ലേവ്യ
26 “‘നിങ്ങൾ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഉണ്ടാക്കരുത്.+ വിഗ്രഹമോ* പൂജാസ്തംഭമോ സ്ഥാപിക്കരുത്. നിങ്ങളുടെ ദേശത്ത്+ ഏതെങ്കിലും ശിലാരൂപം+ പ്രതിഷ്ഠിച്ച് അതിന്റെ മുന്നിൽ കുമ്പിടുകയുമരുത്.+ കാരണം ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്. 2 നിങ്ങൾ എന്റെ ശബത്തുകൾ അനുഷ്ഠിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയാദരവ്* കാണിക്കുകയും വേണം. ഞാൻ യഹോവയാണ്.
3 “‘നിങ്ങൾ തുടർന്നും എന്റെ നിയമങ്ങളനുസരിച്ച് നടക്കുകയും എന്റെ കല്പനകൾ പാലിക്കുകയും അവയ്ക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്താൽ+ 4 തക്ക കാലത്ത് ഞാൻ നിങ്ങൾക്കു മഴ തരും.+ ഭൂമി വിളവ് തരുകയും+ വൃക്ഷങ്ങൾ ഫലം നൽകുകയും ചെയ്യും. 5 നിങ്ങളുടെ മെതിയുടെ കാലം മുന്തിരിയുടെ വിളവെടുപ്പുവരെയും, മുന്തിരിയുടെ വിളവെടുപ്പു വിതയുടെ കാലംവരെയും നീളും. നിങ്ങൾ തൃപ്തിയാകുന്നതുവരെ അപ്പം തിന്ന് ദേശത്ത് സുരക്ഷിതരായി താമസിക്കും.+ 6 ഞാൻ ദേശത്ത് സമാധാനം തരും.+ ആരും നിങ്ങളെ ഭയപ്പെടുത്താതെ നിങ്ങൾ സ്വസ്ഥമായി കിടന്നുറങ്ങും.+ ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഞാൻ ദേശത്തുനിന്ന് നീക്കിക്കളയും. യുദ്ധത്തിന്റെ വാൾ നിങ്ങളുടെ ദേശത്തുകൂടെ കടന്നുപോകുകയുമില്ല. 7 നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ പിന്തുടർന്ന് പിടിക്കും. അവർ നിങ്ങളുടെ മുന്നിൽ വാളാൽ വീഴും. 8 നിങ്ങളിൽ അഞ്ചു പേർ 100 പേരെ പിന്തുടരും, നിങ്ങളിൽ 100 പേർ 10,000 പേരെയും. ശത്രുക്കൾ നിങ്ങളുടെ മുന്നിൽ വാളാൽ വീഴും.+
9 “‘ഞാൻ നിങ്ങളെ കടാക്ഷിച്ച് നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി വർധിച്ചുപെരുകാൻ ഇടയാക്കും.+ നിങ്ങളോടുള്ള എന്റെ ഉടമ്പടി ഞാൻ പാലിക്കും.+ 10 നിങ്ങൾക്കു കഴിക്കാൻ തലേവർഷത്തെ വിളവ് ധാരാളമുണ്ടായിരിക്കും. ഒടുവിൽ പുതിയ വിളവ് സംഭരിച്ചുവെക്കാൻവേണ്ടി നിങ്ങൾക്കു പഴയതു നീക്കേണ്ടിവരും. 11 ഞാൻ എന്റെ വിശുദ്ധകൂടാരം നിങ്ങളുടെ ഇടയിൽ സ്ഥാപിക്കും.+ ഞാൻ നിങ്ങളെ തള്ളിക്കളയുകയുമില്ല. 12 ഞാൻ നിങ്ങളുടെ ഇടയിലൂടെ നടക്കും.+ ഞാൻ നിങ്ങളുടെ ദൈവമായിരിക്കും, നിങ്ങളോ എന്റെ ജനവും.+ 13 നിങ്ങൾ മേലാൽ ഈജിപ്തുകാരുടെ അടിമകളായി കഴിയാതിരിക്കാൻവേണ്ടി ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച് കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവയാണു ഞാൻ. ഞാൻ നിങ്ങളുടെ നുകം ഒടിച്ച് നിങ്ങൾ തല ഉയർത്തി* നടക്കാൻ ഇടയാക്കിയിരിക്കുന്നു.
