ശമുവേൽ ഒന്നാം ഭാഗം
26 പിന്നീട്, സീഫ്നിവാസികൾ+ ഗിബെയയിൽ ശൗലിന്റെ+ അടുത്ത് വന്ന്, “യശീമോന്* അഭിമുഖമായുള്ള ഹഖീലക്കുന്നിൽ ദാവീദ് ഒളിച്ചിരിപ്പുണ്ട്”+ എന്നു പറഞ്ഞു. 2 അതുകൊണ്ട്, ശൗൽ എഴുന്നേറ്റ് ദാവീദിനെ തിരഞ്ഞ് സീഫ്വിജനഭൂമിയിലേക്കു പോയി. ഇസ്രായേലിൽനിന്ന് തിരഞ്ഞെടുത്ത 3,000 പുരുഷന്മാരും ശൗലിന്റെകൂടെയുണ്ടായിരുന്നു.+ 3 യശീമോന് അഭിമുഖമായുള്ള ഹഖീലക്കുന്നിൽ വഴിയരികിലായി ശൗൽ പാളയമടിച്ചു. ദാവീദ് അപ്പോൾ വിജനഭൂമിയിലാണു താമസിച്ചിരുന്നത്. തന്നെ തിരഞ്ഞ് ശൗൽ വിജനഭൂമിയിലെത്തിയിട്ടുണ്ടെന്നു ദാവീദ് അറിഞ്ഞു. 4 ശൗൽ എത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ ദാവീദ് ചാരന്മാരെ അയച്ചു. 5 പിന്നീട്, ശൗൽ കൂടാരം അടിച്ചിരിക്കുന്ന സ്ഥലത്തേക്കു ദാവീദ് ചെന്നു. ശൗലും നേരിന്റെ മകനായ അബ്നേർ+ എന്ന ശൗലിന്റെ സൈന്യാധിപനും ഉറങ്ങിക്കിടക്കുന്ന സ്ഥലം കണ്ടു. സൈന്യം പാളയമടിച്ചിരുന്നതിനു നടുവിൽ ഒരു സംരക്ഷണവലയത്തിലാണു ശൗൽ കിടന്നിരുന്നത്. 6 തുടർന്ന്, ദാവീദ് ഹിത്യനായ അഹിമേലെക്കിനോടും+ സെരൂയയുടെ മകനും+ യോവാബിന്റെ സഹോദരനും ആയ അബീശായിയോടും,+ “പാളയത്തിൽ ശൗലിന്റെ അടുത്തേക്ക് ആരാണ് എന്റെകൂടെ പോരുന്നത്” എന്നു ചോദിച്ചു. അപ്പോൾ അബീശായി, “ഞാൻ വരാം” എന്നു മറുപടി പറഞ്ഞു. 7 അങ്ങനെ, ദാവീദും അബീശായിയും രാത്രിയിൽ സൈന്യത്തിന്റെ അടുത്തേക്കു ചെന്നു. അപ്പോൾ അതാ, ശൗൽ അവർക്കു നടുവിൽ കിടന്ന് ഉറങ്ങുന്നു; ശൗലിന്റെ കുന്തം തലയ്ക്കൽ നിലത്ത് കുത്തിനിറുത്തിയിരുന്നു. അബ്നേരും പടയാളികളും ശൗലിന്റെ ചുറ്റും കിടപ്പുണ്ടായിരുന്നു.
