ലേവ്യ
22 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 2 “അഹരോനും അവന്റെ പുത്രന്മാരും ഇസ്രായേല്യരുടെ വിശുദ്ധവസ്തുക്കൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും* വിശുദ്ധമായി അവർ എനിക്ക് അർപ്പിക്കുന്ന വസ്തുക്കളോടുള്ള+ ബന്ധത്തിൽ എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുതെന്നും+ പറയണം. ഞാൻ യഹോവയാണ്. 3 അവരോടു പറയുക: ‘നിങ്ങളോ നിങ്ങളുടെ സന്തതിപരമ്പരകളിൽ ആരെങ്കിലുമോ അശുദ്ധനായിരിക്കുമ്പോൾ, ഇസ്രായേല്യർ വിശുദ്ധമായി യഹോവയ്ക്ക് അർപ്പിക്കുന്ന വസ്തുക്കളുടെ അടുത്ത് വന്നാൽ അവനെ എന്റെ മുന്നിൽനിന്ന് ഛേദിച്ചുകളയും.*+ ഞാൻ യഹോവയാണ്. 4 അഹരോന്റെ മക്കളിൽ കുഷ്ഠമോ+ സ്രാവമോ+ ഉള്ള ആരും താൻ ശുദ്ധനാകുന്നതുവരെ വിശുദ്ധവസ്തുക്കൾ കഴിക്കരുത്.+ കൂടാതെ ആരുടെയെങ്കിലും ശവശരീരം നിമിത്തം അശുദ്ധനായവനെ+ തൊടുന്നവനോ ബീജസ്ഖലനം ഉണ്ടായവനോ+ 5 കൂട്ടമായി കാണപ്പെടുന്ന, ശുദ്ധിയില്ലാത്ത ഏതെങ്കിലും ചെറുജീവിയെ+ തൊടുന്നവനോ ഏതെങ്കിലും കാരണത്താൽ അശുദ്ധനായിത്തീർന്നതുകൊണ്ട് മറ്റൊരാളെ അശുദ്ധനാക്കാനാകുന്നയാളെ തൊടുന്നവനോ അവ കഴിക്കരുത്.+ 6 ഇവയിലേതിലെങ്കിലും തൊടുന്നയാൾ വൈകുന്നേരംവരെ അശുദ്ധനായിരിക്കും. ആ സമയംവരെ വിശുദ്ധവസ്തുക്കൾ ഒന്നും കഴിക്കുകയുമരുത്. എന്നാൽ അവൻ കുളിക്കണം.+ 7 സൂര്യാസ്തമയശേഷം അവൻ ശുദ്ധനാകും. പിന്നെ അവനു വിശുദ്ധവസ്തുക്കൾ കഴിക്കാം. കാരണം അത് അവന്റെ ഭക്ഷണമാണല്ലോ.+ 8 കൂടാതെ താനേ ചത്ത ഏതെങ്കിലും മൃഗത്തെയോ വന്യമൃഗങ്ങൾ കടിച്ചുകീറിയതിനെയോ കഴിച്ച് അവൻ അശുദ്ധനാകരുത്.+ ഞാൻ യഹോവയാണ്.
9 “‘അവർ എന്നോടുള്ള കടമ നിറവേറ്റണം. അല്ലാത്തപക്ഷം അവർ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കി അവരുടെ മേൽ പാപം വരുത്തിവെക്കും. അങ്ങനെ അവർ മരിക്കും. അവരെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണല്ലോ.
