യോഹന്നാൻ എഴുതിയത്
18 ഇതു പറഞ്ഞിട്ട് യേശു ശിഷ്യന്മാരുടെകൂടെ കിദ്രോൻ താഴ്വരയുടെ*+ മറുവശത്തേക്കു പോയി. അവിടെ ഒരു തോട്ടമുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും ആ തോട്ടത്തിലേക്കു ചെന്നു.+ 2 യേശു പലപ്പോഴും ശിഷ്യന്മാരുടെകൂടെ അവിടെ വരാറുണ്ടായിരുന്നതുകൊണ്ട് യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസിനും ആ സ്ഥലം അറിയാമായിരുന്നു. 3 അങ്ങനെ, യൂദാസ് ഒരു കൂട്ടം പടയാളികളെയും മുഖ്യപുരോഹിതന്മാരും പരീശന്മാരും അയച്ച ഭടന്മാരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളും ആയി അവിടെ എത്തി.+ 4 തനിക്കു സംഭവിക്കാനിരിക്കുന്നതൊക്കെ അറിയാമായിരുന്ന യേശു മുന്നോട്ടു ചെന്ന് അവരോട്, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്” എന്നു ചോദിച്ചു. 5 അവർ യേശുവിനോട്, “നസറെത്തുകാരനായ യേശുവിനെ”+ എന്നു പറഞ്ഞു. യേശു അവരോട്, “അതു ഞാനാണ്” എന്നു പറഞ്ഞു. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസും അവരുടെകൂടെ നിൽപ്പുണ്ടായിരുന്നു.+
6 “അതു ഞാനാണ്” എന്നു യേശു പറഞ്ഞ ഉടനെ പുറകോട്ടു മാറിയ അവർ നിലത്ത് വീണുപോയി.+ 7 അപ്പോൾ യേശു വീണ്ടും അവരോട്, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്” എന്നു ചോദിച്ചു. “നസറെത്തുകാരനായ യേശുവിനെ” എന്ന് അവർ പറഞ്ഞു. 8 യേശു അവരോടു പറഞ്ഞു: “അതു ഞാനാണെന്നു പറഞ്ഞല്ലോ. എന്നെയാണു നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഇവരെ വിട്ടേക്ക്.” 9 “അങ്ങ് എനിക്കു തന്ന ആരും നഷ്ടപ്പെട്ടുപോയിട്ടില്ല”+ എന്നു യേശു പറഞ്ഞതു നിറവേറാനാണ് ഇതു സംഭവിച്ചത്.
10 അപ്പോൾ ശിമോൻ പത്രോസ് തന്റെ പക്കലുണ്ടായിരുന്ന വാൾ വലിച്ചൂരി മഹാപുരോഹിതന്റെ അടിമയെ വെട്ടി. അയാളുടെ വലതുചെവി അറ്റുപോയി.+ മൽക്കൊസ് എന്നായിരുന്നു അയാളുടെ പേര്. 11 യേശു പത്രോസിനോടു പറഞ്ഞു: “വാൾ ഉറയിൽ ഇട്.+ പിതാവ് എനിക്കു തന്നിരിക്കുന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലേ?”+
12 ഉടനെ പടയാളികളുടെ കൂട്ടവും സൈന്യാധിപനും ജൂതന്മാരുടെ ഭടന്മാരും യേശുവിനെ പിടിച്ചുകെട്ടി.* 13 അവർ യേശുവിനെ ആദ്യം അന്നാസിന്റെ അടുത്തേക്കു കൊണ്ടുപോയി. കാരണം ആ വർഷം മഹാപുരോഹിതനായിരുന്ന കയ്യഫയുടെ+ അമ്മായിയപ്പനായിരുന്നു അന്നാസ്. 14 ഈ കയ്യഫയാണ്, ജനങ്ങൾക്കെല്ലാവർക്കുംവേണ്ടി ഒരാൾ മരിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്നു ജൂതന്മാർക്കു പറഞ്ഞുകൊടുത്തത്.+
15 ശിമോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിന്റെ പിന്നാലെതന്നെയുണ്ടായിരുന്നു.+ ആ ശിഷ്യൻ മഹാപുരോഹിതന്റെ പരിചയക്കാരനായിരുന്നതുകൊണ്ട് അയാൾക്കു യേശുവിന്റെകൂടെ മഹാപുരോഹിതന്റെ വീടിന്റെ നടുമുറ്റത്ത് കയറാൻ കഴിഞ്ഞു. 16 പത്രോസ് പുറത്ത് വാതിൽക്കൽ നിൽക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതനു പരിചയമുള്ള ശിഷ്യൻ പുറത്ത് വന്ന് വാതിൽക്കാവൽക്കാരിയോടു സംസാരിച്ച് പത്രോസിനെയും അകത്ത് കയറ്റി. 17 വാതിൽക്കാവൽക്കാരിയായ ദാസിപ്പെൺകുട്ടി അപ്പോൾ പത്രോസിനോട്, “താങ്കളും ഈ മനുഷ്യന്റെ ഒരു ശിഷ്യനല്ലേ” എന്നു ചോദിച്ചു. “അല്ല” എന്നു പത്രോസ് പറഞ്ഞു.+ 18 തണുപ്പായിരുന്നതുകൊണ്ട് ദാസന്മാരും ഭടന്മാരും കനൽ കൂട്ടി തീ കാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പത്രോസും അവരുടെകൂടെ നിന്ന് തീ കാഞ്ഞു.
