അധ്യായം 6
“അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരിക്കുന്നു”
മുഖ്യവിഷയം: യരുശലേമിന് എതിരെയുള്ള യഹോവയുടെ ന്യായവിധികൾ—ആ പ്രവചനങ്ങളുടെ നിവൃത്തി
1, 2. (എ) യഹസ്കേൽ വിചിത്രമായി പെരുമാറിയത് എങ്ങനെ? (അധ്യായത്തിന്റെ തുടക്കത്തിലെ ചിത്രം കാണുക.) (ബി) അദ്ദേഹത്തിന്റെ ഈ പെരുമാറ്റം എന്തിനെ മുൻനിഴലാക്കി?
‘യഹസ്കേൽപ്രവാചകന് ഇത് എന്തു പറ്റി!’ ബാബിലോൺ ദേശത്തേക്കു ബന്ദികളായി കൊണ്ടുപോയ ജൂതന്മാരുടെ ഇടയിൽ ആ വാർത്ത കാട്ടുതീപോലെ പടരുകയാണ്. ഒരാഴ്ചയായി അദ്ദേഹം ഒന്നും ഉരിയാടാതെ ആകെ മരവിച്ച നിലയിൽ അവരുടെ ഇടയിൽ ഇരിക്കുകയായിരുന്നു. പക്ഷേ പെട്ടെന്ന് അദ്ദേഹം ചാടിയെഴുന്നേറ്റ് തന്റെ വീട്ടിൽ കയറി കതകടച്ചു. അയൽക്കാരെല്ലാം അന്തംവിട്ട് നോക്കിനിൽക്കുമ്പോൾ അദ്ദേഹം അതാ പുറത്തേക്കു വരുന്നു. എന്നിട്ട് ഒരു ഇഷ്ടിക എടുത്ത് മുന്നിൽ വെച്ചിട്ട് അതിൽ ഒരു ചിത്രം വരഞ്ഞുണ്ടാക്കി. പിന്നെ ഒന്നും മിണ്ടാതെ ഒരു മതിലിന്റെ ചെറുരൂപം പണിയാൻതുടങ്ങി.—യഹ. 3:10, 11, 15, 24-26; 4:1, 2.
2 കാഴ്ചക്കാരുടെ എണ്ണം കൂടിക്കൂടിവരുകയാണ്. ‘എന്താണ് ഇതിന്റെയൊക്കെ അർഥം’ എന്ന് അവർ ചിന്തിച്ചുകാണും. യഹസ്കേൽ പ്രവാചകൻ ഇങ്ങനെ വിചിത്രമായി പെരുമാറിയതിന്റെ അർഥം അവർക്ക് അപ്പോൾ അത്ര വ്യക്തമായിക്കാണില്ല. എന്നാൽ ഭാവിയിൽ വരാനിരിക്കുന്ന ഭയാനകമായ ഒരു സംഭവത്തിന്റെ മുന്നോടിയായിരുന്നു അത്; യഹോവയുടെ നീതിനിഷ്ഠമായ കോപം വെളിപ്പെടാനിരിക്കുകയായിരുന്നു. എന്തായിരുന്നു ആ സംഭവം? പുരാതനകാലത്തെ ഇസ്രായേൽ ജനതയെ അത് എങ്ങനെ ബാധിച്ചു? ഇന്ന് ശുദ്ധാരാധകരുടെ ജീവിതത്തിൽ അതിന് എന്തു പ്രസക്തിയാണുള്ളത്?
‘ഇഷ്ടിക എടുക്കുക . . . ഗോതമ്പ് എടുക്കുക . . . മൂർച്ചയുള്ള ഒരു വാൾ എടുക്കുക’
3, 4. (എ) ദിവ്യന്യായവിധിയുടെ ഏതു മൂന്നു വശങ്ങളാണ് യഹസ്കേൽ അഭിനയിച്ചുകാണിച്ചത്? (ബി) യരുശലേമിന്റെ ഉപരോധം യഹസ്കേൽ അഭിനയിച്ചുകാണിച്ചത് എങ്ങനെ?
3 ഏതാണ്ട് ബി.സി. 613-നോട് അടുത്ത സമയം. യരുശലേമിന് എതിരെ വരാനിരിക്കുന്ന ദിവ്യന്യായവിധിയുടെ മൂന്നു വശങ്ങൾ ചില പ്രതീകങ്ങളിലൂടെ കാണിച്ചുകൊടുക്കാൻ യഹോവ യഹസ്കേലിനു നിർദേശം കൊടുത്തു. ഏതൊക്കെയായിരുന്നു അവ? നഗരത്തിന്റെ ഉപരോധം, നഗരവാസികളുടെ യാതനകൾ, നഗരത്തിന്റെയും അതിലുള്ളവരുടെയും നാശം.a അവ മൂന്നും നമുക്ക് ഇപ്പോൾ വിശദമായി പരിശോധിക്കാം.
