ന്യായാധിപന്മാർ
18 ആ സമയത്ത് ഇസ്രായേലിൽ ഒരു രാജാവുണ്ടായിരുന്നില്ല.+ അക്കാലത്ത് ദാന്യകുടുംബം+ അവർക്ക് അവകാശമായി ഒരു താമസസ്ഥലം അന്വേഷിച്ചുനടക്കുകയായിരുന്നു. കാരണം അതുവരെ ഇസ്രായേൽഗോത്രങ്ങൾക്കിടയിൽ അവർക്ക് അവകാശം ലഭിച്ചിരുന്നില്ല.+
2 ദാന്യർ അവരുടെ ഗോത്രത്തിലെ പ്രാപ്തരായ അഞ്ചു പുരുഷന്മാരെ സൊരയിൽനിന്നും എസ്തായോലിൽനിന്നും+ ദേശം ഒറ്റുനോക്കാൻ അയച്ചു. അവർ അവരോട്, “പോയി ദേശം ഒറ്റുനോക്കുക” എന്നു പറഞ്ഞു. അവർ പുറപ്പെട്ട് എഫ്രയീംമലനാട്ടിലെ മീഖയുടെ+ വീട്ടിൽ എത്തി. അന്നു രാത്രി അവർ അവിടെ തങ്ങി. 3 മീഖയുടെ വീടിന് അടുത്ത് എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ശബ്ദം* തിരിച്ചറിഞ്ഞു. അവർ അവിടേക്കു ചെന്ന് ചോദിച്ചു: “ആരാണ് അങ്ങയെ ഇവിടേക്കു കൊണ്ടുവന്നത്, ഇവിടെ എന്തു ചെയ്യുന്നു, ഇവിടെ നിന്നാൽ എന്തു കിട്ടും?” 4 അയാൾ അവരോടു പറഞ്ഞു: “ഇങ്ങനെയെല്ലാം ചെയ്തുതന്നിരിക്കുന്നതു മീഖയാണ്. മീഖ എന്നെ പുരോഹിതനാക്കി, അതിന് എനിക്കു പണവും തരുന്നുണ്ട്.”+ 5 അപ്പോൾ അവർ ആ പുരോഹിതനോട്, “ഞങ്ങളുടെ യാത്ര സഫലമാകുമോ എന്നു ദയവായി ദൈവത്തോടു ചോദിക്കുക” എന്നു പറഞ്ഞു. 6 ആ പുരോഹിതൻ അവരോടു പറഞ്ഞു: “സമാധാനത്തോടെ പോകുക. നിങ്ങളുടെ യാത്രയിൽ യഹോവ നിങ്ങളുടെകൂടെയുണ്ട്.”
7 അങ്ങനെ ആ അഞ്ചു പേരും പുറപ്പെട്ട് ലയീശിൽ എത്തി.+ സീദോന്യരെപ്പോലെ, ആരെയും ആശ്രയിക്കാതെ ജീവിക്കുന്ന ഒരു ജനത്തെ അവർ അവിടെ കണ്ടു. അവർ ശാന്തരും നിർഭയരും ആയിരുന്നു;+ അവരെ അടിച്ചമർത്തി ഭരിക്കാൻ ആരും ആ ദേശത്തുണ്ടായിരുന്നില്ല. അവർ സീദോന്യരിൽനിന്ന് വളരെ അകലെയായിരുന്നു. മറ്റാരുമായും അവർക്ക് ഒരു ഇടപാടുമുണ്ടായിരുന്നില്ല.
8 അവർ സൊരയിലും എസ്തായോലിലും+ മടങ്ങിയെത്തിയപ്പോൾ അവരുടെ സഹോദരന്മാർ അവരോട്, “നിങ്ങൾ പോയിട്ട് എന്തായി” എന്നു ചോദിച്ചു. 9 അവർ പറഞ്ഞു: “ഞങ്ങൾ കണ്ട ദേശം വളരെ നല്ലതാണ്. നിങ്ങൾ എന്തിനാണു മടിച്ചുനിൽക്കുന്നത്? നമുക്ക് അവർക്കെതിരെ ചെല്ലാം. ഒട്ടും വൈകാതെ ചെന്ന് ആ ദേശം കൈവശമാക്കാം. 10 നിങ്ങൾ അവിടെ ചെല്ലുമ്പോൾ നിർഭയരായി ജീവിക്കുന്ന ഒരു ജനത്തെ കാണും.+ ഒന്നിനും കുറവില്ലാത്ത, വിശാലമായ ഒരു ദേശം+ ദൈവം നിങ്ങൾക്കു തന്നിരിക്കുന്നു.”
