ശമുവേൽ ഒന്നാം ഭാഗം
31 ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധം ചെയ്യുകയായിരുന്നു.+ ഇസ്രായേല്യർ ഫെലിസ്ത്യരുടെ മുന്നിൽനിന്ന് തോറ്റോടി. ധാരാളം ആളുകൾ ഗിൽബോവ പർവതത്തിൽവെച്ച് കൊല്ലപ്പെട്ടു.+ 2 ഫെലിസ്ത്യർ ശൗലിനെയും ആൺമക്കളെയും വിടാതെ പിന്തുടർന്നു. അവർ ശൗലിന്റെ മക്കളായ+ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശുവയെയും കൊന്നുകളഞ്ഞു.+ 3 ശൗലിന് എതിരെ പോരാട്ടം രൂക്ഷമായി. വില്ലാളികൾ ശൗലിനെ കണ്ട് അമ്പ് എയ്തു. ശൗലിനു ഗുരുതരമായി മുറിവേറ്റു.+ 4 ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നിന്റെ വാൾ ഊരി എന്നെ കുത്തുക! ഇല്ലെങ്കിൽ ഈ അഗ്രചർമികൾ+ വന്ന് എന്നെ കുത്തും. അവർ എന്നോടു ക്രൂരമായി* പെരുമാറും.” പക്ഷേ ആയുധവാഹകൻ വല്ലാതെ പേടിച്ചുപോയിരുന്നതുകൊണ്ട് അതിനു തയ്യാറായില്ല. അതുകൊണ്ട് ശൗൽ വാൾ പിടിച്ച് അതിനു മുകളിലേക്കു വീണു.+ 5 ശൗൽ മരിച്ചെന്നു കണ്ടപ്പോൾ ആയുധവാഹകനും+ സ്വന്തം വാളിനു മുകളിലേക്കു വീണ് ശൗലിന്റെകൂടെ മരിച്ചു. 6 അങ്ങനെ ശൗലും മൂന്ന് ആൺമക്കളും ആയുധവാഹകനും ശൗലിന്റെ ആളുകളൊക്കെയും അന്നേ ദിവസം ഒരുമിച്ച് മരിച്ചു.+ 7 ശൗലും മക്കളും മരിച്ചെന്നും ഇസ്രായേൽപുരുഷന്മാർ ഓടിരക്ഷപ്പെട്ടെന്നും കണ്ടപ്പോൾ താഴ്വരപ്രദേശത്തും യോർദാൻപ്രദേശത്തും ഉണ്ടായിരുന്ന ഇസ്രായേൽ ജനം തങ്ങളുടെ നഗരങ്ങൾ ഉപേക്ഷിച്ച് ഓടിപ്പോയി.+ അപ്പോൾ ഫെലിസ്ത്യർ വന്ന് അവിടെ താമസമാക്കി.
8 കൊല്ലപ്പെട്ടവരുടെ വസ്തുക്കൾ കൊള്ളയടിക്കാൻ പിറ്റേന്നു ഫെലിസ്ത്യർ വന്നപ്പോൾ ശൗലും മൂന്ന് ആൺമക്കളും ഗിൽബോവ പർവതത്തിൽ മരിച്ചുകിടക്കുന്നതു കണ്ടു.+ 9 അവർ ശൗലിന്റെ തല വെട്ടി മാറ്റി കവചം* അഴിച്ചെടുത്തു. എന്നിട്ട് ആ വാർത്ത അവരുടെ ദൈവങ്ങളുടെ ക്ഷേത്രങ്ങളിലും+ ജനത്തിന്റെ ഇടയിലും അറിയിക്കാൻ ഫെലിസ്ത്യദേശത്ത് എല്ലായിടത്തും സന്ദേശം അയച്ചു.+ 10 അവർ ശൗലിന്റെ കവചം അസ്തോരെത്തിന്റെ ക്ഷേത്രത്തിൽ വെച്ചു. ശൗലിന്റെ മൃതദേഹം ബേത്ത്-ശാന്റെ മതിലിൽ തറച്ചുവെച്ചു.+ 11 ഫെലിസ്ത്യർ ശൗലിനോടു ചെയ്തതിനെക്കുറിച്ച് യാബേശ്-ഗിലെയാദിലെ+ നിവാസികൾ കേട്ടപ്പോൾ 12 അവിടെയുള്ള യോദ്ധാക്കളെല്ലാം രാത്രി മുഴുവൻ യാത്ര ചെയ്ത് ബേത്ത്-ശാന്റെ മതിലിൽ തറച്ചുനിറുത്തിയിരുന്ന ശൗലിന്റെയും ആൺമക്കളുടെയും മൃതദേഹങ്ങൾ എടുത്തു. പിന്നെ യാബേശിലേക്കു മടങ്ങിവന്ന് അവ അവിടെവെച്ച് ദഹിപ്പിച്ചു. 13 അവരുടെ അസ്ഥികൾ എടുത്ത്+ യാബേശിലെ+ പിചുല മരത്തിന്റെ ചുവട്ടിൽ അടക്കം ചെയ്തു. എന്നിട്ട് ഏഴു ദിവസം ഉപവസിച്ചു.