10 “‘അർഹതയില്ലാത്ത ആരും* വിശുദ്ധമായതു കഴിക്കരുത്.+ പുരോഹിതന്റെ വിദേശിയായ അതിഥിയോ കൂലിക്കാരനോ വിശുദ്ധമായത് ഒന്നും കഴിക്കരുത്. 11 പക്ഷേ പുരോഹിതൻ കൈയിലുള്ള പണം കൊടുത്ത് ആരെയെങ്കിലും വാങ്ങുന്നെങ്കിൽ ആ വ്യക്തിക്ക് അതിൽനിന്ന് കഴിക്കാം. കൂടാതെ അവന്റെ ഭവനത്തിൽ ജനിച്ച അടിമകൾക്കും അവന്റെ ഭക്ഷണത്തിൽ പങ്കുപറ്റാം.+ 12 പുരോഹിതന്റെ മകൾ പുരോഹിതനല്ലാത്ത ഒരാളെ വിവാഹം കഴിക്കുന്നെങ്കിൽ അവൾ സംഭാവനയായ വിശുദ്ധവസ്തുക്കളിൽനിന്ന് കഴിക്കരുത്. 13 എന്നാൽ പുരോഹിതന്റെ മകൾ മക്കളില്ലാതെ വിധവയാകുകയോ വിവാഹമോചിതയാകുകയോ ചെയ്തിട്ട് അപ്പന്റെ വീട്ടിലേക്കു മടങ്ങിവന്ന് ചെറുപ്പകാലത്തെന്നപോലെ കഴിയുന്നെങ്കിൽ അവൾക്ക് അപ്പന്റെ ഭക്ഷണത്തിൽനിന്ന് കഴിക്കാം.+ പക്ഷേ അർഹതയില്ലാത്ത ആരും അതു കഴിക്കരുത്.
14 “‘ഇനി, ഒരാൾ അബദ്ധത്തിൽ ഒരു വിശുദ്ധവസ്തു കഴിച്ചാൽ അതിന്റെ മൂല്യത്തിന്റെ അഞ്ചിലൊന്നുംകൂടെ ചേർത്ത് അവൻ ആ വിശുദ്ധയാഗം പുരോഹിതനു കൊടുക്കണം.+ 15 ഇസ്രായേല്യർ യഹോവയ്ക്കു സംഭാവനയായി കൊടുത്ത വിശുദ്ധവസ്തുക്കൾ പുരോഹിതന്മാർ അശുദ്ധമാക്കരുത്.+ 16 ഇസ്രായേല്യർ വിശുദ്ധവസ്തുക്കൾ കഴിച്ച് കുറ്റക്കാരായി തങ്ങളുടെ മേൽ ശിക്ഷ വരുത്തിവെക്കാൻ അവർ ഇടയാക്കരുത്. അവരെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണല്ലോ.’”
17 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 18 “അഹരോനോടും പുത്രന്മാരോടും എല്ലാ ഇസ്രായേല്യരോടും ഇങ്ങനെ പറയുക: ‘ഒരു ഇസ്രായേല്യനോ ഇസ്രായേലിൽ വന്നുതാമസമാക്കിയ വിദേശിയോ തന്റെ നേർച്ചകൾ നിവർത്തിക്കാൻ, അല്ലെങ്കിൽ സ്വമനസ്സാലെയുള്ള ഒരു കാഴ്ചയായി+ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ+ 19 അംഗീകാരം കിട്ടണമെങ്കിൽ, അതു കന്നുകാലിക്കൂട്ടത്തിൽനിന്നോ ആൺചെമ്മരിയാട്ടിൻകുട്ടികളിൽനിന്നോ കോലാടുകളിൽനിന്നോ എടുത്ത ന്യൂനതയില്ലാത്ത ഒരു ആണായിരിക്കണം.+ 20 വൈകല്യമുള്ള ഒന്നിനെയും നിങ്ങൾ അർപ്പിക്കരുത്.+ കാരണം അതു നിങ്ങൾക്ക് അംഗീകാരം നേടിത്തരില്ല.
