പാഠം 11
ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോജനം നേടുക
നിങ്ങൾ ഇതുവരെ ചെയ്തിട്ടില്ലാത്ത വലിയൊരു കാര്യം ചെയ്യാൻ പോകുന്നെന്നു കരുതുക. അതെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങൾക്ക് ഉത്കണ്ഠ തോന്നിയേക്കാം. എന്നാൽ ആ വലിയ കാര്യത്തെ ചെറിയചെറിയ ഭാഗങ്ങളാക്കി ചെയ്താലോ? അതു കുറച്ചുകൂടി എളുപ്പമായിരിക്കില്ലേ? ഇതുപോലെതന്നെയാണ് ബൈബിൾവായനയുടെ കാര്യവും. ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും. ഞാൻ എവിടെനിന്ന് വായിച്ചുതുടങ്ങും? ബൈബിൾ രസകരമായി വായിക്കാനും പഠിക്കാനും ഉള്ള ചില എളുപ്പവഴികൾ ഈ പാഠത്തിൽ പറഞ്ഞുതരുന്നുണ്ട്.
1. എല്ലാ ദിവസവും ബൈബിൾ വായിക്കേണ്ടത് എന്തുകൊണ്ട്?
നമ്മൾ എല്ലാ ദിവസവും “യഹോവയുടെ നിയമം” അതായത് ദൈവവചനം വായിച്ചാൽ നമുക്ക് സന്തോഷം കിട്ടും. ജീവിതത്തിൽ വിജയിക്കാനും പറ്റും. (സങ്കീർത്തനം 1:1-3 വായിക്കുക.) തുടക്കത്തിൽ ദിവസവും അഞ്ചോ പത്തോ മിനിട്ട് ബൈബിൾ വായിച്ചുനോക്കാം. അങ്ങനെ അതൊരു ശീലമായാൽ പിന്നെ ബൈബിൾവായന വളരെ രസകരമായിരിക്കും.
2. ബൈബിൾവായനയിൽനിന്ന് പ്രയോജനം കിട്ടണമെങ്കിൽ എന്തു ചെയ്യണം?
ബൈബിൾവായനയിൽനിന്ന് പ്രയോജനം കിട്ടണമെങ്കിൽ നമ്മൾ വായിച്ച ഭാഗത്തെക്കുറിച്ച് “ധ്യാനിക്കണം.” (യോശുവ 1:8, അടിക്കുറിപ്പ്.) അതായത് ഓരോ ഭാഗവും വായിച്ചതിനു ശേഷം ഒന്നു നിറുത്തുക. എന്നിട്ട് വായിച്ചതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുക. നമുക്കു സ്വയം ഇങ്ങനെ ചോദിക്കാം: ‘യഹോവയെക്കുറിച്ച് ഈ ഭാഗം എന്താണു പറയുന്നത്? എനിക്ക് എങ്ങനെ ഈ കാര്യം ചെയ്യാം? മറ്റുള്ളവരെ സഹായിക്കാൻ എനിക്ക് ഈ വാക്യങ്ങൾ എങ്ങനെ ഉപയോഗിക്കാം?’
3. ബൈബിൾ എപ്പോൾ വായിക്കാം?
ബൈബിൾ വായിക്കാൻ സമയം കിട്ടാറില്ലെന്ന് പലരും പറയാറുണ്ട്. എന്നാൽ ‘സമയം ഏറ്റവും നന്നായി ഉപയോഗിക്കാനാണ്’ ബൈബിൾ പറയുന്നത്. (എഫെസ്യർ 5:16) അതുകൊണ്ട്, ദിവസവും ബൈബിൾ വായിക്കാൻ ഒരു സമയം തീരുമാനിക്കുക. അതിരാവിലെ ബൈബിൾ വായിക്കുന്നതാണ് ചിലർക്ക് ഇഷ്ടം. മറ്റു ചിലർ ജോലിക്കിടെ വിശ്രമിക്കുന്ന സമയത്തോ വൈകുന്നേരത്തോ അല്ലെങ്കിൽ കിടക്കാൻ പോകുന്നതിനുമുമ്പോ ബൈബിൾ വായിക്കാറുണ്ട്. നിങ്ങൾക്ക് പറ്റിയ സമയം ഏതായിരിക്കും?