14 “‘എന്നാൽ നിങ്ങൾ എന്നെ ശ്രദ്ധിക്കാതിരിക്കുകയും ഈ കല്പനകളെല്ലാം പാലിക്കാതിരിക്കുകയും ചെയ്താൽ,+ 15 എന്റെ നിയമങ്ങൾ തള്ളിക്കളയുകയും+ എന്റെ ന്യായത്തീർപ്പുകൾ വെറുത്ത് എന്റെ കല്പനകൾ പാലിക്കാതെ എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്താൽ,+ 16 ഞാൻ നിങ്ങളോടു ചെയ്യുന്നത് ഇതായിരിക്കും: നിങ്ങളുടെ കാഴ്ചശക്തി നശിപ്പിക്കുകയും ജീവൻ ക്ഷയിപ്പിക്കുകയും ചെയ്യുന്ന ക്ഷയരോഗവും കലശലായ പനിയും വരുത്തി ഞാൻ നിങ്ങളെ കഷ്ടപ്പെടുത്തും. അങ്ങനെ നിങ്ങളെ ഞാൻ ശിക്ഷിക്കും. നിങ്ങൾ വിത്തു വിതയ്ക്കുന്നതു വെറുതേയാകും. കാരണം നിങ്ങളുടെ ശത്രുക്കളായിരിക്കും അതു കഴിക്കുന്നത്.+ 17 നിങ്ങളിൽനിന്ന് ഞാൻ എന്റെ മുഖം തിരിച്ചുകളയും. ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കും.+ നിങ്ങളെ വെറുക്കുന്നവർ നിങ്ങളെ ചവിട്ടിമെതിക്കും.+ ആരും പിന്തുടരാത്തപ്പോഴും നിങ്ങൾ ഭയന്ന് ഓടും.+
18 “‘ഇത്രയൊക്കെയായിട്ടും നിങ്ങൾ എന്നെ ശ്രദ്ധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പാപങ്ങൾ കാരണം എനിക്കു നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കേണ്ടിവരും. 19 ഞാൻ നിങ്ങളുടെ കടുത്ത അഹങ്കാരം തകർത്ത് നിങ്ങളുടെ ആകാശത്തെ ഇരുമ്പുപോലെയും+ നിങ്ങളുടെ ഭൂമിയെ ചെമ്പുപോലെയും ആക്കും. 20 നിങ്ങൾ നിങ്ങളുടെ മുഴുവൻ ഊർജവും വിനിയോഗിച്ചാലും ഒട്ടും പ്രയോജനമുണ്ടാകില്ല. കാരണം നിങ്ങളുടെ ദേശം വിളവ് തരുകയോ+ വൃക്ഷങ്ങൾ ഫലം നൽകുകയോ ഇല്ല.
21 “‘നിങ്ങൾ തുടർന്നും എനിക്കു വിരോധമായി നടന്ന് എന്നെ ശ്രദ്ധിക്കാൻ വിസമ്മതിച്ചാൽ നിങ്ങളുടെ പാപങ്ങൾക്കനുസരിച്ച് എനിക്കു നിങ്ങളെ ഏഴു മടങ്ങു പ്രഹരിക്കേണ്ടിവരും. 22 ഞാൻ വന്യമൃഗങ്ങളെ നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കും.+ അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും+ നിങ്ങളുടെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയും നിങ്ങളെ എണ്ണത്തിൽ കുറയ്ക്കുകയും ചെയ്യും. നിങ്ങളുടെ വീഥികൾ വിജനമാകും.+
