ലേവ്യ
7 “‘അപരാധയാഗത്തിന്റെ നിയമം+ ഇതാണ്: ഇത് ഏറ്റവും വിശുദ്ധമാണ്. 2 ദഹനയാഗമൃഗങ്ങളെ അറുക്കുന്ന സ്ഥലത്തുവെച്ചുതന്നെ അപരാധയാഗമൃഗത്തെയും അറുക്കണം. അതിന്റെ രക്തം+ യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കണം.+ 3 കൊഴുപ്പു നിറഞ്ഞ വാലും കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും+ 4 രണ്ടു വൃക്കയും അരയ്ക്കു സമീപത്തുള്ള കൊഴുപ്പും ഉൾപ്പെടെ അതിന്റെ കൊഴുപ്പു മുഴുവനും അവൻ അർപ്പിക്കും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+ 5 അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമായി പുരോഹിതൻ അവ യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.*+ ഇത് ഒരു അപരാധയാഗമാണ്. 6 പുരോഹിതന്മാരായ പുരുഷന്മാരെല്ലാം ഇതു കഴിക്കും.+ വിശുദ്ധമായ ഒരു സ്ഥലത്തുവെച്ച് വേണം കഴിക്കാൻ. ഇത് ഏറ്റവും വിശുദ്ധമാണ്.+ 7 പാപയാഗത്തിന്റെ നിയമം അപരാധയാഗത്തിനും ബാധകമാണ്. യാഗമൃഗം പാപപരിഹാരം വരുത്തുന്ന പുരോഹിതനുള്ളതാണ്.+
8 “‘ആർക്കെങ്കിലുംവേണ്ടി പുരോഹിതൻ ദഹനയാഗം അർപ്പിക്കുന്നെങ്കിൽ ആ മൃഗത്തിന്റെ തോൽ+ പുരോഹിതനുള്ളതാണ്.
9 “‘അടുപ്പിൽ ചുട്ടെടുക്കുന്ന ധാന്യയാഗവും ചട്ടിയിലോ അപ്പക്കല്ലിലോ+ ഉണ്ടാക്കുന്ന ധാന്യയാഗവും അത് അർപ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്. അത് അവനു കിട്ടും.+ 10 എന്നാൽ എണ്ണ ചേർത്ത+ എല്ലാ ധാന്യയാഗവും എണ്ണ ചേർക്കാത്ത+ എല്ലാ ധാന്യയാഗവും അഹരോന്റെ പുത്രന്മാർക്കെല്ലാം തുല്യമായി വീതിച്ചുകിട്ടും.
11 “‘ഒരാൾ യഹോവയ്ക്ക് അർപ്പിക്കുന്ന സഹഭോജനബലിയുടെ+ നിയമം ഇതാണ്: 12 നന്ദിസൂചകമായിട്ടാണ്+ അവൻ അത് അർപ്പിക്കുന്നതെങ്കിൽ, ആ ബലിയുടെകൂടെ എണ്ണ ചേർത്ത, വളയാകൃതിയിലുള്ള, പുളിപ്പില്ലാത്ത അപ്പവും കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്ന, എണ്ണ പുരട്ടിയ, പുളിപ്പില്ലാത്ത അപ്പവും നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് നന്നായി കുഴച്ച് ഉണ്ടാക്കിയ വളയാകൃതിയിലുള്ള അപ്പവും അവൻ അർപ്പിക്കും. 13 ഈ യാഗവും അവൻ സഹഭോജനബലിയായി അർപ്പിക്കുന്ന നന്ദിപ്രകാശനബലിയും കാഴ്ചവെക്കുന്നതു വളയാകൃതിയിലുള്ള പുളിപ്പുള്ള അപ്പത്തോടൊപ്പമായിരിക്കും. 14 ഈ രണ്ടു യാഗത്തിൽനിന്നും ഓരോ അപ്പം വീതം അവൻ യഹോവയ്ക്കു കാഴ്ചവെക്കണം. അതു വിശുദ്ധമായ ഒരു ഓഹരിയാണ്. സഹഭോജനബലികളുടെ രക്തം തളിക്കുന്ന പുരോഹിതനുള്ളതായിരിക്കും അത്.+ 15 താൻ സഹഭോജനബലിയായി അർപ്പിക്കുന്ന നന്ദിപ്രകാശനബലിയുടെ മാംസം അത് അർപ്പിക്കുന്ന ദിവസംതന്നെ അവൻ കഴിക്കണം. അതിൽ ഒട്ടും രാവിലെവരെ വെച്ചേക്കരുത്.+