21 “‘നേർച്ച നിവർത്തിക്കാൻവേണ്ടിയോ സ്വമനസ്സാലെ നൽകുന്ന കാഴ്ചയായോ ഒരാൾ യഹോവയ്ക്ക് ഒരു സഹഭോജനബലി+ അർപ്പിക്കുന്നെങ്കിൽ അംഗീകാരം നേടാൻ, കന്നുകാലിക്കൂട്ടത്തിൽനിന്നോ ആട്ടിൻപറ്റത്തിൽനിന്നോ ന്യൂനതയില്ലാത്ത ഒരു മൃഗത്തെ വേണം അർപ്പിക്കാൻ. അതിനു വൈകല്യമൊന്നും ഉണ്ടായിരിക്കരുത്. 22 പൊട്ടക്കണ്ണോ ഒടിവോ മുറിവോ മുഴയോ ചിരങ്ങോ പുഴുക്കടിയോ ഉള്ള ഒന്നിനെയും യാഗമായി അർപ്പിക്കരുത്. നിങ്ങൾ ഇവയിൽ ഏതിനെയെങ്കിലും യഹോവയ്ക്കുവേണ്ടി കൊണ്ടുവരുകയോ അത്തരത്തിലുള്ള ഒന്നിനെ യാഗപീഠത്തിൽ യഹോവയ്ക്ക് അർപ്പിക്കുകയോ അരുത്. 23 ഒരു കൈക്കോ കാലിനോ നീളക്കൂടുതലോ നീളക്കുറവോ ഉള്ള ഒരു കാളയെയോ ആടിനെയോ സ്വമനസ്സാലെ നൽകുന്ന കാഴ്ചയായി നിനക്കു കൊണ്ടുവരാം. പക്ഷേ നേർച്ചയാഗമായി അതിനെ അർപ്പിച്ചാൽ അതു സ്വീകാര്യമായിരിക്കില്ല. 24 എന്നാൽ വൃഷണം ഉടഞ്ഞതിനെയോ എടുത്തുകളഞ്ഞതിനെയോ മുറിച്ചുകളഞ്ഞതിനെയോ വൃഷണത്തിനു തകരാറുള്ളതിനെയോ നീ യഹോവയ്ക്കുവേണ്ടി കൊണ്ടുവരരുത്. നിങ്ങളുടെ ദേശത്തെങ്ങും അത്തരം മൃഗങ്ങളെ അർപ്പിക്കരുത്. 25 ഇവയിലേതിനെയെങ്കിലും ഒരു വിദേശിയുടെ കൈയിൽനിന്ന് വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ അപ്പമായി അർപ്പിക്കുകയുമരുത്. കാരണം അവ ഊനവും വൈകല്യവും ഉള്ളതാണ്. അവ സ്വീകാര്യമായിരിക്കില്ല.’”
26 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 27 “ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസത്തേക്ക് അതു തള്ളയുടെകൂടെയായിരിക്കണം.+ എന്നാൽ, എട്ടാം ദിവസംമുതൽ അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമായി അതു സ്വീകാര്യമായിരിക്കും. 28 കന്നുകാലിയായാലും ആടായാലും, ഒരേ ദിവസം തള്ളയെയും കുഞ്ഞിനെയും അറുക്കരുത്.+
29 “നിങ്ങൾ യഹോവയ്ക്ക് ഒരു നന്ദിപ്രകാശനബലി അർപ്പിക്കുന്നെങ്കിൽ+ അംഗീകാരം കിട്ടുന്ന വിധത്തിൽ വേണം അത് അർപ്പിക്കാൻ. 30 അന്നുതന്നെ അതു കഴിക്കണം. അതിൽ ഒട്ടും നിങ്ങൾ രാവിലെവരെ ബാക്കി വെക്കരുത്.+ ഞാൻ യഹോവയാണ്.
31 “നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ച് അവയ്ക്കു ചേർച്ചയിൽ ജീവിക്കണം.+ ഞാൻ യഹോവയാണ്. 32 നിങ്ങൾ എന്റെ വിശുദ്ധനാമം അശുദ്ധമാക്കരുത്.+ പകരം ഇസ്രായേല്യരുടെ ഇടയിൽ നിങ്ങൾ എന്നെ വിശുദ്ധീകരിക്കണം.+ നിങ്ങളെ വിശുദ്ധീകരിക്കുന്നത് യഹോവ എന്ന ഞാനാണ്.+ 33 നിങ്ങൾക്കു ദൈവമായിരിക്കാൻവേണ്ടി ഞാനാണ് ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച് കൊണ്ടുവരുന്നത്.+ ഞാൻ യഹോവയാണ്.”