പഠനലേഖനം 31
യഹോവയ്ക്കായി കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണോ?
“ദൈവത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും.”—മീഖ 7:7.
ഗീതം 128 അവസാനത്തോളം സഹിച്ചുനിൽക്കുക
പൂർവാവലോകനംa
1-2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
നിങ്ങൾക്ക് അത്യാവശ്യമുള്ള ഒരു സാധനം ആരെങ്കിലും അയച്ചിട്ട് നിങ്ങൾ പ്രതീക്ഷിക്കുന്ന സമയത്ത് അതു കൈയിൽ കിട്ടാതിരുന്നാൽ നിങ്ങൾക്ക് എന്തു തോന്നും? ആകെ സങ്കടമാകും അല്ലേ? സുഭാഷിതങ്ങൾ 13:12-ൽ പറയുന്നത് എത്ര സത്യമാണ്! “പ്രതീക്ഷകൾ നിറവേറാൻ വൈകുമ്പോൾ ഹൃദയം തകരുന്നു.” എന്നാൽ നിങ്ങൾ പ്രതീക്ഷിച്ച സമയത്ത് സാധനം എത്താത്തതിന്റെ കാരണം അറിയുന്നെങ്കിലോ? അപ്പോൾ ക്ഷമയോടെ കാത്തിരിക്കാൻ നിങ്ങൾ തയ്യാറാകും.
2 ‘ക്ഷമയോടെ കാത്തിരിക്കാൻ’ നമ്മളെ സഹായിക്കുന്ന ചില ബൈബിൾ തത്ത്വങ്ങളെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. (മീഖ 7:7) യഹോവ പ്രവർത്തിക്കുന്നതിനുവേണ്ടി കാത്തിരിക്കേണ്ട രണ്ടു സാഹചര്യങ്ങളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും. ഇനി, ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറുള്ളവർക്ക് യഹോവ നൽകാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും നമ്മൾ കാണും.
ക്ഷമയോടെ കാത്തിരിക്കാൻ പഠിപ്പിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ
3. സുഭാഷിതങ്ങൾ 13:11-ൽനിന്ന് നമുക്ക് എന്തു പഠിക്കാം?
3 തിരക്കുകൂട്ടാതെ ക്ഷമയോടിരിക്കുന്നതിന്റെ പ്രയോജനം മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു തിരുവെഴുത്താണു സുഭാഷിതങ്ങൾ 13:11. അവിടെ പറയുന്നു: “പെട്ടെന്ന് ഉണ്ടാക്കുന്ന സമ്പത്തു കുറഞ്ഞുകുറഞ്ഞുപോകും; എന്നാൽ അൽപ്പാൽപ്പമായി നേടുന്ന സമ്പത്തു കൂടിക്കൂടിവരും.” ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? വളരെ ശ്രദ്ധിച്ച്, ക്ഷമയോടെ കാര്യങ്ങൾ ചെയ്യുന്നെങ്കിൽ അതുകൊണ്ട് നല്ല ഫലമുണ്ടാകും.
4. സുഭാഷിതങ്ങൾ 4:18-ൽനിന്ന് നമുക്ക് എന്തു പഠിക്കാം?
4 സുഭാഷിതങ്ങൾ 4:18 പറയുന്നു: “നീതിമാന്മാരുടെ പാത പ്രഭാതത്തിൽ തെളിയുന്ന വെളിച്ചംപോലെയാണ്; നട്ടുച്ചവരെ അതു കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു.” ഈ വാക്കുകൾ യഹോവ തന്റെ ഉദ്ദേശ്യം നമുക്കു വെളിപ്പെടുത്തിത്തരുന്ന രീതിയെയാണു സൂചിപ്പിക്കുന്നത്. പടിപടിയായിട്ടാണ് യഹോവ അതു ചെയ്യുന്നത്. ഒരു ക്രിസ്ത്യാനി തന്റെ ജീവിതത്തിൽ മാറ്റങ്ങളൊക്കെ വരുത്തി യഹോവയോടു കൂടുതൽക്കൂടുതൽ അടുക്കുന്നത് എങ്ങനെയാണെന്നു മനസ്സിലാക്കാനും ഈ വാക്യം സഹായിക്കും. അത് ഒറ്റയടിക്കു സംഭവിക്കുന്ന ഒരു കാര്യമല്ല. അതിനു സമയമെടുക്കും. ദൈവം തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും നമുക്ക് ഉപദേശങ്ങൾ തരുന്നുണ്ട്. അവ ആത്മാർഥമായി പഠിക്കുകയും അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണു പതിയെപ്പതിയെ നമ്മുടെ ജീവിതത്തിൽ ക്രിസ്തീയഗുണങ്ങൾ വളരുന്നതും ദൈവത്തെക്കുറിച്ചുള്ള അറിവ് വർധിക്കുന്നതും. യേശു അത് ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് പറഞ്ഞത് എങ്ങനെയാണെന്നു നമുക്കു നോക്കാം.