11 അങ്ങനെ സൊരയിൽനിന്നും എസ്തായോലിൽനിന്നും+ ദാന്യകുടുംബത്തിലെ യുദ്ധസജ്ജരായ 600 പേർ പുറപ്പെട്ടു. 12 അവർ ചെന്ന് യഹൂദയിലെ കിര്യത്ത്-യയാരീമിന്+ അടുത്ത് പാളയമടിച്ചു. അതുകൊണ്ടാണ് കിര്യത്ത്-യയാരീമിനു പടിഞ്ഞാറുള്ള ആ സ്ഥലം ഇന്നും മഹനേ-ദാൻ*+ എന്ന് അറിയപ്പെടുന്നത്. 13 അവർ അവിടെനിന്ന് എഫ്രയീംമലനാട്ടിലേക്കു പോയി മീഖയുടെ+ ഭവനത്തിൽ എത്തി.
14 അപ്പോൾ ലയീശ് ദേശം+ ഒറ്റുനോക്കാൻ പോയ ആ അഞ്ചു പേർ അവരുടെ സഹോദരന്മാരോടു പറഞ്ഞു: “ഈ വീടുകളിൽ ഒരു ഏഫോദും കുലദൈവപ്രതിമകളും* കൊത്തിയുണ്ടാക്കിയ വിഗ്രഹവും ലോഹപ്രതിമയും+ ഉള്ള കാര്യം നിങ്ങൾക്ക് അറിയാമോ? എന്തു ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിച്ചുകൊള്ളുക.” 15 അങ്ങനെ അവർ അവിടെനിന്ന് മീഖയുടെ വീടിന് അടുത്ത് താമസിച്ചിരുന്ന ലേവ്യയുവാവിന്റെ+ വീട്ടിലേക്കു ചെന്ന് അയാളോടു കുശലം ചോദിച്ചു. 16 എന്നാൽ അവരോടൊപ്പം യുദ്ധസജ്ജരായി വന്ന 600 പുരുഷന്മാർ+ പ്രവേശനകവാടത്തിൽത്തന്നെ നിന്നു. 17 ദേശം ഒറ്റുനോക്കാൻ പോയ ആ അഞ്ചു പേർ+ കൊത്തിയുണ്ടാക്കിയ വിഗ്രഹവും ഏഫോദും+ കുലദൈവപ്രതിമകളും+ ലോഹപ്രതിമയും+ എടുക്കാൻ അകത്ത് കയറി. (അപ്പോൾ ആ പുരോഹിതൻ+ യുദ്ധസജ്ജരായ 600 പുരുഷന്മാരുടെകൂടെ വാതിൽക്കൽ നിൽക്കുകയായിരുന്നു.) 18 അവർ മീഖയുടെ വീട്ടിലേക്കു ചെന്ന് കൊത്തിയുണ്ടാക്കിയ വിഗ്രഹവും ഏഫോദും കുലദൈവപ്രതിമകളും ലോഹപ്രതിമയും എടുത്തു. അപ്പോൾ പുരോഹിതൻ അവരോട്, “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്” എന്നു ചോദിച്ചു. 19 അവർ അയാളോട്: “മിണ്ടിപ്പോകരുത്, നിന്റെ വായ് പൊത്തുക. ഞങ്ങൾക്ക് ഒരു പിതാവും* പുരോഹിതനും ആയിരിക്കാൻവേണ്ടി ഞങ്ങളുടെകൂടെ വരുക. ഒരാളുടെ കുടുംബത്തിനു പുരോഹിതനായിരിക്കുന്നതോ+ ഇസ്രായേലിലെ ഒരു ഗോത്രത്തിനും വംശത്തിനും പുരോഹിതനായിരിക്കുന്നതോ, ഏതാണു നല്ലത്?”+ 20 അതു കേട്ടപ്പോൾ പുരോഹിതനു സമ്മതമായി. പുരോഹിതൻ ഏഫോദും കുലദൈവപ്രതിമകളും കൊത്തിയുണ്ടാക്കിയ വിഗ്രഹവും+ എടുത്ത് അവരോടൊപ്പം പോയി.
