പുറപ്പാട്
18 ദൈവം മോശയ്ക്കും തന്റെ ജനമായ ഇസ്രായേലിനും വേണ്ടി എന്തെല്ലാം ചെയ്തെന്നും യഹോവ ഇസ്രായേലിനെ ഈജിപ്തിൽനിന്ന് എങ്ങനെ വിടുവിച്ചെന്നും മിദ്യാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനും ആയ യിത്രൊ+ കേട്ടു.+ 2 അമ്മായിയപ്പനായ യിത്രൊയുടെ അടുത്തേക്കു മോശ തന്റെ ഭാര്യ സിപ്പോറയെ മടക്കി അയച്ചപ്പോൾ യിത്രൊ സിപ്പോറയെ വീട്ടിൽ സ്വീകരിച്ചിരുന്നു. 3 സിപ്പോറയോടൊപ്പം അവളുടെ രണ്ട് ആൺമക്കളുമുണ്ടായിരുന്നു.+ “ഞാൻ ഒരു മറുനാട്ടിൽ പരദേശിയായി താമസിക്കുകയാണല്ലോ” എന്നു പറഞ്ഞ് മോശ ഒരു മകനു ഗർശോം*+ എന്നു പേരിട്ടു. 4 “ഫറവോന്റെ വാളിൽനിന്ന് എന്നെ രക്ഷിച്ച എന്റെ പിതാവിന്റെ ദൈവം എനിക്കു സഹായി”+ എന്നു പറഞ്ഞ് മറ്റേ മകന് എലീയേസെർ* എന്നും പേരിട്ടു.
5 മോശയുടെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി അമ്മായിയപ്പനായ യിത്രൊ വിജനഭൂമിയിൽ, സത്യദൈവത്തിന്റെ പർവതത്തിന് അടുത്ത് പാളയമടിച്ചിരുന്ന+ മോശയെ കാണാൻ ചെന്നു. 6 “നിന്റെ അമ്മായിയപ്പനായ യിത്രൊ+ നിന്റെ ഭാര്യയെയും രണ്ടു പുത്രന്മാരെയും കൂട്ടി നിന്റെ അടുത്തേക്കു വരുകയാണ്” എന്നു യിത്രൊ ആളയച്ച് മോശയെ അറിയിച്ചു. 7 ഉടൻതന്നെ മോശ അമ്മായിയപ്പനെ സ്വീകരിക്കാൻ ചെന്നു. മോശ യിത്രൊയുടെ മുന്നിൽ കുമ്പിട്ട് അദ്ദേഹത്തെ ചുംബിച്ചു. അവർ തമ്മിൽത്തമ്മിൽ ക്ഷേമാന്വേഷണം നടത്തിയിട്ട് കൂടാരത്തിന് അകത്തേക്കു പോയി.
8 ഇസ്രായേലിനുവേണ്ടി യഹോവ ഫറവോനോടും ഈജിപ്തിനോടും ചെയ്ത എല്ലാ കാര്യങ്ങളെക്കുറിച്ചും+ വഴിമധ്യേ അവർക്കു നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും+ യഹോവ അവരെ മോചിപ്പിച്ച വിധത്തെക്കുറിച്ചും മോശ അമ്മായിയപ്പനോടു വിവരിച്ചു. 9 ഈജിപ്തിൽനിന്ന് ഇസ്രായേല്യരെ രക്ഷിച്ചുകൊണ്ട് യഹോവ അവർക്കുവേണ്ടി ചെയ്ത നന്മകളെക്കുറിച്ചൊക്കെ കേട്ടപ്പോൾ യിത്രൊയ്ക്കു സന്തോഷമായി. 10 അപ്പോൾ യിത്രൊ പറഞ്ഞു: “ഈജിപ്തിൽനിന്നും ഫറവോനിൽനിന്നും നിങ്ങളെ രക്ഷിച്ചവനും ഈജിപ്തിന്റെ നിയന്ത്രണത്തിൻകീഴിൽനിന്ന് ജനത്തെ രക്ഷിച്ചവനും ആയ യഹോവ വാഴ്ത്തപ്പെടട്ടെ. 11 തന്റെ ജനത്തിന് എതിരെ ഗർവത്തോടെ പെരുമാറിയവരോട് ഇങ്ങനെയൊക്കെ ചെയ്ത യഹോവയാണു മറ്റെല്ലാ ദൈവങ്ങളെക്കാളും ശ്രേഷ്ഠനെന്ന്+ എനിക്ക് ഇപ്പോൾ മനസ്സിലായി.” 12 പിന്നെ മോശയുടെ അമ്മായിയപ്പനായ യിത്രൊ ദൈവത്തിനു ദഹനയാഗവും ബലികളും അർപ്പിക്കാൻ വേണ്ടതു കൊണ്ടുവന്നു. സത്യദൈവത്തിന്റെ സന്നിധിയിൽ മോശയുടെ അമ്മായിയപ്പനോടൊപ്പം ഭക്ഷണം കഴിക്കാൻ അഹരോനും എല്ലാ ഇസ്രായേൽമൂപ്പന്മാരും വന്നുചേർന്നു.
