‘ഞാനോ എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്’
“ഞാനോ യുഗസമാപ്തിയോളം എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്.”—മത്താ. 28:20.
1. (എ) ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തം ചുരുക്കിപ്പറയുക. (ബി) യേശു അതിന്റെ അർഥം വിശദീകരിച്ചത് എങ്ങനെ?
യേശുവിന്റെ രാജ്യദൃഷ്ടാന്തങ്ങളിലൊന്ന്, തന്റെ വയലിൽ നല്ല ഗോതമ്പു വിതയ്ക്കുന്ന ഒരു കർഷകനെയും അതിനിടയിൽ കളകൾ വിതയ്ക്കുന്ന ശത്രുവിനെയും കുറിച്ചു പറയുന്നു. ഗോതമ്പ് കളകയറി മൂടുന്നു. പക്ഷേ, കൃഷിക്കാരൻ തന്റെ വേലക്കാരോട് ഇങ്ങനെ കൽപ്പിക്കുന്നു: “കൊയ്ത്തുകാലംവരെ രണ്ടും ഒന്നിച്ചുവളരട്ടെ.” കൊയ്ത്തുകാലത്ത് കളകളെ നശിപ്പിക്കുകയും ഗോതമ്പു ശേഖരിക്കുകയും ചെയ്യുന്നു. യേശുതന്നെ ഈ ദൃഷ്ടാന്തം വിശദീകരിച്ചുതന്നിട്ടുണ്ട്. (മത്തായി 13:24-30, 37-43 വായിക്കുക.) ഈ ഉപമ എന്തെല്ലാം വെളിപ്പെടുത്തുന്നു? (“ഗോതമ്പും കളകളും” എന്ന ചാർട്ട് കാണുക.)
2. (എ) കൃഷിക്കാരന്റെ വയലിൽ നടക്കുന്ന സംഭവങ്ങൾ എന്തിനെ ദൃഷ്ടാന്തീകരിക്കുന്നു? (ബി) ഉപമയുടെ ഏതു ഭാഗമാണ് നാം പരിചിന്തിക്കാൻ പോകുന്നത്?
2 തന്റെ രാജ്യത്തിൽ തന്നോടൊപ്പം ഭരിക്കാനിരിക്കുന്ന അഭിഷിക്തക്രിസ്ത്യാനികളാകുന്ന ഗോതമ്പുവർഗത്തെ മുഴുവൻ, മനുഷ്യവർഗത്തിൽനിന്ന് യേശു എപ്പോൾ, എങ്ങനെ കൂട്ടിച്ചേർക്കും എന്ന് ആ കൃഷിക്കാരന്റെ വയലിൽ നടക്കുന്ന സംഭവങ്ങൾ ദൃഷ്ടാന്തീകരിക്കുന്നു. എ.ഡി. 33-ലെ പെന്തെക്കൊസ്തിലാണ് വിത്തുവിതയ്ക്കൽ ആരംഭിച്ചത്. ഈ വ്യവസ്ഥിതിയുടെ അവസാനസമയത്തു ഭൂമിയിൽ ജീവനോടിരിക്കുന്ന അഭിഷിക്തർക്ക് അന്തിമമുദ്രയിടൽ ലഭിക്കുകയും അനന്തരം അവർ സ്വർഗത്തിലേക്ക് എടുക്കപ്പെടുകയും ചെയ്യുമ്പോൾ കൂട്ടിച്ചേർക്കൽ അഥവാ ശേഖരണം പൂർത്തിയാകും. (മത്താ. 24:31; വെളി. 7:1-4) ഒരു കുന്നിന്മുകളിലെ നിരീക്ഷണസ്ഥാനത്തുനിന്ന് നോക്കുന്ന ഒരാൾക്ക് ചുറ്റുപാടുകളുടെ വിശാലമായ ഒരു ദൃശ്യം ലഭിക്കുന്നതുപോലെ ഈ ഉപമ ഏതാണ്ട് 2,000 വർഷംകൊണ്ട് അരങ്ങേറുന്ന സംഭവവികാസങ്ങളുടെ ഒരു ആകമാനവീക്ഷണം നമുക്കു നൽകുന്നു. ദൈവരാജ്യവുമായി ബന്ധപ്പെട്ട എന്തു സംഭവവികാസങ്ങളാണ് ഈ ഉപമയിലൂടെ നമുക്കു ഗ്രഹിക്കാനാകുന്നത്? യേശുവിന്റെ ഈ ഉപമ, വിതയുടെയും വളർച്ചയുടെയും കൊയ്ത്തിന്റെയും കാലത്തെക്കുറിച്ചു പറയുന്നു. ഈ ലേഖനം മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് കൊയ്ത്തുകാലത്തിലാണ്.a
യേശുവിന്റെ ജാഗരൂകമായ മേൽനോട്ടത്തിൻകീഴിൽ
3. (എ) ഒന്നാം നൂറ്റാണ്ടിനുശേഷം എന്ത് അവസ്ഥ വികാസം പ്രാപിച്ചു? (ബി) മത്തായി 13:28 അനുസരിച്ച് ഏതു ചോദ്യം ഉയർന്നുവന്നു, ആരാണ് അതു ചോദിച്ചത്? (പിൻകുറിപ്പുകൂടി കാണുക.)
