പുറപ്പാട്
37 പിന്നെ ബസലേൽ+ കരുവേലത്തടികൊണ്ട് പെട്ടകം ഉണ്ടാക്കി.+ അതിനു രണ്ടര മുഴം* നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.+ 2 അതിന്റെ അകവും പുറവും തനിത്തങ്കംകൊണ്ട് പൊതിഞ്ഞു. അതിനു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്കും* ഉണ്ടാക്കി.+ 3 അതിനു ശേഷം, അതിനു സ്വർണംകൊണ്ടുള്ള നാലു വളയങ്ങൾ വാർത്തുണ്ടാക്കി. അതിന്റെ നാലു കാലിനും മുകളിലായി, രണ്ടു വളയങ്ങൾ ഒരു വശത്തും രണ്ടു വളയങ്ങൾ മറുവശത്തും പിടിപ്പിക്കാനായിരുന്നു അത്. 4 അടുത്തതായി കരുവേലത്തടികൊണ്ട് തണ്ടുകൾ+ ഉണ്ടാക്കി അവ സ്വർണംകൊണ്ട് പൊതിഞ്ഞു. 5 പെട്ടകം എടുത്തുകൊണ്ടുപോകാൻ+ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിലൂടെ ആ തണ്ടുകൾ ഇട്ടു.
6 തനിത്തങ്കംകൊണ്ട് ഒരു മൂടി+ ഉണ്ടാക്കി. അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.+ 7 പിന്നെ സ്വർണം അടിച്ച് പരത്തി രണ്ടു കെരൂബുകളെ+ മൂടിയുടെ രണ്ട് അറ്റത്തുമായി ഉണ്ടാക്കി.+ 8 ഒരു കെരൂബിനെ ഒരറ്റത്തും മറ്റേ കെരൂബിനെ മറ്റേ അറ്റത്തും ആയി മൂടിയുടെ രണ്ട് അറ്റത്തുമായിട്ടാണ് ആ കെരൂബുകളെ ഉണ്ടാക്കിയത്. 9 കെരൂബുകൾ അവയുടെ ചിറകുകൾ മുകളിലേക്ക് ഉയർത്തി, മൂടിയിൽ നിഴൽ വീഴ്ത്തുന്ന രീതിയിൽ വിരിച്ചുപിടിച്ചിരുന്നു.+ രണ്ടു കെരൂബുകളും മുഖത്തോടുമുഖമായിരുന്നു. അവയുടെ മുഖം താഴോട്ടു മൂടിയുടെ നേർക്കു തിരിഞ്ഞിരുന്നു.+
10 പിന്നെ കരുവേലത്തടികൊണ്ട് മേശ ഉണ്ടാക്കി.+ അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.+ 11 അതു തനിത്തങ്കംകൊണ്ട് പൊതിഞ്ഞിട്ട് അതിനു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്ക് ഉണ്ടാക്കി. 12 നാലു വിരലുകളുടെ വീതിയിൽ* അതിനു ചുറ്റും ഒരു അരികുപാളിയും ആ അരികുപാളിക്കു ചുറ്റും സ്വർണംകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കി. 13 പിന്നെ സ്വർണംകൊണ്ടുള്ള നാലു വളയങ്ങൾ വാർത്തുണ്ടാക്കി, അവ നാലു കാലുകൾ ഘടിപ്പിച്ചിരിക്കുന്ന നാലു കോണിലും പിടിപ്പിച്ചു. 14 മേശ എടുത്തുകൊണ്ടുപോകാൻവേണ്ടിയുള്ള തണ്ടുകൾ ഇടുന്ന ഈ വളയങ്ങൾ അരികുപാളിയുടെ അടുത്തായിരുന്നു. 15 പിന്നെ, മേശ എടുത്തുകൊണ്ടുപോകാൻ കരുവേലത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി, അവ സ്വർണംകൊണ്ട് പൊതിഞ്ഞു. 16 അതിനു ശേഷം, മേശയിൽ വെക്കാനുള്ള ഉപകരണങ്ങൾ—അതിന്റെ തളികകളും പാനപാത്രങ്ങളും പാനീയയാഗങ്ങൾ ഒഴിക്കാനുള്ള കുടങ്ങളും കുഴിയൻപാത്രങ്ങളും—തനിത്തങ്കംകൊണ്ട് ഉണ്ടാക്കി.+
