എസ്ര
6 അങ്ങനെ, ദാര്യാവേശ് രാജാവ് ആജ്ഞാപിച്ചതനുസരിച്ച് അവർ ചരിത്രരേഖകൾ സൂക്ഷിക്കുന്നിടത്ത്,* അതായത് ബാബിലോണിലുള്ള വിലപിടിച്ച വസ്തുക്കൾ സൂക്ഷിക്കുന്നിടത്ത്, ഒരു അന്വേഷണം നടത്തി. 2 മേദ്യസംസ്ഥാനത്തുള്ള എക്ബത്താനയിലെ കോട്ടയിൽനിന്ന് അവർ ഒരു ചുരുൾ കണ്ടെടുത്തു. അതിൽ ഇങ്ങനെയൊരു സന്ദേശം രേഖപ്പെടുത്തിയിരുന്നു:
3 “കോരെശ് രാജാവിന്റെ വാഴ്ചയുടെ ഒന്നാം വർഷം യരുശലേമിലുള്ള ദൈവഭവനത്തെക്കുറിച്ച് രാജാവ് പുറപ്പെടുവിച്ച ഉത്തരവ്:+ ‘ബലികൾ അർപ്പിക്കാനായി ജൂതന്മാർ ആ ഭവനം പുതുക്കിപ്പണിയട്ടെ. അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പിച്ച് 60 മുഴം* ഉയരത്തിലും 60 മുഴം വീതിയിലും അതു പണിതുയർത്തുക.+ 4 മൂന്നു നിര വലിയ കല്ലുകളും അതിനു മുകളിൽ ഒരു നിര തടിയും+ വരുന്ന വിധത്തിൽ വേണം അതു പണിയാൻ. രാജാവിന്റെ ഭവനം അതിന്റെ നിർമാണച്ചെലവുകൾ വഹിക്കുന്നതായിരിക്കും.+ 5 നെബൂഖദ്നേസർ യരുശലേമിലെ ദൈവഭവനത്തിൽനിന്ന് എടുത്ത് ബാബിലോണിലേക്കു കൊണ്ടുവന്ന സ്വർണപാത്രങ്ങളും വെള്ളിപ്പാത്രങ്ങളും+ തിരിച്ചുകൊടുക്കണം. അവർ അത് യരുശലേമിലെ ദേവാലയത്തിലേക്കു കൊണ്ടുപോയി ദൈവഭവനത്തിൽ അതാതിന്റെ സ്ഥാനത്ത് വെക്കട്ടെ.’+
6 “അതുകൊണ്ട്, അക്കരപ്രദേശത്തിന്റെ* ഗവർണറായ തത്നായിയും ശെഥർ-ബോസ്നായിയും+ ഉപഗവർണർമാരായ അവരുടെ സഹപ്രവർത്തകരും അറിയാൻ എഴുതുന്നത്: നിങ്ങൾ അങ്ങോട്ടു പോയി അവരുടെ പണി തടസ്സപ്പെടുത്തരുത്. 7 ജൂതന്മാരുടെ ഗവർണറും അവരുടെ മൂപ്പന്മാരും ചേർന്ന് ആ ദൈവഭവനം അതിന്റെ പഴയ സ്ഥാനത്തുതന്നെ നിർമിക്കും. അതിന്റെ പണിയിൽ നിങ്ങൾ ഇടപെടരുത്. 8 മാത്രമല്ല, ദൈവഭവനം പുതുക്കിപ്പണിയാനായി ജൂതന്മാരുടെ മൂപ്പന്മാർക്കു നിങ്ങൾ ചില സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നും ഞാൻ ഇതാ ഉത്തരവിടുന്നു: തടസ്സമില്ലാതെ പണി നടത്താൻ+ ആവശ്യമായ പണം നിങ്ങൾ അപ്പപ്പോൾ ഖജനാവിൽനിന്ന്,+ അതായത് അക്കരപ്രദേശത്തുനിന്ന് പിരിച്ച നികുതിയിൽനിന്ന്, അവർക്കു കൊടുക്കണം. 9 നിങ്ങൾ ഓരോ ദിവസവും അവർക്കു വേണ്ടതെല്ലാം കൊടുക്കണം. സ്വർഗത്തിലെ ദൈവത്തിനു ദഹനയാഗമായി അർപ്പിക്കാൻ കാളക്കുട്ടികൾ,+ മുട്ടനാടുകൾ,+ ആട്ടിൻകുട്ടികൾ+ എന്നിവയും യരുശലേമിലെ പുരോഹിതന്മാർ ചോദിക്കുന്നത്ര ഗോതമ്പ്,+ ഉപ്പ്,+ വീഞ്ഞ്,+ എണ്ണ+ എന്നിവയും നിങ്ങൾ അവർക്കു കൊടുക്കണം; ഇതിൽ മുടക്കമൊന്നും വരുത്തരുത്. 10 അങ്ങനെയാകുമ്പോൾ അവർക്ക് എന്നും സ്വർഗത്തിലെ ദൈവത്തെ പ്രസാദിപ്പിക്കാനായി യാഗങ്ങൾ അർപ്പിക്കാനും രാജാവിന്റെയും മക്കളുടെയും ദീർഘായുസ്സിനുവേണ്ടി പ്രാർഥിക്കാനും കഴിയും.+ 11 ആരെങ്കിലും ഈ കല്പന ലംഘിച്ചാൽ അവന്റെ വീടിന്റെ ഉത്തരം വലിച്ചൂരി അവനെ അതിൽ തറയ്ക്കുമെന്നും അവന്റെ വീടു പൊതുകക്കൂസാക്കുമെന്നും* ഞാൻ ഉത്തരവിട്ടിരിക്കുന്നു. 12 ഈ ഉത്തരവ് ധിക്കരിക്കാനും യരുശലേമിലുള്ള ദൈവഭവനം നശിപ്പിക്കാനും ഏതെങ്കിലുമൊരു രാജാവോ ജനതയോ കൈ ഉയർത്തിയാൽ, തന്റെ പേര് എന്നേക്കുമായി അവിടെ സ്ഥാപിച്ചിരിക്കുന്ന ദൈവം+ അവരെ തകർത്തുകളയട്ടെ. ദാര്യാവേശ് എന്ന ഞാൻ ഈ ഉത്തരവിറക്കിയിരിക്കുന്നു; ഇത് എത്രയും പെട്ടെന്നു നടപ്പിലാക്കുക.”