16 “‘അവൻ അർപ്പിക്കുന്ന ബലി നേർച്ചയോ+ സ്വമനസ്സാലെ നൽകുന്ന കാഴ്ചയോ+ ആണെങ്കിൽ, ആ ബലി അർപ്പിക്കുന്ന ദിവസം അതു കഴിക്കണം. അതിൽ ബാക്കിവരുന്നത് അടുത്ത ദിവസവും കഴിക്കാം. 17 പക്ഷേ, ബലിയുടെ മാംസത്തിൽ വല്ലതും മൂന്നാം ദിവസവും ബാക്കിയുണ്ടെങ്കിൽ അതു തീയിലിട്ട് ചുട്ടുകളയണം.+ 18 സഹഭോജനബലിയുടെ മാംസത്തിൽ വല്ലതും മൂന്നാം ദിവസം കഴിച്ചാൽ അത് അർപ്പിക്കുന്നവനു ദൈവപ്രീതി ലഭിക്കില്ല. അത് അവന്റെ പേരിൽ കണക്കിടുകയുമില്ല. അത് അറപ്പുണ്ടാക്കുന്ന കാര്യമാണ്. അതിൽനിന്ന് കഴിക്കുന്നവൻ ആ തെറ്റിന് ഉത്തരം പറയണം.+ 19 അശുദ്ധമായ എന്തിലെങ്കിലും മാംസം മുട്ടിയാൽ അതു കഴിക്കരുത്. അതു തീയിലിട്ട് ചുട്ടുകളയണം. പക്ഷേ ശുദ്ധിയുള്ള മാംസം ശുദ്ധിയുള്ളവർക്കെല്ലാം കഴിക്കാം.
20 “‘എന്നാൽ അശുദ്ധനായിരിക്കെ ആരെങ്കിലും യഹോവയ്ക്കുള്ള സഹഭോജനബലിയുടെ മാംസം കഴിച്ചാൽ അവനെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.+ 21 ആരെങ്കിലും അശുദ്ധമായ എന്തിലെങ്കിലും തൊട്ടിട്ട്—അതു മനുഷ്യന്റെ അശുദ്ധിയോ+ ശുദ്ധിയില്ലാത്ത മൃഗമോ+ അശുദ്ധവും അറയ്ക്കേണ്ടതും+ ആയ മറ്റ് എന്തെങ്കിലുമോ ആയിക്കൊള്ളട്ടെ—യഹോവയ്ക്കുള്ള സഹഭോജനബലിയുടെ മാംസം കഴിച്ചാൽ അവനെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.’”
22 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 23 “ഇസ്രായേല്യരോടു പറയുക: ‘കാളയുടെയോ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ കൊഴുപ്പു+ നിങ്ങൾ കഴിക്കരുത്. 24 താനേ ചത്ത മൃഗത്തിന്റെ കൊഴുപ്പോ മറ്റൊരു മൃഗം കൊന്ന മൃഗത്തിന്റെ കൊഴുപ്പോ നിങ്ങൾ ഒരിക്കലും കഴിക്കരുത്.+ പക്ഷേ അതിന്റെ കൊഴുപ്പു മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാം. 25 അഗ്നിയിൽ യഹോവയ്ക്കു യാഗം കഴിക്കാൻ കൊണ്ടുവരുന്ന മൃഗത്തിന്റെ കൊഴുപ്പു കഴിക്കുന്ന ആരെയും ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.