23 “‘ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും നിങ്ങൾ എന്റെ തിരുത്തൽ സ്വീകരിക്കാതെ+ ശാഠ്യത്തോടെ എനിക്കു വിരോധമായിത്തന്നെ നടന്നാൽ 24 ഞാനും നിങ്ങൾക്കു വിരോധമായി നടക്കും. നിങ്ങളുടെ പാപങ്ങൾ നിമിത്തം ഞാൻ, അതെ, ഞാൻ നിങ്ങളെ ഏഴു മടങ്ങു പ്രഹരിക്കും. 25 ഉടമ്പടി ലംഘിച്ചതിനു+ പ്രതികാരത്തിന്റെ വാൾ ഞാൻ നിങ്ങളുടെ മേൽ വരുത്തും. നിങ്ങൾ നിങ്ങളുടെ നഗരങ്ങളിൽ അഭയം പ്രാപിച്ചാലും ഞാൻ നിങ്ങളുടെ ഇടയിൽ രോഗം അയയ്ക്കും.+ നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്യും.+ 26 ഞാൻ നിങ്ങളുടെ അപ്പത്തിന്റെ ശേഖരം* നശിപ്പിക്കുമ്പോൾ+ നിങ്ങൾക്കുവേണ്ടി അപ്പം ചുടാൻ പത്തു സ്ത്രീകൾക്കു വെറും ഒറ്റ അടുപ്പു മതി എന്ന സ്ഥിതിയാകും.+ അവർ നിങ്ങൾക്ക് അപ്പം അളന്നുതൂക്കിയേ തരൂ. നിങ്ങൾ അതു തിന്നും. പക്ഷേ തൃപ്തരാകില്ല.+
27 “‘ഇത്രയൊക്കെയായിട്ടും നിങ്ങൾ എന്നെ ശ്രദ്ധിക്കാതെ ശാഠ്യത്തോടെ എനിക്കു വിരോധമായി നടന്നാൽ 28 നിങ്ങളെ ഞാൻ കൂടുതൽ ശക്തമായി എതിർക്കും.+ നിങ്ങളുടെ പാപങ്ങൾ കാരണം എനിക്കു നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കേണ്ടിവരും. 29 സ്വന്തം മകന്റെയും മകളുടെയും മാംസം നിങ്ങൾക്കു തിന്നേണ്ടിവരും.+ 30 നിങ്ങളുടെ ആരാധനാസ്ഥലങ്ങൾ* ഞാൻ നിശ്ശേഷം തകർത്ത്+ നിങ്ങളുടെ സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങൾ വെട്ടിവീഴ്ത്തും. നിങ്ങളുടെ തകർന്നുകിടക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളുടെ* മേൽ നിങ്ങളുടെ ശവശരീരങ്ങൾ കൂമ്പാരംകൂട്ടും.+ അങ്ങേയറ്റം വെറുപ്പോടെ ഞാൻ നിങ്ങളിൽനിന്ന് മുഖം തിരിക്കും.+ 31 ഞാൻ നിങ്ങളുടെ നഗരങ്ങളെ വാളിന് ഏൽപ്പിച്ച്+ നിങ്ങളുടെ വിശുദ്ധമന്ദിരങ്ങൾ വിജനമാക്കും. നിങ്ങളുടെ ബലികളിൽനിന്ന് ഉയരുന്ന സുഗന്ധം ഞാൻ മണക്കുകയുമില്ല. 32 ഞാൻ, ഞാൻതന്നെ, നിങ്ങളുടെ ദേശം ആൾപ്പാർപ്പില്ലാത്തതാക്കും.+ അവിടെ താമസമാക്കുന്ന നിന്റെ ശത്രുക്കൾ ഇതു കണ്ട് അതിശയിച്ച് കണ്ണുമിഴിക്കും.+ 33 നിങ്ങളെയോ ഞാൻ ജനതകളുടെ ഇടയിൽ ചിതറിക്കും.+ ഞാൻ ഉറയിൽനിന്ന് വാൾ ഊരി നിങ്ങളുടെ പുറകേ അയയ്ക്കും.+ നിങ്ങളുടെ ദേശം വിജനമാകും.+ നിങ്ങളുടെ നഗരങ്ങൾ നാമാവശേഷമാകും.
34 “‘നിങ്ങൾ ശത്രുദേശത്തായിരിക്കുന്ന ആ കാലം മുഴുവൻ ദേശം വിജനമായിക്കിടന്ന് ശബത്തുകളുടെ കടം വീട്ടും. ആ സമയത്ത് ദേശം വിശ്രമിക്കും.* അതിനു ശബത്തുകളുടെ കടം വീട്ടേണ്ടതുണ്ടല്ലോ.+ 35 വിജനമായിക്കിടക്കുന്ന കാലമത്രയും അതു വിശ്രമിക്കും. കാരണം നിങ്ങൾ അവിടെ താമസിച്ചപ്പോൾ നിങ്ങളുടെ ശബത്തുകളിൽ അതു വിശ്രമിച്ചില്ല.
