വെളിപാട് 17-ാം അധ്യായത്തിലെ കടുംചുവപ്പ് നിറമുള്ള കാട്ടുമൃഗം എന്താണ്?
ബൈബിളിന്റെ ഉത്തരം
വെളിപാട് 17-ാം അധ്യായത്തിലെ കടുംചുവപ്പ് നിറമുള്ള കാട്ടുമൃഗം, ലോകരാഷ്ട്രങ്ങളെ ഒന്നിപ്പിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ സ്ഥാപിതമായ ഒരു സംഘടനയുടെ പ്രതീകമാണ്. ഇത് ആദ്യം സർവരാജ്യസഖ്യം എന്ന പേരിലും ഇപ്പോൾ ഐക്യരാഷ്ട്ര സംഘടന എന്ന പേരിലും അറിയപ്പെടുന്നു.
കടുംചുവപ്പ് നിറമുള്ള കാട്ടുമൃഗത്തെ തിരിച്ചറിയാനുള്ള താക്കോലുകൾ
ഒരു രാഷ്ട്രീയസംഘടന. കടുംചുവപ്പ് നിറമുള്ള കാട്ടുമൃഗത്തിന്റെ “ഏഴുതല,” ‘ഏഴുപർവതത്തെയും,’ ‘ഏഴുരാജാക്കന്മാരെയും’ അഥവാ ഭരണാധികാരങ്ങളെയും കുറിക്കുന്നതായി പറയപ്പെട്ടിരിക്കുന്നു. (വെളിപാട് 17:9, 10) പർവതങ്ങൾ, കാട്ടുമൃഗങ്ങൾ എന്നിവ ബൈബിളിൽ പലപ്പോഴും ഭരണാധികാരങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.—യിരെമ്യ 51:24, 25; ദാനിയേൽ 2:44, 45; 7:17, 23.
ലോകരാഷ്ട്രീയ വ്യവസ്ഥിതിയുമായി സാമ്യം. കടുംചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന് ലോകരാഷ്ട്രീയ വ്യവസ്ഥിതിയെ പ്രതിനിധീകരിക്കുന്ന, വെളിപാട് 13-ാം അധ്യായത്തിലെ ഏഴു തലയുള്ള കാട്ടുമൃഗവുമായി സാമ്യമുണ്ട്. രണ്ടു മൃഗത്തിനും ഏഴുതലയും പത്തുകൊമ്പും ദൈവദൂഷണനാമങ്ങളും കാണുന്നു. (വെളിപാട് 13:1; 17:3) ഈ സാമ്യങ്ങൾ ഒത്തുവന്നിരിക്കുന്നത് ശ്രദ്ധേയമാണ്. കടുംചുവപ്പു നിറമുള്ള കാട്ടുമൃഗം ലോകരാഷ്ട്രീയ വ്യവസ്ഥിതിയുടെ പ്രതിമയാണ് അഥവാ പ്രതിബിംബമാണ്.—വെളിപാട് 13:15.
അധികാരം, മറ്റ് ഭരണാധികാരങ്ങളിൽനിന്ന്. കടുംചുവപ്പു നിറമുള്ള കാട്ടുമൃഗം ‘ഉത്ഭവിക്കുന്നത്’ അഥവാ നിലനില്പിന് കടപ്പെട്ടിരിക്കുന്നത് മറ്റ് ഭരണശക്തികളോടാണ്.—വെളിപാട് 17:11, 17.
മതങ്ങളുമായുള്ള അഭേദ്യമായ ബന്ധം. ലോകത്തിലെ വ്യാജമതങ്ങളുടെ സംഘടിതരൂപമായ മഹതിയാം ബാബിലോൺ കടുംചുവപ്പു നിറമുള്ള കാട്ടുമൃഗത്തിന്മേൽ ഇരിക്കുന്നതായി സൂചിപ്പിക്കുന്നത്, കാട്ടുമൃഗം മതവിഭാഗങ്ങളാൽ സ്വാധീനിക്കപ്പെടുന്നു എന്നാണ്.—വെളിപാട് 17:3-5.
ദൈവത്തെ അപമാനിക്കുന്നു. മൃഗത്തിന് നിറയെ “ദൈവദൂഷണനാമങ്ങൾ” ഉണ്ട്.—വെളിപാട് 17:3.
താത്കാലികമായ നിഷ്ക്രിയത്വം. കടുംചുവപ്പു നിറമുള്ള കാട്ടുമൃഗം താത്കാലികമായി ‘അഗാധത്തിലായിരിക്കും’ അഥവാ നിഷ്ക്രിയത്വത്തിലായിരിക്കും.a എന്നാൽ, പിന്നീട് അത് തിരിച്ചുവരും.—വെളിപാട് 17:8
ബൈബിൾപ്രവചനം സത്യമായിത്തീരുന്നു.
ഐക്യരാഷ്ട്ര സംഘടനയും അതിന്റെ മുൻഗാമിയായിരുന്ന സർവരാജ്യ സഖ്യവും, കാട്ടുമൃഗത്തെക്കുറിച്ചുള്ള ബൈബിളിന്റെ പ്രവചനം നിവർത്തിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ഒരു രാഷ്ട്രീയസംഘടന. ഐക്യരാഷ്ട്ര സംഘടന ‘അതിലെ അംഗരാഷ്ട്രങ്ങളുടെ പരമമായ തുല്യത’b ഉയർത്തിപ്പിടിച്ചുകൊണ്ട് ഈ രാഷ്ട്രീയവ്യവസ്ഥിതിയെ പിന്താങ്ങുന്നു.