ആഴത്തിൽ പഠിക്കാൻ
ബൈബിൾ വായിക്കാനുള്ള ആഗ്രഹം എങ്ങനെ വർധിപ്പിക്കാം? ഈ പുസ്തകം ഉപയോഗിച്ചുള്ള ബൈബിൾപഠനത്തിന് എങ്ങനെ നന്നായി തയ്യാറാകാം? നമുക്ക് ഇനി അതു നോക്കാം.
4. ബൈബിൾ ആസ്വദിച്ച് വായിക്കാൻ പഠിക്കാം
പതിവായി ബൈബിൾ വായിക്കുന്നത് ആദ്യമൊക്കെ അത്ര എളുപ്പമായിരിക്കില്ല. എന്നാൽ നമുക്ക് അതിനുള്ള ആഗ്രഹം വളർത്തിയെടുക്കാൻ കഴിയും. ഇതുവരെ കഴിച്ചിട്ടില്ലാത്ത ഏതെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ നമുക്ക് ആദ്യം അത്ര ഇഷ്ടപ്പെട്ടെന്നു വരില്ല. എന്നാൽ പല പ്രാവശ്യം കഴിച്ചുനോക്കുമ്പോൾ അത് ഇഷ്ടപ്പെട്ട് തുടങ്ങും. ഇതുപോലെയാണ് ബൈബിൾ വായിക്കുന്ന കാര്യവും. 1 പത്രോസ് 2:2 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ദിവസവും ബൈബിൾ വായിച്ചാൽ കൂടുതൽ വായിക്കാൻ ആഗ്രഹം തോന്നുമോ?
വീഡിയോ കാണുക. ബൈബിൾവായന ഇഷ്ടപ്പെടുന്ന ചിലരെ പരിചയപ്പെടാം. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട ചെറുപ്പക്കാർ എന്തൊക്കെ തടസ്സങ്ങളാണ് മറികടന്നത്?
എന്തുകൊണ്ടാണ് അവർക്ക് എന്നും മുടങ്ങാതെ ബൈബിൾ വായിക്കാൻ കഴിയുന്നത്?
അവർ എങ്ങനെ ബൈബിൾവായന രസകരമാക്കി?
നിങ്ങൾക്ക് പരീക്ഷിക്കാവുന്നത്
വായിക്കാൻ എളുപ്പമുള്ളതും കൃത്യതയുള്ളതും ആയ ഒരു ബൈബിൾ ഭാഷാന്തരം തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ഉപയോഗിച്ച് നോക്കാം.
നിങ്ങൾക്ക് ഇഷ്ടമുള്ള ഭാഗം ആദ്യം വായിച്ചുതുടങ്ങുക. എങ്ങനെ ചെയ്യാമെന്ന് അറിയാൻ “ബൈബിൾ ദിവസവും വായിക്കാം” എന്ന ചാർട്ട് കാണുക.
വായിച്ചുകഴിഞ്ഞ ഭാഗം രേഖപ്പെടുത്തുക. ഈ പ്രസിദ്ധീകരണത്തിലുള്ള “എന്റെ ബൈബിൾവായനാ പട്ടിക” എന്ന ഭാഗത്ത് അത് അടയാളപ്പെടുത്താം.
JW ലൈബ്രറി ആപ്ലിക്കേഷൻ ഉപയോഗിക്കുക. സ്മാർട്ട്ഫോണോ മറ്റ് ഉപകരണങ്ങളോ ഉണ്ടെങ്കിൽ ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് എവിടെവെച്ചും ബൈബിൾ വായിക്കാനും അതിന്റെ ഓഡിയോ കേൾക്കാനും കഴിയും.
പുതിയ ലോക ഭാഷാന്തരം ബൈബിളിന്റെ അനുബന്ധം ഉപയോഗിക്കുക. അവിടെ കൊടുത്തിരിക്കുന്ന ഭൂപടങ്ങൾ, ചാർട്ടുകൾ, പദാവലി എന്നിവ ബൈബിൾവായന രസകരമാക്കാൻ സഹായിക്കും.
5. ബൈബിൾപഠനത്തിനായി നന്നായി തയ്യാറാകുക
സങ്കീർത്തനം 119:34 വായിക്കുക, എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ബൈബിൾ വായിക്കുന്നതിനു മുമ്പും ബൈബിൾപഠനത്തിനു തയ്യാറെടുക്കുന്നതിനു മുമ്പും പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
ശരിക്കും പ്രയോജനം കിട്ടുന്ന രീതിയിൽ ഈ പുസ്തകത്തിലെ ഓരോ പാഠവും എങ്ങനെ പഠിക്കാം? താഴെ പറയുന്ന രീതി പരീക്ഷിച്ചുനോക്കാമോ:
ഓരോ പാഠത്തിന്റെയും ആദ്യത്തെ ഖണ്ഡികകൾ വായിക്കുക.