5. ഒരു വ്യക്തി ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ സമയമെടുക്കും എന്നു കാണിക്കാൻ യേശു ഏതു ദൃഷ്ടാന്തമാണ് ഉപയോഗിച്ചത്?
5 നമ്മൾ അറിയിക്കുന്ന രാജ്യസന്ദേശത്തിന്റെ വിത്ത് ആത്മാർഥഹൃദയരായ ആളുകളുടെ ഉള്ളിൽ പതിയെപ്പതിയെ വളരുന്നത് എങ്ങനെയാണെന്നു യേശു ഒരു ദൃഷ്ടാന്തത്തിലൂടെ വിശദീകരിച്ചു. യേശു പറഞ്ഞു: “വിത്തു മുളച്ച് വളരുന്നത് എങ്ങനെയെന്ന് അയാൾ (വിതക്കാരൻ) അറിയുന്നില്ല. ആദ്യം നാമ്പ്, പിന്നെ കതിർ, ഒടുവിൽ കതിർ നിറയെ ധാന്യമണികൾ. ഇങ്ങനെ, പടിപടിയായി മണ്ണു സ്വയം ഫലം വിളയിക്കുന്നു.” (മർക്കോ. 4:27, 28) യേശു എന്താണ് ഉദ്ദേശിച്ചത്? ഒരു ചെടി അൽപ്പാൽപ്പമായി വളരുന്നതുപോലെ, രാജ്യസന്ദേശം സ്വീകരിക്കുന്ന ഒരാളും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതു പടിപടിയായിട്ടായിരിക്കും. ഉദാഹരണത്തിന്, ഒരു ബൈബിൾവിദ്യാർഥി യഹോവയോടു കൂടുതൽക്കൂടുതൽ അടുക്കുമ്പോൾ അദ്ദേഹം ജീവിതത്തിൽ നല്ലനല്ല മാറ്റങ്ങൾ വരുത്തുന്നതു നമുക്കു കാണാനാകും. (എഫെ. 4:22-24) എന്നാൽ ആ ചെറിയ വിത്ത് വളർത്തുന്നത് യഹോവയാണെന്ന കാര്യം നമ്മൾ എപ്പോഴും ഓർക്കണം.—1 കൊരി. 3:7.
6-7. യഹോവ ഭൂമിയെ സൃഷ്ടിച്ച വിധത്തിൽനിന്നും നമുക്ക് എന്തു പഠിക്കാം?
6 യഹോവ ഒരു കാര്യം ചെയ്യുമ്പോൾ അത് ഏറ്റവും നന്നായി പൂർത്തിയാക്കുന്നതിന്, ഒട്ടും തിരക്കുകൂട്ടാതെ ആവശ്യത്തിനു സമയമെടുത്താണു ചെയ്യുന്നത്. ദൈവനാമത്തിന്റെ മഹത്ത്വത്തിനും മറ്റുള്ളവരുടെ പ്രയോജനത്തിനും വേണ്ടിയാണു ദൈവം അങ്ങനെ ചെയ്യുന്നത്. അതിന്റെ നല്ലൊരു ഉദാഹരണമാണു മനുഷ്യർക്കുവേണ്ടി ദൈവം ഭൂമിയെ ഒരുക്കിയ വിധം. പടിപടിയായിട്ടാണ് യഹോവ അതു ചെയ്തത്.