13 അടുത്ത ദിവസം മോശ പതിവുപോലെ, ജനത്തിന്റെ പരാതികൾ കേട്ട് ന്യായത്തീർപ്പു കല്പിക്കാൻ ഇരുന്നു. ജനം മോശയുടെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. രാവിലെമുതൽ വൈകുന്നേരംവരെ അവർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. 14 മോശ ജനത്തിനുവേണ്ടി ചെയ്യുന്നതെല്ലാം കണ്ടപ്പോൾ യിത്രൊ ചോദിച്ചു: “നീ എന്താണ് ഈ ചെയ്യുന്നത്? രാവിലെമുതൽ വൈകുന്നേരംവരെ ജനമെല്ലാം നിന്റെ അടുത്ത് വരുന്നുണ്ടല്ലോ. എന്തിനാണു നീ ഒറ്റയ്ക്ക് ഇതു ചെയ്യുന്നത്?” 15 അപ്പോൾ മോശ പറഞ്ഞു: “ദൈവത്തിന്റെ ഉപദേശം തേടാനാണു ജനം എപ്പോഴും എന്റെ അടുത്ത് വരുന്നത്. 16 ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അവർ അതുമായി എന്റെ അടുത്ത് വരും. ഇരുകക്ഷികൾക്കും മധ്യേ ഞാൻ വിധി കല്പിക്കണം. സത്യദൈവത്തിന്റെ തീരുമാനങ്ങളും നിയമങ്ങളും ഞാൻ അവർക്ക് അറിയിച്ചുകൊടുക്കും.”+
17 അപ്പോൾ മോശയുടെ അമ്മായിയപ്പൻ പറഞ്ഞു: “നീ ഈ ചെയ്യുന്നതു ശരിയല്ല. 18 നീയും നിന്റെ കൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും. കാരണം ഇതു നിനക്കു താങ്ങാനാകാത്ത ഭാരമാണ്. നിനക്ക് ഇത് ഒറ്റയ്ക്കു വഹിക്കാൻ പറ്റില്ല. 19 ഇപ്പോൾ ഞാൻ പറയുന്നതു ശ്രദ്ധിക്കൂ. ഞാൻ നിനക്ക് ഒരു വഴി പറഞ്ഞുതരാം. ദൈവം നിന്റെകൂടെയുണ്ടായിരിക്കുകയും ചെയ്യും.+ നീ സത്യദൈവത്തിന്റെ മുമ്പാകെ ജനത്തിന്റെ പ്രതിനിധിയായി സേവിക്കണം.+ സത്യദൈവത്തിന്റെ മുന്നിൽ പ്രശ്നങ്ങൾ കൊണ്ടുവരുന്നതു നീയായിരിക്കണം.+ 20 നീ അവർക്കു ചട്ടങ്ങളും നിയമങ്ങളും+ പറഞ്ഞുകൊടുക്കണം. നടക്കേണ്ട വഴിയും ചെയ്യേണ്ട പ്രവൃത്തിയും അവരെ അറിയിക്കുകയും വേണം. 21 എന്നാൽ നീ ജനത്തിന്റെ ഇടയിൽനിന്ന് പ്രാപ്തരും+ ദൈവഭയമുള്ളവരും ആശ്രയയോഗ്യരും അന്യായലാഭം വെറുക്കുന്നവരും+ ആയ പുരുഷന്മാരെ തിരഞ്ഞെടുക്കുക. ഇവരെ ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാണിമാരായി നിയമിക്കണം.+ 22 പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ* അവർ ജനത്തിനു വിധി കല്പിക്കട്ടെ. ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ അവർ നിന്റെ അടുത്ത് കൊണ്ടുവരും.+ എന്നാൽ ചെറിയ പ്രശ്നങ്ങൾക്കെല്ലാം അവർതന്നെ തീർപ്പു കല്പിക്കും. ഭാരം വഹിക്കുന്നതിൽ അവരും നിന്നെ സഹായിക്കട്ടെ. അങ്ങനെ നിന്റെ ജോലി എളുപ്പമാക്കുക.+ 23 നീ ഇതു ചെയ്യുന്നെങ്കിൽ—അങ്ങനെ ദൈവം നിന്നോടു കല്പിക്കുന്നപക്ഷം—നിനക്കു തളരാതെ പിടിച്ചുനിൽക്കാനാകും. എല്ലാവരും സംതൃപ്തിയോടെ വീട്ടിൽ പോകുകയും ചെയ്യും.”
24 മോശ അമ്മായിയപ്പന്റെ വാക്കു കേട്ട് അദ്ദേഹം പറഞ്ഞതെല്ലാം ഉടൻതന്നെ ചെയ്തു. 25 മോശ എല്ലാ ഇസ്രായേലിൽനിന്നും പ്രാപ്തരായ പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ജനത്തിനു തലവന്മാരായി നിയമിച്ചു. ഓരോ ആയിരം പേർക്കും ഓരോ നൂറു പേർക്കും ഓരോ അമ്പതു പേർക്കും ഓരോ പത്തു പേർക്കും പ്രമാണിമാരായി അവരെ നിയമിച്ചു. 26 പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അവർ ജനത്തിനു വിധി കല്പിച്ചു. ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ അവർ മോശയുടെ അടുത്ത് കൊണ്ടുവരും.+ എന്നാൽ ചെറിയ പ്രശ്നങ്ങൾക്കെല്ലാം അവർതന്നെ തീർപ്പുകല്പിക്കും. 27 അതിനു ശേഷം മോശ അമ്മായിയപ്പനെ യാത്രയാക്കി.+ യിത്രൊ സ്വദേശത്തേക്കു മടങ്ങി.