4 യരുശലേമിന്റെ ഉപരോധം. യഹോവ യഹസ്കേലിനോടു പറഞ്ഞു: “ഒരു ഇഷ്ടിക എടുത്ത് നിന്റെ മുന്നിൽ വെക്കുക. . . . അതിനെ ഉപരോധിക്കണം.” (യഹസ്കേൽ 4:1-3 വായിക്കുക.) ആ ഇഷ്ടിക യരുശലേം നഗരത്തെയാണു പ്രതീകപ്പെടുത്തിയത്. യഹസ്കേലാകട്ടെ, യഹോവ ഉപയോഗിച്ച ബാബിലോൺസേനയെയും ചിത്രീകരിച്ചു. യഹസ്കേലിനു മറ്റൊരു നിർദേശവും കിട്ടി: ഒരു മതിലിന്റെ ചെറുരൂപം, ആക്രമിക്കാൻവേണ്ടിയുള്ള ചെരിഞ്ഞ തിട്ട, യന്ത്രമുട്ടികൾ എന്നിവ ഉണ്ടാക്കിയിട്ട് ആ ഇഷ്ടികയ്ക്കു ചുറ്റും വെക്കുക. യരുശലേം നഗരം വളഞ്ഞ് അതിനെ ആക്രമിക്കാൻ ശത്രുക്കൾ ഉപയോഗിക്കുന്ന യുദ്ധോപകരണങ്ങളെയാണ് അവ പ്രതീകപ്പെടുത്തിയത്. “ഇരുമ്പുകൊണ്ടുള്ള ഒരു അപ്പക്കല്ല്” തനിക്കും നഗരത്തിനും ഇടയിൽ വെക്കാൻ യഹസ്കേലിനോടു പറഞ്ഞതോ? ശത്രുസൈന്യത്തിന്റെ ഇരുമ്പുസമാനമായ ശക്തിയെ സൂചിപ്പിക്കാനായിരുന്നു അത്. ഒടുവിൽ അദ്ദേഹം ‘നഗരത്തിനു നേരെ മുഖം തിരിച്ചു.’ യുദ്ധവുമായി ബന്ധമുള്ള ഈ കാര്യങ്ങളെല്ലാം ‘ഇസ്രായേൽഗൃഹത്തിനുള്ള ഒരു അടയാളമായിരുന്നു,’ അവർ ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ സംഭവിക്കാൻപോകുന്നു എന്നതിന്റെ അടയാളം! ദേവാലയം സ്ഥിതിചെയ്തിരുന്ന, ദൈവജനത്തിന്റെ മുഖ്യനഗരമായ യരുശലേമിനെ യഹോവ ഒരു ശത്രുസൈന്യത്തെ ഉപയോഗിച്ച് ഉപരോധിക്കാൻപോകുകയായിരുന്നു!
5. യഹസ്കേൽ ചെയ്ത കാര്യങ്ങൾ യരുശലേം നഗരവാസികൾക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ മുൻനിഴലാക്കിയത് എങ്ങനെ?
5 യരുശലേം നഗരവാസികളുടെ യാതനകൾ. യഹോവ യഹസ്കേലിന് ഈ ആജ്ഞ കൊടുത്തു: “നീ ഗോതമ്പ്, ബാർളി, വലിയ പയർ, പരിപ്പ്, തിന, വരക് (ഒരു തരം ഗോതമ്പ്) എന്നിവ ഒരു പാത്രത്തിൽ എടുത്ത് നിനക്കു കഴിക്കാൻ അപ്പം ഉണ്ടാക്കുക. . . . ഓരോ ദിവസവും അളന്നുതൂക്കി 20 ശേക്കെൽ (ഏകദേശം 230 ഗ്രാം) ഭക്ഷണം മാത്രമേ കഴിക്കാവൂ.” തുടർന്ന് യഹോവ ഇങ്ങനെയും പറഞ്ഞു: “ഇതാ ഞാൻ . . . ഭക്ഷ്യശേഖരം നശിപ്പിക്കുന്നു.” (യഹ. 4:9-16) യഹസ്കേൽ മുൻരംഗത്തിൽ ബാബിലോൺസേനയെയാണു ചിത്രീകരിച്ചതെങ്കിൽ ഇവിടെ യരുശലേം നഗരവാസികളെയാണു ചിത്രീകരിക്കുന്നത്. നഗരം ഉപരോധിക്കപ്പെടുമ്പോൾ അവിടത്തെ ഭക്ഷ്യശേഖരം കുറഞ്ഞുപോകുമെന്നാണു പ്രവാചകൻ ചെയ്ത കാര്യങ്ങൾ സൂചിപ്പിച്ചത്. ആ സമയത്ത്, ഒട്ടും ചേർച്ചയില്ലാത്ത ചേരുവകൾകൊണ്ട് അവർക്ക് അപ്പം ഉണ്ടാക്കേണ്ടിവരുമായിരുന്നു. ഉള്ളതുകൊണ്ട് അവർക്കു വിശപ്പടക്കേണ്ടിവരും എന്നാണ് അതു സൂചിപ്പിച്ചത്. പട്ടിണി എത്രത്തോളം രൂക്ഷമാകും? യരുശലേംനിവാസികളോടു നേരിട്ട് സംസാരിക്കുന്നതുപോലെ യഹസ്കേൽ പറഞ്ഞു: “നിങ്ങളുടെ മധ്യേ അപ്പന്മാർ സ്വന്തം മക്കളെയും മക്കൾ അപ്പന്മാരെയും തിന്നും.” അനേകം ആളുകൾ ‘ക്ഷാമത്തിന്റെ മാരകാസ്ത്രങ്ങളാൽ’ വലഞ്ഞ്, “ക്ഷയിച്ചുപോകും” എന്നും അദ്ദേഹം പറഞ്ഞു.—യഹ. 4:17; 5:10, 16.
6. (എ) ഒരേ സമയം ഏതു രണ്ടു വേഷമാണ് യഹസ്കേൽ അഭിനയിച്ചത്? (ബി) ‘രോമം ഒരു ത്രാസ്സിൽ തൂക്കി ഭാഗിക്കുക’ എന്ന ദൈവകല്പനയുടെ അർഥം എന്തായിരുന്നു?
