പാഠം 56
സഭയിലെ ഐക്യം കാത്തുസൂക്ഷിക്കുക
ദാവീദ് രാജാവ് ഇങ്ങനെ പറഞ്ഞു: “സഹോദരന്മാർ ഒന്നിച്ച് ഒരുമയോടെ കഴിയുന്നത് എത്ര നല്ലത്! എത്ര രസകരം!” (സങ്കീർത്തനം 133:1) സഹോദരങ്ങളോടൊപ്പം ആയിരിക്കുമ്പോൾ നമുക്കും ഇങ്ങനെ തോന്നാറില്ലേ? നമുക്കിടയിലെ ഐക്യം തനിയെ ഉണ്ടാകുന്നതല്ല. അതിൽ നമുക്ക് ഓരോരുത്തർക്കും പ്രധാനപ്പെട്ട ഒരു പങ്കുണ്ട്.
1. ദൈവജനത്തിനിടയിലെ ഒരു സവിശേഷത എന്താണ്?
നിങ്ങൾ മറ്റൊരു നാട്ടിൽ മീറ്റിങ്ങ് കൂടുകയാണെന്നു വിചാരിക്കുക. നിങ്ങൾക്ക് അവിടത്തെ ഭാഷ അറിയില്ലായിരിക്കാം. എങ്കിലും സ്വന്തം സഭയിൽ മീറ്റിങ്ങ് കൂടുന്നതുപോലെയേ നിങ്ങൾക്കു തോന്നൂ. എന്തുകൊണ്ട്? ലോകമെങ്ങും നമ്മൾ ബൈബിൾ പഠിക്കുന്നത് ഒരേ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചാണ്. കൂടാതെ പരസ്പരം സ്നേഹിക്കാനാണു നമ്മൾ എല്ലാവരും ശ്രമിക്കുന്നത്. നമ്മൾ എവിടെ താമസിക്കുന്നവരായാലും ‘യഹോവയുടെ പേര് വിളിച്ചപേക്ഷിച്ചുകൊണ്ട് ഐക്യത്തോടെ (യഹോവയെ) ആരാധിക്കും.’—സെഫന്യ 3:9, അടിക്കുറിപ്പ്.
2. സഭയിൽ ഐക്യം വളർത്താൻ നിങ്ങൾക്ക് എന്തു ചെയ്യാം?
“പരസ്പരം ഹൃദയപൂർവം ഗാഢമായി സ്നേഹിക്കുക.” (1 പത്രോസ് 1:22) ഈ ഉപദേശം എങ്ങനെ അനുസരിക്കാം? മറ്റുള്ളവരുടെ കുറവുകളിലേക്കു നോക്കുന്നതിനുപകരം അവരുടെ നല്ല ഗുണങ്ങൾ കാണാൻ ശ്രമിക്കുക. ഇനി, നമ്മുടെ ഇഷ്ടങ്ങളോടും താത്പര്യങ്ങളോടും ഇണങ്ങുന്ന സഹോദരീസഹോദരന്മാരോടു മാത്രം കൂട്ടുകൂടുന്നതിനുപകരം വ്യത്യസ്ത താത്പര്യങ്ങളും അഭിരുചികളും ഉള്ളവരെയും കൂട്ടുകാരാക്കുക. കൂടാതെ, മറ്റുള്ളവരെക്കുറിച്ച് നമുക്ക് എന്തെങ്കിലും മുൻവിധികൾ ഉണ്ടെങ്കിൽ അതെല്ലാം മാറ്റാൻ കഠിനശ്രമം ചെയ്യുക.—1 പത്രോസ് 2:17 വായിക്കുക.a
3. ഒരു സഹക്രിസ്ത്യാനിയുമായി അഭിപ്രായഭിന്നത ഉണ്ടായാൽ നിങ്ങൾ എന്തു ചെയ്യും?