7 യഹോവ ഭൂമിയെ സൃഷ്ടിച്ചതിനെക്കുറിച്ച് വിവരിക്കുമ്പോൾ ദൈവം അതിന് ‘അളവുകൾ നിശ്ചയിച്ചെന്നും’ അതിന്റെ ‘അടിസ്ഥാനം ഉറപ്പിച്ചു’ എന്നും അതിനു ‘മൂലക്കല്ല് ഇട്ടു’ എന്നും ബൈബിൾ പറയുന്നു. (ഇയ്യോ. 38:5, 7) കൂടാതെ താൻ ചെയ്തതൊക്കെ എങ്ങനെയുണ്ടെന്നു നോക്കാനും ദൈവം സമയമെടുത്തു. (ഉൽപ. 1:10, 12) യഹോവ പടിപടിയായി ഓരോന്നും സൃഷ്ടിക്കുന്നതു കണ്ടപ്പോൾ ദൈവദൂതന്മാർക്ക് എത്ര സന്തോഷം തോന്നിക്കാണും! ഒരു ഘട്ടത്തിൽ അവർ ‘ആനന്ദഘോഷം മുഴക്കി’ എന്നു നമ്മൾ വായിക്കുന്നു. (ഇയ്യോ. 38:6) ഇതിൽനിന്നെല്ലാം യഹോവയെക്കുറിച്ച് നമ്മൾ എന്താണു പഠിക്കുന്നത്? ആയിരക്കണക്കിനു വർഷങ്ങൾകൊണ്ടാണ് യഹോവ നക്ഷത്രങ്ങളെയും ഭൂമിയെയും അതിലെ ജീവജാലങ്ങളെയും ഒക്കെ സൃഷ്ടിച്ചത്. അതുകൊണ്ട് പ്രയോജനമുണ്ടായി. അവസാനം താൻ ശ്രദ്ധയോടെ ഉണ്ടാക്കിയതെല്ലാം വിലയിരുത്തിയിട്ട് ‘വളരെ നല്ലത്’ എന്നാണു ദൈവം പറഞ്ഞത്.—ഉൽപ. 1:31.
8. നമ്മൾ ഇനി എന്താണു പഠിക്കാൻ പോകുന്നത്?
8 നമ്മൾ കണ്ടു കഴിഞ്ഞതുപോലെ ക്ഷമയോടെ കാത്തിരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ധാരാളം തത്ത്വങ്ങൾ ബൈബിളിൽ കാണാം. യഹോവയ്ക്കായി കാത്തിരിക്കേണ്ട രണ്ടു സാഹചര്യങ്ങളെക്കുറിച്ചാണു നമ്മൾ ഇനി കാണാൻ പോകുന്നത്.
യഹോവയ്ക്കായി കാത്തിരിക്കേണ്ടിവന്നേക്കാവുന്ന ചില സാഹചര്യങ്ങൾ
9. യഹോവയ്ക്കായി നമ്മൾ കാത്തിരിക്കേണ്ടിവരുന്ന ഒരു സാഹചര്യം ഏതാണ്?
9 നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം കിട്ടുന്നതിനായി കാത്തിരിക്കേണ്ടിവന്നേക്കാം. ഒരു പരിശോധനയെ നേരിടാനുള്ള ശക്തിക്കായോ ഒരു ബലഹീനതയെ മറികടക്കാനുള്ള സഹായത്തിനായോ പ്രാർഥിക്കുമ്പോൾ യഹോവ പെട്ടെന്ന് ഉത്തരം തരാത്തതായി നമുക്കു തോന്നിയേക്കാം. എന്തുകൊണ്ടാണ് യഹോവ നമ്മുടെ എല്ലാ പ്രാർഥനകൾക്കും ഉടനടി ഉത്തരം തരാത്തത്?
10. പ്രാർഥനയ്ക്ക് ഉത്തരം കിട്ടാൻ നമ്മൾ ക്ഷമയോടെ കാത്തിരിക്കേണ്ടത് എന്തുകൊണ്ട്?