6 യരുശലേം നഗരത്തിന്റെയും നഗരവാസികളുടെയും നാശം. ഈ രംഗത്ത് യഹസ്കേൽ ഒരേ സമയം രണ്ടു വേഷം അഭിനയിച്ചു. യഹോവ ചെയ്യാൻപോകുന്ന കാര്യമാണ് അദ്ദേഹം ആദ്യം അഭിനയിച്ചുകാണിച്ചത്. ‘മൂർച്ചയുള്ള ഒരു വാൾ എടുക്കാൻ’ യഹോവ യഹസ്കേലിനോടു പറഞ്ഞു. ‘ക്ഷൗരക്കത്തിയായി ഉപയോഗിക്കാനായിരുന്നു’ അത്. (യഹസ്കേൽ 5:1, 2 വായിക്കുക.) വാൾ പിടിച്ചിരുന്ന യഹസ്കേലിന്റെ കൈ എന്തിനെയാണു പ്രതിനിധാനം ചെയ്തത്? അത് യഹോവയുടെ കൈയെ, അതായത് ബാബിലോൺസേനയെ ഉപയോഗിച്ച് യഹോവ നടപ്പാക്കുന്ന ന്യായവിധിയെ, ആണ് അർഥമാക്കിയത്. രണ്ടാമത് യഹസ്കേൽ അഭിനയിച്ചുകാണിച്ചത്, ജൂതന്മാർ അനുഭവിക്കാൻപോകുന്ന കാര്യങ്ങളാണ്. ‘നിന്റെ തലയും താടിയും വടിക്കുക’ എന്ന് യഹോവ യഹസ്കേലിനോടു പറഞ്ഞു. യഹസ്കേലിന്റെ തല വടിച്ചത്, ജൂതന്മാരുടെ നേരെ ആക്രമണമുണ്ടാകുമെന്നും അവരെ തുടച്ചുമാറ്റുമെന്നും സൂചിപ്പിച്ചു. യഹസ്കേലിന്റെ രോമം ചിത്രീകരിച്ചത് യരുശലേംനിവാസികളെയാണ്. “രോമം ഒരു ത്രാസ്സിൽ തൂക്കി . . . ഭാഗിക്കുക” എന്നു കല്പിച്ചതിനും ഒരർഥമുണ്ടായിരുന്നു. യഹോവ യരുശലേമിനെ ന്യായം വിധിക്കുന്നതു തോന്നിയതുപോലെയല്ല, മറിച്ച് നന്നായി ചിന്തിച്ചിട്ടായിരിക്കുമെന്നും അതൊരു സമ്പൂർണനാശമായിരിക്കുമെന്നും അതു സൂചിപ്പിച്ചു.
7. രോമം മൂന്നായി ഭാഗിക്കാനും അവ മൂന്നും മൂന്നു രീതിയിൽ കൈകാര്യം ചെയ്യാനും യഹോവ യഹസ്കേലിനോടു പറഞ്ഞത് എന്തുകൊണ്ടാണ്?
7 വടിച്ചുമാറ്റിയ രോമം മൂന്നായി ഭാഗിക്കാനും അവ മൂന്നും മൂന്നു രീതിയിൽ കൈകാര്യം ചെയ്യാനും യഹോവ യഹസ്കേലിനോടു പറഞ്ഞത് എന്തുകൊണ്ടാണ്? (യഹസ്കേൽ 5:7-12 വായിക്കുക.) യഹസ്കേൽ അതിൽ ഒരു ഭാഗം “നഗരത്തിലിട്ട്” കത്തിച്ചുകളഞ്ഞത്, യരുശലേം നഗരവാസികളിൽ ചിലർ നഗരത്തിനുള്ളിൽവെച്ചുതന്നെ മരിക്കും എന്നു കാണിക്കാനായിരുന്നു. മറ്റൊരു ഭാഗം “നഗരത്തിനു ചുറ്റും” വാളുകൊണ്ട് അരിഞ്ഞിട്ടതാകട്ടെ, ചില നഗരവാസികൾ നഗരത്തിനു പുറത്തുവെച്ച് കൊല്ലപ്പെടും എന്നു സൂചിപ്പിച്ചു. അവസാനഭാഗം കാറ്റിൽ പറത്തിയതോ? ബാക്കിയുള്ള നഗരവാസികൾ ജനതകളുടെ ഇടയിലേക്കു ചിതറിപ്പോകുമെന്ന് അത് അർഥമാക്കി. പക്ഷേ താൻ “ഒരു വാൾ . . . അവരുടെ പിന്നാലെ അയയ്ക്കും” എന്നും ദൈവം പറഞ്ഞിരുന്നു. അവിടെനിന്ന് ഓടിപ്പോകുന്നവർ എവിടെ പോയി താമസമാക്കിയാലും അവർക്കു സമാധാനമുണ്ടായിരിക്കില്ല എന്നാണ് അതു സൂചിപ്പിച്ചത്.
8. (എ) യഹസ്കേലിന്റെ ഈ പ്രവചനഭാഗം പ്രതീക്ഷയുടെ ഏതു തിരിനാളം അവശേഷിപ്പിച്ചു? (ബി) ‘കുറച്ച് രോമത്തെക്കുറിച്ചുള്ള’ പ്രവചനം നിറവേറിയത് എങ്ങനെ?