നമ്മൾ ഐക്യം ഉള്ളവരാണ്. എന്നാൽ നമുക്കു കുറവുകൾ ഉള്ളതുകൊണ്ട് ചിലപ്പോൾ മറ്റുള്ളവരെ വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ ഒക്കെ ചെയ്തേക്കാം. അതുകൊണ്ടാണ് “അന്യോന്യം ഉദാരമായി ക്ഷമിക്കുക” എന്നു ദൈവവചനം പറയുന്നത്. ആ വാക്യം തുടർന്ന് ഇങ്ങനെ പറയുന്നു: “യഹോവ നിങ്ങളോട് ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.” (കൊലോസ്യർ 3:13 വായിക്കുക.) നമ്മൾ യഹോവയെ എത്രയോ തവണ വിഷമിപ്പിച്ചിരിക്കുന്നു. എന്നിട്ടും യഹോവ നമ്മളോടു ക്ഷമിച്ചിരിക്കുന്നു. അതുപോലെ നമ്മളും സഹോദരങ്ങളോടു ക്ഷമിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. നിങ്ങൾ ആരെയെങ്കിലും വിഷമിപ്പിച്ചു എന്നു മനസ്സിലാക്കിയാൽ ആ പ്രശ്നം പരിഹരിക്കാൻ നിങ്ങൾ മുൻകൈയെടുക്കണം.—മത്തായി 5:23, 24 വായിക്കുക.b
ആഴത്തിൽ പഠിക്കാൻ
സഭയുടെ സമാധാനവും ഐക്യവും നിലനിറുത്താൻ നിങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്നു നോക്കാം.
4. മുൻവിധിയെ മറികടക്കാം
എല്ലാ സഹോദരങ്ങളെയും സ്നേഹിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. പക്ഷേ നമ്മുടേതിൽനിന്ന് വ്യത്യസ്തമായ രീതികളോ സ്വഭാവസവിശേഷതകളോ ഉള്ള സഹോദരങ്ങളെ സ്നേഹിക്കാൻ ചിലപ്പോൾ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. നമുക്ക് എന്തു ചെയ്യാൻ കഴിയും? പ്രവൃത്തികൾ 10:34, 35 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
യഹോവ എല്ലാ തരത്തിലുമുള്ള ആളുകളെ തന്റെ സാക്ഷികളായി അംഗീകരിക്കാൻ തയ്യാറാണ്. അതുകൊണ്ട് നമ്മുടേതിൽനിന്ന് വ്യത്യസ്തമായ സംസ്കാരമോ രീതികളോ ഉള്ളവരെ നമ്മൾ എങ്ങനെ കാണണം?
നിങ്ങളുടെ പ്രദേശത്ത് ഏതെല്ലാം തരം ആളുകളോടാണു ചിലർക്കു മുൻവിധിയുള്ളത്? നിങ്ങൾ അത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
2 കൊരിന്ത്യർ 6:11-13 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
എല്ലാ സഹോദരങ്ങളെയും അടുത്തറിയാനും സ്നേഹിക്കാനും നിങ്ങൾക്ക് എങ്ങനെ കഴിയും?
5. ഉദാരമായി ക്ഷമിക്കുക, സമാധാനം ഉണ്ടാക്കുക
യഹോവയ്ക്കു നമ്മുടെ ക്ഷമ ആവശ്യമില്ലെങ്കിലും യഹോവ നമ്മളോട് ഉദാരമായി ക്ഷമിക്കുന്നു. സങ്കീർത്തനം 86:5 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ഈ വാക്യത്തിൽനിന്ന് യഹോവയെക്കുറിച്ച് നമുക്ക് എന്തു പഠിക്കാം?
ക്ഷമിക്കാൻ സന്നദ്ധനായ യഹോവയോടു നിങ്ങൾക്കു നന്ദി തോന്നുന്നത് എന്തുകൊണ്ട്?
മറ്റുള്ളവരുമായി യോജിച്ചുപോകുന്നത് ഏതൊക്കെ സാഹചര്യങ്ങളിൽ നമുക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം?
യഹോവയെ അനുകരിക്കുന്നതു സഹോദരങ്ങളുമായി ഐക്യത്തിൽ പോകാൻ എങ്ങനെ സഹായിക്കും? സുഭാഷിതങ്ങൾ 19:11 വായിക്കുക. എന്നിട്ട് ചോദ്യം ചർച്ച ചെയ്യുക.
ആരെങ്കിലും നിങ്ങളെ വേദനിപ്പിച്ചാൽ ആ സാഹചര്യം എങ്ങനെ നന്നായി കൈകാര്യം ചെയ്യാം?
ചിലപ്പോൾ നമ്മളും മറ്റുള്ളവരെ മുറിപ്പെടുത്തിയേക്കാം. അങ്ങനെ സംഭവിച്ചാൽ നമ്മൾ എന്തു ചെയ്യണം? വീഡിയോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.
വീഡിയോയിൽ കണ്ട സഹോദരി സമാധാനം ഉണ്ടാക്കുന്നതിനുവേണ്ടി എന്താണു ചെയ്തത്?
