയുന്നില്ലെങ്കിലും ഹാബേൽ യാഗം അർപ്പിച്ച രീതി തീർച്ചയായും യഹോവയ്ക്കു സ്വീകാര്യമായിരുന്നു. എന്നാൽ ഹാബേലിന്റെ യാഗത്തെ ഏറെ മൂല്യമുള്ളതാക്കിയതു മറ്റൊന്നാണ്—ഹാബേലിന്റെ ആന്തരം! 6,000-ത്തോളം വർഷം കടന്നുപോയിട്ടും അത് ഇന്നും നമുക്കൊരു മാതൃകയാണ്. ദൈവത്തിലുള്ള വിശ്വാസവും യഹോവയുടെ നീതിയുള്ള നിലവാരങ്ങളോടുള്ള സ്നേഹവും ആയിരുന്നു ഹാബേലിന്റെ പ്രേരകശക്തി എന്നതിനു സംശയമില്ല. നമുക്ക് അത് എങ്ങനെ അറിയാം?
11. യേശു ഹാബേലിനെ നീതിമാനെന്നു വിളിച്ചത് എന്തുകൊണ്ട്?
11 ആദ്യംതന്നെ, ഹാബേലിനെ അടുത്ത് അറിയാമായിരുന്ന യേശു അദ്ദേഹത്തെക്കുറിച്ച് എന്താണു പറഞ്ഞതെന്നു നോക്കുക. ഹാബേൽ ജീവിച്ചിരുന്ന സമയത്ത് സ്വർഗത്തിലുണ്ടായിരുന്ന യേശുവിന് ആദാമിന്റെ ഈ മകന്റെ കാര്യത്തിൽ പ്രത്യേകതാത്പര്യമുണ്ടായിരുന്നു. (സുഭാ. 8:22, 30, 31; യോഹ. 8:58; കൊലോ. 1:15, 16) അതുകൊണ്ടുതന്നെ നേരിട്ട് കണ്ടുമനസ്സിലാക്കിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു യേശു ഹാബേലിനെ നീതിമാനെന്നു വിളിച്ചത്. (മത്താ. 23:35) നീതിമാനായ ഒരാൾ, ശരിതെറ്റുകളെക്കുറിച്ചുള്ള നിലവാരങ്ങൾ വെക്കേണ്ടത് യഹോവയാണെന്ന് അംഗീകരിക്കുക മാത്രമല്ല തന്റെ സംസാരത്തിലൂടെയും പ്രവൃത്തിയിലൂടെയും ആ നിലവാരങ്ങളോടു യോജിക്കുന്നു എന്നു തെളിയിക്കുകയും ചെയ്യും. (ലൂക്കോസ് 1:5, 6 താരതമ്യം ചെയ്യുക.) നീതിമാൻ എന്നൊരു സത്പേര് നേടാൻ തീർച്ചയായും സമയമെടുക്കും. അതിൽനിന്ന് ഒരു കാര്യം മനസ്സിലാക്കാം: ദൈവത്തിനു ബലി അർപ്പിക്കുന്നതിനു മുമ്പുതന്നെ, താൻ യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കുന്നവനാണ് എന്നൊരു പേര് ഹാബേൽ സമ്പാദിച്ചിരുന്നു. പക്ഷേ അത് അത്ര എളുപ്പമായിരുന്നിരിക്കില്ല. ചേട്ടനായ കയീൻ സാധ്യതയനുസരിച്ച് ഒരു നല്ല സ്വാധീനമായിരുന്നില്ല. കാരണം കയീന്റെ ഹൃദയം ദുഷ്ടമായിത്തീർന്നിരുന്നു. (1 യോഹ. 3:12) ദൈവം നേരിട്ട് നൽകിയ ഒരു കല്പന ലംഘിച്ചവളായിരുന്നു ഹാബേലിന്റെ അമ്മ. അപ്പനാകട്ടെ, ശരിതെറ്റുകൾ സ്വയം തീരുമാനിക്കാൻ ആഗ്രഹിച്ച് ദൈവത്തെ ധിക്കരിച്ചയാളും. (ഉൽപ. 2:16, 17; 3:6) തന്റെ വീട്ടുകാരിൽനിന്ന് തികച്ചും വ്യത്യസ്തനായി നിൽക്കാൻ ഹാബേലിന് എത്രമാത്രം ധൈര്യം വേണമായിരുന്നു!
12. കയീനും ഹാബേലും തമ്മിലുള്ള പ്രധാനവ്യത്യാസം എന്തായിരുന്നു?
12 അടുത്തതായി, അപ്പോസ്തലനായ പൗലോസ് വിശ്വാസം, നീതി എന്നീ ഗുണങ്ങൾ തമ്മിലുള്ള ബന്ധം വ്യക്തമാക്കിയത് എങ്ങനെയെന്നു നോക്കുക. പൗലോസ് എഴുതി: “വിശ്വാസത്താൽ ഹാബേൽ, ദൈവത്തിനു കയീന്റേതിനെക്കാൾ ഏറെ മൂല്യമുള്ള ഒരു ബലി അർപ്പിച്ചു. ആ വിശ്വാസം കാരണം . . . ഹാബേലിനു താൻ നീതിമാനാണെന്ന് ഉറപ്പു ലഭിക്കുകയും ചെയ്തു.” (എബ്രാ. 11:4) ഹാബേൽ കയീനെപ്പോലെ അല്ലായിരുന്നു എന്നാണ് പൗലോസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്. ജീവിതകാലത്ത് ഉടനീളം, യഹോവയിലും യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധത്തിലും ഹാബേലിനു വിശ്വാസമുണ്ടായിരുന്നു. കറയറ്റ ആ വിശ്വാസമായിരുന്നു ഹാബേലിന്റെ പ്രേരകശക്തി.
