പുറപ്പാട്
28 “എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻവേണ്ടി നിന്റെ സഹോദരനായ അഹരോനെ+ അവന്റെ പുത്രന്മാരായ+ നാദാബ്, അബീഹു,+ എലെയാസർ, ഈഥാമാർ+ എന്നിവരോടൊപ്പം ഇസ്രായേല്യരിൽനിന്ന് വിളിച്ചുവരുത്തണം.+ 2 നിന്റെ സഹോദരനായ അഹരോന് അഴകും മഹത്ത്വവും നൽകാൻ നീ അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങൾ ഉണ്ടാക്കണം.+ 3 ഞാൻ ജ്ഞാനത്തിന്റെ ആത്മാവ് നിറച്ചിരിക്കുന്ന വിദഗ്ധരായ* എല്ലാവരോടും+ നീ സംസാരിക്കണം. അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവന്റെ വിശുദ്ധീകരണത്തിനായി അവർ അവനുവേണ്ടി വസ്ത്രങ്ങൾ ഉണ്ടാക്കും.
4 “അവർ ഉണ്ടാക്കേണ്ട വസ്ത്രങ്ങൾ ഇവയാണ്: ഒരു മാർച്ചട്ട,+ ഒരു ഏഫോദ്,+ കൈയില്ലാത്ത ഒരു അങ്കി,+ ചതുരക്കളങ്ങളോടുകൂടിയ ഒരു നീളൻ കുപ്പായം, ഒരു തലപ്പാവ്,+ ഒരു നടുക്കെട്ട്.+ നിന്റെ സഹോദരനായ അഹരോൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവനുവേണ്ടിയും അവന്റെ പുത്രന്മാർക്കുവേണ്ടിയും അവർ ഈ വിശുദ്ധവസ്ത്രങ്ങൾ ഉണ്ടാക്കും. 5 അതിനായി വിദഗ്ധജോലിക്കാർ സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ എന്നിവ ഉപയോഗിക്കും.
6 “സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ട് അവർ ഏഫോദ് ഉണ്ടാക്കണം. അതിൽ നൂലുകൊണ്ടുള്ള ചിത്രപ്പണിയുണ്ടായിരിക്കണം.+ 7 കൂടാതെ അതിന്റെ രണ്ട് മുകളറ്റത്തും വന്ന് യോജിക്കുന്ന വിധത്തിൽ രണ്ടു തോൾവാറും അതിലുണ്ടായിരിക്കണം. 8 ഏഫോദ് കൃത്യസ്ഥാനത്ത് ഭദ്രമായി കെട്ടിനിറുത്താൻവേണ്ടി അതിൽ പിടിപ്പിക്കുന്ന നെയ്തെടുത്ത അരപ്പട്ടയും+ ഏഫോദ്പോലെതന്നെ സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ടുള്ളതായിരിക്കണം.
