യഹസ്കേൽ
27 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, സോരിനെക്കുറിച്ച് ഒരു വിലാപഗീതം ആലപിക്കൂ!+ 3 സോരിനെ നോക്കി ഇങ്ങനെ പാടൂ:
‘സമുദ്രകവാടങ്ങളിൽ വസിക്കുന്നവളേ,
അനേകം ദ്വീപുകളുടെ വ്യാപാരകേന്ദ്രമേ,
പരമാധികാരിയായ യഹോവ പറയുന്നു:
“സോരേ, നീ സ്വയം ‘സൗന്ദര്യസമ്പൂർണ’ എന്നു പുകഴ്ത്തുന്നല്ലോ.+
4 നിന്റെ പ്രദേശങ്ങൾ സാഗരഹൃദയത്തിലാണ്.
നിന്നെ നിർമിച്ചവർ നിന്റെ സൗന്ദര്യത്തിനു പരിപൂർണത നൽകി.
5 സെനീരിൽനിന്നുള്ള+ ജൂനിപ്പർ തടികൊണ്ട് അവർ നിന്റെ പലകകൾ ഉണ്ടാക്കി.
നിനക്കു പായ്മരം നിർമിക്കാൻ ലബാനോനിൽനിന്ന് ദേവദാരു കൊണ്ടുവന്നു.
6 ബാശാനിലെ ഓക്ക് മരങ്ങൾകൊണ്ട് അവർ നിന്റെ തുഴകൾ ഉണ്ടാക്കി.
നിന്റെ അണിയം* കിത്തീം+ ദ്വീപുകളിലെ ആനക്കൊമ്പു പതിപ്പിച്ച സൈപ്രസ്തടികൊണ്ടുള്ളതായിരുന്നു.
7 ഈജിപ്തിൽനിന്നുള്ള വർണശബളമായ ലിനൻകൊണ്ടുള്ളതായിരുന്നു നിന്റെ കപ്പൽപ്പായ്.
നിന്റെ കപ്പൽത്തട്ടിന്റെ മേലാപ്പ് എലീഷ+ ദ്വീപുകളിൽനിന്നുള്ള പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂലും നീലനൂലും കൊണ്ടുള്ളതായിരുന്നു.
8 സീദോൻകാരും അർവാദുകാരും+ ആയിരുന്നു നിന്റെ തുഴക്കാർ.
സോരേ, നിന്റെ സ്വന്തം ആളുകളായിരുന്നു നിന്റെ കപ്പൽജോലിക്കാർ. എല്ലാവരും നിപുണരായ പുരുഷന്മാർ!+
9 അനുഭവപരിചയമുള്ള,* പ്രഗല്ഭരായ ഗബാൽപുരുഷന്മാരാണു+ നിന്റെ കപ്പലുകളുടെ വിള്ളൽ അടച്ചിരുന്നത്.+
കടലിലെ എല്ലാ കപ്പലുകളും അവയുടെ നാവികരും കച്ചവടത്തിനു നിന്റെ അടുത്ത് വന്നു.
10 പേർഷ്യയിലെയും ലൂദിലെയും പൂതിലെയും+ പുരുഷന്മാർ നിന്റെ സൈന്യത്തിലുണ്ടായിരുന്നു; യുദ്ധവീരന്മാരായിരുന്നു അവർ.
അവർ അവരുടെ പരിചകളും പടത്തൊപ്പികളും നിന്നിൽ തൂക്കിയിട്ടു. അവർ നിനക്കു മഹിമ ചാർത്തി.
11 നിന്റെ സൈന്യത്തിലുള്ള അർവാദിലെ പുരുഷന്മാർ നിന്റെ മതിലുകളിലെങ്ങും നിലയുറപ്പിച്ചിരുന്നു.
ധീരപുരുഷന്മാർ നിന്റെ ഗോപുരങ്ങളിൽ കാവൽ നിന്നു.
വട്ടത്തിലുള്ള പരിചകൾ അവർ നിന്റെ ചുറ്റുമുള്ള മതിലുകളിൽ തൂക്കിയിട്ടു;
അവർ നിന്റെ സൗന്ദര്യത്തിനു പരിപൂർണത വരുത്തി.