26 “‘നിങ്ങൾ എവിടെ താമസിച്ചാലും ഒന്നിന്റെയും രക്തം—അതു പക്ഷികളുടെയോ മൃഗങ്ങളുടെയോ ആയിക്കൊള്ളട്ടെ—കഴിക്കരുത്.+ 27 ആരെങ്കിലും രക്തം കഴിച്ചാൽ അവനെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.’”+
28 യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: 29 “ഇസ്രായേല്യരോടു പറയുക: ‘യഹോവയ്ക്കു സഹഭോജനബലി അർപ്പിക്കുന്നവരെല്ലാം ആ ബലിയുടെ ഒരു ഭാഗം യഹോവയ്ക്കു കൊണ്ടുവരണം.+ 30 കൊഴുപ്പും നെഞ്ചും അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കാനുള്ള യാഗമായി അവൻ സ്വന്തകൈകളിൽ കൊണ്ടുവരും.+ എന്നിട്ട് അവ ഒരു ദോളനയാഗമായി* യഹോവയുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും ആട്ടും.+ 31 പുരോഹിതൻ കൊഴുപ്പു യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.+ പക്ഷേ നെഞ്ച് അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+
32 “‘നിങ്ങളുടെ സഹഭോജനബലികളിൽനിന്ന് വലങ്കാൽ വിശുദ്ധമായ ഓഹരിയായി പുരോഹിതനു കൊടുക്കണം.+ 33 അഹരോന്റെ ഏതു മകനാണോ സഹഭോജനബലികളുടെ രക്തവും കൊഴുപ്പും അർപ്പിക്കുന്നത്, അവന് ആ വലങ്കാൽ ഓഹരിയായി കിട്ടും.+ 34 കാരണം ഞാൻ ഇസ്രായേല്യരുടെ സഹഭോജനബലികളിൽനിന്ന് ദോളനയാഗത്തിന്റെ നെഞ്ചും വിശുദ്ധയോഹരിയായ വലങ്കാലും എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാർക്കും കൊടുക്കുന്നു.+ ഇത് ഇസ്രായേല്യർക്കു ദീർഘകാലത്തേക്കുള്ള ഒരു ചട്ടമായിരിക്കും.
35 “‘പുരോഹിതന്മാരായ അഹരോനെയും പുത്രന്മാരെയും യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്യാൻ ഹാജരാക്കിയ+ ദിവസം അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച യാഗങ്ങളിൽനിന്ന് അവർക്കുവേണ്ടി മാറ്റിവെക്കേണ്ട ഓഹരിയായിരുന്നു ഇത്. 36 അവർക്ക് ഇസ്രായേല്യരിൽനിന്നുള്ള ഈ ഓഹരി കൊടുക്കണമെന്ന് അവരെ അഭിഷേകം ചെയ്ത+ ദിവസം യഹോവ കല്പിച്ചു. ഇത് അവർക്കു തലമുറതലമുറയോളം ഒരു സ്ഥിരനിയമമായിരിക്കും.’”
37 ഇതാണു ദഹനയാഗം,+ ധാന്യയാഗം,+ പാപയാഗം,+ അപരാധയാഗം,+ സ്ഥാനാരോഹണബലി,+ സഹഭോജനബലി+ എന്നിവ സംബന്ധിച്ചുള്ള നിയമം. 38 സീനായ് വിജനഭൂമിയിൽ* യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കണമെന്ന് ഇസ്രായേല്യർക്കു കല്പന+ കൊടുത്ത ദിവസം സീനായ് പർവതത്തിൽവെച്ച് യഹോവ മോശയോടു കല്പിച്ചതാണ് ഇത്.+