3 എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലോകവയലിൽ അനുകരണക്രിസ്ത്യാനികൾ കാണപ്പെട്ടുതുടങ്ങിയപ്പോൾ ‘കള പ്രത്യക്ഷപ്പെട്ടു.’ (മത്താ. 13:26) നാലാം നൂറ്റാണ്ട് ആയപ്പോഴേക്കും കളസമാന ക്രിസ്ത്യാനികൾ അഭിഷിക്തക്രിസ്ത്യാനികളെക്കാൾ എണ്ണത്തിൽ വളരെയധികം പെരുകിയിരുന്നു. ഉപമയിലെ വേലക്കാർ യജമാനനോട് കള പറിച്ചുകൂട്ടാൻ അനുവാദം ചോദിച്ചത് ഓർക്കുക.b (മത്താ. 13:28) യജമാനൻ എങ്ങനെയാണ് പ്രതികരിച്ചത്?
4. (എ) യജമാനന്റെ അഥവാ യേശുവിന്റെ ഉത്തരത്തിൽനിന്ന് എന്തു വ്യക്തമാകുന്നു? (ബി) എപ്പോഴാണ് ഗോതമ്പുസമാന ക്രിസ്ത്യാനികൾ ആരാണെന്നു തിരിച്ചറിയാൻ സാധിക്കുമെന്നായത്?
4 ഗോതമ്പിനെയും കളകളെയും കുറിച്ചു സംസാരിക്കവെ യേശു ഇങ്ങനെ പറഞ്ഞു: “കൊയ്ത്തുകാലംവരെ രണ്ടും ഒന്നിച്ചുവളരട്ടെ.” ഒന്നാം നൂറ്റാണ്ടുമുതൽ ഇന്നോളം കുറച്ച് ഗോതമ്പുസമാന അഭിഷിക്തക്രിസ്ത്യാനികൾ എല്ലായ്പോഴും ഭൂമിയിൽ ഉണ്ടായിരുന്നിട്ടുണ്ടെന്ന് യേശുവിന്റെ ഈ കൽപ്പന വെളിവാക്കുന്നു. അവൻ പിന്നീട് തന്റെ ശിഷ്യന്മാരോട് പറഞ്ഞ വാക്കുകൾ ഈ നിഗമനത്തെ സാധൂകരിക്കുന്നതാണ്: “ഞാനോ യുഗസമാപ്തിയോളം എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്.” (മത്താ. 28:20) അതുകൊണ്ട് അന്ത്യകാലംവരെ എല്ലാ നാളുകളിലും യേശുവിന്റെ സംരക്ഷണം അഭിഷിക്തക്രിസ്ത്യാനികൾക്ക് ഉണ്ടായിരിക്കുമായിരുന്നു. എന്നാൽ കളസമാന ക്രിസ്ത്യാനികൾ എണ്ണത്തിൽ അവരെക്കാൾ പെരുകിയിരുന്നതിനാൽ സുദീർഘമായ ആ കാലഘട്ടത്തിൽ ആരൊക്കെയാണ് ഗോതമ്പുവർഗത്തിന്റെ ഭാഗമായിരുന്നതെന്ന് കൃത്യമായി നമുക്ക് അറിയില്ല. എന്നിരുന്നാലും കൊയ്ത്തുകാലം ആരംഭിക്കുന്നതിന് ഏതാനും ദശാബ്ദങ്ങൾമുമ്പ് ഗോതമ്പുവർഗം ആരാണെന്നു തിരിച്ചറിയാൻ പറ്റുമെന്നായി. എങ്ങനെയാണ് അതു സംഭവിച്ചത്?
ഒരു ദൂതൻ ‘വഴിയൊരുക്കുന്നു’
5. മലാഖിയുടെ പ്രവചനം ഒന്നാം നൂറ്റാണ്ടിൽ നിറവേറിയത് എങ്ങനെ?
5 യേശു ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തം നൽകുന്നതിന് നൂറ്റാണ്ടുകൾക്കുമുമ്പ്, ആ ദൃഷ്ടാന്തത്തിൽ പ്രതിഫലിച്ചിരിക്കുന്ന സംഭവങ്ങൾ മുൻകൂട്ടിപ്പറയാൻ യഹോവ പ്രവാചകനായ മലാഖിയെ നിശ്വസ്തനാക്കി. (മലാഖി 3:1-4 വായിക്കുക.) ‘വഴിയൊരുക്കിയ ദൂതൻ’ യോഹന്നാൻ സ്നാപകനായിരുന്നു. (മത്താ. 11:10, 11) എ.ഡി. 29-ൽ അവൻ വന്നപ്പോൾ, ഇസ്രായേൽ ജനതയുടെ ന്യായവിധിസമയം സമീപിച്ചിരുന്നു. രണ്ടാമത്തെ ദൂതൻ യേശുവായിരുന്നു. അവൻ യെരുശലേമിലെ ആലയം രണ്ടു തവണ ശുദ്ധീകരിച്ചു. ഒന്ന് അവന്റെ ശുശ്രൂഷയുടെ ആരംഭത്തിങ്കലും മറ്റേത് ശുശ്രൂഷയുടെ അവസാനത്തോടടുത്തും. (മത്താ. 21:12, 13; യോഹ. 2:14-17) അതിനാൽ യേശു നിർവഹിച്ച ശുദ്ധീകരണവേലയിൽ ഒരു കാലഘട്ടം ഉൾപ്പെട്ടിരുന്നു.