13. ഹാബേലിന്റെ ദൃഷ്ടാന്തം നമ്മളെ എന്തു പഠിപ്പിക്കുന്നു?
13 ശുദ്ധമായ ആന്തരമുണ്ടെങ്കിലേ ശുദ്ധമായ ആരാധന അർപ്പിക്കാനാകൂ എന്നാണു ഹാബേലിന്റെ ദൃഷ്ടാന്തം നമ്മളെ പഠിപ്പിക്കുന്നത്. അതിനു നമുക്കു ദൈവത്തിൽ പൂർണവിശ്വാസമുള്ള, ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളുമായി പൂർണമായി യോജിക്കുന്ന ഒരു ഹൃദയം വേണം. ശുദ്ധാരാധനയിൽ ഭക്തിയുടെ ഒരൊറ്റ പ്രവൃത്തി മാത്രമല്ല നമ്മുടെ മുഴുജീവിതവും ഉൾപ്പെട്ടിരിക്കുന്നു എന്നും നമ്മൾ പഠിച്ചു.
ഗോത്രപിതാക്കന്മാർ ആ മാതൃക അനുകരിക്കുന്നു
14. നോഹ, അബ്രാഹാം, യാക്കോബ് എന്നിവരുടെ കാഴ്ചകൾ യഹോവ സ്വീകരിച്ചത് എന്തുകൊണ്ടാണ്?
14 യഹോവയ്ക്കു ശുദ്ധാരാധന അർപ്പിച്ച ആദ്യത്തെ അപൂർണമനുഷ്യനായിരുന്നു ഹാബേൽ. എന്നാൽ ആ നിരയിലെ അവസാനത്തെ ആളായിരുന്നില്ല അദ്ദേഹം. സ്വീകാര്യമായ വിധത്തിൽ യഹോവയെ ആരാധിച്ച നോഹ, അബ്രാഹാം, യാക്കോബ് എന്നിവരെക്കുറിച്ചെല്ലാം പൗലോസ് അപ്പോസ്തലൻ പറയുന്നുണ്ട്. (എബ്രായർ 11:7, 8, 17-21 വായിക്കുക.) ഗോത്രപിതാക്കന്മാരായ ഇവരെല്ലാം യഹോവയ്ക്കു ബലി അർപ്പിച്ചവരാണ്. യഹോവ അവരുടെ കാഴ്ചകൾ സ്വീകരിക്കുകയും ചെയ്തു. എന്തുകൊണ്ട്? അവരുടേതു ഭക്തിയുടെ വെറും ഔപചാരികപ്രകടനങ്ങളായിരുന്നില്ല എന്നതാണു കാരണം. ശുദ്ധാരാധനയുടെ എല്ലാ സുപ്രധാനവ്യവസ്ഥകളും അവർ പാലിച്ചു. നമുക്ക് ഇപ്പോൾ അവരുടെ മാതൃകകൾ നോക്കാം.
15, 16. ശുദ്ധാരാധനയുടെ നാലു സുപ്രധാനവ്യവസ്ഥകളും നോഹ പാലിച്ചത് എങ്ങനെ?
15 ആദാം മരിച്ച് വെറും 126 വർഷത്തിനു ശേഷമായിരുന്നു നോഹയുടെ ജനനം. പക്ഷേ അത്രയും കാലംകൊണ്ട് ലോകം വ്യാജാരാധനയിൽ മുങ്ങിപ്പോയിരുന്നു. നോഹ വളർന്നുവന്നത് അങ്ങനെയൊരു ചുറ്റുപാടിലാണ്.b (ഉൽപ. 6:11) പ്രളയം തുടങ്ങിയ സമയത്താകട്ടെ, ഭൂമിയിലുണ്ടായിരുന്ന കുടുംബങ്ങളിൽ നോഹയും കുടുംബവും മാത്രമാണു സ്വീകാര്യമായ വിധത്തിൽ യഹോവയെ സേവിച്ചിരുന്നത്. (2 പത്രോ. 2:5) പ്രളയത്തിനു ശേഷം, ഒരു യാഗപീഠം നിർമിച്ച് യഹോവയ്ക്കു ബലികൾ അർപ്പിക്കാൻ നോഹയ്ക്കു പ്രേരണ തോന്നി. ആദ്യമായി ഒരു യാഗപീഠത്തെക്കുറിച്ച് ബൈബിളിൽ എടുത്തുപറഞ്ഞിരിക്കുന്നത് ഇവിടെയാണ്. നോഹയുടെ ആത്മാർഥതയോടെയുള്ള ഈ പ്രവൃത്തി സ്വന്തം കുടുംബത്തിനും പിൻതലമുറക്കാരായ മുഴുമാനവകുലത്തിനും വ്യക്തമായ ഒരു സന്ദേശം നൽകി—ആരാധനയുടെ സ്വീകർത്താവ് ആയിരിക്കാൻ അർഹൻ യഹോവ മാത്രമാണ്! ഇനി നോഹ ബലി അർപ്പിച്ചതോ? അവിടെ അനേകം മൃഗങ്ങളുണ്ടായിരുന്നെങ്കിലും “ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിൽനിന്നും ശുദ്ധിയുള്ള എല്ലാ പറവകളിൽനിന്നും ചിലതിനെ” ആണ് നോഹ തിരഞ്ഞെടുത്തത്. (ഉൽപ. 8:20) ഗുണനിലവാരത്തിന്റെ കാര്യത്തിൽ അവ ഏറ്റവും മികച്ചതായിരുന്നു. കാരണം ശുദ്ധിയുള്ളതെന്ന് യഹോവതന്നെ പ്രഖ്യാപിച്ച മൃഗങ്ങളായിരുന്നു അവ.—ഉൽപ. 7:2.