ലോകരാഷ്ട്രീയ വ്യവസ്ഥിതിയുമായി സാമ്യം. 2011-ൽ ഐക്യരാഷ്ട്ര സംഘടന അതിന്റെ 193-ാമത്തെ അംഗത്തെ ചേർക്കുകയുണ്ടായി. അങ്ങനെ, ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളെയും ജനതകളെയും പ്രതിനിധീകരിക്കുന്നതായി അത് അവകാശപ്പെടുന്നു.
അധികാരം, മറ്റ് ഭരണാധികാരങ്ങളിൽനിന്ന്. ഐക്യരാഷ്ട്ര സംഘടന, നിലനിൽപ്പിന് അംഗരാജ്യങ്ങളെ ആശ്രയിക്കുന്നതിനാൽ അവ അനുവദിച്ചുകൊടുക്കുന്ന അധികാരവും ശക്തിയും മാത്രമേ ഇതിനുള്ളൂ.
മതങ്ങളുമായുള്ള അഭേദ്യമായ ബന്ധം. സർവരാജ്യ സഖ്യത്തിനും ഐക്യരാഷ്ട്ര സംഘടനയ്ക്കും ലോകത്തിലെ മതങ്ങളുടെ പിന്തുണ എക്കാലവും ലഭിച്ചിട്ടുണ്ട്.c
ദൈവത്തെ അപമാനിക്കുന്നു. ഐക്യരാഷ്ട്ര സംഘടന സ്ഥാപിക്കപ്പെട്ടത് “അന്താരാഷ്ട്രസമാധാനവും സുരക്ഷിതത്വവും നിലനിറുത്തുന്നതിനു” വേണ്ടിയായിരുന്നു.d ലക്ഷ്യം പ്രശംസാർഹമായി തോന്നാമെങ്കിലും ഈ സംഘടന യഥാർഥത്തിൽ ദൈവം തന്റെ രാജ്യത്തിലൂടെ നിറവേറ്റുമെന്ന് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യുമെന്ന് അവകാശപ്പെട്ടുകൊണ്ട് ദൈവത്തെ അപമാനിക്കുകയാണ്.—സങ്കീർത്തനങ്ങൾ 46:9; ദാനീയേൽ 2:44.
താത്കാലികമായ നിഷ്ക്രിയത്വം. ഒന്നാം ലോകയുദ്ധം തീർന്നയുടനെ സമാധാനം നിലനിറുത്തുന്നതിനായി സ്ഥാപിക്കപ്പെട്ട സർവരാജ്യ സഖ്യത്തിന് അന്താരാഷ്ട്രതലത്തിൽ യുദ്ധങ്ങൾ തടയാൻ കഴിഞ്ഞില്ല. എന്നാൽ, 1939-ൽ രണ്ടാം ലോകയുദ്ധം ആരംഭിച്ചപ്പോൾ സഖ്യത്തിന്റെ പ്രവർത്തനം നിലച്ചു. 1945-ൽ രണ്ടാം ലോകയുദ്ധം അവസാനിച്ചതിനു ശേഷം ഐക്യരാഷ്ട്ര സംഘടന രൂപംകൊണ്ടു. അതിന്റെ ഉദ്ദേശ്യം, രീതി, ഘടന എന്നിവയെല്ലാം സർവരാജ്യസഖ്യത്തോട് അടുത്തസാമ്യമുള്ളതായിരുന്നു.
a ഒരു ബൈബിൾനിഘണ്ടു (Vine’s Expository Dictionary of Old and New Testament Words) പറയുന്നതനുസരിച്ച്, ‘അഗാധം’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന് “അളന്നുതിട്ടപ്പെടുത്താൻ പറ്റാത്തത്ര ആഴം” എന്ന അർഥമാണുള്ളത്. ജയിംസ് രാജാവിന്റെ ഭാഷാന്തരം ഇതിനെ “അടിഭാഗമില്ലാത്ത ഗർത്തം” എന്ന് പരിഭാഷപ്പെടുത്തുന്നു. എന്നാൽ, ബൈബിളിൽ ഈ പദം തടവറയെയോ പൂർണമായ നിഷ്ക്രിയാവസ്ഥയെയോ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.
b ഐക്യരാഷ്ട്രങ്ങളുടെ ചാർട്ടറിന്റെ ആർട്ടിക്കിൾ 2 കാണുക.
c ഉദാഹരണത്തിന്, അമേരിക്കയിലെ ഡസൻകണക്കിന് പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു കൗൺസിൽ 1918-ൽ, “ഭൂമിയിലെ ദൈവരാജ്യത്തിന്റെ രാഷ്ട്രീയ ഭാവമാണ്” സഖ്യമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. 1965-ൽ, ബുദ്ധമതം, കത്തോലിക്കാമതം, കിഴക്കൻ ഓർത്തഡോക്സ് സഭകൾ, ഹിന്ദുമതം, ഇസ്ലാംമതം, ജൂതമതം, പ്രൊട്ടസ്റ്റന്റ് മതവിഭാഗങ്ങൾ എന്നിവയുടെ പ്രതിനിധികൾ ഐക്യരാഷ്ട്ര സംഘടനയ്ക്കുവേണ്ടി പ്രാർഥിക്കാനും പിന്തുണയ്ക്കാനും ആയി സാൻ ഫ്രാൻസിസ്കോയിൽ സമ്മേളിച്ചു. 1979-ൽ, ഐക്യരാഷ്ട്ര സംഘടന “സമാധാനത്തിന്റെയും നീതിയുടെയും പരമോന്നതവേദിയായി എന്നും നിലകൊള്ളും” എന്ന് ജോൺ പോൾ രണ്ടാമൻ പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
d ഐക്യരാഷ്ട്രങ്ങളുടെ ചാർട്ടറിന്റെ ആർട്ടിക്കിൾ 1 കാണുക.