6. (എ) മലാഖിയുടെ പ്രവചനത്തിന്റെ വലിയ നിവൃത്തി ഏതാണ്? (ബി) ഏതു കാലയളവിലാണ് യേശു ആത്മീയാലയം പരിശോധിച്ചത്? (പിൻകുറിപ്പുകൂടെ കാണുക.)
6 മലാഖിയുടെ പ്രവചനത്തിന്റെ വലിയ നിവൃത്തി ഏതാണ്? 1914-നു തൊട്ടുമുമ്പുള്ള പതിറ്റാണ്ടുകളിൽ സി. റ്റി. റസ്സലും അദ്ദേഹത്തിന്റെ അടുത്ത സഹകാരികളും യോഹന്നാൻ സ്നാപകൻ ചെയ്തതിനു സമാനമായ ഒരു വേല ചെയ്തു. ആ ജീവത്പ്രധാനവേലയിൽ ബൈബിൾസത്യങ്ങളുടെ പുനഃസ്ഥാപനം ഉൾപ്പെട്ടിരുന്നു. ബൈബിൾവിദ്യാർഥികൾ ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ ശരിയായ അർഥം പഠിപ്പിക്കുകയും അഗ്നിനരകം ഒരു നുണയാണെന്ന് തുറന്നുകാട്ടുകയും ജനതകളുടെ കാലം എപ്പോൾ അവസാനിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ക്രിസ്തുവിന്റെ അനുഗാമികളാണെന്ന് അവകാശപ്പെട്ട ഒട്ടേറെ മതവിഭാഗങ്ങൾ അപ്പോഴുണ്ടായിരുന്നു. അതുകൊണ്ട് ഒരു സുപ്രധാനചോദ്യത്തിന് ഉത്തരം ലഭിക്കണമായിരുന്നു: ഈ കൂട്ടങ്ങളിൽ ഏതാണ് ഗോതമ്പ്? ഈ ചോദ്യത്തിന് തീർപ്പുകൽപ്പിക്കാൻ 1914-ൽ യേശു ആത്മീയാലയത്തിന്റെ പരിശോധന ആരംഭിച്ചു. ഒരു കാലഘട്ടം ഉൾപ്പെടുന്നതായിരുന്നു ആ പരിശോധനയും ശുദ്ധീകരണവേലയും, 1914 മുതൽ 1919-ന്റെ പ്രാരംഭകാലംവരെയുള്ള ഒരു കാലഘട്ടം.c
പരിശോധനയുടെയും ശുദ്ധീകരണത്തിന്റെയും വർഷങ്ങൾ
7. യേശു 1914-ൽ പരിശോധന ആരംഭിച്ചപ്പോൾ അവൻ എന്താണ് കണ്ടെത്തിയത്?
7 പരിശോധന നടത്താൻ ആരംഭിച്ചപ്പോൾ യേശു എന്തു കണ്ടെത്തി? 30 വർഷത്തിലേറെയായി തങ്ങളുടെ ഊർജവും സമ്പത്തും തീവ്രമായ പ്രസംഗവേലയ്ക്കുവേണ്ടി ഉഴിഞ്ഞുവെച്ച തീക്ഷ്ണമതികളായ ഒരു ചെറിയ കൂട്ടം ബൈബിൾവിദ്യാർഥികളെ അവൻ കണ്ടെത്തി.d താരതമ്യേന എണ്ണത്തിൽ കുറവായിരുന്നെങ്കിലും, കരുത്തുറ്റ ഈ ഗോതമ്പുചെടികൾ സാത്താന്റെ കളകളാൽ ഞെരുക്കപ്പെടാതിരുന്നതായി കണ്ടത് യേശുവിനും ദൂതന്മാർക്കും എത്ര ആനന്ദം നൽകിയിരിക്കണം! എങ്കിലും ഈ “ലേവിപുത്രന്മാരെ” അതായത് അഭിഷിക്തരെ ‘ശുദ്ധീകരിക്കേണ്ട’ ഒരു ആവശ്യം ഉയർന്നുവന്നു. (മലാ. 3:2, 3; 1 പത്രോ. 4:17) അത് എങ്ങനെയാണ്?