8 അപ്പോൾ, അബീശായി ദാവീദിനോടു പറഞ്ഞു: “അങ്ങയുടെ ശത്രുവിനെ ദൈവം ഇന്ന് അങ്ങയുടെ കൈയിൽ ഏൽപ്പിച്ചിരിക്കുകയാണ്.+ ഇപ്പോൾ, ഇവനെ നിലത്തോടു ചേർത്ത് കുന്തംകൊണ്ട് ഒരൊറ്റ കുത്തു കുത്തട്ടേ? രണ്ടാമതൊന്നു കുത്തേണ്ടിവരില്ല.” 9 പക്ഷേ, ദാവീദ് അബീശായിയോടു പറഞ്ഞു: “ശൗലിനെ ഉപദ്രവിക്കരുത്. കാരണം, യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്തിയിട്ട്+ നിരപരാധിയായിരിക്കാൻ ആർക്കു കഴിയും?”+ 10 ദാവീദ് ഇങ്ങനെയും പറഞ്ഞു: “യഹോവയാണെ, യഹോവതന്നെ ശൗലിനെ കൊല്ലും.+ അതല്ലെങ്കിൽ ശൗലിന്റെ ദിവസം വരും,+ ശൗൽ മരിക്കും. അതുമല്ലെങ്കിൽ ശൗൽ യുദ്ധത്തിൽ കൊല്ലപ്പെടും.+ 11 ഞാൻ യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്തുന്നത് യഹോവയുടെ വീക്ഷണത്തിൽ, ചിന്തിക്കാൻപോലും പറ്റാത്ത ഒരു കാര്യമാണ്!+ അതുകൊണ്ട് ഇപ്പോൾ, ശൗലിന്റെ തലയ്ക്കലുള്ള കുന്തവും ജലപാത്രവും എടുക്കുക. എന്നിട്ടു നമുക്കു പോകാം.” 12 അങ്ങനെ, ദാവീദ് ശൗലിന്റെ തലയ്ക്കലുണ്ടായിരുന്ന കുന്തവും ജലപാത്രവും എടുത്തു. എന്നിട്ട്, അവർ അവിടെനിന്ന് പോയി. ആരും അവരെ കാണുകയോ+ ശ്രദ്ധിക്കുകയോ ചെയ്തില്ല, ഉറക്കത്തിൽനിന്ന് ഉണർന്നുമില്ല. യഹോവ അവർക്കു ഗാഢനിദ്ര വരുത്തിയതുകൊണ്ട് അവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. 13 തുടർന്ന്, ദാവീദ് അപ്പുറം കടന്ന് കുറച്ച് ദൂരെയുള്ള ഒരു മലമുകളിൽ ചെന്ന് നിന്നു. അവർക്കിടയിൽ സാമാന്യം നല്ല അകലമുണ്ടായിരുന്നു.
14 ദാവീദ് സൈന്യത്തോടും നേരിന്റെ മകനായ അബ്നേരിനോടും+ ഇങ്ങനെ വിളിച്ചുപറഞ്ഞു: “അബ്നേരേ, മറുപടി പറയൂ.” അപ്പോൾ അബ്നേർ, “ഇങ്ങനെ ഉറക്കെ വിളിച്ചുകൂകി രാജാവിനെ ശല്യപ്പെടുത്തുന്നത് ആരാണ്” എന്നു തിരിച്ച് ചോദിച്ചു. 15 ദാവീദ് അബ്നേരിനോടു പറഞ്ഞു: “നീ ഒരു ആണല്ലേ? ഇസ്രായേലിൽ നിന്നെപ്പോലെ ആരുണ്ട്? എന്നിട്ടും നിന്റെ യജമാനനായ രാജാവിന്റെ സുരക്ഷിതത്വം നീ ഉറപ്പുവരുത്താഞ്ഞത് എന്താണ്? നിന്റെ യജമാനനായ രാജാവിനെ വകവരുത്താൻ പടയാളികളിലൊരാൾ അവിടെ വന്നിരുന്നല്ലോ.+ 16 നീ ചെയ്തത് ഒട്ടും ശരിയായില്ല. യഹോവയുടെ അഭിഷിക്തനായ നിന്റെ യജമാനന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താഞ്ഞതുകൊണ്ട് യഹോവയാണെ, നീ മരണയോഗ്യൻ.+ ഇപ്പോൾ, ചുറ്റുമൊന്നു നോക്കൂ. രാജാവിന്റെ തലയ്ക്കലുണ്ടായിരുന്ന കുന്തവും ജലപാത്രവും എവിടെപ്പോയി?”+
