ദൈവത്തോട് അടുത്തുചെല്ലുക
‘നീ അവനെ കണ്ടെത്തും’
ദൈവത്തെ അറിയാമോ എന്ന് ആരെങ്കിലും ചോദിച്ചാൽ നിങ്ങൾ എന്ത് ഉത്തരം പറയും? അത്ര എളുപ്പത്തിൽ ആ ചോദ്യത്തിന് ഉത്തരം പറയാനാവില്ല. കാരണം, ദൈവത്തെ അറിയുന്നു എന്നു പറയുന്ന ഒരാൾക്ക് അവന്റെ ഹിതത്തെയും വഴികളെയും കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം. ഈ വിധത്തിൽ ദൈവത്തെ അറിയുമ്പോൾ അവനുമായി നമുക്ക് ഒരു ഉറ്റ ബന്ധമുണ്ടായിരിക്കും. എന്നാൽ ദൈവവുമായി അങ്ങനെയൊരു അടുപ്പം സാധ്യമാണോ? ആണെങ്കിൽ എങ്ങനെ? ദാവീദുരാജാവ് മകനായ ശലോമോനു നൽകിയ ഉപദേശത്തിൽ അതിന് ഉത്തരമുണ്ട്. 1 ദിനവൃത്താന്തം 28:9-ൽ അതു കാണാം.
ദാവീദ് ഇസ്രായേൽ ദേശം ഭരിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് 40 വർഷമായി. അവന്റെ വാഴ്ചക്കാലത്ത് ദേശത്ത് സമാധാനവും സമൃദ്ധിയും ഉണ്ടായി. എന്നാൽ ഇപ്പോൾ ദാവീദ് സിംഹാസനം ഒഴിയേണ്ട സമയമായിരിക്കുകയാണ്. അവന്റെ പുത്രനായ ശലോമോനാണ് അടുത്ത അവകാശി. ശലോമോനാകട്ടെ തീരെ ചെറുപ്പമാണ്. (1 ദിനവൃത്താന്തം 29:1) ദാവീദ് തന്റെ പുത്രന് എന്ത് ഉപദേശമാണു നൽകുന്നത്?
വർഷങ്ങളായി ദൈവത്തെ വിശ്വസ്തമായി സേവിച്ച ദാവീദ് സ്വന്തം അനുഭവത്തിൽനിന്ന് മകന് ഇങ്ങനെയൊരു ഉപദേശം നൽകുന്നു: ‘എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറിയുക.’ ദൈവത്തെക്കുറിച്ചുള്ള ചില പൊതുവിവരങ്ങൾ മനസ്സിലാക്കുന്നതിലും ഉപരിയായ ചിലത് ആ ഉപദേശത്തിൽ ഉൾപ്പെട്ടിരുന്നുവെന്നു വ്യക്തം. കാരണം, ദാവീദിന്റെ ദൈവമായ യഹോവയെ ആരാധിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ശലോമോൻ. എബ്രായ തിരുവെഴുത്തുകളുടെ ഏതാണ്ട് മൂന്നിലൊരു ഭാഗം അക്കാലത്ത് ദൈവജനത്തിന് ലഭ്യമായിരുന്നു. ആ തിരുവെഴുത്തുകളിൽ ദൈവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന വിവരങ്ങളെല്ലാം ശലോമോന് അറിയാമായിരുന്നു. ‘അറിയുക’ എന്നതിന്റെ മൂലപദം “ഗാഢമായ അടുപ്പത്തെ” അർഥമാക്കുന്നു എന്നാണ് പണ്ഡിതമതം. അതെ, തന്നെപ്പോലെ തന്റെ പുത്രനും ദൈവവുമായി ഒരു ഉറ്റ ബന്ധം വളർത്തിയെടുക്കണമെന്ന് ദാവീദ് ആഗ്രഹിച്ചു.