8. എന്തു സംഭവവികാസങ്ങളാണ് 1914-നുശേഷം അരങ്ങേറിയത്?
8 സ്വർഗത്തിലേക്ക് എടുക്കപ്പെടാതിരുന്നതിനെപ്രതി ചില ബൈബിൾവിദ്യാർഥികൾ 1914-ന്റെ അവസാനത്തോടെ നിരുത്സാഹിതരായി. 1915-ലും 1916-ലും സംഘടനയ്ക്കു പുറത്തുനിന്നുള്ള എതിർപ്പ് പ്രസംഗവേലയുടെ ഗതിവേഗം കുറച്ചു. 1916 ഒക്ടോബറിൽ റസ്സൽ സഹോദരൻ മരിച്ചതിനുശേഷം സംഘടനയ്ക്കുള്ളിൽനിന്നുതന്നെ എതിർപ്പുകൾ ഉയർന്നുവന്നത് അവസ്ഥ പിന്നെയും വഷളാക്കി. വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ ഏഴു ഡയറക്ടർമാരിൽ നാലു പേർ, റഥർഫോർഡ് സഹോദരനെ നേതൃത്വം ഏൽപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിനെതിരെ മത്സരിച്ചു. അവർ സഹോദരങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു. എന്നാൽ 1917 ആഗസ്റ്റിൽ അവർ ബെഥേൽ വിട്ടുപോയി. അത് തീർച്ചയായും ഒരു ശുദ്ധീകരണമായിരുന്നു. കൂടാതെ ചിലർ മാനുഷഭയത്തിന് അടിപ്പെട്ടു. എന്നിരുന്നാലും യേശു നടത്തിയ ശുദ്ധീകരണത്തോട് ഒരു കൂട്ടമെന്നനിലയിൽ ബൈബിൾവിദ്യാർഥികൾ മനസ്സോടെ പ്രതികരിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. അതുകൊണ്ട് അവർ ഗോതമ്പ് അഥവാ സത്യക്രിസ്ത്യാനികൾ ആണെന്ന് യേശു വിധിച്ചു. എന്നാൽ അവൻ ക്രൈസ്തവലോകത്തിലെ സഭകളിലുള്ളവർ ഉൾപ്പെടെ എല്ലാ അനുകരണക്രിസ്ത്യാനികളെയും തള്ളിക്കളഞ്ഞു. (മലാ. 3:5; 2 തിമൊ. 2:19) തുടർന്ന് എന്തു സംഭവിച്ചു? അതു മനസ്സിലാക്കാൻ നമുക്ക് ഗോതമ്പിന്റെയും കളകളുടെയും ഉപമയുടെ പരിചിന്തനത്തിലേക്ക് മടങ്ങിപ്പോകാം.
കൊയ്ത്തുകാലം തുടങ്ങിയശേഷം എന്തു സംഭവിക്കും?
9, 10. (എ) കൊയ്ത്തുകാലത്തെപ്പറ്റി നാം ഇപ്പോൾ എന്തു പരിചിന്തിക്കും? (ബി) കൊയ്ത്തുകാലത്ത് ആദ്യം എന്താണ് സംഭവിച്ചത്?
9 “കൊയ്ത്ത് യുഗസമാപ്തി”യാണെന്ന് യേശു പറഞ്ഞു. (മത്താ. 13:39) കൊയ്ത്തുകാലം 1914-ൽ തുടങ്ങി. ആ കാലഘട്ടത്തിൽ നടക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞ അഞ്ചു സംഭവങ്ങൾ നമുക്ക് പരിചിന്തിക്കാം.
10 ഒന്ന്, കളകൾ പറിച്ചുകൂട്ടുന്നു. യേശു പറയുന്നു: ‘കൊയ്ത്തുകാലത്ത് ഞാൻ കൊയ്ത്തുകാരോട്, ആദ്യം കളകൾ പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിന് കെട്ടുകളാക്കുവിൻ എന്നു കൽപ്പിക്കും.’ 1914-നുശേഷം ‘രാജ്യത്തിന്റെ (അഭിഷിക്തരായ) പുത്രന്മാരിൽനിന്നും’ കളസമാന ക്രിസ്ത്യാനികളെ വേർതിരിച്ചുകൊണ്ട് ദൂതന്മാർ കളകൾ ‘പറിച്ചുകൂട്ടാൻ’ തുടങ്ങി.—മത്താ. 13:30, 38, 41.
11. സത്യക്രിസ്ത്യാനികളെ അനുകരണക്രിസ്ത്യാനികളിൽനിന്ന് ഇന്നോളം വ്യത്യസ്തരാക്കി നിറുത്തിയിരിക്കുന്നത് എന്ത്?