പാഠഭാഗത്ത് കൊടുത്തിരിക്കുന്ന ബൈബിൾവാക്യങ്ങൾ എടുത്തുവായിക്കുക. ആ വാക്യങ്ങൾക്ക് പാഠഭാഗവുമായുള്ള ബന്ധം എന്താണെന്നു ചിന്തിക്കുക.
ഓരോ ചോദ്യത്തിനും ഉത്തരമായി വരുന്ന പ്രധാനപ്പെട്ട വാക്കുകളോ പദപ്രയോഗങ്ങളോ പുസ്തകത്തിൽ അടയാളപ്പെടുത്തുക. അങ്ങനെയാകുമ്പോൾ പഠിപ്പിക്കുന്ന വ്യക്തിയോടൊപ്പം നന്നായി ചർച്ചയിൽ ഉൾപ്പെടാൻ നിങ്ങൾക്കാകും.
നിങ്ങൾക്ക് അറിയാമോ?
യഹോവയുടെ സാക്ഷികൾ പല ബൈബിൾ പരിഭാഷകളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം ബൈബിൾ ഉപയോഗിക്കാനാണ് ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കാരണം, അതു കൃത്യതയുള്ളതാണ്, വ്യക്തമാണ്. കൂടാതെ ദൈവത്തിന്റെ പേരും അതിൽ ഉപയോഗിച്ചിട്ടുണ്ട്.—വെബ്സൈറ്റിലെ “യഹോവയുടെ സാക്ഷികൾക്ക് അവരുടെ സ്വന്തം ബൈബിളുണ്ടോ?” എന്ന ലേഖനം കാണുക.
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “പണിയൊക്കെ കഴിഞ്ഞ് ക്ഷീണിച്ച് വന്നിട്ട് എപ്പോ ബൈബിൾ പഠിക്കാനാ? എനിക്ക് ഇതിനൊന്നും സമയമില്ല.”
നിങ്ങൾക്ക് എന്ത് തോന്നുന്നു?
ചുരുക്കത്തിൽ
ബൈബിളിൽനിന്ന് പൂർണപ്രയോജനം കിട്ടണമെങ്കിൽ ബൈബിൾ വായിക്കാനായി സമയം മാറ്റിവെക്കണം. വായിക്കുന്ന കാര്യങ്ങൾ മനസ്സിലാകാൻവേണ്ടി പ്രാർഥിക്കണം. കൂടാതെ, ഓരോ പാഠഭാഗവും നേരത്തേ പഠിച്ച് തയ്യാറാകുകയും വേണം.
ഓർക്കുന്നുണ്ടോ?
ബൈബിൾവായനയിൽനിന്ന് പൂർണപ്രയോജനം കിട്ടാൻ എന്തു ചെയ്യണം?
ബൈബിൾ വായിക്കാനും പഠിക്കാനും ആയി നിങ്ങൾക്ക് എപ്പോൾ സമയം മാറ്റിവെക്കാനാകും?
ബൈബിൾപഠനത്തിനുള്ള ഭാഗങ്ങൾ നേരത്തെ തയ്യാറാകേണ്ടത് എന്തുകൊണ്ടാണ്?
കൂടുതൽ മനസ്സിലാക്കാൻ
ബൈബിൾവായനയിൽനിന്ന് പൂർണപ്രയോജനം നേടാൻ സഹായിക്കുന്ന ചില കാര്യങ്ങൾ നോക്കാം.
“ബൈബിൾവായനയിൽനിന്ന് പരമാവധി പ്രയോജനം നേടുക!” (വീക്ഷാഗോപുരം 2017 നമ്പർ 1)
ബൈബിൾ വായിക്കാനുള്ള മൂന്നു വഴികൾ കാണാം.
ബൈബിൾവായന എങ്ങനെ രസകരമാക്കാമെന്ന് കണ്ടുപിടിക്കുക.
വർഷങ്ങളായി ബൈബിൾ വായിക്കുന്ന ആളുകളിൽനിന്ന് ചില എളുപ്പവഴികൾ ചോദിച്ച് മനസ്സിലാക്കാം.