പഠനചതുരം 1എ
എന്താണ് ആരാധന?
“ഏതെങ്കിലും ദൈവത്തോടുള്ള ആദരവിന്റെയും സ്നേഹത്തിന്റെയും പ്രകടനം” എന്ന് ആരാധനയെ നിർവചിക്കാം. ബൈബിളിൽ “ആരാധന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദങ്ങൾക്കു സൃഷ്ടികളോടുള്ള ആഴമായ ആദരവിനെയോ കീഴ്പെടലിനെയോ അർഥമാക്കാനാകും. (മത്താ. 28:9) എന്നാൽ അതേ പദങ്ങൾക്ക്, ദൈവത്തിനോ ദേവീദേവന്മാർക്കോ വേണ്ടി ചെയ്യുന്ന മതപരമായ പ്രവൃത്തിയെയും കുറിക്കാനാകും. (യോഹ. 4:23, 24) സന്ദർഭം നോക്കിയാണു പദത്തിന്റെ അർഥം നിശ്ചയിക്കുന്നത്.
സ്രഷ്ടാവും അഖിലാണ്ഡപരമാധികാരിയും ആയ യഹോവ മാത്രമാണു നമ്മുടെ സമ്പൂർണഭക്തിക്ക് അർഹൻ. (വെളി. 4:10, 11) യഹോവയെ ആരാധിക്കുന്നതിൽ, യഹോവയുടെ പരമാധികാരത്തോട് ആദരവ് കാണിക്കുന്നതും ദൈവനാമത്തെ ബഹുമാനിക്കുന്നതും ഉൾപ്പെടുന്നു. (സങ്കീ. 86:9; മത്താ. 6:9, 10) ഈ രണ്ടു വിഷയങ്ങൾക്ക്, അതായത് യഹോവയുടെ പരമാധികാരത്തിനും യഹോവയുടെ പേരിനും, യഹസ്കേൽ പുസ്തകം ഏറെ പ്രാധാന്യം കൊടുക്കുന്നതായി കാണാം. യഹസ്കേൽ പുസ്തകത്തിൽ മാത്രം “പരമാധികാരിയായ യഹോവ” എന്ന പ്രയോഗം 217 പ്രാവശ്യവും ‘ഞാൻ യഹോവയാണെന്ന് അറിയേണ്ടിവരും,’ ‘ഞാൻ യഹോവയാണെന്ന് അറിയാൻ’ എന്നീ പ്രയോഗങ്ങൾ 55 പ്രാവശ്യവും പ്രത്യക്ഷപ്പെടുന്നുണ്ട്.—യഹ. 2:4; 6:7.
എന്നാൽ നമ്മുടെ ആരാധന വെറുമൊരു വികാരമോ തോന്നലോ അല്ല. ശരിയായ ആരാധനയിൽ പ്രവൃത്തിയും ഉൾപ്പെട്ടിരിക്കുന്നു. (യാക്കോ. 2:26) ജീവിതം യഹോവയ്ക്കു സമർപ്പിക്കുമ്പോൾ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും യഹോവയെ നമ്മുടെ പരമാധികാരിയായി അനുസരിക്കുമെന്നും യഹോവയുടെ പേരിനോട് ആഴമായ ആദരവ് കാണിക്കുമെന്നും നമ്മൾ വാക്കു കൊടുക്കുകയാണ്. മൂന്നാമത്തെ പ്രലോഭനത്തിനു മറുപടി കൊടുത്തപ്പോൾ യേശു ആരാധനയെ “വിശുദ്ധസേവന”ത്തോടു ബന്ധപ്പെടുത്തി എന്നതു ശ്രദ്ധിക്കുക. (മത്താ. 4:10, അടിക്കുറിപ്പ്) സത്യാരാധകരായ നമ്മൾ യഹോവയെ സേവിക്കാൻ വലിയ ഉത്സാഹമുള്ളവരാണ്.a (ആവ. 10:12) നമ്മൾ ത്യാഗങ്ങൾ പലതും സഹിച്ച് ആരാധനയോടു നേരിട്ട് ബന്ധപ്പെട്ട ചില കാര്യങ്ങൾ ചെയ്യുമ്പോൾ ദൈവത്തിനു വിശുദ്ധസേവനം ചെയ്യുകയാണ്. അതിൽ എന്തെല്ലാം ഉൾപ്പെടും?
വിശുദ്ധസേവനത്തിൽ പല കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. യഹോവ അവയെല്ലാം വളരെ വിലപ്പെട്ടതായി കാണുകയും ചെയ്യുന്നു. മറ്റുള്ളവരോടു സാക്ഷീകരിക്കുമ്പോഴും സഭായോഗങ്ങളിൽ അഭിപ്രായങ്ങൾ പറഞ്ഞ് പങ്കുപറ്റുമ്പോഴും യോഗസ്ഥലങ്ങളുടെ നിർമാണത്തിലും പരിപാലനത്തിലും പങ്കെടുക്കുമ്പോഴും നമ്മൾ വിശുദ്ധസേവനമാണു ചെയ്യുന്നത്. കുടുംബാരാധനയിൽ പങ്കുപറ്റുന്നതും സഹാരാധകർക്കുവേണ്ടിയുള്ള ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതും കൺവെൻഷനുകളിൽ സന്നദ്ധസേവനം ചെയ്യുന്നതും ബഥേലിൽ സേവിക്കുന്നതും ഒക്കെ വിശുദ്ധസേവനത്തിന്റെ ഭാഗമാണ്. (എബ്രാ. 13:16; യാക്കോ. 1:27) നമ്മുടെ മനസ്സിലും ഹൃദയത്തിലും ശുദ്ധാരാധനയ്ക്ക് ഏറ്റവും പ്രമുഖമായ സ്ഥാനമുണ്ടെങ്കിൽ നമ്മൾ ‘രാപ്പകൽ വിശുദ്ധസേവനം’ ചെയ്യും. അതെ, നമ്മുടെ ദൈവമായ യഹോവയെ ആരാധിക്കുന്നത് എത്ര സന്തോഷകരമാണ്!—വെളി. 7:15.