10 യഹോവ നമ്മുടെ പ്രാർഥനകൾ ശ്രദ്ധിച്ച് കേൾക്കുന്നു. (സങ്കീ. 65:2) നമ്മുടെ ആത്മാർഥമായ പ്രാർഥനകൾ യഹോവയിലുള്ള നമ്മുടെ വിശ്വാസത്തിന്റെ തെളിവായിട്ടാണ് യഹോവ കാണുന്നത്. (എബ്രാ. 11:6) നമ്മുടെ പ്രാർഥനയ്ക്കു ചേർച്ചയിൽ ജീവിക്കാൻ, യഹോവയുടെ ഇഷ്ടം ചെയ്യാൻ, നമ്മൾ എത്രത്തോളം തയ്യാറാണെന്ന് യഹോവ നോക്കും. (1 യോഹ. 3:22) അതുകൊണ്ട് നമുക്കുള്ള ഒരു ദുശ്ശീലമോ ബലഹീനതയോ മറികടക്കാൻ ശ്രമിക്കുമ്പോൾ ക്ഷമയോടെ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കണം. നമ്മുടെ പ്രാർഥനയ്ക്കു ചിലപ്പോൾ പെട്ടെന്നൊന്നും ഉത്തരം കിട്ടില്ലെന്നു യേശുവും സൂചിപ്പിച്ചു. യേശു പറഞ്ഞു: “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും. അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കൂ, നിങ്ങൾക്കു തുറന്നുകിട്ടും. കാരണം, ചോദിക്കുന്നവർക്കെല്ലാം കിട്ടുന്നു. അന്വേഷിക്കുന്നവരെല്ലാം കണ്ടെത്തുന്നു. മുട്ടുന്നവർക്കെല്ലാം തുറന്നുകിട്ടുന്നു.” (മത്താ. 7:7, 8) ഈ ഉപദേശത്തിനു ചേർച്ചയിൽ നമ്മൾ ‘മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരുന്നാൽ’ നമ്മുടെ സ്വർഗീയ പിതാവ് ആ പ്രാർഥന കേൾക്കുകയും അതിന് ഉത്തരം തരുകയും ചെയ്യുമെന്നുള്ളത് ഉറപ്പാണ്.—കൊലോ. 4:2.
11. പ്രാർഥനയ്ക്ക് ഉത്തരം കിട്ടാൻ വൈകുന്നതായി തോന്നുമ്പോൾ 1 പത്രോസ് 5:6 നമ്മളെ സഹായിക്കുന്നത് എങ്ങനെ?
11 ചിലപ്പോൾ നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടാൻ വൈകുന്നതായി നമുക്കു തോന്നിയേക്കാമെങ്കിലും “തക്കസമയത്ത്” ഉത്തരം തരുമെന്ന് യഹോവ വാക്കു തന്നിട്ടുണ്ട്. (1 പത്രോസ് 5:6 വായിക്കുക.) അതുകൊണ്ട് നമ്മൾ വിചാരിക്കുന്ന അത്ര പെട്ടെന്ന് ഉത്തരം കിട്ടിയില്ലെങ്കിൽ ഒരിക്കലും യഹോവയെ കുറ്റപ്പെടുത്തരുത്. ഉദാഹരണത്തിന് ദൈവരാജ്യം ഈ ദുഷ്ടലോകത്തെ നശിപ്പിക്കുന്നതു കാണാൻ എത്രയോ വർഷങ്ങളായി ആളുകൾ പ്രാർഥിക്കുന്നു. അതിനായി പ്രാർഥിക്കാൻ യേശു നമ്മളോടു പറയുകപോലും ചെയ്തതാണ്. (മത്താ. 6:10) എന്നാൽ നമ്മൾ വിചാരിച്ച സമയത്ത് അന്ത്യം വന്നില്ല എന്നുകരുതി നമ്മൾ ദൈവത്തെ ഉപേക്ഷിച്ചാൽ അത് എത്ര മണ്ടത്തരമായിരിക്കും! (ഹബ. 2:3; മത്താ. 24:44) എന്തായാലും കൃത്യസമയത്തുതന്നെ അന്ത്യം വരും. കാരണം യഹോവ അതിനുള്ള “ദിവസവും മണിക്കൂറും” മുമ്പേതന്നെ തീരുമാനിച്ചുവെച്ചിട്ടുണ്ട്. അതായിരിക്കും അതിന് ഏറ്റവും പറ്റിയ സമയവും. അതുകൊണ്ട് നമ്മൾ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരിക്കുകയും വിശ്വാസത്തോടെ പ്രാർഥിക്കുകയും ചെയ്യുന്നതായിരിക്കില്ലേ ബുദ്ധി?—മത്താ. 24:36; 2 പത്രോ. 3:15.
12. നമുക്കു ക്ഷമയോടെ കാത്തിരിക്കാൻ വളരെ ബുദ്ധിമുട്ടു തോന്നിയേക്കാവുന്ന ഒരു സാഹചര്യം ഏതാണ്?