16 നോഹ ആ മൃഗങ്ങളെ താൻ നിർമിച്ച യാഗപീഠത്തിൽ ദഹനബലികളായി അർപ്പിച്ചു. ഈ രീതിയിൽ ആരാധിക്കുന്നതു ദൈവത്തിനു സ്വീകാര്യമായിരുന്നോ? അതെ. യഹോവ ബലിവസ്തുവിൽനിന്നുള്ള പ്രസാദകരമായ സുഗന്ധം ആസ്വദിച്ചെന്നും നോഹയെയും മക്കളെയും അനുഗ്രഹിച്ചെന്നും വിവരണം പറയുന്നു. (ഉൽപ. 8:21; 9:1) എന്നാൽ ആ യാഗം അർപ്പിച്ചതിനു പിന്നിലെ നോഹയുടെ ആന്തരം ആയിരുന്നു യഹോവ അതു സ്വീകരിക്കാനുള്ള പ്രധാനകാരണം. യഹോവയിലും യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധത്തിലും നോഹയ്ക്കുണ്ടായിരുന്ന ശക്തമായ വിശ്വാസത്തിന്റെ മറ്റൊരു തെളിവായിരുന്നു ആ ബലികൾ. യഹോവയെ അനുസരിക്കുകയും യഹോവയുടെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്തതുകൊണ്ട് “നോഹ സത്യദൈവത്തോടുകൂടെ നടന്നു” എന്നു ബൈബിൾ പറയുന്നു. അങ്ങനെ നോഹ, നീതിമാൻ എന്ന നിലനിൽക്കുന്ന സത്പേര് നേടി.—ഉൽപ. 6:9; യഹ. 14:14; എബ്രാ. 11:7.
17, 18. ശുദ്ധാരാധനയുടെ നാലു സുപ്രധാനവ്യവസ്ഥകളും അബ്രാഹാം പാലിച്ചത് എങ്ങനെ?
17 അബ്രാഹാം ജീവിച്ചതു വ്യാജാരാധനയുടെ നടുവിലായിരുന്നു. അബ്രാഹാമിന്റെ സ്വദേശമായ ഊർ നഗരത്തിന്റെ ഒരു പ്രമുഖസവിശേഷതതന്നെ, ചന്ദ്രദേവനായ നാന്നായ്ക്കുവേണ്ടിയുള്ള ഒരു ക്ഷേത്രമായിരുന്നു.c അബ്രാഹാമിന്റെ അപ്പൻപോലും ഒരുകാലത്ത് വ്യാജദൈവങ്ങളെ ആരാധിച്ചിരുന്നു. (യോശു. 24:2) എന്നിട്ടും യഹോവയെ ആരാധിക്കാനായിരുന്നു അബ്രാഹാമിന്റെ തീരുമാനം. നോഹയുടെ ഒരു മകനും തന്റെ പൂർവപിതാവും ആയ ശേമിൽനിന്നായിരിക്കാം അദ്ദേഹം സത്യദൈവത്തെക്കുറിച്ച് പഠിച്ചത്. അബ്രാഹാം ജനിച്ച് 150 വർഷം കഴിഞ്ഞാണു ശേം മരിക്കുന്നത്.
18 അബ്രാഹാം തന്റെ നീണ്ട ജീവിതകാലത്തുടനീളം ധാരാളം ബലികൾ അർപ്പിച്ചു. എന്നാൽ ആരാധനയുടെ ഭാഗമായ ഈ ബലികൾ അബ്രാഹാം എല്ലായ്പോഴും അർപ്പിച്ചത് യഹോവയ്ക്കാണ്. ആരാധനയ്ക്ക് അർഹനായ യഹോവയായിരുന്നു അതിന്റെ സ്വീകർത്താവ്. (ഉൽപ. 12:8; 13:18; 15:8-10) ഇനി, ഏറ്റവും ഗുണനിലവാരമുള്ള യാഗം അർപ്പിക്കാൻ അബ്രാഹാം തയ്യാറായിരുന്നോ? അതിനുള്ള വ്യക്തമായ ഉത്തരമായിരുന്നു, പ്രിയമകനായ യിസ്ഹാക്കിനെ ബലി അർപ്പിക്കാൻ അദ്ദേഹം കാണിച്ച മനസ്സൊരുക്കം. ബലി അർപ്പിക്കേണ്ട രീതിയോ? ആ സന്ദർഭത്തിൽ യഹോവ അബ്രാഹാമിന് അതു വ്യക്തമായി പറഞ്ഞുകൊടുത്തു. (ഉൽപ. 22:1, 2) അബ്രാഹാമാകട്ടെ, അതിലെ എല്ലാ വിശദാംശങ്ങളും അതേപടി അനുസരിച്ച് ബലി അർപ്പിക്കാൻ തയ്യാറായതാണ്. പക്ഷേ, അവസാനം യഹോവയാണ് അതിനു സമ്മതിക്കാതിരുന്നത്. (ഉൽപ. 22:9-12) അബ്രാഹാമിന്റെ ആന്തരവും ശുദ്ധമായിരുന്നു. അതുകൊണ്ടാണ് യഹോവ ആ ആരാധന സ്വീകരിച്ചത്. പൗലോസ് അതെക്കുറിച്ച് ഇങ്ങനെ എഴുതി: “അബ്രാഹാം യഹോവയിൽ വിശ്വസിച്ചു. അതുകൊണ്ട് അബ്രാഹാമിനെ നീതിമാനായി കണക്കാക്കി.”—റോമ. 4:3.