ദൈവവുമായുള്ള ആ അടുപ്പം ശലോമോന്റെ മനോഭാവത്തെയും ജീവിതഗതിയെയും സ്വാധീനിക്കേണ്ടിയിരുന്നു. ദാവീദ് തന്റെ പുത്രനെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: ‘(ദൈവത്തെ) പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കുക.’ ദൈവത്തെ അറിയുക എന്ന ഉപദേശം നൽകിയതിനു ശേഷമാണ് ദൈവത്തെ സേവിക്കുന്നതിനെക്കുറിച്ച് ദാവീദ് പറഞ്ഞത് എന്ന കാര്യം ശ്രദ്ധിക്കുക. ദൈവത്തെ വേണ്ടവിധം അറിയുന്ന ഒരു വ്യക്തി അവനെ സേവിക്കാൻ പ്രേരിതനായിത്തീരും. എന്നാൽ പാതിമനസ്സോടെ അല്ലെങ്കിൽ ഇരുമനസ്സോടെ അല്ല ദൈവത്തെ സേവിക്കേണ്ടത്. (സങ്കീർത്തനം 12:2; 119:113) മറിച്ച്, ദാവീദ് മകനോട് ആവശ്യപ്പെട്ടതുപോലെ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ ആയിരിക്കണം.
ശരിയായ ആന്തരത്തോടെ ദൈവത്തെ ആരാധിക്കാൻ ദാവീദ് മകനെ ഉപദേശിച്ചത് എന്തുകൊണ്ടാണ്? ദാവീദ് വിശദമാക്കുന്നു: “യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു.” തന്റെ പിതാവായ ദാവീദിനെ പ്രീതിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലല്ല ശലോമോൻ ദൈവത്തെ സേവിക്കേണ്ടിയിരുന്നത്. മറിച്ച് യഹോവയെ സേവിക്കാനുള്ള ആത്മാർഥമായ ആഗ്രഹം അവന് ഉണ്ടായിരിക്കണമായിരുന്നു. കാരണം അങ്ങനെയുള്ളവരെയാണ് യഹോവ അന്വേഷിക്കുന്നത്.
തന്റെ പിതാവിന്റെ മാതൃക പിന്തുടർന്ന് ശലോമോൻ യഹോവയോട് അടുത്തു ചെല്ലുമായിരുന്നോ? ശലോമോനാണ് അതു തീരുമാനിക്കേണ്ടിയിരുന്നത്. ദാവീദ് മകനോട് ഇങ്ങനെ പറയുന്നു: “നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും.” ദൈവവുമായി ഉറ്റബന്ധമുള്ള ഒരു ആരാധകനായിരിക്കാൻ കഴിയണമെങ്കിൽ യഹോവയെ അറിയാൻ ശലോമോൻ നല്ല ശ്രമം ചെയ്യണമായിരുന്നു.a
നാം യഹോവയോട് അടുത്തുചെല്ലാൻ യഹോവ ആഗ്രഹിക്കുന്നുവെന്ന് ദാവീദ് മകനു നൽകിയ ഉപദേശത്തിൽനിന്ന് വ്യക്തമാകുന്നു. എന്നാൽ യഹോവയുമായി ഒരു ഗാഢബന്ധം വളർത്തിയെടുക്കാൻ, നാം അവനെ അന്വേഷിക്കണം. അതിനായി നാം തിരുവെഴുത്തുകൾ നന്നായി പഠിക്കണം. യഹോവയെ ഈ വിധത്തിൽ അറിയുന്നത് അവനെ ‘പൂർണഹൃദയത്തോടും നല്ല മനസ്സോടുംകൂടെ’ സേവിക്കാൻ നമ്മെ പ്രേരിപ്പിക്കും. തന്റെ ദാസന്മാരിൽനിന്ന് അങ്ങനെയുള്ള ഭക്തിയും ആരാധനയുമാണ് യഹോവ പ്രതീക്ഷിക്കുന്നത്; അനന്യഭക്തിക്ക് അവൻ അർഹനാണുതാനും.—മത്തായി 22:37.
[അടിക്കുറിപ്പ്]
a ഖേദകരമെന്നു പറയട്ടെ, ശലോമോൻ പൂർണഹൃദയത്തോടെ യഹോവയെ സ്നേഹിക്കാൻ തുടങ്ങിയെങ്കിലും അവൻ ആ വിശ്വസ്തഗതിയിൽ തുടർന്നില്ല.—1 രാജാക്കന്മാർ 11:4.