19 മുഖ്യപുരോഹിതൻ യേശുവിനെ ചോദ്യം ചെയ്തു. യേശുവിന്റെ ശിഷ്യന്മാരെപ്പറ്റിയും യേശു പഠിപ്പിച്ച കാര്യങ്ങളെപ്പറ്റിയും ചോദിച്ചു. 20 യേശു അദ്ദേഹത്തോടു പറഞ്ഞു: “ഞാൻ ലോകത്തോടു പരസ്യമായിട്ടാണു സംസാരിച്ചത്. ജൂതന്മാരെല്ലാം ഒരുമിച്ചുകൂടാറുള്ള സിനഗോഗിലും ദേവാലയത്തിലും ആണ് ഞാൻ പഠിപ്പിച്ചുപോന്നത്.+ ഞാൻ രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. 21 പിന്നെ എന്തിനാണ് എന്നെ ചോദ്യം ചെയ്യുന്നത്? ഞാൻ സംസാരിച്ചതൊക്കെ കേട്ടിട്ടുള്ളവരോടു ചോദിച്ചുനോക്കൂ. ഞാൻ പറഞ്ഞത് എന്താണെന്ന് അവർക്ക് അറിയാം.” 22 യേശു ഇങ്ങനെ പറഞ്ഞപ്പോൾ അരികെ നിന്നിരുന്ന ഭടന്മാരിൽ ഒരാൾ യേശുവിന്റെ മുഖത്ത് അടിച്ചിട്ട്,+ “ഇങ്ങനെയാണോ മുഖ്യപുരോഹിതനോട് ഉത്തരം പറയുന്നത്” എന്നു ചോദിച്ചു. 23 യേശു പറഞ്ഞു: “ഞാൻ പറഞ്ഞതു തെറ്റാണെങ്കിൽ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കിൽ എന്നെ അടിക്കുന്നത് എന്തിനാണ്?” 24 ബന്ധിച്ച നിലയിൽത്തന്നെ, അന്നാസ് യേശുവിനെ മഹാപുരോഹിതനായ കയ്യഫയുടെ അടുത്തേക്ക് അയച്ചു.+
25 ശിമോൻ പത്രോസ് തീ കാഞ്ഞുകൊണ്ട് നിൽക്കുകയായിരുന്നു. അപ്പോൾ അവർ, “താങ്കളും അയാളുടെ ഒരു ശിഷ്യനല്ലേ” എന്നു ചോദിച്ചു. പത്രോസ് അതു നിഷേധിച്ചുകൊണ്ട്, “അല്ല” എന്നു പറഞ്ഞു.+ 26 മഹാപുരോഹിതന്റെ ഒരു അടിമയും പത്രോസ് ചെവി മുറിച്ചവന്റെ ബന്ധുവും ആയ ഒരാൾ,+ “ഞാൻ നിന്നെ അയാളുടെകൂടെ തോട്ടത്തിൽവെച്ച് കണ്ടല്ലോ” എന്നു പറഞ്ഞു. 27 എന്നാൽ പത്രോസ് വീണ്ടും അതു നിഷേധിച്ചു; ഉടൻതന്നെ കോഴി കൂകി.+
28 അതിരാവിലെ അവർ യേശുവിനെ കയ്യഫയുടെ അടുത്തുനിന്ന് ഗവർണറുടെ വസതിയിലേക്കു കൊണ്ടുപോയി.+ എന്നാൽ പെസഹ ഭക്ഷിക്കാനുള്ളതുകൊണ്ട് അശുദ്ധരാകാതിരിക്കാൻ+ അവർ ഗവർണറുടെ വസതിയിൽ കയറിയില്ല. 29 അതുകൊണ്ട് പീലാത്തൊസ് പുറത്ത് വന്ന് അവരോട്, “ഈ മനുഷ്യന് എതിരെ എന്തു കുറ്റമാണു നിങ്ങൾ ആരോപിക്കുന്നത്” എന്നു ചോദിച്ചു. 30 അവർ പറഞ്ഞു: “കുറ്റവാളിയല്ലായിരുന്നെങ്കിൽ ഇവനെ ഞങ്ങൾ അങ്ങയെ ഏൽപ്പിക്കില്ലായിരുന്നല്ലോ.” 31 അപ്പോൾ പീലാത്തൊസ്, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ച് വിധിക്ക്”+ എന്നു പറഞ്ഞു. അപ്പോൾ ജൂതന്മാർ, “ആരെയും കൊല്ലാൻ ഞങ്ങളുടെ നിയമം അനുവദിക്കുന്നില്ല”+ എന്നു പറഞ്ഞു. 32 തന്റെ മരണം ഏതുവിധത്തിലുള്ളതായിരിക്കുമെന്നു+ യേശു പറഞ്ഞത് ഇങ്ങനെ നിറവേറുകയായിരുന്നു.