19, 20. ശുദ്ധാരാധനയുടെ നാലു സുപ്രധാനവ്യവസ്ഥകളും യാക്കോബ് പാലിച്ചത് എങ്ങനെ?
19 യാക്കോബ് ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്, യഹോവ അബ്രാഹാമിനും പിൻതലമുറക്കാർക്കും കൊടുക്കുമെന്നു വാഗ്ദാനം ചെയ്ത കനാൻ ദേശത്താണ്. (ഉൽപ. 17:1, 8) അവിടെയുള്ളവർ അധമമായ ആരാധനാരീതികളിൽ മുഴുകിയിരുന്നു. ‘ദേശം അതിലെ നിവാസികളെ ഛർദിച്ചുകളയും’ എന്ന് യഹോവയ്ക്കു പറയാൻ തോന്നുന്നത്ര വഷളായിരുന്നു അവിടത്തെ സ്ഥിതി. (ലേവ്യ 18:24, 25) 77 വയസ്സുള്ളപ്പോൾ കനാൻ വിട്ട യാക്കോബ്, വിവാഹമൊക്കെ കഴിഞ്ഞ് വലിയൊരു കുടുംബവുമായി പിൽക്കാലത്ത് അവിടെ തിരികെ എത്തി. (ഉൽപ. 28:1, 2; 33:18) യാക്കോബിന്റെ കുടുംബാംഗങ്ങളിൽ ചിലരെ പക്ഷേ വ്യാജാരാധന സ്വാധീനിച്ചിരുന്നു. എന്നാൽ ബഥേലിലേക്കു പോകാനും അവിടെ യാഗപീഠം പണിയാനും യഹോവ ക്ഷണിച്ചപ്പോൾ യാക്കോബ് ഉറച്ച ഒരു തീരുമാനമെടുത്തു. ആദ്യംതന്നെ അദ്ദേഹം കുടുംബത്തോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾക്കിടയിലെ അന്യദൈവങ്ങളെയെല്ലാം നീക്കിക്കളഞ്ഞിട്ട് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക.’ തുടർന്ന്, കിട്ടിയ നിർദേശങ്ങളെല്ലാം യാക്കോബ് വിശ്വസ്തമായി അനുസരിച്ചു.—ഉൽപ. 35:1-7.
20 വാഗ്ദത്തദേശത്ത് യാക്കോബ് അനവധി യാഗപീഠങ്ങൾ പണിതു. എന്നാൽ എപ്പോഴും ആ ആരാധനയുടെ സ്വീകർത്താവ് യഹോവതന്നെയായിരുന്നു. (ഉൽപ. 35:14; 46:1) ഇനി, യാക്കോബിന്റെ ബലികളുടെ ഗുണനിലവാരവും അദ്ദേഹം ദൈവത്തെ ആരാധിച്ച രീതിയും അതിനു പിന്നിലെ ആന്തരവും എങ്ങനെയുള്ളതായിരുന്നു? ബൈബിൾ യാക്കോബിനെ ‘കുറ്റമറ്റവൻ’ എന്നു വിളിച്ചിരിക്കുന്നതിൽനിന്ന് അതെല്ലാം ഏറ്റവും നല്ലതായിരുന്നു എന്നു വ്യക്തം. കാരണം യഹോവയുടെ അംഗീകാരമുള്ളവരെയാണു സാധാരണ ഇങ്ങനെ വിശേഷിപ്പിക്കാറുള്ളത്. (ഉൽപ. 25:27, അടിക്കുറിപ്പ്) യാക്കോബിന്റെ മുഴുജീവിതവും അദ്ദേഹത്തിൽനിന്ന് ഉത്ഭവിക്കാനിരുന്ന ഇസ്രായേൽ ജനതയ്ക്ക് ഒരു ഉത്കൃഷ്ടമാതൃകയായിരുന്നു.—ഉൽപ. 35:9-12.
21. ശുദ്ധാരാധനയെക്കുറിച്ച് ഗോത്രപിതാക്കന്മാരുടെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
21 ഈ ഗോത്രപിതാക്കന്മാരുടെ മാതൃകയിൽനിന്ന് ശുദ്ധാരാധനയെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം? അവരുടെ കാര്യത്തിലെന്നപോലെതന്നെ ചിലപ്പോൾ യഹോവയ്ക്കു സമ്പൂർണഭക്തി കൊടുക്കുന്നതിൽനിന്ന് നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ആളുകളായിരിക്കാം നമുക്കു ചുറ്റും, ചിലപ്പോൾ അതു സ്വന്തം കുടുംബാംഗങ്ങൾതന്നെയാകാം. അത്തരം സമ്മർദങ്ങളെ ചെറുത്തുനിൽക്കണമെങ്കിൽ നമ്മൾ യഹോവയിൽ ശക്തമായ വിശ്വാസവും യഹോവയുടെ നീതിയുള്ള നിലവാരങ്ങൾ ഏറ്റവും നല്ലതാണെന്ന ബോധ്യവും വളർത്തിയെടുക്കണം. യഹോവയെ അനുസരിച്ചുകൊണ്ടും നമ്മുടെ സമയവും ഊർജവും വിഭവങ്ങളും യഹോവയെ സേവിക്കാനായി ഉപയോഗിച്ചുകൊണ്ടും ആ വിശ്വാസം നമുക്കു തെളിയിക്കാം. (മത്താ. 22:37-40; 1 കൊരി. 10:31) അതെ, യഹോവ ആവശ്യപ്പെടുന്ന രീതിയിൽ, ശുദ്ധമായ ആന്തരത്തോടെ യഹോവയെ ആരാധിക്കുമ്പോൾ, അതിനായി നമ്മുടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കുമ്പോൾ യഹോവ നമ്മളെ നീതിമാന്മാരായി കണക്കാക്കും എന്നത് എത്ര പ്രോത്സാഹജനകമാണ്!—യാക്കോബ് 2:18-24 വായിക്കുക.