11 പറിച്ചുകൂട്ടൽ പുരോഗമിച്ചപ്പോൾ രണ്ടു കൂട്ടരും തമ്മിലുള്ള വ്യത്യാസം ഒന്നിനൊന്ന് ദൃശ്യമായിവന്നു. (വെളി. 18:1, 4) മഹാബാബിലോൺ വീണുകഴിഞ്ഞു എന്ന് 1919-ഓടെ വ്യക്തമായി. അനുകരണക്രിസ്ത്യാനികളിൽനിന്ന് സത്യക്രിസ്ത്യാനികളെ വിശേഷാൽ വേർതിരിച്ചു നിറുത്തിയത് എന്തായിരുന്നു? പ്രസംഗവേല. രാജ്യപ്രസംഗവേലയിൽ ഓരോരുത്തരും വ്യക്തിപരമായി പങ്കുപറ്റേണ്ടതിന്റെ പ്രാധാന്യത്തിന് ബൈബിൾവിദ്യാർഥികളുടെ ഇടയിൽ നേതൃത്വം എടുത്തിരുന്നവർ ഊന്നൽ നൽകാൻ തുടങ്ങി. ഉദാഹരണത്തിന്, 1919-ൽ പ്രസിദ്ധീകരിച്ച, വേല ഭരമേൽപ്പിക്കപ്പെട്ടവർക്ക് (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം വീടുതോറുമുള്ള വേലയിൽ പങ്കുപറ്റാൻ എല്ലാ അഭിഷിക്തക്രിസ്ത്യാനികളെയും ആഹ്വാനം ചെയ്തു. അത് ഇങ്ങനെ പ്രസ്താവിച്ചു: “വേല അതിബൃഹത്തായി തോന്നിയേക്കാം, എന്നാൽ അത് കർത്താവിന്റെ വേലയാണ്. അവന്റെ ശക്തിയാൽ നാം അത് നിർവഹിക്കും. അതിൽ പങ്കുപറ്റാനുള്ള പദവി നിങ്ങൾക്കുണ്ട്.” എന്തായിരുന്നു പ്രതികരണം? 1922-ലെ വീക്ഷാഗോപുരം റിപ്പോർട്ടു ചെയ്തതുപോലെ, ആ സമയം മുതൽ ബൈബിൾവിദ്യാർഥികൾ തങ്ങളുടെ പ്രസംഗപ്രവർത്തനം ഊർജിതപ്പെടുത്തി. അധികം താമസിയാതെ വീടുതോറുമുള്ള പ്രസംഗവേല ആ വിശ്വസ്തക്രിസ്ത്യാനികളുടെ മുഖമുദ്രയായിത്തീർന്നു. അത് ഇന്നുവരെയും അങ്ങനെതന്നെയാണ്.
12. ഗോതമ്പുവർഗത്തിന്റെ ശേഖരണം എപ്പോൾ മുതൽ നടന്നുവരുന്നു?
12 രണ്ട്, ഗോതമ്പ് ശേഖരിക്കുന്നു. യേശു തന്റെ ദൂതന്മാരോട് ആജ്ഞാപിക്കുന്നു: “ഗോതമ്പ് എന്റെ കളപ്പുരയിൽ കൂട്ടിവെക്കുവിൻ.” (മത്താ. 13:30) 1919 മുതൽ പുനഃസ്ഥിതീകരിക്കപ്പെട്ട ക്രിസ്തീയസഭയിലേക്ക് അഭിഷിക്തർ ശേഖരിക്കപ്പെട്ടുവരുകയാണ്. ഈ വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ ഭൂമിയിൽ ജീവനോടെയിരിക്കുന്ന അഭിഷിക്തക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, അവരുടെ അന്തിമശേഖരണം നടക്കുന്നത് അവർക്ക് സ്വർഗീയപ്രതിഫലം ലഭിക്കുമ്പോഴാണ്.—ദാനീ. 7:18, 21, 27.
13. ക്രൈസ്തവലോകത്തിന്റെയും മഹാബാബിലോണിന്റെ ശേഷിച്ച ഭാഗത്തിന്റെയും ഇപ്പോഴത്തെ മനോഭാവത്തെക്കുറിച്ച് വെളിപാട് 18:7 എന്ത് വെളിപ്പെടുത്തുന്നു?
13 മൂന്ന്, കരച്ചിലും പല്ലുകടിയും. ദൂതന്മാർ കളകൾ കെട്ടുകളാക്കിയശേഷം എന്തു സംഭവിക്കുന്നു? കളവർഗത്തിന്റെ അവസ്ഥയെക്കുറിച്ച് വർണിക്കവെ, യേശു ഇങ്ങനെ പ്രസ്താവിക്കുന്നു: “അവിടെ അവരുടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.” (മത്താ. 13:42) അത് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുകയാണോ? അല്ല. മഹാവേശ്യയുടെ ഭാഗമായ ക്രൈസ്തവലോകം, തന്നെക്കുറിച്ചുതന്നെ, “ഞാൻ രാജ്ഞിയായി വാഴുന്നു; ഞാൻ വിധവയല്ല; എനിക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല” എന്ന് ഇപ്പോഴും മേനിനടിക്കുകയാണ്. (വെളി. 18:7) കാര്യങ്ങൾ തങ്ങളുടെ പൂർണനിയന്ത്രണത്തിലാണെന്ന് ക്രൈസ്തവലോകം കരുതുന്നു. എന്തിന്, രാഷ്ട്രീയ നേതൃനിരയുടെമേൽ താൻ ഒരു ‘രാജ്ഞിയായി’ വിരാജിക്കുകയാണ് എന്നാണ് അവളുടെ ഭാവം. അതെ, കളകൾ പ്രതിനിധാനം ചെയ്യുന്ന വ്യാജക്രിസ്ത്യാനികൾ ഇപ്പോൾ വീമ്പിളക്കുകയാണ്, വിലപിക്കുകയല്ല. എന്നാൽ ആ അവസ്ഥ പൊടുന്നനെ മാറും.