8 എന്നാൽ, ഈ പ്രവചനഭാഗം പ്രതീക്ഷയുടെ ഒരു തിരിനാളം അവശേഷിപ്പിക്കുന്നുണ്ട്. വടിച്ചുമാറ്റിയ രോമത്തെക്കുറിച്ച് യഹോവ പ്രവാചകനോട് ഇങ്ങനെയും പറഞ്ഞിരുന്നു: “കുറച്ച് രോമം എടുത്ത് നിന്റെ വസ്ത്രത്തിന്റെ മടക്കുകളിൽ കെട്ടിവെക്കണം.” (യഹ. 5:3) ജനതകളുടെ ഇടയിലേക്കു ചിതറിപ്പോയ ജൂതന്മാരിൽ ചിലരുടെ ജീവന് ആപത്തൊന്നും വരില്ല എന്ന് ആ വാക്കുകൾ സൂചിപ്പിച്ചു. “കുറച്ച് രോമം” എന്നു വിശേഷിപ്പിച്ചത് അവരെയാണ്. ബാബിലോണിലെ 70 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം യരുശലേമിലേക്കു മടങ്ങിവരുന്നവരുടെ കൂട്ടത്തിൽ അവരിൽ ചിലരും ഉണ്ടാകുമായിരുന്നു. (യഹ. 6:8, 9; 11:17) ആ പ്രവചനം നിറവേറിയോ? തീർച്ചയായും. ചിതറിപ്പോയ ജൂതന്മാരിൽ ചിലർ യരുശലേമിലേക്കു മടങ്ങിവന്നതായി ബാബിലോൺപ്രവാസം അവസാനിച്ച് കുറെ വർഷങ്ങൾക്കുശേഷം ഹഗ്ഗായി പ്രവാചകൻ രേഖപ്പെടുത്തി. “മുമ്പുണ്ടായിരുന്ന ഭവനം (ശലോമോന്റെ ദേവാലയം) കണ്ടിട്ടുള്ള വൃദ്ധരായ” ചിലർ എന്നു പറഞ്ഞിരിക്കുന്നത് ഇവരെക്കുറിച്ചാണ്. (എസ്ര 3:12; ഹഗ്ഗാ. 2:1-3) ശുദ്ധാരാധന സംരക്ഷിക്കപ്പെടുമെന്നുള്ള തന്റെ വാഗ്ദാനം നിറവേറുന്നെന്ന് യഹോവ ഉറപ്പുവരുത്തി. ആ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഈ പുസ്തകത്തിന്റെ 9-ാം അധ്യായത്തിൽ നമ്മൾ കാണും.—യഹ. 11:17-20.
വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് ഈ പ്രവചനം എന്തു പഠിപ്പിക്കുന്നു?
9, 10. യഹസ്കേൽ അഭിനയിച്ചുകാണിച്ച കാര്യങ്ങൾ, സുപ്രധാനമായ ഏതെല്ലാം ഭാവിസംഭവങ്ങളാണു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്?
9 യഹസ്കേൽ അഭിനയിച്ചുകാണിച്ച കാര്യങ്ങൾ ദൈവവചനം മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന സുപ്രധാനമായ ചില ഭാവിസംഭവങ്ങളാണു നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നത്. അവയിൽ ചിലത് ഏതാണ്? പണ്ടത്തെ യരുശലേം നഗരത്തിന്റെ കാര്യത്തിലെന്നപോലെ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ആക്രമണം നടത്താൻ യഹോവ രാഷ്ട്രീയശക്തികളെ ഉപയോഗിക്കും. ഭൂമിയിലെ എല്ലാ വ്യാജമതസംഘടനകളും ആ ആക്രമണത്തിന് ഇരയാകും. (വെളി. 17:16-18) യരുശലേമിന്റെ നാശം “അപൂർവമായ ഒരു ദുരന്തം” ആയിരുന്നതുപോലെ ‘മഹാകഷ്ടതയും’ അതിന്റെ ഭാഗമായ അർമഗെദോനും “ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത” ഒന്നായിരിക്കും.—യഹ. 5:9; 7:5; മത്താ. 24:21.
10 വ്യാജമതങ്ങളുടെ അനുയായികൾ, വ്യക്തികൾ എന്ന നിലയിൽ മതസ്ഥാപനങ്ങളുടെ നാശത്തെ അതിജീവിക്കുമെന്നു ദൈവവചനം സൂചിപ്പിക്കുന്നു. സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട അനേകർ ഒരു ഒളിയിടം തേടി പായുമ്പോൾ ഇക്കൂട്ടരും പരിഭ്രാന്തിയോടെ അവരോടൊപ്പം ചേരും. (സെഖ. 13:4-6; വെളി. 6:15-17) അവരുടെ സാഹചര്യം പണ്ട് യരുശലേമിന്റെ നാശത്തെ അതിജീവിച്ചവരുടേതിനു സമാനമായിരിക്കും. നമ്മൾ 7-ാം ഖണ്ഡികയിൽ കണ്ടതുപോലെ “കാറ്റിൽ” ചിതറിപ്പോയ അവർക്ക് ഉടനെ ജീവൻ നഷ്ടമായില്ലെങ്കിലും യഹോവ ‘ഒരു വാൾ ഊരി അവരുടെ പിന്നാലെ അയച്ചു.’ (യഹ. 5:2) സമാനമായി, മതത്തിനു നേരെയുള്ള ആക്രമണത്തെ അതിജീവിക്കുന്നവർ എവിടെ അഭയം തേടിയാലും യഹോവയുടെ വാളിൽനിന്ന് അവരെ സംരക്ഷിക്കാൻ അവയ്ക്കാകില്ല. കോലാടുതുല്യരായ മറ്റെല്ലാവരോടും ഒപ്പം അർമഗെദോനിൽ അവരെയും സംഹരിക്കും.—യഹ. 7:4; മത്താ. 25:33, 41, 46; വെളി. 19:15, 18.
സന്തോഷവാർത്ത അറിയിക്കുന്ന കാര്യത്തിൽ നമ്മൾ ‘മൂകരാകും’
11, 12. (എ) യരുശലേമിന്റെ ഉപരോധത്തെക്കുറിച്ചുള്ള യഹസ്കേലിന്റെ പ്രവചനം ശുശ്രൂഷയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിനെ ഇന്നു സ്വാധീനിക്കുന്നത് എങ്ങനെ? (ബി) നമ്മുടെ പ്രസംഗപ്രവർത്തനത്തിനും സന്ദേശത്തിനും സാധ്യതയനുസരിച്ച് എന്തു മാറ്റം വരും?