ശുദ്ധാരാധനയ്ക്കായി തിരഞ്ഞെടുത്ത ഒരു ജനത
22-24. ഇസ്രായേല്യരുടെ ബലികളുടെ സ്വീകർത്താവ്, ഗുണനിലവാരം, രീതി എന്നിവയുടെ പ്രാധാന്യം നിയമസംഹിത ഊന്നിപ്പറഞ്ഞത് എങ്ങനെ?
22 യാക്കോബിന്റെ പിൻതലമുറക്കാർക്കു നിയമസംഹിത കൊടുത്തപ്പോൾ താൻ അവരിൽനിന്ന് പ്രതീക്ഷിക്കുന്നത് എന്താണെന്ന് യഹോവ വ്യക്തമാക്കി. യഹോവയെ അനുസരിച്ചാൽ അവർ, യഹോവയുടെ ‘പ്രത്യേകസ്വത്തും,’ ഒരു “വിശുദ്ധജനതയും” ആകുമായിരുന്നു. (പുറ. 19:5, 6) ശുദ്ധാരാധനയുടെ നാലു സുപ്രധാനഘടകങ്ങൾക്ക് ആ നിയമസംഹിത ഊന്നൽ നൽകിയത് എങ്ങനെയെന്നു നമുക്കു നോക്കാം.
23 ഇസ്രായേല്യർ ആർക്കാണ് ആരാധന അർപ്പിക്കേണ്ടതെന്ന്, അതായത് അവരുടെ ആരാധനയുടെ സ്വീകർത്താവ് ആരായിരിക്കണമെന്ന്, യഹോവ വ്യക്തമാക്കിയിരുന്നു. “ഞാനല്ലാതെ മറ്റു ദൈവങ്ങൾ നിനക്കുണ്ടാകരുത്” എന്നാണ് യഹോവ പറഞ്ഞത്. (പുറ. 20:3-5) അവർ യഹോവയ്ക്ക് അർപ്പിക്കുന്ന ബലികളുടെ ഗുണനിലവാരവും ഏറ്റവും മികച്ചതായിരിക്കണമായിരുന്നു. ഉദാഹരണത്തിന്, ഒരു ന്യൂനതയും വൈകല്യവും ഇല്ലാത്ത മൃഗങ്ങളെ വേണമായിരുന്നു ബലി അർപ്പിക്കാൻ. (ലേവ്യ 1:3; ആവ. 15:21; മലാഖി 1:6-8 താരതമ്യം ചെയ്യുക.) യഹോവയ്ക്ക് അർപ്പിക്കുന്ന കാഴ്ചകളുടെ ഒരു വിഹിതം കിട്ടിയിരുന്ന ലേവ്യർപോലും വ്യക്തികളെന്ന നിലയിൽ യാഗങ്ങൾ അർപ്പിച്ചിരുന്നു. ‘ലഭിക്കുന്ന സമ്മാനങ്ങളിൽവെച്ച് ഏറ്റവും നല്ലത്’ ആയിരിക്കണമായിരുന്നു അവയും. (സംഖ്യ 18:29) ഇസ്രായേല്യർ ആരാധന നടത്തിയ രീതിയോ? യഹോവയ്ക്കു ബലിയായി എന്ത് അർപ്പിക്കണമെന്നും, അത് എവിടെവെച്ച്, എങ്ങനെ ചെയ്യണമെന്നും വിശദമായ നിർദേശങ്ങൾ കൊടുത്തിരുന്നു. ഇത്തരത്തിൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന 600-ലേറെ നിയമങ്ങളാണ് അവർക്കു നൽകിയിരുന്നത്. ഇങ്ങനെയൊരു നിർദേശവും അവർക്കു ലഭിച്ചു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതെല്ലാം അതേപടി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക; അതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.”—ആവ. 5:32.
24 ഇസ്രായേല്യർ എവിടെയാണു ബലികൾ അർപ്പിക്കേണ്ടിയിരുന്നത്, അതിന് എന്തെങ്കിലും പ്രാധാന്യമുണ്ടായിരുന്നോ? തീർച്ചയായും. ഒരു വിശുദ്ധകൂടാരം നിർമിക്കാൻ യഹോവ തന്റെ ജനത്തിനു നിർദേശം കൊടുത്തു. അതു ശുദ്ധാരാധനയുടെ കേന്ദ്രമായിത്തീർന്നു. (പുറ. 40:1-3, 29, 34) ആ സമയത്ത്, ഇസ്രായേല്യർ അർപ്പിച്ചിരുന്ന യാഗങ്ങൾ യഹോവ സ്വീകരിക്കണമെങ്കിൽ അവർ അതു വിശുദ്ധകൂടാരത്തിലേക്കു കൊണ്ടുവരണമായിരുന്നു.d—ആവ. 12:17, 18.
25. ബലിയർപ്പണത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രാധാന്യം എന്തിനായിരുന്നു? വിശദീകരിക്കുക.