9 “രണ്ടു നഖവർണിക്കല്ല്+ എടുത്ത് അവയിൽ ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ+ കൊത്തണം. 10 ജനനക്രമമനുസരിച്ച് അവരുടെ പേരുകൾ ആറെണ്ണം ഒരു കല്ലിലും ശേഷിക്കുന്ന ആറെണ്ണം മറ്റേ കല്ലിലും കൊത്തണം. 11 കല്ലു കൊത്തുന്ന ഒരാൾ ആ രണ്ടു കല്ലിലും ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ മുദ്ര കൊത്തുന്നതുപോലെ കൊത്തട്ടെ.+ എന്നിട്ട് അവ സ്വർണത്തടങ്ങളിൽ പതിക്കണം. 12 ആ രണ്ടു കല്ലും ഇസ്രായേലിന്റെ ആൺമക്കൾക്കുവേണ്ടി സ്മാരകക്കല്ലുകളായി ഏഫോദിന്റെ തോൾവാറുകളിൽ വെക്കണം.+ അഹരോൻ അവരുടെ പേരുകൾ യഹോവയുടെ മുന്നിൽ ഒരു സ്മാരകമായി തന്റെ രണ്ടു തോൾവാറുകളിലും വഹിക്കും. 13 സ്വർണംകൊണ്ട് തടങ്ങൾ ഉണ്ടാക്കണം. 14 തനിത്തങ്കംകൊണ്ട്, കയറുപോലെ പിരിഞ്ഞിരിക്കുന്ന രണ്ടു ചങ്ങല ഉണ്ടാക്കണം.+ ആ സ്വർണച്ചങ്ങലകൾ തടങ്ങളിൽ ഘടിപ്പിക്കണം.+
15 “നൂലുകൊണ്ട് ചിത്രപ്പണി ചെയ്യുന്ന ഒരാളെക്കൊണ്ട് ന്യായവിധിയുടെ മാർച്ചട്ട+ ഉണ്ടാക്കിക്കണം. ഏഫോദ് ഉണ്ടാക്കിയതുപോലെ സ്വർണം, നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ടായിരിക്കണം അത് ഉണ്ടാക്കേണ്ടത്.+ 16 അതു രണ്ടായി മടക്കുമ്പോൾ ഒരു ചാൺ* നീളവും ഒരു ചാൺ വീതിയും ഉള്ള സമചതുരമായിരിക്കണം. 17 തടത്തിൽ പതിപ്പിച്ച കല്ലുകൾ* നാലു നിരയായി അതിൽ പിടിപ്പിക്കണം. ആദ്യത്തെ നിര മാണിക്യം, ഗോമേദകം, മരതകം. 18 രണ്ടാമത്തെ നിര നീലഹരിതക്കല്ല്, ഇന്ദ്രനീലം, സൂര്യകാന്തം. 19 മൂന്നാമത്തെ നിര ലഷം കല്ല്,* അക്കിക്കല്ല്, അമദമണി. 20 നാലാമത്തെ നിര പീതരത്നം, നഖവർണി, പച്ചക്കല്ല്. അവ സ്വർണത്തടങ്ങളിൽ പതിക്കണം. 21 ഇസ്രായേലിന്റെ 12 ആൺമക്കളുടെ പേരുകളനുസരിച്ചായിരിക്കും ഈ കല്ലുകൾ. ഓരോ കല്ലിലും 12 ഗോത്രങ്ങളിൽ ഓരോന്നിനെയും പ്രതിനിധാനം ചെയ്യുന്ന ഓരോ പേരും, മുദ്രകൊത്തുന്നതുപോലെ കൊത്തണം.
22 “കയറുപോലെ പിരിഞ്ഞിരിക്കുന്ന ചങ്ങലകൾ മാർച്ചട്ടയിൽ ഉണ്ടാക്കണം. അവ തനിത്തങ്കംകൊണ്ടുള്ളതായിരിക്കണം.+ 23 സ്വർണംകൊണ്ട് രണ്ടു വളയം ഉണ്ടാക്കി അവ രണ്ടും മാർച്ചട്ടയുടെ രണ്ട് അറ്റത്തും പിടിപ്പിക്കണം. 24 മാർച്ചട്ടയുടെ അറ്റങ്ങളിലുള്ള വളയങ്ങൾ രണ്ടിലും സ്വർണംകൊണ്ടുള്ള ആ രണ്ടു ചരട് കോർക്കണം. 25 ചരടുകൾ രണ്ടിന്റെയും ഓരോ അറ്റം ഓരോ തടത്തിൽ കോർക്കുക. അവ ഏഫോദിന്റെ തോൾവാറുകളിൽ മുൻവശത്തായി പിടിപ്പിക്കണം. 26 സ്വർണംകൊണ്ട് രണ്ടു വളയം ഉണ്ടാക്കി മാർച്ചട്ടയുടെ ഉള്ളിലെ വിളുമ്പിന്റെ രണ്ട് അറ്റത്ത്, ഏഫോദിന് അഭിമുഖമായി പിടിപ്പിക്കണം.+ 27 രണ്ടു സ്വർണവളയംകൂടെ ഉണ്ടാക്കി ഏഫോദിന്റെ മുൻവശത്ത് രണ്ടു തോൾവാറുകൾക്കു കീഴെ, അതു യോജിപ്പിച്ചിരിക്കുന്നതിന് അടുത്തായി, നെയ്തെടുത്ത അരപ്പട്ടയുടെ മുകളിൽ പിടിപ്പിക്കണം.+ 28 മാർച്ചട്ടയുടെ വളയങ്ങളിൽനിന്ന് ഏഫോദിന്റെ വളയങ്ങളിലേക്ക് ഒരു നീലച്ചരടു കെട്ടി മാർച്ചട്ട കൃത്യമായ സ്ഥാനത്ത് ഉറപ്പിച്ചുനിറുത്തണം. ഇങ്ങനെ, മാർച്ചട്ടയെ ഏഫോദിൽ, നെയ്തെടുത്ത അരപ്പട്ടയ്ക്കു മുകളിലായി, അതിന്റെ സ്ഥാനത്തുതന്നെ ഇളകാതെ നിറുത്താനാകും.