6. സഹോദരങ്ങളുടെ നല്ല ഗുണങ്ങൾ കാണാൻ ശ്രമിക്കുക
സഹോദരങ്ങളെ അടുത്തറിയുമ്പോൾ അവർക്കുള്ള നല്ല ഗുണങ്ങൾ മാത്രമല്ല അവരുടെ ചില പോരായ്മകളും നമ്മൾ ശ്രദ്ധിച്ചേക്കാം. എന്നാൽ അവരുടെ നന്മയിലേക്കു ശ്രദ്ധിക്കാൻ നമുക്ക് എങ്ങനെ കഴിയും? വീഡിയോ കാണുക. അതിനു ശേഷം ചോദ്യം ചർച്ച ചെയ്യുക.
സഹോദരങ്ങളുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
യഹോവ നമ്മുടെ നല്ല ഗുണങ്ങളാണ് ശ്രദ്ധിക്കുന്നത്. 2 ദിനവൃത്താന്തം 16:9എ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
യഹോവ നിങ്ങളുടെ നല്ല ഗുണങ്ങളാണ് ശ്രദ്ധിക്കുന്നതെന്നു മനസ്സിലാക്കിയപ്പോൾ നിങ്ങൾക്ക് എന്തു തോന്നി?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ആദ്യം അവർ എന്നോടു ക്ഷമ പറയട്ടെ. എന്നിട്ടു തീരുമാനിക്കാം ക്ഷമിക്കണോ വേണ്ടയോ എന്ന്.”
മറ്റുള്ളവരോടു ക്ഷമിക്കാൻ നമ്മൾ മുൻകൈയെടുക്കേണ്ടത് എന്തുകൊണ്ട്?
ചുരുക്കത്തിൽ
മറ്റുള്ളവരോടു ക്ഷമിച്ചുകൊണ്ടും എല്ലാ സഹോദരങ്ങളെയും സ്നേഹിച്ചുകൊണ്ടും നിങ്ങൾക്കു സഭയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ കഴിയും.
ഓർക്കുന്നുണ്ടോ?
നിങ്ങൾക്ക് എങ്ങനെ മുൻവിധി ഒഴിവാക്കാം?
ഒരു സഹക്രിസ്ത്യാനിയുമായി അഭിപ്രായഭിന്നത ഉണ്ടായാൽ നിങ്ങൾ എന്തു ചെയ്യും?
ക്ഷമിക്കുന്ന കാര്യത്തിൽ നിങ്ങൾ യഹോവയുടെ മാതൃക അനുകരിക്കാൻ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
കൂടുതൽ മനസ്സിലാക്കാൻ
യേശുവിന്റെ ഒരു ദൃഷ്ടാന്തം, മറ്റുള്ളവരെ വിധിക്കുന്നത് ഒഴിവാക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെയെന്നു കാണുക.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നു നമുക്ക് ഉറപ്പുള്ളപ്പോഴും മറ്റുള്ളവരോടു ക്ഷമ ചോദിക്കേണ്ടതുണ്ടോ?
“ക്ഷമാപണം സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു താക്കോൽ” (വീക്ഷാഗോപുരം 2002 നവംബർ 1)
മറ്റുള്ളവരോടു പക്ഷപാതമില്ലാതെ ഇടപെടാൻ ചിലർ എങ്ങനെയാണ് പഠിച്ചതെന്നു കാണുക.
ആരോടെങ്കിലും അഭിപ്രായഭിന്നതയുണ്ടെങ്കിൽ അതു സഭയുടെ സമാധാനം തകർക്കുന്നതിനു മുമ്പ് എങ്ങനെ പരിഹരിക്കാം?
“സ്നേഹത്തിന്റെ ആത്മാവിൽ പ്രശ്നങ്ങൾ പരിഹരിക്കുക” (വീക്ഷാഗോപുരം 2016 മെയ്)
a പിൻകുറിപ്പ് 6: തങ്ങൾക്കുള്ള ഒരു രോഗം മറ്റൊരാളിലേക്കു പകരുന്നത് ഒഴിവാക്കാൻ സ്നേഹം ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്നത് എങ്ങനെ?
b പിൻകുറിപ്പ് 7: ബിസിനെസ്സ് ഇടപാടുകളും നിയമപരമായി കൈകാര്യം ചെയ്യേണ്ട പ്രശ്നങ്ങളും