11 ഈ പ്രവചനത്തിന്റെ അർഥം മനസ്സിലാക്കുന്നതു ശുശ്രൂഷയെക്കുറിച്ചും അതിന്റെ അടിയന്തിരതയെക്കുറിച്ചും ഉള്ള നമ്മുടെ കാഴ്ചപ്പാടിനെ സ്വാധീനിക്കും. എങ്ങനെ? യഹോവയുടെ സേവകരാകാൻ ആളുകളെ സഹായിക്കുന്നതിനു നമ്മുടെ കഴിവിന്റെ പരമാവധി പ്രവർത്തിക്കേണ്ട സമയം ഇപ്പോഴാണെന്ന് അതു നമ്മളെ ഓർമിപ്പിക്കുന്നു. കാരണം, ‘എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കാൻ’ ഇനി കുറച്ച് സമയമേ ബാക്കിയുള്ളൂ. (മത്താ. 28:19, 20; യഹ. 33:14-16) “വടി” (രാഷ്ട്രീയശക്തികൾ) മതത്തിന് എതിരെ ആക്രമണം തുടങ്ങിക്കഴിഞ്ഞാൽപ്പിന്നെ നമ്മൾ ആളുകളെ രക്ഷാസന്ദേശം അറിയിക്കില്ല. (യഹ. 7:10) തന്റെ ശുശ്രൂഷയ്ക്കിടെ ഒരു സമയത്ത് യഹസ്കേൽ സന്ദേശങ്ങൾ അറിയിക്കുന്നതു നിറുത്തി മൂകനായിരുന്നതുപോലെ സന്തോഷവാർത്ത അറിയിക്കുന്ന കാര്യത്തിൽ നമ്മളും ‘മൂകരാകും.’ (യഹ. 3:26, 27; 33:21, 22) വ്യാജമതത്തിന്റെ നാശത്തിനുശേഷം ആളുകൾ ആലങ്കാരികാർഥത്തിൽ “പ്രവാചകനെ സമീപിച്ച് ദിവ്യദർശനം തേടും.” പക്ഷേ എത്ര വേവലാതിയോടെ ശ്രമിച്ചാലും അവർക്കു ജീവരക്ഷാകരമായ സന്ദേശങ്ങളൊന്നും ലഭിക്കില്ല. (യഹ. 7:26) അത്തരം നിർദേശങ്ങൾ കിട്ടുന്ന സമയം കടന്നുപോയിരിക്കും, പിന്നെ ആർക്കും ക്രിസ്തുശിഷ്യനാകാനും കഴിയില്ല.
12 എന്നാൽ നമ്മുടെ പ്രസംഗപ്രവർത്തനം അപ്പോഴും തുടരും. എന്തുകൊണ്ട്? കാരണം മഹാകഷ്ടതയുടെ സമയത്ത് നമ്മൾ സാധ്യതയനുസരിച്ച് ഒരു ന്യായവിധിസന്ദേശം അറിയിച്ചുതുടങ്ങും. അത് ഒരു വലിയ ആലിപ്പഴവർഷംപോലെയായിരിക്കും. ഈ ദുഷ്ടലോകം ഉടൻ നശിക്കും എന്നു വ്യക്തമായി സൂചിപ്പിക്കുന്ന സന്ദേശമായിരിക്കും അത്.—വെളി. 16:21.
“അതാ, അതു വരുന്നു!”
13. ഇടതുവശവും പിന്നീടു വലതുവശവും ചെരിഞ്ഞുകിടക്കാൻ യഹോവ യഹസ്കേലിനോടു പറഞ്ഞത് എന്തുകൊണ്ട്?
13 യരുശലേമിന്റെ നാശം എങ്ങനെ ആയിരിക്കുമെന്നു പ്രവചിച്ചതോടൊപ്പം അത് എപ്പോൾ സംഭവിക്കുമെന്നും യഹസ്കേൽ അഭിനയിച്ചുകാണിച്ചു. 390 ദിവസം ഇടതുവശം ചെരിഞ്ഞുകിടക്കാനും 40 ദിവസം വലതുവശം ചെരിഞ്ഞുകിടക്കാനും യഹോവ യഹസ്കേലിനോടു പറഞ്ഞു. ഓരോ ദിവസവും ഓരോ വർഷത്തെ പ്രതിനിധാനം ചെയ്തു. (യഹസ്കേൽ 4:4-6 വായിക്കുക; സംഖ്യ 14:34) സാധ്യതയനുസരിച്ച് ഓരോ ദിവസവും ഏതാനും മണിക്കൂറുകൾ മാത്രമേ യഹസ്കേൽ ഇങ്ങനെ കിടന്നുകാണൂ. യഹസ്കേൽ ഇങ്ങനെ കിടന്ന ദിവസങ്ങൾ, യരുശലേം നശിക്കാനിരുന്ന കൃത്യമായ വർഷത്തിലേക്കു വിരൽചൂണ്ടി. ഇസ്രായേലിന്റെ കുറ്റത്തിന്റെ 390 വർഷം, സാധ്യതയനുസരിച്ച് 12 ഗോത്രരാജ്യം രണ്ടായി വിഭജിക്കപ്പെട്ട ബി.സി. 997-ൽ തുടങ്ങി. (1 രാജാ. 12:12-20) യഹൂദയുടെ പാപത്തിന്റെ 40 വർഷം, സാധ്യതയനുസരിച്ച് ബി.സി. 647-ലാണു തുടങ്ങിയത്. എന്തായിരുന്നു ആ വർഷത്തിന്റെ പ്രത്യേകത? വരാൻപോകുന്ന നാശത്തെക്കുറിച്ച് യഹൂദയ്ക്കു ശക്തമായ ഭാഷയിൽ മുന്നറിയിപ്പു കൊടുക്കാൻ യിരെമ്യയെ ഒരു പ്രവാചകനായി നിയോഗിച്ച വർഷമായിരുന്നു അത്. (യിരെ. 1:1, 2, 17-19; 19:3, 4) ഈ രണ്ടു കാലഘട്ടവും ബി.സി. 607-ൽ അവസാനിക്കുമായിരുന്നു; അതേ വർഷംതന്നെ യരുശലേം വീഴുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. അങ്ങനെ യഹോവ പറഞ്ഞതു കൃത്യമായി നിറവേറി!b
14. (എ) യഹോവ കൃത്യസമയം പാലിക്കുന്നവനാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് യഹസ്കേൽ തെളിയിച്ചത് എങ്ങനെ? (ബി) യരുശലേമിന്റെ നാശത്തിനു മുമ്പ് എന്തെല്ലാം സംഭവിക്കുമായിരുന്നു?