12 നീതി നടപ്പാകുന്നതു കാണാൻ നമ്മൾ കാത്തിരിക്കേണ്ടിവന്നേക്കാം. സംസ്കാരത്തിന്റെയോ വംശത്തിന്റെയോ ഭാഷയുടെയോ ഒക്കെ പേരിൽ പലരും ഇന്ന് അനീതി സഹിക്കുന്നുണ്ട്. വേറെ ചിലർക്കു ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങൾ കാരണം മോശമായ പെരുമാറ്റം സഹിക്കേണ്ടിവരുന്നു. ഇനി, യഹോവയുടെ ജനത്തിനാണെങ്കിൽ തങ്ങളുടെ വിശ്വാസത്തിന്റെ പേരിലും അന്യായം സഹിക്കേണ്ടിവരുന്നുണ്ട്. ഇത്തരം അനുഭവങ്ങളൊക്കെ ഉണ്ടാകുമ്പോൾ നമ്മൾ യേശുവിന്റെ വാക്കുകൾ ഓർക്കണം. യേശു പറഞ്ഞു: “അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.” (മത്താ. 24:13) എന്നാൽ സഭയിൽ ആരെങ്കിലും ഗുരുതരമായ ഒരു തെറ്റു ചെയ്യുന്നതായി നിങ്ങൾ അറിഞ്ഞാലോ? മൂപ്പന്മാർ കാര്യം അറിഞ്ഞിരിക്കുന്ന സ്ഥിതിക്ക് ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ അവർ അതു കൈകാര്യം ചെയ്യാൻവേണ്ടി നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുമോ? മൂപ്പന്മാർ എങ്ങനെയാണ് അതു കൈകാര്യം ചെയ്യുന്നതെന്നു നമുക്കു നോക്കാം.
13. ആരെങ്കിലും ഗുരുതരമായ ഒരു തെറ്റു ചെയ്താൽ ആ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നത്?
13 സഭയിൽ ആരെങ്കിലും ഗുരുതരമായ ഒരു തെറ്റു ചെയ്തതായി അറിഞ്ഞാൽ മൂപ്പന്മാർ ‘ഉയരത്തിൽനിന്നുള്ള ജ്ഞാനത്തിനായി’ പ്രാർഥിക്കും. (യാക്കോ. 3:17) ഈ കാര്യത്തെ യഹോവ എങ്ങനെയാണു കാണുന്നതെന്നു മനസ്സിലാക്കാൻ അത് അവരെ സഹായിക്കും. പാപം ചെയ്ത വ്യക്തിയെ ‘തെറ്റായ വഴിയിൽനിന്ന് നേർവഴിക്കു കൊണ്ടുവരുക’ എന്നതാണു മൂപ്പന്മാരുടെ ലക്ഷ്യം. (യാക്കോ. 5:19, 20) കൂടാതെ സഭയെ സംരക്ഷിക്കാനും ആ വ്യക്തിയുടെ തെറ്റു കാരണം വേദന അനുഭവിക്കേണ്ടിവന്നവരെ ആശ്വസിപ്പിക്കാനും അവർ പരമാവധി ശ്രമിക്കും. (2 കൊരി. 1:3, 4) ആരെങ്കിലും ഗുരുതരമായ തെറ്റു ചെയ്തെന്ന് അറിഞ്ഞാൽ ആദ്യംതന്നെ ശരിക്കും എന്താണ് സംഭവിച്ചതെന്നു മൂപ്പന്മാർ കണ്ടെത്തണം. അതിനു കുറച്ച് സമയമെടുത്തേക്കാം. അതിനു ശേഷം അവർ പ്രാർഥനാപൂർവം ശ്രദ്ധയോടെ തെറ്റു ചെയ്ത വ്യക്തിക്ക് തിരുവെഴുത്തുകളിൽനിന്നുള്ള ഉപദേശവും “ന്യായമായ തോതിൽ” തിരുത്തലും നൽകും. (യിരെ. 30:11) ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതു മൂപ്പന്മാർ പിന്നത്തേക്കു മാറ്റിവെക്കില്ല. അതേസമയം തിരക്കുകൂട്ടി പെട്ടെന്നൊരു തീരുമാനമെടുക്കുകയുമില്ല. യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ മുഴുസഭയ്ക്കും അതിന്റെ പ്രയോജനം ലഭിക്കും. എങ്കിലും ചിലപ്പോൾ മൂപ്പന്മാർ പ്രശ്നം എത്ര നന്നായി കൈകാര്യം ചെയ്താലും നിരപരാധിയായ വ്യക്തിയുടെ വിഷമം മുഴുവൻ മാറണമെന്നില്ല. നിങ്ങൾക്ക് അങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ ആ സങ്കടം കുറയ്ക്കാൻ എന്തു ചെയ്യാം?