36 “‘ജീവനോടെ ശേഷിക്കുന്നവരുടെ+ കാര്യത്തിലോ, ശത്രുദേശങ്ങളിലായിരിക്കുന്ന അവരുടെ ഹൃദയങ്ങളിൽ ഞാൻ നിരാശ നിറയ്ക്കും. കാറ്റത്ത് പറക്കുന്ന ഇലയുടെ ശബ്ദം കേട്ട് അവർ ഭയന്നോടും! വാളിനെ പേടിച്ച് ഓടുന്നവനെപ്പോലെ അവർ ഓടും. ആരും പിന്തുടരുന്നില്ലെങ്കിലും അവർ ഓടി വീഴും.+ 37 ആരും പിന്തുടരാത്തപ്പോഴും അവർ വാളിനെ പേടിച്ച് ഓടുന്നവരെപ്പോലെ ഓടി പരസ്പരം തട്ടി വീഴും. ശത്രുക്കളോടു ചെറുത്തുനിൽക്കാൻ നിങ്ങൾക്കാകില്ല.+ 38 ജനതകളുടെ ഇടയിൽക്കിടന്ന് നിങ്ങൾ നശിച്ചുപോകും.+ ശത്രുക്കളുടെ ദേശം നിങ്ങളെ വിഴുങ്ങിക്കളയും. 39 നിങ്ങളിൽ ബാക്കിയുള്ളവർ തങ്ങളുടെ തെറ്റു കാരണം ശത്രുദേശങ്ങളിൽവെച്ച് ക്ഷയിച്ചുപോകും.+ അതെ, അവരുടെ പിതാക്കന്മാരുടെ തെറ്റു നിമിത്തം അവർ ക്ഷയിച്ചുപോകും.+ 40 അപ്പോൾ അവർ അവരുടെ സ്വന്തം തെറ്റും അവരുടെ പിതാക്കന്മാരുടെ തെറ്റും അവിശ്വസ്തതയും ഏറ്റുപറയും.+ എനിക്കു വിരോധമായി നടന്ന് എന്നോട് അവിശ്വസ്തതയോടെ പെരുമാറി എന്ന് അവർ സമ്മതിക്കുകയും ചെയ്യും.+ 41 അവരെ ശത്രുദേശത്ത് അയച്ചുകൊണ്ട്+ ഞാനും അവർക്കു വിരോധമായി നടന്നിരുന്നല്ലോ.+
“‘അങ്ങനെ ചെയ്തത്, അവർ തങ്ങളുടെ പരിച്ഛേദന* ചെയ്യാത്ത* ഹൃദയം താഴ്മയുള്ളതാക്കുകയും+ തങ്ങളുടെ തെറ്റിനു വിലയൊടുക്കുകയും ചെയ്യും എന്നു കരുതിയാണ്. 42 അവർ അങ്ങനെ ചെയ്യുന്നപക്ഷം, ഞാൻ യാക്കോബുമായുള്ള എന്റെ ഉടമ്പടിയും+ യിസ്ഹാക്കുമായുള്ള എന്റെ ഉടമ്പടിയും+ അബ്രാഹാമുമായുള്ള എന്റെ ഉടമ്പടിയും+ ഓർക്കും. ദേശത്തെയും ഞാൻ ഓർക്കും. 43 അവർ ദേശം വിട്ട് പോയതുകൊണ്ട് അതു വിജനമായിക്കിടന്നു. അങ്ങനെ ആ കാലം മുഴുവൻ ദേശം അതിന്റെ ശബത്തുകളുടെ കടം വീട്ടി.+ അവരാകട്ടെ എന്റെ ന്യായത്തീർപ്പുകൾ തള്ളിക്കളയുകയും എന്റെ നിയമങ്ങൾ വെറുക്കുകയും ചെയ്തതുകൊണ്ട് ആ കാലം മുഴുവൻ തങ്ങളുടെ തെറ്റിനു വിലയൊടുക്കുകയും ചെയ്തു.+ 44 എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും അവർ ശത്രുക്കളുടെ ദേശത്തായിരിക്കുമ്പോൾ ഞാൻ അവരെ പൂർണമായും തള്ളിക്കളയുകയോ+ അവരെ നിശ്ശേഷം ഇല്ലാതാക്കുന്ന അളവോളം പരിത്യജിക്കുകയോ ഇല്ല. അങ്ങനെ ചെയ്താൽ അത് അവരുമായുള്ള എന്റെ ഉടമ്പടിയുടെ ലംഘനമായിരിക്കുമല്ലോ.+ ഞാൻ അവരുടെ ദൈവമായ യഹോവയാണ്. 45 അവരെപ്രതി അവരുടെ പൂർവികരുമായുള്ള എന്റെ ഉടമ്പടി+ ഞാൻ ഓർക്കും. അവർക്കു ദൈവമായിരിക്കാൻ ജനതകൾ കാൺകെ ഈജിപ്ത് ദേശത്തുനിന്ന് ഞാൻ അവരെ വിടുവിച്ച് കൊണ്ടുവന്നതാണല്ലോ.+ ഞാൻ യഹോവയാണ്.’”
46 യഹോവ സീനായ് പർവതത്തിൽവെച്ച് മോശയിലൂടെ തനിക്കും ഇസ്രായേല്യർക്കും ഇടയിൽ സ്ഥാപിച്ച ചട്ടങ്ങളും ന്യായത്തീർപ്പുകളും നിയമങ്ങളും ഇവയാണ്.+