14 390 ദിവസത്തെയും 40 ദിവസത്തെയും കുറിച്ചുള്ള പ്രവചനം ലഭിച്ച സമയത്ത് യരുശലേം നശിപ്പിക്കപ്പെടുന്ന കൃത്യമായ വർഷമൊന്നും യഹസ്കേലിനു മനസ്സിലായിക്കാണില്ല. എങ്കിലും യഹോവയുടെ വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് നാശത്തിനു മുമ്പുള്ള വർഷങ്ങളിൽ യഹസ്കേൽ ജൂതന്മാർക്ക് ആവർത്തിച്ച് മുന്നറിയിപ്പു കൊടുത്തു. “അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരിക്കുന്നു” എന്ന് യഹസ്കേൽ പ്രഖ്യാപിച്ചു. (യഹസ്കേൽ 7:3, 5-10 വായിക്കുക.) കാരണം യഹോവ കൃത്യസമയം പാലിക്കുന്നവനാണെന്ന കാര്യത്തിൽ അദ്ദേഹത്തിന് ഒരു സംശയവുമില്ലായിരുന്നു. (യശ. 46:10) യരുശലേമിന്റെ നാശത്തിനു മുമ്പ് എന്തെല്ലാം സംഭവിക്കുമെന്നും പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. “തുടരെത്തുടരെ ദുരന്തങ്ങളുണ്ടാകും” എന്ന് അദ്ദേഹം എഴുതി. ആ സംഭവങ്ങൾ അന്നത്തെ സാമൂഹിക-മത-രാഷ്ട്രീയ വ്യവസ്ഥിതികളുടെ തകർച്ചയ്ക്കു വഴിവെക്കുമായിരുന്നു.—യഹ. 7:11-13, 25-27.
15. ബി.സി. 609 മുതൽ യഹസ്കേൽപ്രവചനത്തിന്റെ ഏതെല്ലാം ഭാഗങ്ങൾ നിറവേറാൻതുടങ്ങി?
15 യഹസ്കേൽ യരുശലേമിന്റെ നാശത്തെക്കുറിച്ച് പ്രഖ്യാപിച്ച് ഏതാനും വർഷം കഴിഞ്ഞപ്പോൾ ആ പ്രവചനം നിറവേറാൻതുടങ്ങി. ബി.സി. 609-ൽ യരുശലേമിന് എതിരെ ആക്രമണം തുടങ്ങിയതായി യഹസ്കേലിന് അറിവ് കിട്ടി. നഗരത്തെ സംരക്ഷിക്കാനായി നഗരവാസികളെ ഒന്നിച്ചുകൂട്ടാൻ കാഹളം മുഴക്കിയെങ്കിലും യഹസ്കേൽ മുൻകൂട്ടിപ്പറഞ്ഞതുതന്നെ സംഭവിച്ചു; ‘ആരും യുദ്ധത്തിനു പോയില്ല.’ (യഹ. 7:14) ബാബിലോൺസേനയിൽനിന്ന് നഗരത്തെ സംരക്ഷിക്കാൻ ആരും മുന്നോട്ടു വന്നില്ല. യഹോവ അവരുടെ സഹായത്തിന് എത്തുമെന്ന് ആ ജൂതന്മാരിൽ ചിലർ ഒരുപക്ഷേ കരുതിക്കാണും. മുമ്പ് അസീറിയക്കാർ യരുശലേം പിടിച്ചടക്കുമെന്നു ഭീഷണി മുഴക്കിയപ്പോൾ യഹോവ അങ്ങനെ ചെയ്തതാണ്. അന്ന് യഹോവയുടെ ഒരു ദൂതൻ ആ സൈന്യത്തിൽ മിക്കവരെയും സംഹരിച്ചുകളഞ്ഞു. (2 രാജാ. 19:32) പക്ഷേ ഇത്തവണ ദൂതസഹായമൊന്നും ലഭിച്ചില്ല. ഉപരോധം തുടങ്ങി അധികം വൈകാതെ നഗരം, ‘തീയുടെ മുകളിൽ വെച്ച പാചകക്കലം’ പോലെയായി. നഗരവാസികളാകട്ടെ കലത്തിനുള്ളിലെ “ഇറച്ചിക്കഷണങ്ങൾ”പോലെ അതിനുള്ളിൽ പെട്ടുപോകുകയും ചെയ്തു. (യഹ. 24:1-10) യാതനകൾ നിറഞ്ഞ ഒരു കാലമായിരുന്നു അത്. ഒടുവിൽ 18 മാസം നീണ്ടുനിന്ന ഉപരോധത്തിനു ശേഷം യരുശലേം നശിപ്പിക്കപ്പെട്ടു.
“സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കൂ”
16. യഹോവ കൃത്യസമയം പാലിക്കുന്നവനാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് ഇന്നു നമുക്ക് എങ്ങനെ തെളിയിക്കാം?