14. (എ) അനുകരണക്രിസ്ത്യാനികൾ ‘പല്ലുകടിക്കുന്നത്’ എപ്പോൾ, എന്തുകൊണ്ട്? (ബി) മത്തായി 13:42-ന്റെ പുതുക്കിയ ഗ്രാഹ്യം എങ്ങനെയാണ് സങ്കീർത്തനം 112:10-ലെ ആശയവുമായി ചേർച്ചയിലായിരിക്കുന്നത്? (പിൻകുറിപ്പ് കാണുക.)
14 മഹാകഷ്ടത്തിന്റെ സമയത്ത് സകല സംഘടിതവ്യാജമതങ്ങളും നശിപ്പിക്കപ്പെട്ടശേഷം അവയുടെ മുന്നനുചാരികൾ സംരക്ഷണത്തിനുവേണ്ടി പരക്കംപായും. പക്ഷേ, സുരക്ഷിതമായ ഒളിയിടങ്ങളൊന്നും അവർ കണ്ടെത്തുകയില്ല. (ലൂക്കോ. 23:30; വെളി. 6:15-17) ഒടുവിൽ, നാശത്തിൽനിന്ന് രക്ഷപ്പെടാനാവില്ല എന്നു തിരിച്ചറിയുമ്പോൾ അവർ നിരാശിതരായി വിലപിക്കുകയും കോപംകൊണ്ട് ‘പല്ലുകടിക്കുകയും’ ചെയ്യും. മഹാകഷ്ടത്തെക്കുറിച്ചുള്ള തന്റെ പ്രവചനത്തിൽ യേശു മുൻകൂട്ടിപ്പറയുന്നതുപോലെ ആ ഇരുണ്ടനിമിഷത്തിൽ അവർ “മാറത്തടിച്ചു വിലപിക്കും.”e—മത്താ. 24:30; വെളി. 1:7.
15. കളകൾക്ക് എന്തു സംഭവിക്കും, അത് എപ്പോഴായിരിക്കും നടക്കുക?
15 നാല്, തീച്ചൂളയിൽ എറിഞ്ഞുകളയും. കെട്ടുകളായി കെട്ടിയ കളകൾക്ക് എന്തു സംഭവിക്കും? ദൂതന്മാർ അവരെ “തീച്ചൂളയിൽ എറിഞ്ഞുകളയും.” (മത്താ. 13:42) അത് സമ്പൂർണനാശത്തെ അർഥമാക്കുന്നു. അതുകൊണ്ട്, വ്യാജമതസംഘടനകളുടെ ആ മുന്നനുചാരികൾ മഹാകഷ്ടത്തിന്റെ അവസാനഭാഗമായ അർമ്മഗെദ്ദോനിൽ നശിപ്പിക്കപ്പെടും.—മലാ. 4:1.
16, 17. (എ) യേശു തന്റെ ഉപമയിൽ പരാമർശിക്കുന്ന അവസാനസംഭവം ഏതാണ്? (ബി) ആ സംഭവത്തിന്റെ നിവൃത്തി ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ എന്ന് നാം നിഗമനം ചെയ്യുന്നത് എന്തുകൊണ്ട്?
16 അഞ്ച്, സൂര്യനെപ്പോലെ പ്രകാശിക്കും. യേശു ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ പ്രവചനം ഉപസംഹരിക്കുന്നു: “അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.” (മത്താ. 13:43) എപ്പോൾ, എവിടെയായിരിക്കും അതു സംഭവിക്കുക? ഈ വാക്കുകൾ ഭാവിയിൽ നിറവേറാനുള്ളതാണ്. ഭൂമിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രവർത്തനമായിട്ടല്ല, പ്രത്യുത ഭാവിയിൽ സ്വർഗത്തിൽ നടക്കാനുള്ള ഒരു സംഭവമായിട്ടാണ് യേശു ഇത് മുൻകൂട്ടിപ്പറഞ്ഞത്.f ഈ നിഗമനത്തിന് ഉപോദ്ബലകമായ രണ്ടു കാരണങ്ങൾ പരിചിന്തിക്കുക.