17 അപ്പോൾ, ശൗൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞ്, “എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദമാണോ”+ എന്നു ചോദിച്ചു. അപ്പോൾ ദാവീദ്, “അതെ, എന്റെ യജമാനനായ രാജാവേ, ഇത് എന്റെ ശബ്ദമാണ്” എന്നു മറുപടി പറഞ്ഞു. 18 ദാവീദ് ഇങ്ങനെയും പറഞ്ഞു: “എന്തിനാണ് എന്റെ യജമാനൻ ഈ ദാസനെ ഇങ്ങനെ ഓടിക്കുന്നത്?+ ഞാൻ എന്തു ചെയ്തിട്ടാണ്? എന്താണ് എന്റെ കുറ്റം?+ 19 എന്റെ യജമാനനായ രാജാവേ, അവിടുത്തെ ദാസന്റെ ഈ വാക്കുകൾക്കു ചെവി തരേണമേ: എനിക്കു വിരോധമായി വരാൻ ദൈവമായ യഹോവയാണ് അങ്ങയെ പ്രേരിപ്പിച്ചതെങ്കിൽ എന്റെ ധാന്യയാഗം ദൈവം സ്വീകരിച്ചുകൊള്ളട്ടെ.* പക്ഷേ, മനുഷ്യരാണ് അതിന് അങ്ങയെ പ്രേരിപ്പിച്ചതെങ്കിൽ+ അവർ യഹോവയുടെ മുന്നിൽ ശപിക്കപ്പെട്ടവർ. കാരണം, അവർ എന്നെ യഹോവയുടെ അവകാശത്തോടു ചേർന്നിരിക്കാൻ സമ്മതിക്കാതെ,+ ‘പോയി മറ്റു ദൈവങ്ങളെ സേവിക്കുക!’ എന്നു പറഞ്ഞ് ഓടിച്ചുകളഞ്ഞു. 20 യഹോവയുടെ സന്നിധിയിൽനിന്ന് അകലെയായിരിക്കെ എന്റെ രക്തം നിലത്ത് വീഴാൻ അനുവദിക്കരുതേ. മലകളിൽ ഒരു തിത്തിരിപ്പക്ഷിയെ വേട്ടയാടുന്നതുപോലെ ഇസ്രായേൽരാജാവ് തേടി ഇറങ്ങിയിരിക്കുന്നതു വെറുമൊരു ചെള്ളിനെയാണല്ലോ.”+
21 അപ്പോൾ ശൗൽ പറഞ്ഞു: “ഞാൻ പാപം ചെയ്തിരിക്കുന്നു.+ എന്റെ മകനേ, ദാവീദേ, മടങ്ങിവരൂ. ഞാൻ ഇനി നിന്നെ ഉപദ്രവിക്കില്ല. കാരണം, എന്റെ ജീവനെ നീ ഇന്ന് അമൂല്യമായി കണക്കാക്കിയല്ലോ.+ അതെ, ഞാൻ കാണിച്ചതു വിഡ്ഢിത്തമാണ്. എനിക്കു വലിയൊരു പിഴവ് പറ്റിയിരിക്കുന്നു.” 22 അപ്പോൾ, ദാവീദ് പറഞ്ഞു: “രാജാവിന്റെ കുന്തം ഇതാ. യുവാക്കളിലാരെങ്കിലും വന്ന് അത് എടുത്തുകൊള്ളട്ടെ. 23 ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും പകരം കൊടുക്കുന്നത് യഹോവയാണ്.+ ഇന്ന് യഹോവ അങ്ങയെ എന്റെ കൈയിൽ ഏൽപ്പിച്ചു. പക്ഷേ, യഹോവയുടെ അഭിഷിക്തനു നേരെ കൈ ഉയർത്താൻ എനിക്കു മനസ്സുവന്നില്ല.+ 24 അങ്ങയുടെ ജീവൻ ഞാൻ ഇന്ന് അമൂല്യമായി കണക്കാക്കിയതുപോലെ എന്റെ ജീവൻ യഹോവ അമൂല്യമായി കണക്കാക്കട്ടെ. എല്ലാ കഷ്ടതയിൽനിന്നും ദൈവം എന്നെ രക്ഷിക്കുകയും ചെയ്യട്ടെ.”+ 25 ശൗൽ ദാവീദിനോട് ഇങ്ങനെ മറുപടി പറഞ്ഞു: “എന്റെ മകനേ, ദാവീദേ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിശ്ചയമായും നീ മഹാകാര്യങ്ങൾ ചെയ്യും.+ നിശ്ചയമായും നീ വിജയിക്കും.” പിന്നെ, ദാവീദ് തന്റെ വഴിക്കു പോയി. ശൗൽ തന്റെ സ്ഥലത്തേക്കും മടങ്ങി.+