16 യഹസ്കേൽപ്രവചനത്തിന്റെ ഈ ഭാഗത്തുനിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്? നമ്മൾ അറിയിക്കുന്ന സന്ദേശവുമായോ അതു കേൾക്കുന്നവരുടെ പ്രതികരണവുമായോ ആ പ്രവചനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ? വ്യാജമതത്തിന്റെ ആസന്നമായ നാശം എപ്പോഴാണു സംഭവിക്കേണ്ടതെന്ന് യഹോവ തീരുമാനിച്ചിട്ടുണ്ട്. താൻ കൃത്യസമയം പാലിക്കുന്നവനാണെന്ന് യഹോവ അപ്പോൾ വീണ്ടും തെളിയിക്കും. (2 പത്രോ. 3:9, 10; വെളി. 7:1-3) അതു സംഭവിക്കുന്ന കൃത്യമായ തീയതി നമുക്ക് അറിയില്ലെന്നതു ശരിയാണ്. എങ്കിലും യഹസ്കേലിനെപ്പോലെ, “അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരിക്കുന്നു” എന്ന് ആവർത്തിച്ച് മുന്നറിയിപ്പു കൊടുക്കാനുള്ള ദൈവകല്പന നമ്മൾ തുടർന്നും അനുസരിക്കും. നമ്മൾ ആ സന്ദേശം വീണ്ടുംവീണ്ടും അറിയിക്കേണ്ടതിന്റെ ആവശ്യം എന്താണ്? യഹസ്കേൽ അങ്ങനെ ചെയ്തതിന്റെ അതേ കാരണത്താൽ.c യരുശലേം വീഴുമെന്ന യഹോവയുടെ പ്രവചനം യഹസ്കേൽ ആളുകളെ അറിയിച്ചെങ്കിലും മിക്കവരും അതു വിശ്വസിച്ചില്ല. (യഹ. 12:27, 28) എന്നാൽ ബാബിലോണിൽ പ്രവാസികളായി കഴിഞ്ഞിരുന്ന ചില ജൂതന്മാർ പിൽക്കാലത്ത് നീതിനിഷ്ഠമായ ഹൃദയനിലയുള്ളവരാണെന്നു തെളിയിച്ചു, അവർ മാതൃദേശത്തേക്കു മടങ്ങുകയും ചെയ്തു. (യശ. 49:8) സമാനമായി ഇന്നും, ഈ ലോകം അവസാനിക്കുമെന്നു വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. (2 പത്രോ. 3:3, 4) എങ്കിലും ദൈവത്തിന്റെ സന്ദേശം സ്വീകരിക്കാൻ മനുഷ്യർക്ക് അനുവദിച്ചിട്ടുള്ള സമയം തീരുന്നതുവരെ, ജീവനിലേക്കുള്ള വഴി കണ്ടെത്താൻ ആത്മാർഥഹൃദയരായ ആളുകളെ നമ്മൾ സഹായിക്കുകതന്നെ ചെയ്യും.—മത്താ. 7:13, 14; 2 കൊരി. 6:2.
17. മഹാകഷ്ടതയുടെ സമയത്ത് നമ്മുടെ കൺമുന്നിൽ ഏതെല്ലാം സംഭവങ്ങൾ അരങ്ങേറും?
17 യഹസ്കേൽപ്രവചനം മറ്റൊരു കാര്യവും നമ്മളെ ഓർമിപ്പിക്കുന്നു: മതസംഘടനകൾക്കു നേരെ ആക്രമണമുണ്ടാകുമ്പോൾ അതിലെ അംഗങ്ങൾ മതത്തെ സംരക്ഷിക്കാൻ ‘യുദ്ധത്തിനു പോകില്ല.’ സഹായത്തിനായി “കർത്താവേ, കർത്താവേ” എന്ന് എത്ര വട്ടം വിളിച്ചിട്ടും ഉത്തരം കിട്ടാതാകുമ്പോൾ “അവരുടെ കൈകളെല്ലാം തളർന്ന് തൂങ്ങും,” ‘അവർ കിടുകിടാ വിറയ്ക്കും.’ (യഹ. 7:3, 14, 17, 18; മത്താ. 7:21-23) അവർ മറ്റ് എന്തുകൂടെ ചെയ്യും? (യഹസ്കേൽ 7:19-21 വായിക്കുക.) “അവർ അവരുടെ വെള്ളി തെരുവുകളിലേക്കു വലിച്ചെറിയും” എന്ന് യഹോവ പറയുന്നു. പുരാതനയരുശലേമിൽ താമസിച്ചിരുന്നവരെക്കുറിച്ചുള്ള ആ വാക്കുകൾ മഹാകഷ്ടതയുടെ സമയത്തും നിറവേറും. വരാനിരിക്കുന്ന ദുരന്തത്തിൽനിന്ന് തങ്ങളെ രക്ഷിക്കാൻ പണം ഉപകരിക്കില്ലെന്ന് അന്ന് ആളുകൾ തിരിച്ചറിയും.