12 “‘“നീ ഏറെ സമ്പന്നയായതുകൊണ്ട് തർശീശ്+ നീയുമായി വ്യാപാരം ചെയ്തു. നിന്റെ ചരക്കുകൾക്കു+ പകരമായി അവർ വെള്ളിയും ഇരുമ്പും തകരവും ഈയവും തന്നു.+ 13 നീയുമായി യാവാനും തൂബലും+ മേശെക്കും+ വ്യാപാരം ചെയ്തു. നിന്റെ കച്ചവടച്ചരക്കുകൾക്കു പകരമായി അടിമകളെ+ അവർ തന്നു. ചെമ്പുരുപ്പടികളും അവർ നിനക്കു നൽകി. 14 തോഗർമഗൃഹം+ നിന്റെ ചരക്കുകൾക്കു പകരമായി തന്നതു കുതിരകളെയും കോവർകഴുതകളെയും ആയിരുന്നു. 15 ദേദാനിലെ+ ആളുകൾ നീയുമായി വ്യാപാരം ചെയ്തു. ധാരാളം ദ്വീപുകളിൽ നീ നിന്റെ വ്യാപാരികളെ നിയോഗിച്ചു. അവർ ആനക്കൊമ്പുകളും+ കരി മരവും നിനക്കു കപ്പമായി തന്നു. 16 നിന്റെ ഉത്പന്നങ്ങളുടെ സമൃദ്ധിയാൽ ഏദോം നീയുമായി വ്യാപാരത്തിൽ ഏർപ്പെട്ടു. അവർ നിന്റെ ചരക്കുകൾക്കു പകരം നീലഹരിതക്കല്ല്, പർപ്പിൾ നിറത്തിലുള്ള കമ്പിളി, ബഹുവർണനൂലുകളാൽ ചിത്രപ്പണി ചെയ്ത തുണിത്തരങ്ങൾ, മേത്തരം തുണി, പവിഴക്കല്ല്, മാണിക്യം എന്നിവ തന്നു.
17 “‘“യഹൂദയും ഇസ്രായേൽ ദേശവും നീയുമായി വ്യാപാരം ചെയ്തു. നിന്റെ ചരക്കുകൾക്കു പകരമായി അവർ മിന്നീതിലെ+ ഗോതമ്പും വിശേഷപ്പെട്ട ഭക്ഷ്യവസ്തുക്കളും തേനും+ എണ്ണയും സുഗന്ധക്കറയും+ തന്നു.+
18 “‘“നിന്റെ ഉത്പന്നങ്ങളുടെ സമൃദ്ധിയും സകല സമ്പത്തും കണ്ട് ദമസ്കൊസ്+ നീയുമായി വ്യാപാരം ചെയ്തു. നിന്റെ ചരക്കുകൾക്കു പകരം ഹെൽബോനിൽനിന്നുള്ള വീഞ്ഞും സേഹരിൽനിന്നുള്ള കമ്പിളിയും* അവൾ കൈമാറി. 19 വെദാനും ഊസാലിലെ യാവാനും നിന്റെ ചരക്കുകൾക്കു പകരമായി പച്ചിരുമ്പ്, ഇലവങ്ങം,* ഇഞ്ചിപ്പുല്ല്* എന്നിവ തന്നു. 20 സവാരിമൃഗത്തിന്റെ പുറത്ത് ഇടുന്ന തുണിയുടെ വ്യാപാരത്തിനു ദേദാൻ+ നിന്റെ അടുത്ത് വന്നു. 21 ചെമ്മരിയാട്ടിൻകുട്ടികളുടെയും കോലാടുകളുടെയും ചെമ്മരിയാടുകളുടെയും വ്യാപാരികളായ അറബികളെയും+ കേദാർതലവന്മാരെയും+ നീ കച്ചവടം നടത്താൻ ഏർപ്പാടാക്കി. 22 ശേബയിലെയും റാമയിലെയും+ വ്യാപാരികൾ നീയുമായി കച്ചവടം ചെയ്തു. അവർ നിന്റെ ചരക്കുകൾക്കു പകരമായി വിശേഷപ്പെട്ട എല്ലാ തരം സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും സ്വർണവും തന്നു.+ 23 ശേബ,+ അശ്ശൂർ,+ കിൽമദ് എന്നിവിടങ്ങളിലെ വ്യാപാരികളും ഹാരാനും+ കന്നെയും ഏദെനും+ നീയുമായി കച്ചവടം നടത്തി. 24 അവർ മനോഹരമായ വസ്ത്രങ്ങളും നീലത്തുണിയിൽ പല നിറത്തിലുള്ള നൂലുകൊണ്ട് ചിത്രപ്പണി ചെയ്ത മേലങ്കികളും വർണശബളമായ പരവതാനികളും കൊണ്ടുവന്ന് നിന്റെ കമ്പോളത്തിൽ വ്യാപാരം ചെയ്തു. ഇവയെല്ലാം കയറുകൊണ്ട് കെട്ടിമുറുക്കി ഭദ്രമാക്കിവെച്ചിരുന്നു.
