-
മത്തായി 26:69-75വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
69 ഈ സമയത്ത് പത്രോസ് പുറത്ത് നടുമുറ്റത്ത് ഇരിക്കുകയായിരുന്നു. ഒരു വേലക്കാരിപ്പെൺകുട്ടി പത്രോസിന്റെ അടുത്ത് വന്ന്, “ഗലീലക്കാരനായ യേശുവിന്റെകൂടെ താങ്കളുമുണ്ടായിരുന്നല്ലോ”+ എന്നു പറഞ്ഞു. 70 എന്നാൽ അവരുടെയെല്ലാം മുന്നിൽവെച്ച് അതു നിഷേധിച്ചുകൊണ്ട് പത്രോസ് പറഞ്ഞു: “നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല.” 71 പത്രോസ് പുറത്ത് പടിപ്പുരയിലേക്കു പോയപ്പോൾ മറ്റൊരു പെൺകുട്ടി പത്രോസിനെ കണ്ട് അവിടെയുള്ളവരോട്, “ഈ മനുഷ്യൻ നസറെത്തുകാരനായ യേശുവിന്റെകൂടെയുണ്ടായിരുന്ന ആളാണ്”+ എന്നു പറഞ്ഞു. 72 അപ്പോൾ പത്രോസ് വീണ്ടും അതു നിഷേധിച്ചുകൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിയില്ല” എന്ന് ആണയിട്ട് പറഞ്ഞു. 73 അൽപ്പനേരം കഴിഞ്ഞപ്പോൾ അവിടെ നിന്നിരുന്നവർ അടുത്ത് വന്ന് പത്രോസിനോടു പറഞ്ഞു: “നീയും അവരുടെ കൂട്ടത്തിലുള്ളവനാണ്, തീർച്ച! നിന്റെ സംസാരരീതി* കേട്ടാൽത്തന്നെ അറിയാം.” 74 അപ്പോൾ പത്രോസ് സ്വയം പ്രാകിക്കൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിയില്ല” എന്ന് ആണയിട്ട് പറഞ്ഞു. ഉടൻതന്നെ ഒരു കോഴി കൂകി. 75 “കോഴി കൂകുന്നതിനു മുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ തള്ളിപ്പറയും”+ എന്നു യേശു പറഞ്ഞതു പത്രോസ് അപ്പോൾ ഓർത്തു. പത്രോസ് പുറത്ത് പോയി അതിദുഃഖത്തോടെ കരഞ്ഞു.
-
-
ലൂക്കോസ് 22:55-62വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
55 അവരെല്ലാം നടുമുറ്റത്ത് തീ കായാൻ ഇരുന്നപ്പോൾ പത്രോസും അക്കൂട്ടത്തിലുണ്ടായിരുന്നു.+ 56 അപ്പോൾ ഒരു വേലക്കാരിപ്പെൺകുട്ടി തീയുടെ വെളിച്ചത്തിൽ പത്രോസിനെ കണ്ടിട്ട് സൂക്ഷിച്ചുനോക്കി, “ഇയാളും ആ മനുഷ്യന്റെകൂടെയുണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു. 57 എന്നാൽ പത്രോസ് അതു നിഷേധിച്ചുകൊണ്ട് അവളോട്, “എനിക്ക് അയാളെ അറിയില്ല” എന്നു പറഞ്ഞു. 58 അൽപ്പനേരം കഴിഞ്ഞപ്പോൾ മറ്റൊരാൾ പത്രോസിനെ കണ്ടിട്ട്, “നിങ്ങളും അവരിൽ ഒരാളാണല്ലോ” എന്നു പറഞ്ഞു. അപ്പോൾ പത്രോസ്, “അല്ല” എന്നു പറഞ്ഞു.+ 59 ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വേറൊരാൾ വന്ന് ഇങ്ങനെ തറപ്പിച്ചുപറഞ്ഞു: “ഈ മനുഷ്യനും അയാളോടൊപ്പമുണ്ടായിരുന്നു, തീർച്ച. കാരണം, ഇയാൾ ഒരു ഗലീലക്കാരനാണ്.” 60 എന്നാൽ പത്രോസ് അയാളോട്, “താങ്കൾ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല” എന്നു പറഞ്ഞു. പത്രോസ് അതു പറഞ്ഞുതീർന്നില്ല, അതിനു മുമ്പേ കോഴി കൂകി. 61 അപ്പോൾ കർത്താവ് തിരിഞ്ഞ് പത്രോസിന്റെ മുഖത്തേക്കു നോക്കി. “ഇന്നു കോഴി കൂകുംമുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയും” എന്നു കർത്താവ് തന്നോടു പറഞ്ഞതു പത്രോസ് അപ്പോൾ ഓർത്തു.+ 62 പത്രോസ് പുറത്ത് പോയി അതിദുഃഖത്തോടെ കരഞ്ഞു.
-
-
യോഹന്നാൻ 18:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ശിമോൻ പത്രോസ് തീ കാഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു. അപ്പോൾ അവർ, “താങ്കളും അയാളുടെ ഒരു ശിഷ്യനല്ലേ” എന്നു ചോദിച്ചു. പത്രോസ് അതു നിഷേധിച്ചുകൊണ്ട്, “അല്ല” എന്നു പറഞ്ഞു.+ 26 മഹാപുരോഹിതന്റെ ഒരു അടിമയും പത്രോസ് ചെവി മുറിച്ചവന്റെ ബന്ധുവും ആയ ഒരാൾ,+ “ഞാൻ നിന്നെ അയാളുടെകൂടെ തോട്ടത്തിൽവെച്ച് കണ്ടല്ലോ” എന്നു പറഞ്ഞു.
-