29 “അഹരോൻ വിശുദ്ധത്തിലേക്കു വരുമ്പോൾ തന്റെ ഹൃദയത്തിന്മേലുള്ള, ന്യായവിധിയുടെ മാർച്ചട്ടയിൽ ഇസ്രായേലിന്റെ ആൺമക്കളുടെ പേരുകൾ യഹോവയുടെ മുമ്പാകെ ഒരു നിത്യസ്മാരകമായി വഹിക്കണം. 30 ന്യായവിധിയുടെ മാർച്ചട്ടയ്ക്കുള്ളിൽ നീ ഊറീമും തുമ്മീമും*+ വെക്കണം. അഹരോൻ യഹോവയുടെ മുന്നിൽ വരുമ്പോൾ അവ അവന്റെ ഹൃദയത്തിന്മേലുണ്ടായിരിക്കണം. ഇസ്രായേല്യരെ ന്യായം വിധിക്കാനുള്ള ഈ ഉപാധി അഹരോൻ തന്റെ ഹൃദയത്തിന്മേൽ യഹോവയുടെ മുന്നിൽ എപ്പോഴും വഹിക്കണം.
31 “ഏഫോദിന്റെ ഉള്ളിൽ ധരിക്കുന്ന കൈയില്ലാത്ത അങ്കി മുഴുവനായും നീലനൂലുകൊണ്ട് ഉണ്ടാക്കണം.+ 32 മുകളിൽ* മധ്യഭാഗത്ത് അതിനൊരു കഴുത്തുണ്ടായിരിക്കണം. ആ കഴുത്തിനു ചുറ്റോടുചുറ്റും നെയ്ത്തുകാരൻ ഒരു പട്ടയും നെയ്യണം. കീറിപ്പോകാതിരിക്കാൻ ഇത് ഒരു പടച്ചട്ടയുടെ കഴുത്തുപോലെയായിരിക്കണം. 33 അങ്കിയുടെ വിളുമ്പിൽ ചുറ്റോടുചുറ്റും നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള മാതളനാരങ്ങകളും അവയ്ക്കിടയിൽ സ്വർണംകൊണ്ടുള്ള മണികളും ഉണ്ടാക്കണം. 34 കൈയില്ലാത്ത അങ്കിയുടെ വിളുമ്പിൽ ചുറ്റോടുചുറ്റും അവ ഒരു സ്വർണമണി, ഒരു മാതളനാരങ്ങ, ഒരു സ്വർണമണി, ഒരു മാതളനാരങ്ങ എന്നിങ്ങനെ ഒന്നിടവിട്ട് വരണം. 35 ശുശ്രൂഷ ചെയ്യാൻ കഴിയേണ്ടതിന് അഹരോൻ അതു ധരിക്കണം. വിശുദ്ധമന്ദിരത്തിനുള്ളിൽ യഹോവയുടെ മുന്നിൽ ചെല്ലുമ്പോഴും അവിടെനിന്ന് പുറത്ത് വരുമ്പോഴും അതിൽനിന്നുള്ള ശബ്ദം കേൾക്കണം. അങ്ങനെയെങ്കിൽ, അവൻ മരിക്കില്ല.+