13 അക്കരപ്രദേശത്തിന്റെ ഗവർണറായ തത്നായിയും ശെഥർ-ബോസ്നായിയും+ അവരുടെ സഹപ്രവർത്തകരും ദാര്യാവേശ് രാജാവ് കല്പിച്ചതെല്ലാം പെട്ടെന്നുതന്നെ നടപ്പിലാക്കി. 14 പ്രവാചകനായ ഹഗ്ഗായിയുടെയും+ ഇദ്ദൊയുടെ കൊച്ചുമകൻ സെഖര്യയുടെയും പ്രവചനങ്ങളിൽനിന്ന്+ പ്രോത്സാഹനം ഉൾക്കൊണ്ട ജൂതമൂപ്പന്മാർ നിർമാണം തുടർന്നു.+ ഒടുവിൽ, ഇസ്രായേലിന്റെ ദൈവവും+ കോരെശും+ ദാര്യാവേശും+ പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടയും+ കല്പിച്ചിരുന്നതുപോലെ അവർ പണി പൂർത്തിയാക്കി. 15 ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ ആറാം വർഷം, ആദാർ* മാസം മൂന്നാം തീയതിയാണ് ദേവാലയനിർമാണം പൂർത്തിയായത്.
16 ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും+ പ്രവാസത്തിൽനിന്ന് മടങ്ങിയെത്തിയ മറ്റുള്ളവരും ചേർന്ന് സന്തോഷപൂർവം ദൈവഭവനത്തിന്റെ ഉദ്ഘാടനം* നടത്തി. 17 അതിന്റെ ഉദ്ഘാടനത്തിനുവേണ്ടി അവർ 100 കാളകളെയും 200 മുട്ടനാടുകളെയും 400 ആട്ടിൻകുട്ടികളെയും കൊണ്ടുവന്നു; എല്ലാ ഇസ്രായേല്യർക്കുമുള്ള പാപയാഗമായി ഇസ്രായേൽഗോത്രങ്ങളുടെ എണ്ണമനുസരിച്ച് 12 ആൺകോലാടുകളെയും അവർ അർപ്പിച്ചു.+ 18 മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ,+ യരുശലേമിൽ ദൈവസേവനത്തിനായി പുരോഹിതന്മാരെ ഗണമനുസരിച്ചും ലേവ്യരെ വിഭാഗമനുസരിച്ചും+ നിയമിച്ചു.
19 പ്രവാസത്തിൽനിന്ന് മടങ്ങിയെത്തിയവർ ഒന്നാം മാസം 14-ാം ദിവസം പെസഹ ആഘോഷിച്ചു.+ 20 എല്ലാ പുരോഹിതന്മാരും ലേവ്യരും ശുദ്ധിയുള്ളവരായിരുന്നു. അവരെല്ലാം തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നതിനാൽ+ തങ്ങൾക്കും സഹപുരോഹിതന്മാർക്കും പ്രവാസത്തിൽനിന്ന് മടങ്ങിയെത്തിയ എല്ലാവർക്കും വേണ്ടി അവർ പെസഹാമൃഗത്തെ അറുത്തു. 21 പ്രവാസത്തിൽനിന്ന് തിരിച്ചുവന്ന ഇസ്രായേല്യരും ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാനായി* ദേശത്തെ ജനതകളുടെ മ്ലേച്ഛമായ രീതികൾ ഉപേക്ഷിച്ച് അവരോടൊപ്പം ചേർന്നവരും അതു കഴിച്ചു.+ 22 സത്യദൈവം അവർക്കു സന്തോഷം നൽകിയതുകൊണ്ടും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ഭവനം പണിയുന്നതിൽ സഹായിക്കാനായി അസീറിയൻ രാജാവിന്റെ ഹൃദയം അവർക്ക് അനുകൂലമാക്കിയതുകൊണ്ടും+ അവർ ആഹ്ലാദത്തോടെ ഏഴു ദിവസം പുളിപ്പില്ലാത്ത* അപ്പത്തിന്റെ ഉത്സവം കൊണ്ടാടി.+