25 എന്നാൽ അതിനെക്കാളെല്ലാം പ്രധാനം, കാഴ്ച അർപ്പിക്കുന്ന വ്യക്തിയുടെ ആന്തരം ആയിരുന്നു. യഹോവയോടും യഹോവയുടെ നിലവാരങ്ങളോടും ഉള്ള ആത്മാർഥമായ സ്നേഹം ആയിരിക്കേണ്ടിയിരുന്നു അയാളുടെ പ്രേരകശക്തി. (ആവർത്തനം 6:4-6 വായിക്കുക.) എന്നാൽ ഇസ്രായേല്യരുടെ ആരാധന വെറും യാന്ത്രികമായപ്പോൾ യഹോവ അവരുടെ ബലികൾ തള്ളിക്കളഞ്ഞു. (യശ. 1:10-13) യശയ്യ പ്രവാചകനിലൂടെ യഹോവ പറഞ്ഞു: “ഈ ജനം . . . വായ്കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന് വളരെ അകലെയാണ്.” ഭക്തിയുടെ പുറംമോടി കാണിച്ച് യഹോവയെ കബളിപ്പിക്കാനാകില്ലെന്നാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്.—യശ. 29:13.
ദേവാലയത്തിലെ ആരാധന
26. ശലോമോൻ നിർമിച്ച ദേവാലയത്തിനു ശുദ്ധാരാധനയിൽ എന്തു സ്ഥാനമുണ്ടായിരുന്നു?
26 ഇസ്രായേല്യർ വാഗ്ദത്തദേശത്ത് താമസമുറപ്പിച്ച് നൂറ്റാണ്ടുകൾക്കു ശേഷം ശലോമോൻ രാജാവ് ശുദ്ധാരാധനയുടെ കേന്ദ്രമായി ഒരു ദേവാലയം നിർമിച്ചു. മഹത്ത്വത്തിന്റെ കാര്യത്തിൽ വിശുദ്ധകൂടാരത്തെ വെല്ലുന്ന ഒന്നായിരുന്നു അത്. (1 രാജാ. 7:51; 2 ദിന. 3:1, 6, 7) തുടക്കത്തിൽ ഈ ദേവാലയത്തിൽ അർപ്പിച്ചിരുന്ന ബലികളെല്ലാം യഹോവയ്ക്കുള്ളതായിരുന്നു, അതിന്റെ സ്വീകർത്താവ് യഹോവ മാത്രമായിരുന്നു. ദൈവനിയമത്തിൽ പറഞ്ഞിരുന്ന അതേ രീതിയിൽ ശലോമോനും പ്രജകളും അവിടെ അസംഖ്യം ബലികൾ അർപ്പിച്ചു. അവയാകട്ടെ, ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ചവയും. (1 രാജാ. 8:63) എന്നാൽ ആ ദേവാലയത്തിലെ ആരാധന യഹോവ സ്വീകരിച്ചതിന്റെ കാരണം, ഗംഭീരമായ ആ കെട്ടിടത്തിന്റെ നിർമാണച്ചെലവോ അവിടെ അർപ്പിച്ച ബലികളുടെ എണ്ണമോ ആയിരുന്നില്ല. കാഴ്ചകൾ അർപ്പിച്ചവരുടെ ആന്തരം ആയിരുന്നു പ്രധാനം. ദേവാലയത്തിന്റെ സമർപ്പണവേളയിൽ ശലോമോൻ പറഞ്ഞ ഈ വാക്കുകളും അതിന്റെ പ്രാധാന്യം എടുത്തുകാട്ടി: “ഇന്നു ചെയ്യുന്നതുപോലെ ദൈവത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് നടന്നുകൊണ്ടും ദൈവത്തിന്റെ കല്പനകൾ പാലിച്ചുകൊണ്ടും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിൽ പൂർണമായിരിക്കട്ടെ.”—1 രാജാ. 8:57-61.
27. ഇസ്രായേൽരാജാക്കന്മാരും പ്രജകളും എന്താണു ചെയ്തത്, യഹോവയുടെ പ്രതികരണം എന്തായിരുന്നു?
27 സങ്കടകരമെന്നു പറയട്ടെ, കാലാന്തരത്തിൽ ഇസ്രായേല്യർ ആ രാജാവിന്റെ ജ്ഞാനമൊഴികൾക്കു ചെവികൊടുക്കാതായി. ശുദ്ധാരാധനയുടെ സുപ്രധാനവ്യവസ്ഥകളിൽ ഒന്നോ അതിലധികമോ പാലിക്കുന്നതിൽ അവർ പരാജയപ്പെട്ടു. തങ്ങളുടെ ഹൃദയം ദുഷിച്ചുപോകാൻ ഇസ്രായേൽരാജാക്കന്മാരും അവരുടെ പ്രജകളും അനുവദിച്ചു; അവർക്ക് യഹോവയിലുള്ള വിശ്വാസം നഷ്ടമായി; യഹോവയുടെ നീതിയുള്ള നിലവാരങ്ങൾ അവർ തള്ളിക്കളഞ്ഞു. എന്നാൽ അവരെ തിരുത്താനും അവരുടെ ചെയ്തികളുടെ ഭവിഷ്യത്തുകളെക്കുറിച്ച് മുന്നറിയിപ്പു കൊടുക്കാനും യഹോവ പ്രവാചകന്മാരെ അവരുടെ അടുത്തേക്ക് അയച്ചു. അവരോടുള്ള സ്നേഹം നിമിത്തം യഹോവ വീണ്ടുംവീണ്ടും അങ്ങനെ ചെയ്തു. (യിരെ. 7:13-15, 23-26) അവരിൽ വളരെ ശ്രദ്ധേയനായ ഒരാളായിരുന്നു വിശ്വസ്തപുരുഷനായ യഹസ്കേൽ. ശുദ്ധാരാധനയുടെ ചരിത്രത്തിലെ ഒരു നിർണായകഘട്ടത്തിലാണ് യഹസ്കേൽ ജീവിച്ചിരുന്നത്.
ശുദ്ധാരാധന ദുഷിച്ചതായി യഹസ്കേൽ കാണുന്നു
28, 29. യഹസ്കേലിനെക്കുറിച്ച് നമുക്ക് എന്തെല്ലാം അറിയാം? (“യഹസ്കേൽ—ജീവിതവും കാലഘട്ടവും” എന്ന ചതുരം കാണുക.)