36 “തനിത്തങ്കംകൊണ്ട് തിളങ്ങുന്ന ഒരു തകിട് ഉണ്ടാക്കി അതിൽ മുദ്ര കൊത്തുന്നതുപോലെ, ‘വിശുദ്ധി യഹോവയുടേത്’+ എന്നു കൊത്തണം. 37 ഒരു നീലച്ചരടുകൊണ്ട് അതു തലപ്പാവിനോടു+ ചേർത്ത് ബന്ധിക്കണം. അതു തലപ്പാവിന്റെ മുൻവശത്തുതന്നെ കാണണം. 38 അത് അഹരോന്റെ നെറ്റിയിലുണ്ടായിരിക്കണം. ഇസ്രായേല്യരിൽ ആരെങ്കിലും വിശുദ്ധവസ്തുക്കളോടുള്ള ബന്ധത്തിൽ, അതായത് അവർ വിശുദ്ധകാഴ്ചകളായി അർപ്പിച്ച് വിശുദ്ധീകരിക്കുന്ന* വസ്തുക്കളുടെ കാര്യത്തിൽ, വീഴ്ച വരുത്തിയാൽ അഹരോൻ അതിന് ഉത്തരവാദിയായിരിക്കും.+ അവർക്ക് യഹോവയുടെ മുന്നിൽ അംഗീകാരം കിട്ടേണ്ടതിന് അത് എല്ലായ്പോഴും അവന്റെ നെറ്റിയിലുണ്ടായിരിക്കണം.
39 “ചതുരക്കളങ്ങളോടുകൂടിയ നീളൻ കുപ്പായം മേന്മയേറിയ ലിനൻനൂലുകൊണ്ട് നെയ്തുണ്ടാക്കണം. മേന്മയേറിയ ലിനൻകൊണ്ട് ഒരു തലപ്പാവും ഉണ്ടാക്കണം. ഒരു നടുക്കെട്ടും നെയ്തുണ്ടാക്കണം.+
40 “അഹരോന്റെ പുത്രന്മാർക്കുവേണ്ടി, അഴകിനും മഹത്ത്വത്തിനും+ ആയി നീളൻ കുപ്പായങ്ങളും നടുക്കെട്ടുകളും തലേക്കെട്ടുകളും ഉണ്ടാക്കണം.+ 41 നീ നിന്റെ സഹോദരനായ അഹരോനെയും ഒപ്പം അവന്റെ പുത്രന്മാരെയും വസ്ത്രം അണിയിക്കുകയും അവരെ അഭിഷേകം* ചെയ്യുകയും+ അവരോധിക്കുകയും*+ വിശുദ്ധീകരിക്കുകയും വേണം. അങ്ങനെ, അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. 42 അവരുടെ നഗ്നത മറയ്ക്കാൻ അവർക്കുവേണ്ടി ലിനൻകൊണ്ടുള്ള അടിവസ്ത്രങ്ങളും ഉണ്ടാക്കണം.+ അവ അരമുതൽ തുടവരെ എത്തുന്നതായിരിക്കണം. 43 അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധസ്ഥലത്ത് ശുശ്രൂഷ ചെയ്യാൻ യാഗപീഠത്തെ സമീപിക്കുമ്പോഴും സാന്നിധ്യകൂടാരത്തിനുള്ളിൽ വരുമ്പോഴും കുറ്റക്കാരായിത്തീർന്ന് മരിക്കാതിരിക്കാൻ അതു ധരിക്കണം. ഇത് അവനും അവന്റെ സന്തതികൾക്കും ഉള്ള ഒരു സ്ഥിരനിയമമാണ്.