തൂണിലും തുരുമ്പിലും ദൈവമുണ്ടോ?
ബൈബിളിന്റെ ഉത്തരം
ദൈവത്തിന് എല്ലാം കാണാനും എവിടെയും എന്തും പ്രവർത്തിക്കാനും കഴിയും. (സുഭാഷിതങ്ങൾ 15:3; എബ്രായർ 4:13) എന്നാൽ ദൈവം സർവവ്യാപിയാണെന്ന്, അതായത് തൂണിലും തുരുമ്പിലും എല്ലായിടത്തും ദൈവമുണ്ടെന്ന്, ബൈബിൾ പഠിപ്പിക്കുന്നില്ല. പകരം, ദൈവം ഒരു വ്യക്തിയാണെന്നും ദൈവത്തിന് ഒരു വാസസ്ഥലമുണ്ടെന്നും ആണ് ബൈബിൾ പറയുന്നത്.
ദൈവത്തിന്റെ രൂപം: ദൈവം ഒരു ആത്മവ്യക്തിയാണ്. (യോഹന്നാൻ 4:24) മനുഷ്യർക്കു ദൈവത്തെ കാണാൻ കഴിയില്ല. (യോഹന്നാൻ 1:18) ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനങ്ങൾ ദൈവത്തിന് ഒരു വാസസ്ഥലമുള്ളതായി ചിത്രീകരിക്കുന്നു. ദൈവം എല്ലായിടത്തുമുള്ളതായി എവിടെയും പറഞ്ഞിട്ടില്ല.—യശയ്യ 6:1, 2; വെളിപാട് 4:2, 3, 8.
ദൈവത്തിന്റെ വാസസ്ഥലം: ദൈവം ആത്മമണ്ഡലത്തിലാണു വസിക്കുന്നത്, അത് ഭൗതികപ്രപഞ്ചത്തിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. ആ ആത്മമണ്ഡലത്തിലെ ‘സ്വർഗത്തിൽ’ ദൈവത്തിന് ഒരു ‘വാസസ്ഥലമുണ്ട്’. (1 രാജാക്കന്മാർ 8:30) ആത്മവ്യക്തികളായ ദൂതന്മാർ ഒരിക്കൽ “യഹോവയുടെ സന്നിധിയിൽ”a ചെന്നുനിന്നെന്ന് ബൈബിളിൽ പറയുന്നുണ്ട്. അതു കാണിക്കുന്നത്, ദൈവത്തിന് ഒരു പ്രത്യേക വാസസ്ഥലമുണ്ടെന്നാണ്.—ഇയ്യോബ് 1:6.
ദൈവം സർവവ്യാപിയല്ലെങ്കിൽപ്പിന്നെ എങ്ങനെയാണ് ദൈവത്തിന് എന്നെ സഹായിക്കാനാകുക?
സഹായിക്കാനാകും. കാരണം, ഓരോരുത്തരെയുംകുറിച്ച് ദൈവത്തിനു ചിന്തയുണ്ട്. സ്വർഗത്തിലാണ് ദൈവത്തിന്റെ വാസസ്ഥലമെങ്കിലും തന്നെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരെ ദൈവം ശ്രദ്ധിക്കുകയും അവർക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. (1 രാജാക്കന്മാർ 8:39; 2 ദിനവൃത്താന്തം 16:9) ആത്മാർഥഹൃദയരായ ആരാധകരെ യഹോവ സഹായിക്കുന്ന ചില വിധങ്ങൾ നോക്കാം:
പ്രാർഥിക്കുമ്പോൾ: നിങ്ങൾ പ്രാർഥിക്കുന്ന ആ നിമിഷംതന്നെ യഹോവ അതു കേൾക്കുന്നു.—2 ദിനവൃത്താന്തം 18:31.
വിഷമിച്ചിരിക്കുമ്പോൾ: “യഹോവ ഹൃദയം തകർന്നവരുടെ അരികിലുണ്ട്; മനസ്സു തകർന്നവരെ ദൈവം രക്ഷിക്കുന്നു.”—സങ്കീർത്തനം 34:18.