28 ശലോമോൻ നിർമിച്ച ദേവാലയത്തിലെ ആരാധനാരീതികൾ യഹസ്കേലിനു നല്ല പരിചയമായിരുന്നു. യഹസ്കേലിന്റെ പിതാവ് ഒരു പുരോഹിതനായിരുന്നതുകൊണ്ട് തന്റെ ഊഴമനുസരിച്ച് അദ്ദേഹം ദേവാലയത്തിൽ സേവിച്ചിരിക്കണം. (യഹ. 1:3) യഹസ്കേലിന്റെ കുട്ടിക്കാലം സന്തോഷം നിറഞ്ഞതായിരുന്നെന്നു വേണം കരുതാൻ. യഹോവയെക്കുറിച്ചും മോശയിലൂടെ നൽകിയ നിയമത്തെക്കുറിച്ചും പിതാവ് അവനെ പഠിപ്പിച്ചു എന്നതിനു സംശയമില്ല. ദേവാലയത്തിൽനിന്ന് “നിയമപുസ്തകം” കണ്ടുകിട്ടിയ സമയത്തോട് അടുത്താണു യഹസ്കേൽ ജനിച്ചത് എന്നതും ശ്രദ്ധേയമാണ്.e അന്നു ഭരണം നടത്തിയിരുന്ന നല്ല രാജാവായ യോശിയയെ നിയമപുസ്തകത്തിലെ വാക്കുകൾ ആഴത്തിൽ സ്പർശിച്ചതുകൊണ്ട് അദ്ദേഹം ശുദ്ധാരാധനയെ ഉന്നമിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടി.—2 രാജാ. 22:8-13.
29 തനിക്കു മുമ്പ് ജീവിച്ചിരുന്ന വിശ്വസ്തപുരുഷന്മാരെപ്പോലെ ശുദ്ധാരാധനയുടെ നാലു വ്യവസ്ഥകളും പാലിച്ചവനായിരുന്നു യഹസ്കേലും. യഹസ്കേൽ യഹോവയെ മാത്രം സേവിക്കുകയും എപ്പോഴും തന്റെ ഏറ്റവും നല്ലത് യഹോവയ്ക്കു നൽകുകയും യഹോവ ആവശ്യപ്പെട്ടതെല്ലാം അതേ രീതിയിൽത്തന്നെ അനുസരിക്കുകയും ചെയ്ത വ്യക്തിയാണെന്ന് യഹസ്കേൽ എന്ന ബൈബിൾപുസ്തകം കാണിക്കുന്നു. അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചതോ? യഥാർഥവിശ്വാസവും! എന്നാൽ യഹസ്കേലിന്റെ സമകാലികരിൽ മിക്കവരും അങ്ങനെയായിരുന്നില്ല. കുട്ടിക്കാലംമുതലേ യഹസ്കേൽ യിരെമ്യയുടെ പ്രവചനങ്ങൾ കേട്ടാണു വളർന്നത്. ബി.സി. 647-ൽ പ്രവാചകവേല തുടങ്ങിയ യിരെമ്യ, യഹോവയുടെ വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് തീക്ഷ്ണതയോടെ മുന്നറിയിപ്പു കൊടുത്തിരുന്നു.
30. (എ) യഹസ്കേൽ രേഖപ്പെടുത്തിയ പ്രവചനങ്ങൾ എന്തു വെളിപ്പെടുത്തുന്നു? (ബി) പ്രവചനം എന്നാൽ എന്താണ്, യഹസ്കേലിന്റെ പ്രവചനങ്ങൾ നമ്മൾ എങ്ങനെയാണു മനസ്സിലാക്കേണ്ടത്? (“യഹസ്കേലിന്റെ പ്രവചനങ്ങൾ—ഒരു അവലോകനം” എന്ന ചതുരം കാണുക.)
30 ദൈവജനം സത്യാരാധനയിൽനിന്ന് എത്രയധികം അകന്നുപോയെന്ന് യഹസ്കേൽ എന്ന ബൈബിൾപുസ്തകം കാണിച്ചുതരുന്നു. (യഹസ്കേൽ 8:6 വായിക്കുക.) യഹോവ യഹൂദയ്ക്കു ശിക്ഷണം കൊടുത്തുതുടങ്ങിയ സമയത്ത് അവിടെനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയവരുടെ കൂട്ടത്തിൽ യഹസ്കേലുമുണ്ടായിരുന്നു. (2 രാജാ. 24:11-17) തടവുകാരനായി പോകേണ്ടിവന്നെങ്കിലും യഹസ്കേലിനുള്ള ശിക്ഷയല്ലായിരുന്നു അത്. ബന്ദികളായി കൊണ്ടുപോയ ദൈവജനത്തിനിടയിൽ അദ്ദേഹത്തിന് യഹോവയിൽനിന്നുള്ള ഒരു നിയോഗം നിറവേറ്റാനുണ്ടായിരുന്നു. യഹസ്കേൽ രേഖപ്പെടുത്തിയ അത്ഭുതകരമായ ദർശനങ്ങളും പ്രവചനങ്ങളും യരുശലേമിൽ ശുദ്ധാരാധന പുനഃസ്ഥാപിക്കപ്പെടുന്നത് എങ്ങനെയെന്നു വിശദീകരിച്ചു. ആ ദിവ്യരേഖയുടെ നിവൃത്തി പക്ഷേ അവിടംകൊണ്ട് തീരുന്നില്ല. ഭൂമിയിലെങ്ങുമുള്ള, യഹോവയെ സ്നേഹിക്കുന്ന എല്ലാവരും യഹോവയ്ക്ക് ശുദ്ധാരാധന അർപ്പിക്കുന്ന ഒരു കാലം വരുമെന്നും അതു വെളിപ്പെടുത്തുന്നു.