17 ഒന്നാമതായി, “എപ്പോൾ” എന്ന ചോദ്യം എടുക്കാം. യേശു പറഞ്ഞു: “അന്നു നീതിമാന്മാർ . . . സൂര്യനെപ്പോലെ പ്രകാശിക്കും.” “അന്ന്” എന്ന പ്രയോഗം യേശു തൊട്ടുമുമ്പു പരാമർശിച്ച, ‘കളകളെ തീച്ചൂളയിൽ എറിഞ്ഞുകളയുന്ന’ സംഭവത്തെയാണ് സാധ്യതയനുസരിച്ച് പരാമർശിക്കുന്നത്. അത് മഹാകഷ്ടത്തിന്റെ അന്തിമഭാഗത്താണ് സംഭവിക്കുന്നത്. അങ്ങനെയാകുമ്പോൾ, അഭിഷിക്തർ “സൂര്യനെപ്പോലെ പ്രകാശിക്കും” എന്നുള്ളതും ഭാവിയിൽ അതേ സമയത്താണ് സംഭവിക്കേണ്ടത്. രണ്ടാമതായി, “എവിടെ” എന്ന ചോദ്യം എടുക്കാം. നീതിമാന്മാർ ‘രാജ്യത്തിൽ പ്രകാശിക്കും’ എന്നാണ് യേശു പറഞ്ഞത്. എന്താണ് അതിന്റെ അർഥം? മഹാകഷ്ടത്തിന്റെ ആദ്യഭാഗം അരങ്ങേറിയതിനുശേഷവും ഭൂമിയിൽ ജീവിച്ചിരിക്കുന്ന വിശ്വസ്തരായ എല്ലാ അഭിഷിക്തരും അതിനോടകംതന്നെ അവരുടെ അന്തിമമുദ്രയിടൽ ലഭിച്ചുകഴിഞ്ഞവരായിരിക്കും. തുടർന്ന്, മഹാകഷ്ടത്തെപ്പറ്റിയുള്ള യേശുവിന്റെ പ്രവചനത്തിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ അവർ സ്വർഗത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടും. (മത്താ. 24:31) അവിടെ അവർ “തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ” പ്രകാശിക്കും. അർമ്മഗെദ്ദോൻ യുദ്ധത്തിനുശേഷം അധികം വൈകാതെ യേശുവിന്റെ ആഹ്ലാദഭരിതയായ മണവാട്ടിയെന്നനിലയിൽ ‘കുഞ്ഞാടിന്റെ കല്യാണത്തിൽ’ അവർ പങ്കുചേരും.—വെളി. 19:6-9.
നമുക്കുള്ള പ്രയോജനം
18, 19. ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള യേശുവിന്റെ ഉപമ സംബന്ധിച്ച ഗ്രാഹ്യം ഏതൊക്കെ വിധങ്ങളിലാണ് നമുക്ക് വ്യക്തിപരമായി പ്രയോജനം ചെയ്യുന്നത്?
18 ഈ ഉപമ നൽകുന്ന വിശാലദൃശ്യത്തിൽനിന്ന് നാം എങ്ങനെയാണ് വ്യക്തിപരമായി പ്രയോജനം നേടുന്നത്? മൂന്നു വിധങ്ങൾ ചിന്തിക്കുക. ഒന്നാമതായി, അത് നമ്മുടെ ഉൾക്കാഴ്ച ആഴമുള്ളതാക്കുന്നു. യഹോവ ദുഷ്ടത അനുവദിച്ചിരിക്കുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം ഈ ഉപമ വെളിപ്പെടുത്തുന്നു. ഗോതമ്പുവർഗമാകുന്ന ‘കരുണാപാത്രങ്ങളെ’ ഒരുക്കാനായിട്ടാണ് ‘ദൈവം ക്രോധപാത്രങ്ങളെ സഹിച്ചത്.’g (റോമ. 9:22-24) രണ്ടാമതായി, അതു നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നു. അന്ത്യം അടുത്തുവരവെ നമ്മുടെ ശത്രുക്കൾ നമുക്കെതിരെയുള്ള പോരാട്ടം ഊർജിതപ്പെടുത്തും. എന്നാൽ അവർ “ജയിക്കയില്ല.” (യിരെമ്യാവു 1:19 വായിക്കുക.) കഴിഞ്ഞ യുഗങ്ങളിലുടനീളം യഹോവ ഗോതമ്പുവർഗത്തെ പരിരക്ഷിച്ചു. അതുപോലെതന്നെ, വരാനിരിക്കുന്ന “എല്ലാനാളും” യേശുവും ദൂതന്മാരും മുഖാന്തരം നമ്മുടെ സ്വർഗീയപിതാവ് നമ്മോടുകൂടെയും ഉണ്ടായിരിക്കും.—മത്താ. 28:20.