17 പിന്നെ തനിത്തങ്കംകൊണ്ട് തണ്ടുവിളക്ക്+ ഉണ്ടാക്കി. ചുറ്റികകൊണ്ട് അടിച്ചാണ് അത് ഉണ്ടാക്കിയത്. അതിന്റെ ചുവടും തണ്ടും പുഷ്പവൃതികളും മുട്ടുകളും പൂക്കളും ഒറ്റ തകിടിൽ തീർത്തതായിരുന്നു.+ 18 തണ്ടുവിളക്കിന്റെ ഒരു വശത്തുനിന്ന് മൂന്നു ശാഖയും മറുവശത്തുനിന്ന് മൂന്നു ശാഖയും ആയി അതിന്റെ തണ്ടിൽനിന്ന് മൊത്തം ആറു ശാഖ പുറപ്പെടുന്നുണ്ടായിരുന്നു. 19 അതിന്റെ ഒരു വശത്തുള്ള ഓരോ ശാഖയിലും ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ മൂന്നു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരുന്നു. അതിന്റെ മറുവശത്തുള്ള ഓരോ ശാഖയിലും ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ മൂന്നു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരുന്നു. തണ്ടുവിളക്കിന്റെ തണ്ടിൽനിന്ന് പുറപ്പെടുന്ന ആറു ശാഖയുടെ കാര്യത്തിലും ഇതുതന്നെയാണു ചെയ്തത്. 20 തണ്ടുവിളക്കിന്റെ തണ്ടിൽ ബദാംപൂക്കളുടെ ആകൃതിയിൽ രൂപപ്പെടുത്തിയ നാലു പുഷ്പവൃതിയും അവയിൽ ഓരോന്നിനോടും ചേർന്ന് ഓരോ മുട്ടും പൂവും ഉണ്ടായിരുന്നു. 21 അതിന്റെ തണ്ടിൽനിന്ന് പുറപ്പെടുന്ന ആറു ശാഖയുടെയും കാര്യത്തിൽ, ആദ്യത്തെ രണ്ടു ശാഖയ്ക്കു കീഴെ ഒരു മുട്ടും അടുത്ത രണ്ടു ശാഖയ്ക്കു കീഴെ വേറൊരു മുട്ടും അതിനടുത്ത രണ്ടു ശാഖയ്ക്കു കീഴെ മറ്റൊരു മുട്ടും ഉണ്ടായിരുന്നു. 22 മുട്ടുകളും ശാഖകളും തണ്ടുവിളക്കു മുഴുവനും ചുറ്റികകൊണ്ട് അടിച്ച് തനിത്തങ്കത്തിന്റെ ഒറ്റ തകിടിൽ തീർത്തതായിരുന്നു. 23 പിന്നെ അതിന്റെ ഏഴു ദീപങ്ങളും+ അതിന്റെ കൊടിലുകളും കത്തിയ തിരികൾ ഇടാനുള്ള പാത്രങ്ങളും* തനിത്തങ്കംകൊണ്ട് ഉണ്ടാക്കി. 24 തണ്ടുവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും കൂടെ ഒരു താലന്തു* തനിത്തങ്കത്തിൽ തീർത്തു.
25 പിന്നെ കരുവേലത്തടികൊണ്ട് സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠം+ ഉണ്ടാക്കി. അത് ഒരു മുഴം നീളവും ഒരു മുഴം വീതിയും ഉള്ള സമചതുരമായിരുന്നു. അതിനു രണ്ടു മുഴം ഉയരവും ഉണ്ടായിരുന്നു. അതിന്റെ കൊമ്പുകൾ അതിൽനിന്നുതന്നെയുള്ളതായിരുന്നു.+ 26 അതിന്റെ ഉപരിതലം, ചുറ്റോടുചുറ്റും അതിന്റെ വശങ്ങൾ, അതിന്റെ കൊമ്പുകൾ എന്നിവയെല്ലാം തനിത്തങ്കംകൊണ്ട് പൊതിഞ്ഞു. അതിനു ചുറ്റും സ്വർണ്ണംകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കി. 27 യാഗപീഠം ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ ഇടാനായി അതിന്റെ വക്കിനു കീഴെ രണ്ട് എതിർവശങ്ങളിലായി സ്വർണംകൊണ്ടുള്ള രണ്ടു വളയങ്ങളും ഉണ്ടാക്കി. 28 അതിനു ശേഷം കരുവേലത്തടികൊണ്ട് തണ്ടുകൾ ഉണ്ടാക്കി, അവ സ്വർണംകൊണ്ട് പൊതിഞ്ഞു. 29 കൂടാതെ, ചേരുവകൾ വിദഗ്ധമായി സംയോജിപ്പിച്ച്* വിശുദ്ധമായ അഭിഷേകതൈലവും+ ശുദ്ധമായ സുഗന്ധദ്രവ്യവും+ ഉണ്ടാക്കി.