21 അങ്ങനെ അവർ അവരുടെ മൃഗങ്ങളോടും വിലയേറിയ വസ്തുക്കളോടും ഒപ്പം കുട്ടികളെ മുന്നിൽ നിറുത്തി യാത്ര തുടർന്നു. 22 അവർ മീഖയുടെ വീട്ടിൽനിന്ന് കുറച്ച് ദൂരം പിന്നിട്ടപ്പോൾ മീഖയുടെ സമീപവാസികൾ ഒന്നിച്ചുകൂടി ദാന്യരെ പിന്തുടർന്ന് അവരുടെ അടുത്ത് എത്തി. 23 അവർ പിന്നിൽനിന്ന് ഉറക്കെ വിളിച്ചപ്പോൾ ദാന്യർ മീഖയോടു ചോദിച്ചു: “എന്താണു കാര്യം? എന്തിനാണു നീ ആളുകളെയുംകൂട്ടി ഞങ്ങളുടെ പിന്നാലെ വന്നിരിക്കുന്നത്?” 24 അപ്പോൾ മീഖ പറഞ്ഞു: “ഞാൻ ഉണ്ടാക്കിയ ദൈവങ്ങളെ നിങ്ങൾ എടുത്തു, എന്റെ പുരോഹിതനെയും നിങ്ങൾ കൊണ്ടുപോയി. ഇനി എനിക്ക് എന്താണുള്ളത്? എന്നിട്ടും, ‘എന്താണു കാര്യം’ എന്നു നിങ്ങൾ ചോദിക്കുന്നോ?” 25 അപ്പോൾ ദാന്യർ പറഞ്ഞു: “നീ ഞങ്ങൾക്കു നേരെ ശബ്ദം ഉയർത്തരുത്. അല്ലെങ്കിൽ ആരെങ്കിലും ദേഷ്യം പിടിച്ച്* നിന്നെ കയ്യേറ്റം ചെയ്യും. നിന്റെ മാത്രമല്ല, നിന്റെ വീട്ടുകാരുടെയുംകൂടി ജീവൻ നഷ്ടപ്പെടും.” 26 അങ്ങനെ ദാന്യർ യാത്ര തുടർന്നു. ദാന്യർ തന്നെക്കാൾ ശക്തരാണെന്നു കണ്ടപ്പോൾ മീഖ വീട്ടിലേക്കു തിരിച്ചുപോയി.
27 അവർ മീഖ ഉണ്ടാക്കിയ സാധനങ്ങളുമായി മീഖയുടെ പുരോഹിതനെയും കൂട്ടി ലയീശിൽ+ നിർഭയം വസിച്ചിരുന്ന ജനത്തിന്റെ+ അടുത്ത് എത്തി. അവർ അവരെ വാളുകൊണ്ട് സംഹരിച്ച് നഗരത്തിനു തീയിട്ടു. 28 അവരെ രക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ല. കാരണം ലയീശ് സീദോനിൽനിന്ന് വളരെ അകലെയായിരുന്നു; അവർക്കു മറ്റാരുമായും സമ്പർക്കമുണ്ടായിരുന്നില്ല. മാത്രമല്ല, ആ സ്ഥലം ബേത്ത്-രഹോബിലെ+ താഴ്വരയിലുമായിരുന്നു. ദാന്യർ പിന്നീട് ആ നഗരം പുനർനിർമിച്ച് അവിടെ താമസമുറപ്പിച്ചു. 29 അവരുടെ പിതാവും ഇസ്രായേലിന്റെ+ മകനും ആയ ദാന്റെ+ പേരനുസരിച്ച് അവർ ആ നഗരത്തിനു ദാൻ എന്നു പേരിട്ടു. മുമ്പ് ആ നഗരത്തിന്റെ പേര് ലയീശ്+ എന്നായിരുന്നു. 30 പിന്നീട് ദാന്യർ ആ വിഗ്രഹം+ അവിടെ പ്രതിഷ്ഠിച്ചു. മോശയുടെ മകനായ ഗർശോമിന്റെ+ മകൻ യോനാഥാനും+ ആൺമക്കളും ദാന്യഗോത്രത്തിനു പുരോഹിതന്മാരായിത്തീർന്നു. ദേശവാസികൾ ബന്ദികളായി പോകുന്നതുവരെ അവരായിരുന്നു അവിടത്തെ പുരോഹിതന്മാർ. 31 മീഖ കൊത്തിയുണ്ടാക്കിയ വിഗ്രഹം അവർ അവിടെ സ്ഥാപിച്ചു. ശീലോയിൽ സത്യദൈവത്തിന്റെ ആലയമുണ്ടായിരുന്നിടത്തോളം കാലം അത് അവിടെത്തന്നെയുണ്ടായിരുന്നു.+