18. മുൻഗണനകൾ വെക്കുന്നതിനെക്കുറിച്ച് യഹസ്കേൽ പ്രവചനത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
18 യഹസ്കേൽപ്രവചനത്തിലെ ഈ ഭാഗത്തുനിന്ന് നമുക്കുള്ള പാഠം എന്താണ്? ശരിയായ മുൻഗണനകൾ വെക്കുന്നതു വളരെ പ്രധാനമാണെന്ന് അതു പഠിപ്പിക്കുന്നു. യരുശലേംനിവാസികളെക്കുറിച്ച് ഓർക്കുന്നുണ്ടോ? ഉടൻതന്നെ നഗരം നശിക്കുമെന്നും തങ്ങൾ കൊല്ലപ്പെടുമെന്നും വസ്തുവകകളൊന്നും തങ്ങളെ തുണയ്ക്കില്ലെന്നും മനസ്സിലാക്കിയതിനു ശേഷം മാത്രമാണ് അവരുടെ മുൻഗണനകൾക്കു പെട്ടെന്നൊരു മാറ്റം വന്നത്. ആ സമയത്ത് തങ്ങളുടെ സമ്പത്തെല്ലാം വലിച്ചെറിഞ്ഞിട്ട് ‘പ്രവാചകനെ സമീപിച്ച് ദിവ്യദർശനം തേടാൻ’ അവർ ശ്രമിച്ചു. പക്ഷേ ഏറെ വൈകിപ്പോയിരുന്നു. (യഹ. 7:26) എന്നാൽ നമ്മുടെ കാര്യം അങ്ങനെയല്ല. ഈ ദുഷ്ടലോകം ഉടൻ നശിക്കുമെന്നു നമുക്ക് ഇപ്പോൾത്തന്നെ നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ, ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസമുള്ള നമ്മൾ ജീവിതത്തിൽ ശരിയായ മുൻഗണനകൾ വെക്കുന്നു, വളരെ ഉത്സാഹത്തോടെ ആത്മീയസമ്പത്ത് നേടാൻ പരിശ്രമിക്കുന്നു. ആ സമ്പത്ത് ‘തെരുവുകളിലേക്കു വലിച്ചെറിയേണ്ടിവരില്ല,’ ഒരിക്കലും അതിന്റെ മൂല്യം നശിക്കുകയുമില്ല.—മത്തായി 6:19-21, 24 വായിക്കുക.
19. യഹസ്കേലിന്റെ പ്രവചനങ്ങൾ ഇന്നു നമ്മളെ എങ്ങനെയാണു ബാധിക്കുന്നത്?
19 ചുരുക്കത്തിൽ, യരുശലേമിന്റെ നാശത്തെക്കുറിച്ച് യഹസ്കേൽ മുൻകൂട്ടിപ്പറഞ്ഞ കാര്യങ്ങൾ ഇന്നു നമ്മളെ ബാധിക്കുന്നത് എങ്ങനെയാണ്? ദൈവസേവകരായിത്തീരാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് ഇനി അധികം സമയം ബാക്കിയില്ല എന്ന് അതു നമ്മളെ ഓർമിപ്പിക്കുന്നു. അതുകൊണ്ടുതന്നെ നമ്മൾ വളരെ അടിയന്തിരതയോടെയാണ് ഇന്നു ശിഷ്യരാക്കൽവേല ചെയ്യുന്നത്. ആത്മാർഥഹൃദയരായ ആളുകൾ നമ്മുടെ പിതാവായ യഹോവയെ ആരാധിച്ചുതുടങ്ങുന്നതു നമുക്കു വലിയ സന്തോഷമുള്ള കാര്യമാണ്. എന്നാൽ ആ പടി സ്വീകരിക്കാത്തവരുടെ കാര്യമോ? അവർക്കുപോലും നമ്മൾ മുന്നറിയിപ്പു കൊടുത്തുകൊണ്ടിരിക്കും. യഹസ്കേലിനെപ്പോലെതന്നെ നമ്മളും “അന്ത്യം ഇപ്പോൾ (നിങ്ങളുടെ) മേൽ വന്നിരിക്കുന്നു” എന്ന് അവരോടു പറയും. (യഹ. 3:19, 21; 7:3) ഇനി, യഹോവയിൽ തുടർന്നും ആശ്രയിക്കാനും യഹോവയുടെ ശുദ്ധാരാധനയ്ക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കാനും ഉള്ള നമ്മുടെ തീരുമാനത്തെയും ഈ പഠനം ബലപ്പെടുത്തി.—സങ്കീ. 52:7, 8; സുഭാ. 11:28; മത്താ. 6:33.
a യഹസ്കേൽ അതെല്ലാം അഭിനയിച്ചുകാണിച്ചത് ആളുകൾ നോക്കിനിൽക്കെയാണെന്നു നമുക്കു ന്യായമായും ഊഹിക്കാം. എന്തുകൊണ്ട്? കാരണം അപ്പം ചുടുന്നതും ഭാണ്ഡം തോളിലേറ്റി നടക്കുന്നതും പോലെ അതിൽപ്പെട്ട ചില കാര്യങ്ങൾ “അവർ കാൺകെ വേണം” ചെയ്യാൻ എന്നു യഹോവ പ്രത്യേകം കല്പിച്ചിരുന്നു.—യഹ. 4:12; 12:7.
b യരുശലേം നശിപ്പിക്കപ്പെടാൻ അനുവദിച്ചപ്പോൾ, യഹോവ രണ്ടു-ഗോത്ര യഹൂദയ്ക്കെതിരെ മാത്രമല്ല പത്തു-ഗോത്ര ഇസ്രായേലിന് എതിരെയും ന്യായവിധി നടപ്പാക്കുകയായിരുന്നു. (യിരെ. 11:17; യഹ. 9:9, 10) തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച, വാല്യം 1 (ഇംഗ്ലീഷ്), പേ. 462-ലെ “കാലക്കണക്ക്—ബി.സി. 997 മുതൽ യരുശലേമിന്റെ നാശം വരെ” എന്ന ഭാഗം കാണുക.
c യഹസ്കേൽ 7:5-7, ഹ്രസ്വമായ ഒരു ബൈബിൾഭാഗമാണെങ്കിലും, അവിടെ “വരും,” “വരുന്നു,” “വന്നിരിക്കുന്നു,” “സമയമായി” എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ആവർത്തിച്ച് ഉപയോഗിച്ചതിലൂടെ യഹോവ ആ സന്ദേശത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി.