ദിനവൃത്താന്തം രണ്ടാം ഭാഗം
35 യോശിയ യരുശലേമിൽവെച്ച് യഹോവയ്ക്ക് ഒരു പെസഹ+ ആചരിച്ചു. ഒന്നാം മാസം 14-ാം ദിവസം+ അവർ പെസഹാമൃഗത്തെ അറുത്തു.+ 2 യോശിയ പുരോഹിതന്മാരെ അവരുടെ ജോലികളിൽ നിയമിക്കുകയും യഹോവയുടെ ഭവനത്തിലെ അവരുടെ സേവനം ചെയ്യാൻ ഉത്സാഹിപ്പിക്കുകയും ചെയ്തു.+ 3 പിന്നെ ഇസ്രായേൽ ജനത്തിന്റെ ഗുരുക്കന്മാരും+ യഹോവയ്ക്കു വിശുദ്ധരും ആയ ലേവ്യരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇനി വിശുദ്ധപെട്ടകം തോളിൽ ചുമന്നുനടക്കേണ്ടതില്ല.+ അത് ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ഭവനത്തിൽ വെക്കുക.+ എന്നിട്ട് നിങ്ങളുടെ ദൈവമായ യഹോവയെയും ദൈവത്തിന്റെ ജനമായ ഇസ്രായേലിനെയും സേവിക്കുക. 4 ഇസ്രായേൽരാജാവായ ദാവീദും മകൻ ശലോമോനും+ എഴുതിയിരിക്കുന്നതുപോലെ, പിതൃഭവനമനുസരിച്ച് വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ+ നിങ്ങൾ സേവനങ്ങൾക്കുവേണ്ടി ഒരുങ്ങണം. 5 നിങ്ങളുടെ സഹോദരന്മാരായ ജനത്തോടൊപ്പം വിശുദ്ധസ്ഥലത്ത് നിൽക്കുക. അവരുടെ ഓരോ പിതൃഭവനത്തിനും അരികെ ലേവ്യരുടെ ഒരു പിതൃഭവനം എന്ന ക്രമത്തിലാണു നിങ്ങൾ നിൽക്കേണ്ടത്. 6 യഹോവ മോശയിലൂടെ നൽകിയ കല്പനയനുസരിച്ച്, പെസഹാമൃഗത്തെ അറുക്കുകയും+ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും നിങ്ങളുടെ സഹോദരന്മാർക്കുവേണ്ടി ഒരുക്കങ്ങൾ നടത്തുകയും ചെയ്യുക.”
7 അവിടെ കൂടിവന്ന ജനത്തിനു പെസഹാബലി അർപ്പിക്കാനായി യോശിയ രാജാവ് സ്വന്തം വളർത്തുമൃഗങ്ങളിൽനിന്ന് 30,000 ആടുകളെ—ആൺചെമ്മരിയാട്ടിൻകുട്ടികളെയും ആൺകോലാട്ടിൻകുട്ടികളെയും—സംഭാവന ചെയ്തു; 3,000 കാളകളെയും രാജാവ് കൊടുത്തു.+ 8 ജനത്തിനും പുരോഹിതന്മാർക്കും ലേവ്യർക്കും വേണ്ടി രാജാവിന്റെ പ്രഭുക്കന്മാരും സ്വമനസ്സാലെ സംഭാവന നൽകി. സത്യദൈവത്തിന്റെ ഭവനത്തിലെ നായകന്മാരായ ഹിൽക്കിയ,+ സെഖര്യ, യഹീയേൽ എന്നിവർ 2,600 പെസഹാമൃഗങ്ങളെയും 300 കാളകളെയും പുരോഹിതന്മാർക്കു കൊടുത്തു. 9 ലേവ്യപ്രമാണിമാരായ ഹശബ്യയും യയീയേലും യോസാബാദും കോനന്യയും കോനന്യയുടെ സഹോദരന്മാരായ ശെമയ്യയും നെഥനയേലും കൂടെ ലേവ്യർക്ക് 5,000 പെസഹാമൃഗങ്ങളെയും 500 കാളകളെയും സംഭാവന ചെയ്തു.
10 അങ്ങനെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാജകല്പനയനുസരിച്ച് പുരോഹിതന്മാർ തങ്ങളുടെ സ്ഥാനങ്ങളിലും ലേവ്യർ വിഭാഗംവിഭാഗമായും നിലയുറപ്പിച്ചു.+ 11 അവർ പെസഹാമൃഗങ്ങളെ അറുത്തു.+ പുരോഹിതന്മാർ ലേവ്യരുടെ കൈയിൽനിന്ന് രക്തം വാങ്ങി യാഗപീഠത്തിൽ തളിക്കുകയും+ ലേവ്യർ ആ മൃഗങ്ങളുടെ തൊലിയുരിയുകയും ചെയ്തു.+ 12 അതിനു ശേഷം, പിതൃഭവനമനുസരിച്ച് അവിടെ നിന്നിരുന്ന ജനത്തിനു വിതരണം ചെയ്യാനും മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്ന വിധത്തിൽത്തന്നെ യഹോവയ്ക്കു സമർപ്പിക്കാനും ആയി അവർ ആ ദഹനയാഗങ്ങൾ ഒരുക്കി. കാളകളെയും അവർ അങ്ങനെതന്നെ ചെയ്തു. 13 ആചാരമനുസരിച്ച് അവർ പെസഹായാഗം തീയിൽ പാകം ചെയ്തു.*+ അവർ വിശുദ്ധയാഗങ്ങൾ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും പാകം ചെയ്തിട്ട് പെട്ടെന്ന് കൊണ്ടുവന്ന് ജനങ്ങൾക്കു വിളമ്പിക്കൊടുത്തു. 14 പിന്നെ ലേവ്യർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കങ്ങൾ നടത്തി. കാരണം ഇരുട്ടുന്നതുവരെ അഹരോന്റെ വംശജരായ പുരോഹിതന്മാർ ദഹനബലികളും കൊഴുപ്പും അർപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് ലേവ്യർ തങ്ങൾക്കും അഹരോന്റെ വംശജരായ പുരോഹിതന്മാർക്കും വേണ്ടി പെസഹാബലി ഒരുക്കി.
15 ദാവീദ്, ആസാഫ്,+ ഹേമാൻ, രാജാവിന്റെ ദിവ്യദർശിയായ യദൂഥൂൻ+ എന്നിവർ കല്പിച്ചിരുന്നതനുസരിച്ച് ഗായകരായ ആസാഫിന്റെ ആൺമക്കൾ+ തങ്ങളുടെ സ്ഥാനങ്ങളിൽ നിന്നു;+ കാവൽക്കാർ കവാടങ്ങൾക്കു കാവൽ നിന്നു.+ അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടി ഒരുക്കങ്ങൾ നടത്തിയതുകൊണ്ട് അവർക്ക് ആർക്കും തങ്ങളുടെ സേവനത്തിൽനിന്ന് മാറിനിൽക്കേണ്ടിവന്നില്ല. 16 യോശിയ രാജാവ് ആജ്ഞാപിച്ചതുപോലെതന്നെ+ യഹോവയുടെ സേവനത്തിനുവേണ്ട ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കി. അങ്ങനെ അവർ പെസഹ ആചരിക്കുകയും+ യഹോവയുടെ യാഗപീഠത്തിൽ ദഹനയാഗങ്ങൾ അർപ്പിക്കുകയും ചെയ്തു.
17 അവിടെ കൂടിവന്ന ഇസ്രായേല്യർ അന്നു പെസഹ ആചരിക്കുകയും ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം കൊണ്ടാടുകയും ചെയ്തു.+ 18 ശമുവേൽ പ്രവാചകന്റെ കാലംമുതൽ അന്നുവരെ ഇസ്രായേലിൽ ഇങ്ങനെയൊരു പെസഹ ആചരിച്ചിരുന്നില്ല. യോശിയയും പുരോഹിതന്മാരും ലേവ്യരും യരുശലേംനിവാസികളും അവിടെ വന്നിരുന്ന ഇസ്രായേല്യരും യഹൂദാജനവും നടത്തിയതുപോലുള്ള ഒരു പെസഹ മറ്റൊരു ഇസ്രായേൽരാജാവും നടത്തിയിട്ടില്ല.+ 19 യോശിയയുടെ ഭരണത്തിന്റെ 18-ാം വർഷമായിരുന്നു ഈ പെസഹ.
20 ഇതെല്ലാം കഴിഞ്ഞ്, അതായത് യോശിയ ദേവാലയത്തിലെ കാര്യാദികളെല്ലാം ക്രമപ്പെടുത്തിയശേഷം, ഈജിപ്തുരാജാവായ നെഖോ+ യൂഫ്രട്ടീസിന് അടുത്തുള്ള കർക്കെമീശിലേക്കു യുദ്ധത്തിനു വന്നു. അത് അറിഞ്ഞ യോശിയ നെഖോയ്ക്കു നേരെ പുറപ്പെട്ടു.+ 21 അപ്പോൾ നെഖോ യോശിയയുടെ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “യഹൂദാരാജാവേ, താങ്കൾ എന്തിനാണ് ഇതിൽ ഇടപെടുന്നത്? താങ്കളോടല്ല, മറ്റൊരു ഭവനത്തോടു യുദ്ധം ചെയ്യാനാണു ഞാൻ ഇപ്പോൾ വന്നിരിക്കുന്നത്. പെട്ടെന്ന് അതു ചെയ്യാൻ ദൈവം എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. ദൈവം എന്റെ പക്ഷത്താണ്. അതുകൊണ്ട് ദൈവത്തോട് എതിർത്തുനിൽക്കാതെ തിരിച്ചുപോകുന്നതാണു നല്ലത്. അല്ലെങ്കിൽ ദൈവം താങ്കളെ നശിപ്പിക്കും.” 22 എന്നാൽ യോശിയ തിരിച്ചുപോയില്ല. നെഖോയിലൂടെ ദൈവം പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കാതെ, യോശിയ വേഷം മാറി യുദ്ധത്തിനു ചെന്നു.+ മെഗിദ്ദോ സമതലത്തിൽവെച്ച് അവർ ഏറ്റുമുട്ടി.+
23 വില്ലാളികൾ യോശിയ രാജാവിനെ അമ്പ് എയ്ത് പരിക്കേൽപ്പിച്ചു. രാജാവ് ഭൃത്യന്മാരോടു പറഞ്ഞു: “എനിക്കു മാരകമായി മുറിവേറ്റു; എന്നെ ഇവിടെനിന്ന് കൊണ്ടുപോകൂ.” 24 അപ്പോൾ ഭൃത്യന്മാർ യോശിയയെ രഥത്തിൽനിന്ന് ഇറക്കി യോശിയയുടെ രണ്ടാം യുദ്ധരഥത്തിൽ യരുശലേമിലേക്കു കൊണ്ടുപോയി. അങ്ങനെ, യോശിയ മരിച്ചു. അവർ യോശിയയെ പൂർവികരുടെ കല്ലറയിൽ അടക്കം ചെയ്തു.+ യഹൂദയിലും യരുശലേമിലും ഉള്ള എല്ലാവരും യോശിയയെ ഓർത്ത് വിലപിച്ചു. 25 യോശിയയ്ക്കുവേണ്ടി യിരെമ്യ+ ഒരു വിലാപഗീതം ചൊല്ലി. വിലാപഗീതങ്ങൾ ആലപിക്കുമ്പോൾ ഗായകന്മാരും ഗായികമാരും+ ഇന്നും യോശിയയെക്കുറിച്ച് പാടാറുണ്ട്. അവ പാടണമെന്നത് ഇസ്രായേലിൽ ഒരു നിയമമായിത്തീർന്നു. ആ ഗീതങ്ങൾ മറ്റു വിലാപഗീതങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
26 യോശിയയുടെ ബാക്കി പ്രവർത്തനങ്ങളെക്കുറിച്ചും യഹോവയുടെ നിയമത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച് യോശിയ അചഞ്ചലമായ സ്നേഹം കാണിച്ചതിനെക്കുറിച്ചും 27 ആദിയോടന്തം യോശിയ ചെയ്ത എല്ലാ കാര്യങ്ങളെക്കുറിച്ചും ഇസ്രായേലിലെയും യഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.+