25 നിന്റെ കച്ചവടച്ചരക്കുകൾ കൊണ്ടുപോകുന്ന വാഹനമായിരുന്നു തർശീശുകപ്പലുകൾ.+
അങ്ങനെ, ചരക്കു കുത്തിനിറച്ച് നിറഞ്ഞവളായി* നീ വിശാലമായ സമുദ്രത്തിന്റെ വിരിമാറിലൂടെ നീങ്ങി.
26 നിന്റെ തുഴക്കാർ നിന്നെ പ്രക്ഷുബ്ധമായ കടലിലേക്കു കൊണ്ടുപോയി.
നടുക്കടലിൽവെച്ച് ഒരു കിഴക്കൻ കാറ്റു നിന്നെ തകർത്തുകളഞ്ഞു.
27 നിന്റെ സമ്പത്തും ചരക്കുകളും കച്ചവടവസ്തുക്കളും നിന്റെ നാവികരും കപ്പൽജോലിക്കാരും
നിന്റെ കപ്പലുകളുടെ വിള്ളൽ അടയ്ക്കുന്നവരും നിന്റെ കച്ചവടച്ചരക്കുകൾ വ്യാപാരം ചെയ്യുന്നവരും+ യുദ്ധവീരന്മാരും+
—നിന്നിലുള്ള ജനസമൂഹം* മുഴുവനും—
നിന്റെ പതനദിവസം നടുക്കടലിൽ മുങ്ങിത്താഴും.+
28 നിന്റെ കപ്പൽജോലിക്കാർ നിലവിളിക്കുമ്പോൾ തീരദേശങ്ങൾ പേടിച്ചുവിറയ്ക്കും.
29 എല്ലാ തുഴക്കാരും നാവികരും കപ്പൽജോലിക്കാരും
അവരുടെ കപ്പലുകളിൽനിന്ന് ഇറങ്ങിവന്ന് കരയിൽ നിൽക്കും.
31 അവർ തല വടിക്കും. വിലാപവസ്ത്രം ധരിക്കും.
അവർ നിന്നെ ഓർത്ത് അതിദുഃഖത്തോടെ അലമുറയിട്ട് വിലപിക്കും.
32 കരച്ചിലിനിടെ അവർ ഒരു വിലാപഗീതം ആലപിക്കും. അവർ നിന്നെക്കുറിച്ച് ഇങ്ങനെ പാടും:
‘സമുദ്രമധ്യേ നിശ്ശബ്ദയായിപ്പോയ സോരിനെപ്പോലെ ആരുണ്ട്?+
33 പുറങ്കടലിൽനിന്ന് വന്ന നിന്റെ ചരക്കുകൾകൊണ്ട് നീ ധാരാളം ജനതകളെ തൃപ്തിപ്പെടുത്തി.+
നിന്റെ വൻസമ്പത്തും കച്ചവടച്ചരക്കുകളും ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നരാക്കി.+
34 നീ നടുക്കടലിൽവെച്ച്, ആഴക്കടലിൽവെച്ച്, തകർന്നുപോയല്ലോ.+
നിന്റെ സകല കച്ചവടച്ചരക്കുകളും ആളുകളും നിന്നോടൊപ്പം മുങ്ങിത്താണല്ലോ.+
35 ദ്വീപുവാസികളെല്ലാം ആശ്ചര്യത്തോടെ നിന്നെ തുറിച്ചുനോക്കും.+
അവരുടെ രാജാക്കന്മാർ പേടിച്ചുവിറയ്ക്കും.+ അവരുടെ മുഖത്ത് ഭീതി നിഴലിക്കും.
36 നിന്റെ അവസ്ഥ കണ്ട് ജനതകളിലെ വ്യാപാരികൾ അതിശയത്തോടെ തലയിൽ കൈ വെക്കും.*
നിന്റെ അന്ത്യം പൊടുന്നനെയുള്ളതും ഭയാനകവും ആയിരിക്കും.
നീ എന്നേക്കുമായി ഇല്ലാതാകും.’”’”+