14. സഹോദരങ്ങളിൽ ആരെങ്കിലും നമ്മളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആശ്വാസം കണ്ടെത്താൻ ബൈബിളിലെ ആരുടെ ദൃഷ്ടാന്തം നമ്മളെ സഹായിക്കും?
14 ഒരു സഹോദരനോ സഹോദരിയോ നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ യഹോവ ആ പ്രശ്നം പരിഹരിക്കുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാൻ സഹായിക്കുന്ന നല്ല മാതൃകകൾ ബൈബിളിലുണ്ട്. അതിനു നല്ല ഒരു ഉദാഹരണമാണ് യോസേഫ്. സ്വന്തം ചേട്ടന്മാർതന്നെ യോസേഫിനോടു വളരെ മോശമായി പെരുമാറി. അവരുടെ മോശം പെരുമാറ്റം തന്റെ സ്വഭാവത്തെ മാറ്റിമറിക്കാൻ യോസേഫ് ഒരിക്കലും അനുവദിച്ചില്ല. തനിക്ക് അത്തരം മോശമായ അനുഭവങ്ങളൊക്കെ ഉണ്ടായപ്പോഴും യഹോവയുടെ ഇഷ്ടം ചെയ്യുന്നതിലായിരുന്നു യോസേഫിന്റെ ശ്രദ്ധ. യോസേഫ് അങ്ങനെ ക്ഷമയോടെ സഹിച്ചുനിന്നതുകൊണ്ട് യഹോവ അദ്ദേഹത്തെ അനുഗ്രഹിച്ചു. (ഉൽപ. 39:21) കാലങ്ങൾ കഴിഞ്ഞപ്പോൾ, തന്നെ ദ്രോഹിച്ചവരോടൊക്കെ ക്ഷമിക്കാനും യഹോവ തന്നെ എത്രമാത്രം അനുഗ്രഹിച്ചിരിക്കുന്നെന്നു തിരിച്ചറിയാനും യോസേഫിനു കഴിഞ്ഞു. (ഉൽപ. 45:5) ആരെങ്കിലും നമ്മളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ യോസേഫിനെപ്പോലെ നമുക്കും യഹോവയോട് അടുത്തുചെല്ലാം. ഉചിതമായ സമയത്ത് യഹോവ കാര്യങ്ങൾ നേരെയാക്കുന്നതുവരെ കാത്തിരിക്കാം. അതു സന്തോഷത്തോടെയിരിക്കാൻ നമ്മളെ സഹായിക്കും.—സങ്കീ. 7:17; 73:28.
15. ദ്രോഹം സഹിക്കാനും മനസ്സമാധാനം വീണ്ടെടുക്കാനും ഒരു സഹോദരിയെ സഹായിച്ചത് എന്താണ്?
15 യോസേഫിനുണ്ടായതുപോലുള്ള അത്ര വലിയ പ്രശ്നമൊന്നും നമുക്കു ചിലപ്പോൾ നേരിടണമെന്നില്ല. എങ്കിലും ആരെങ്കിലും നമ്മളോടു മോശമായി പെരുമാറിയാൽ നമുക്കു വിഷമമുണ്ടാകും, അതു സ്വാഭാവികമാണ്. മറ്റുള്ളവരുമായി ഒരു പ്രശ്നമുണ്ടാകുമ്പോൾ നമ്മൾ ബൈബിൾതത്ത്വങ്ങൾ അനുസരിക്കുന്നെങ്കിൽ അതുകൊണ്ടു പ്രയോജനമുണ്ട്, അത് യഹോവയെ ആരാധിക്കാത്ത ആളുകളുമായിട്ടാണെങ്കിൽപ്പോലും. (ഫിലി. 2:3, 4) ഒരു സഹോദരിയുടെ അനുഭവം നമുക്കു നോക്കാം. കൂടെ ജോലി ചെയ്യുന്ന ഒരാൾ തന്നെക്കുറിച്ച് ഇല്ലാത്തതൊക്കെ പറഞ്ഞുനടക്കുന്നതായി സഹോദരി അറിഞ്ഞു. എടുത്തുചാടി ഒന്നും ചെയ്യാതെ സഹോദരി സമയമെടുത്ത് യേശുവിന്റെ മാതൃകയെക്കുറിച്ച് ചിന്തിച്ചു. ആളുകൾ യേശുവിനെ അപമാനിച്ചെങ്കിലും യേശു തിരിച്ച് അതുപോലെ ചെയ്തില്ല. (1 പത്രോ. 2:21, 23) അതുതന്നെയാണു സഹോദരിയും ചെയ്തത്. ആ പ്രശ്നം വിട്ടുകളയാൻ സഹോദരി തീരുമാനിച്ചു. തന്റെ ആ സഹപ്രവർത്തകയ്ക്കു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അവർ കടുത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്നും പിന്നീടു സഹോദരി അറിയാനിടയായി. അതുകൊണ്ട് ആ സ്ത്രീ അങ്ങനെയൊക്കെ പറഞ്ഞത്, തന്നെ ദ്രോഹിക്കുകയെന്ന ലക്ഷ്യത്തിലായിരിക്കില്ലെന്നു സഹോദരി ചിന്തിച്ചു. താൻ ക്ഷമയോടെ അതെല്ലാം സഹിച്ചത് എത്ര നന്നായെന്ന് ഓർത്ത് സഹോദരിക്കു സന്തോഷം തോന്നി.