19 മൂന്നാമതായി, ഗോതമ്പുവർഗത്തെ തിരിച്ചറിയാൻ ഈ ഉപമ നമ്മെ പ്രാപ്തരാക്കുന്നു. അത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഗോതമ്പുസമാന ക്രിസ്ത്യാനികൾ ആരാണെന്ന് തിരിച്ചറിയുന്നത്, അന്ത്യനാളുകളെക്കുറിച്ചുള്ള യേശുവിന്റെ വിപുലമായ പ്രവചനത്തിൽ അവൻ ഉയർത്തിയ ഒരു സവിശേഷചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സഹായിക്കും. അവൻ ചോദിച്ചു: “വിശ്വസ്തനും വിവേകിയുമായ അടിമ ആർ?” (മത്താ. 24:45) പിൻവരുന്ന രണ്ടു ലേഖനങ്ങൾ ആ ചോദ്യത്തിനുള്ള തൃപ്തികരമായ ഉത്തരം നൽകും.
a ഖണ്ഡിക 2: (1) ഉപമയുടെ ഇതരഭാഗങ്ങളുടെ അർഥം സംബന്ധിച്ച് ഓർമ പുതുക്കാനായി 2010 മാർച്ച് 15 ലക്കം വീക്ഷാഗോപുരത്തിലെ ‘നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും’ എന്ന ലേഖനം വായിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
b ഖണ്ഡിക 3: (2) യേശുവിന്റെ അപ്പൊസ്തലന്മാർ അപ്പോഴേക്കും മരിച്ചുകഴിഞ്ഞിരുന്നു. ഭൂമിയിൽ ശേഷിക്കുന്ന അഭിഷിക്തരെയാകട്ടെ വേലക്കാർ എന്നല്ല ഗോതമ്പ് എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് വേലക്കാർ ദൂതന്മാരെ ചിത്രീകരിക്കുന്നു. ഉപമയിൽ പിന്നീട് കള പറിച്ചുകൂട്ടുന്നവരെ ദൂതന്മാരായി തിരിച്ചറിയിക്കുകയും ചെയ്യുന്നുണ്ട്.—മത്താ. 13:39.
c ഖണ്ഡിക 6: (3) ഗ്രാഹ്യത്തിൽ വന്ന ഒരു മാറ്റമാണ് ഇത്. യേശു പരിശോധന നടത്തിയത് 1918-ൽ ആണെന്നാണ് നാം മുമ്പ് വിചാരിച്ചിരുന്നത്.
d ഖണ്ഡിക 7: (4) ബൈബിൾവിദ്യാർഥികൾ, 1910 മുതൽ 1914 വരെയുള്ള സമയത്ത് 40,00,000-ഓളം പുസ്തകങ്ങളും 20,00,00,000-ലധികം ലഘുലേഖകളും ചെറുപുസ്തകങ്ങളും വിതരണം ചെയ്തു.
e ഖണ്ഡിക 14: (5) മത്തായി 13:42 സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിൽ വന്ന ഒരു മാറ്റമാണ് ഇത്. അനുകരണക്രിസ്ത്യാനികൾ പതിറ്റാണ്ടുകളായി കരയുകയും പല്ലുകടിക്കുകയും ചെയ്തുകൊണ്ടാണിരിക്കുന്നത് എന്ന് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ മുമ്പ് പ്രസ്താവിച്ചിരുന്നു. “രാജ്യത്തിന്റെ പുത്രന്മാർ” അനുകരണക്രിസ്ത്യാനികളുടെ തനിനിറം തുറന്നുകാട്ടിക്കൊണ്ട് അവരെ “ദുഷ്ടനായവന്റെ പുത്രന്മാർ” എന്ന് വെളിപ്പെടുത്തുന്നതിനാൽ അവർ ഇപ്പോൾ പ്രലപിക്കുകയാണെന്നാണ് നാം കരുതിയിരുന്നത്. (മത്താ. 13:38) എന്നാൽ ‘പല്ലുകടി’ എന്ന പ്രസ്താവം നാശത്തോട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കുറിക്കൊള്ളേണ്ടതാണ്.—സങ്കീ. 112:10.
f ഖണ്ഡിക 16: (6) “ബുദ്ധിമാന്മാർ (അഭിഷിക്തക്രിസ്ത്യാനികൾ) ആകാശമണ്ഡലത്തിന്റെ പ്രഭപോലെ . . . പ്രകാശിക്കും” എന്ന് ദാനീയേൽ 12:3 പറയുന്നു. ഭൂമിയിലായിരിക്കെ പ്രസംഗവേലയിൽ പങ്കുപറ്റിക്കൊണ്ടാണ് അവർ ഇത് ചെയ്യുന്നത്. എന്നാൽ മത്തായി 13:43, അവർ സ്വർഗീയരാജ്യത്തിൽ പ്രകാശിക്കുന്ന സമയത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഈ രണ്ടു തിരുവെഴുത്തുകളും ഒരേ പ്രവർത്തനത്തെ, അതായത് പ്രസംഗവേലയെ പരാമർശിക്കുന്നു എന്നാണ് നാം മുമ്പ് കരുതിയിരുന്നത്.
g ഖണ്ഡിക 18: (7) യഹോവയോട് അടുത്തു ചെല്ലുവിൻ പുസ്തകം, 288-289 പേജുകൾ കാണുക.