31. ഈ പുസ്തകം നമ്മളെ എന്തിനു സഹായിക്കും?
31 ഈ പുസ്തകത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ നമ്മൾ എന്തെല്ലാമാണു കാണാൻപോകുന്നത്? യഹോവ വസിക്കുന്ന സ്വർഗീയമണ്ഡലത്തിന്റെ വിസ്മയകരമായ ഒരു ദൃശ്യം നമ്മൾ കാണും, ഒരു ഘട്ടത്തിൽ ശുദ്ധാരാധന എത്രമാത്രം ദുഷിച്ചുപോയെന്നു നമ്മൾ മനസ്സിലാക്കും, യഹോവ തന്റെ ജനത്തിനുവേണ്ടി പ്രവർത്തിച്ചതും അവരെ സ്വദേശത്തേക്കു തിരിച്ചുകൊണ്ടുവന്നതും എങ്ങനെയെന്നു നമ്മൾ പഠിക്കും. ഇനി, ഭാവിയിൽ എല്ലാ മനുഷ്യരും യഹോവയെ ആരാധിക്കുന്ന ഒരു കാലത്തേക്കും അതു നമ്മളെ കൊണ്ടുപോകും. യഹസ്കേൽ രേഖപ്പെടുത്തിയ ആദ്യദർശനത്തെക്കുറിച്ചുള്ളതാണ് അടുത്ത അധ്യായം. യഹോവയുടെയും യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തിന്റെയും മായാത്ത ഒരു ചിത്രം അതു നമ്മുടെ മനസ്സിൽ പതിപ്പിക്കും. ശുദ്ധാരാധനയ്ക്ക് അർഹൻ യഹോവ മാത്രമാണെന്ന ബോധ്യത്തിന് അതു കൂടുതൽ കരുത്തേകും!
a സാധ്യതയനുസരിച്ച്, ആദാമിനെയും ഹവ്വയെയും ഏദെൻ തോട്ടത്തിൽനിന്ന് പുറത്താക്കിയിട്ട് അധികം വൈകാതെതന്നെ ഹവ്വ ഹാബേലിനെയും ഗർഭം ധരിച്ചു. (ഉൽപ. 4:1, 2) ദൈവം ശേത്തിനെ ‘ഹാബേലിന്റെ സ്ഥാനത്ത് നിയമിച്ചു’ എന്നാണ് ഉൽപത്തി 4:25 പറയുന്നത്. ഹാബേലിന്റെ മരണശേഷം ശേത്ത് ജനിക്കുമ്പോൾ ആദാമിനു 130 വയസ്സായിരുന്നു. (ഉൽപ. 5:3) അതിൽനിന്ന്, ഹാബേലിന് ഏതാണ്ട് 100 വയസ്സുള്ളപ്പോഴായിരിക്കാം കയീൻ അദ്ദേഹത്തെ കൊന്നത് എന്ന് അനുമാനിക്കാം.
b ആദാമിന്റെ കൊച്ചുമകനായ എനോശിന്റെ കാലത്ത് “ആളുകൾ യഹോവയുടെ പേര് വിളിച്ചുതുടങ്ങി” എന്ന് ഉൽപത്തി 4:26 പറയുന്നു. എന്നാൽ തെളിവനുസരിച്ച് അവർ ഇത് ആദരവില്ലാത്ത വിധത്തിലാണ് ഉപയോഗിച്ചത്. അവർ യഹോവയുടെ പേര് വിഗ്രഹങ്ങളുമായി ബന്ധപ്പെടുത്തി ഉപയോഗിച്ചിരിക്കാനാണു സാധ്യത.
c നാന്നാ ദേവനു സീൻ എന്നൊരു പേരുമുണ്ടായിരുന്നു. ഊർ നഗരവാസികൾ ധാരാളം ദൈവങ്ങളെ ആരാധിച്ചിരുന്നെങ്കിലും നഗരത്തിലെ മിക്ക ക്ഷേത്രങ്ങളും ബലിപീഠങ്ങളും നാന്നായുടെ പേരിലുള്ളതായിരുന്നു.
d വിശുദ്ധകൂടാരത്തിൽനിന്ന് ഉടമ്പടിപ്പെട്ടകം നീക്കം ചെയ്യപ്പെട്ടതോടെ, മറ്റു സ്ഥലങ്ങളിൽ അർപ്പിക്കുന്ന ബലികളും യഹോവ സ്വീകരിക്കാൻതുടങ്ങി എന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.—1 ശമു. 4:3, 11; 7:7-9; 10:8; 11:14, 15; 16:4, 5; 1 ദിന. 21:26-30.
e ബി.സി. 613-ൽ യഹസ്കേൽ പ്രവാചകവേല തുടങ്ങിയപ്പോൾ സാധ്യതയനുസരിച്ച് അദ്ദേഹത്തിന് 30 വയസ്സായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ജനനം ഏകദേശം ബി.സി. 643-ലായിരിക്കണം. (യഹ. 1:1) യോശിയ രാജാവ് ഭരണം തുടങ്ങിയത് ബി.സി. 659-ലാണ്. അദ്ദേഹത്തിന്റെ ഭരണത്തിന്റെ 18-ാം വർഷത്തോട് അടുത്ത്, ബി.സി. 642-641 കാലയളവിലായിരിക്കാം നിയമപുസ്തകം (സാധ്യതയനുസരിച്ച് അതിന്റെ മൂലപ്രതി.) കണ്ടുകിട്ടിയത്.