16. നിങ്ങൾ അനീതി സഹിക്കുന്നുണ്ടെങ്കിൽ ഏതു കാര്യം നിങ്ങളെ ആശ്വസിപ്പിക്കും? (1 പത്രോസ് 3:12)
16 നിങ്ങൾക്ക് അനീതി സഹിക്കേണ്ടിവരുകയോ ആരെങ്കിലും നിങ്ങളെ വേദനിപ്പിക്കുകയോ ചെയ്താൽ ഇതോർക്കുക: “യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്.” (സങ്കീ. 34:18) പ്രശ്നങ്ങളൊക്കെയുണ്ടാകുമ്പോൾ അതെല്ലാം ക്ഷമയോടെ സഹിക്കുകയും ഭാരങ്ങൾ യഹോവയുടെ മേൽ ഇടുകയും ചെയ്യുന്ന നിങ്ങളെ യഹോവ സ്നേഹിക്കുന്നു. (സങ്കീ. 55:22) മുഴുഭൂമിയുടെയും ന്യായാധിപൻ യഹോവയാണ്. യഹോവ എല്ലാം കാണുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. (1 പത്രോസ് 3:12 വായിക്കുക.) അതുകൊണ്ടു നിങ്ങൾക്കു പരിഹരിക്കാനാകാത്ത ഗുരുതരമായ ഒരു പ്രശ്നം നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ ക്ഷമയോടെ യഹോവയ്ക്കായി കാത്തിരിക്കുക.
യഹോവയ്ക്കായി കാത്തിരിക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ
17. യശയ്യ 30:18-ൽ യഹോവ നമുക്ക് എന്തു വാക്കു തന്നിട്ടുണ്ട്?
17 നമ്മുടെ സ്വർഗീയ പിതാവ് പെട്ടെന്നുതന്നെ ദൈവരാജ്യഭരണത്തിലൂടെ നമ്മളെ സമൃദ്ധമായി അനുഗ്രഹിക്കും. യശയ്യ 30:18 ഇങ്ങനെ പറയുന്നു: “നിങ്ങളോടു കരുണ കാണിക്കാൻ യഹോവ ക്ഷമയോടെ കാത്തിരിക്കുന്നു, നിങ്ങളോടു കനിവ് കാട്ടാൻ ദൈവം എഴുന്നേൽക്കും. യഹോവ ന്യായത്തിന്റെ ദൈവമല്ലോ. ദൈവത്തിനുവേണ്ടി കാത്തിരിക്കുന്ന എല്ലാവരും സന്തുഷ്ടർ.” യഹോവയ്ക്കായി കാത്തിരിക്കുന്നവർക്ക് ഇപ്പോഴും വരാനിരിക്കുന്ന പുതിയ ലോകത്തിലും അനേകം അനുഗ്രഹങ്ങൾ ലഭിക്കും.
18. എന്തെല്ലാം അനുഗ്രഹങ്ങളാണു നമ്മളെ കാത്തിരിക്കുന്നത്?
18 പുതിയ ലോകത്തിൽ ദൈവജനത്തിന് അവർ ഇന്ന് അനുഭവിക്കുന്നതുപോലുള്ള ഉത്കണ്ഠകളോ പ്രയാസങ്ങളോ ഒന്നും സഹിക്കേണ്ടി വരില്ല. അനീതിയോ വേദനയോ അവിടെ ഉണ്ടായിരിക്കില്ല. (വെളി. 21:4) നമുക്ക് ആവശ്യമുള്ളതെല്ലാം അവിടെ സമൃദ്ധമായുണ്ടാകും. അതുകൊണ്ട് അതെക്കുറിച്ചൊന്നും ഉത്കണ്ഠപ്പെടേണ്ടിവരില്ല. (സങ്കീ. 72:16; യശ. 54:13) അത് എത്ര വലിയ ഒരു സന്തോഷമായിരിക്കും!