മാർഗനിർദേശം ആവശ്യമായിരിക്കുമ്പോൾ: തന്റെ വചനമായ ബൈബിളിലൂടെ യഹോവ നിങ്ങൾക്ക് ‘ഉൾക്കാഴ്ച തരും, നിങ്ങളെ പഠിപ്പിക്കും.’—സങ്കീർത്തനം 32:8.
ചില തെറ്റിദ്ധാരണകൾ
തെറ്റിദ്ധാരണ: എല്ലാ സൃഷ്ടിയിലും ദൈവമുണ്ട്.
വസ്തുത: ദൈവം ഭൂമിയിലോ ഭൗതികപ്രപഞ്ചത്തിലോ വസിക്കുന്നില്ല. (1 രാജാക്കന്മാർ 8:27) ആകാശവും നക്ഷത്രങ്ങളും മറ്റു സൃഷ്ടികളും “ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു” എന്നതു ശരിയാണ്. (സങ്കീർത്തനം 19:1) എന്നാൽ, ഒരു ചിത്രകാരൻ താൻ വരച്ച ചിത്രത്തിൽ കുടികൊള്ളാത്തതുപോലെ ദൈവം തന്റെ സൃഷ്ടികളിൽ കുടികൊള്ളുന്നില്ല. എങ്കിലും ഒരു ചിത്രം അതിന്റെ ചിത്രകാരനെക്കുറിച്ച് നമ്മളോടു ചില കഥകൾ പറയും. അതുപോലെ നമുക്കു ദൃശ്യമായ സൃഷ്ടിക്രിയകൾ സ്രഷ്ടാവിന്റെ ശക്തി, ജ്ഞാനം, സ്നേഹം തുടങ്ങിയ ‘അദൃശ്യഗുണങ്ങളെക്കുറിച്ച്’ നമ്മളോടു പറയുന്നു.—റോമർ 1:20.
തെറ്റിദ്ധാരണ: എല്ലാ കാര്യങ്ങളും അറിയാനും ശക്തി പ്രയോഗിക്കാനും കഴിയണമെങ്കിൽ ദൈവം സർവവ്യാപിയായിരിക്കണം.
വസ്തുത: ദൈവത്തിന്റെ ചലനാത്മകശക്തിയായ പരിശുദ്ധാത്മാവ് ദൈവത്തിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് കാര്യങ്ങൾ അറിയാനും എവിടെയും ഏതു സമയത്തും എന്തും പ്രവർത്തിക്കാനും ദൈവത്തിനു കഴിയും. അതിനു ദൈവം അവിടെ പ്രത്യക്ഷപ്പെടണമെന്നില്ല.—സങ്കീർത്തനം 139:7.
തെറ്റിദ്ധാരണ: “ഞാൻ സ്വർഗത്തിലേക്കു കയറിയാൽ അങ്ങ് അവിടെയുണ്ടാകും; ശവക്കുഴിയിൽ കിടക്ക വിരിച്ചാൽ അവിടെയും അങ്ങുണ്ടാകും” എന്ന സങ്കീർത്തനം 139:8-ലെ വാക്കുകൾ ദൈവം സർവവ്യാപിയാണെന്നു പഠിപ്പിക്കുന്നു.
വസ്തുത: ഈ ബൈബിൾവാക്യം ദൈവത്തിന്റെ വാസസ്ഥലത്തെക്കുറിച്ചല്ല പറയുന്നത്. പകരം ദൈവത്തിന് എത്തിപ്പെടാനാകാത്ത ഒരിടംപോലുമില്ലെന്നു കാവ്യാത്മകമായി പറയുകയാണ്. അതെ, ഏതു വിദൂരതയിലും ദൈവത്തിനു പ്രവർത്തിക്കാനാകും!
a യഹോവ എന്നത് ദൈവത്തിന്റെ പേരാണെന്ന് ബൈബിൾ പറയുന്നു.