33 പീലാത്തൊസ് ഗവർണറുടെ വസതിക്കുള്ളിലേക്കു തിരികെ കയറി യേശുവിനെ വിളിച്ച്, “നീ ജൂതന്മാരുടെ രാജാവാണോ”+ എന്നു ചോദിച്ചു. 34 അപ്പോൾ യേശു, “ഇത് അങ്ങ് സ്വയം തോന്നി ചോദിക്കുന്നതാണോ അതോ മറ്റുള്ളവർ എന്നെപ്പറ്റി പറഞ്ഞതിന്റെ പേരിൽ ചോദിക്കുന്നതാണോ” എന്നു ചോദിച്ചു. 35 പീലാത്തൊസ് പറഞ്ഞു: “അതിനു ഞാൻ ഒരു ജൂതനല്ലല്ലോ. നിന്റെ സ്വന്തം ജനതയും മുഖ്യപുരോഹിതന്മാരും ആണ് നിന്നെ എനിക്ക് ഏൽപ്പിച്ചുതന്നത്. നീ എന്താണു ചെയ്തത്?” 36 യേശു പറഞ്ഞു:+ “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.+ എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ എന്നെ ജൂതന്മാരുടെ കൈയിലേക്കു വിട്ടുകൊടുക്കാതിരിക്കാൻ എന്റെ സേവകർ പോരാടിയേനേ.+ എന്നാൽ എന്റെ രാജ്യം ഈ ലോകത്തുനിന്നുള്ളതല്ല.” 37 പീലാത്തൊസ് ചോദിച്ചു: “അപ്പോൾ, നീ ഒരു രാജാവാണോ?” മറുപടിയായി യേശു പറഞ്ഞു: “ഞാൻ ഒരു രാജാവാണെന്ന് അങ്ങുതന്നെ പറയുന്നല്ലോ.+ സത്യത്തിനു സാക്ഷിയായി നിൽക്കാൻവേണ്ടിയാണു ഞാൻ ജനിച്ചത്.+ ഞാൻ ലോകത്തേക്കു വന്നിരിക്കുന്നതും അതിനായിട്ടാണ്. സത്യത്തിന്റെ പക്ഷത്തുള്ളവരെല്ലാം എന്റെ സ്വരം കേട്ടനുസരിക്കുന്നു.” 38 പീലാത്തൊസ് യേശുവിനോട്, “എന്താണു സത്യം” എന്നു ചോദിച്ചു.
ഇതു ചോദിച്ചിട്ട് പീലാത്തൊസ് വീണ്ടും പുറത്ത് ചെന്ന് ജൂതന്മാരോടു പറഞ്ഞു: “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല.+ 39 പെസഹയ്ക്ക് ഞാൻ നിങ്ങൾക്കൊരു തടവുകാരനെ വിട്ടുതരുന്ന പതിവുണ്ടല്ലോ.+ ജൂതന്മാരുടെ രാജാവിനെ ഞാൻ നിങ്ങൾക്കു വിട്ടുതരട്ടേ?” 40 അപ്പോൾ അവർ വീണ്ടും, “ഇവനെ വേണ്ടാ, ബറബ്ബാസിനെ മതി” എന്ന് അലറി. ബറബ്ബാസ് ഒരു കവർച്ചക്കാരനായിരുന്നു.+