19. യഹോവ നമ്മളെ എന്തിനായി ഒരുക്കിക്കൊണ്ടിരിക്കുകയാണ്?
19 ദൈവരാജ്യത്തിൻകീഴിലെ പ്രജകളായിരിക്കാൻ യഹോവ നമ്മളെ ഇപ്പോൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി, ദുശ്ശീലങ്ങൾ മറികടക്കാനും നല്ലനല്ല ഗുണങ്ങൾ വളർത്തിയെടുക്കാനും യഹോവ നമ്മളെ സഹായിക്കുന്നു. അതുകൊണ്ടു പ്രശ്നങ്ങൾ ഉണ്ടായാലും മടുത്തുപോകരുത്. യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയരുത്. താൻ ചെയ്യുമെന്നു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ യഹോവ പൂർത്തിയാക്കുന്നതുവരെ നമുക്കു ക്ഷമയോടെ, സന്തോഷത്തോടെ കാത്തിരിക്കാം. ശരിക്കും മഹത്തായ ഒരു ഭാവിയാണു നമുക്കു മുന്നിലുള്ളത്.
ഗീതം 118 “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”
a വളരെക്കാലമായി യഹോവയെ സേവിക്കുന്ന ആരെങ്കിലും ഇങ്ങനെ പറയുന്നതു നിങ്ങൾ കേട്ടിട്ടുണ്ടോ: “ഈ ദുഷ്ടവ്യവസ്ഥിതി ഇത്രയും നീണ്ടുപോകുമെന്നു ഞാൻ ഒട്ടും വിചാരിച്ചില്ല.” കഷ്ടതകളെല്ലാം ഒന്നിനൊന്നു കൂടിക്കൊണ്ടിരിക്കുന്നതുകൊണ്ട് യഹോവ ഇതൊക്കെയൊന്ന് അവസാനിപ്പിക്കുന്നതു കാണാൻ നമ്മളെല്ലാം ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ക്ഷമയോടെ കാത്തിരിക്കാൻ നമ്മൾ പഠിക്കണം. യഹോവയ്ക്കായി കാത്തിരിക്കാൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ നമ്മൾ ഈ ലേഖനത്തിൽ പഠിക്കും. യഹോവ പ്രവർത്തിക്കുന്നതിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ട രണ്ടു സാഹചര്യങ്ങളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും. ഇനി, മനസ്സോടെ കാത്തിരിക്കുന്നവർക്ക് യഹോവ നൽകാനിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചും കാണും.
b ചിത്രക്കുറിപ്പ്: കുഞ്ഞുന്നാൾ മുതലേ ഒരു സഹോദരി യഹോവയോടു പതിവായി പ്രാർഥിച്ചിരുന്നു. എങ്ങനെ പ്രാർഥിക്കണമെന്നു ചെറുപ്പത്തിൽ മാതാപിതാക്കൾ സഹോദരിയെ പഠിപ്പിച്ചു. കൗമാരത്തിൽ മുൻനിരസേവനം തുടങ്ങിയ സഹോദരി തന്റെ ശുശ്രൂഷയെ അനുഗ്രഹിക്കേണമേ എന്ന് യഹോവയോടു കൂടെക്കൂടെ പ്രാർഥിച്ചു. വർഷങ്ങൾക്കുശേഷം ഭർത്താവിന് തീരെ സുഖമില്ലാതായപ്പോൾ ആ പരിശോധനയെ നേരിടാനുള്ള ശക്തിക്കായി സഹോദരി യഹോവയോട് ഉള്ളുരുകി പ്രാർഥിച്ചു. ഇപ്പോൾ സഹോദരി ഒരു വിധവയാണ്. ഇന്നും മടുത്തുപോകാതെ യഹോവയോടു പ്രാർഥിക്കുന്നു. തന്റെ ജീവിതത്തിൽ ഉടനീളം ചെയ്തതുപോലെ ഇനിയും തന്റെ പ്രാർഥനകൾക്ക് യഹോവ ഉത്തരം തരുമെന്നു സഹോദരിക്ക് ഉറപ്പുണ്ട്.