ലൂക്കോസ് എഴുതിയത്
24 പക്ഷേ ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലെതന്നെ, തങ്ങൾ ഒരുക്കിയ സുഗന്ധവ്യഞ്ജനങ്ങളുമായി അവർ കല്ലറയുടെ അടുത്ത് ചെന്നു.+ 2 എന്നാൽ കല്ലറയുടെ കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നത് അവർ കണ്ടു.+ 3 അകത്ത് കടന്നപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെയില്ല.+ 4 അവർ അങ്ങനെ അമ്പരന്നുനിന്നപ്പോൾ, ശോഭയേറിയ വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അതാ, അരികെ നിൽക്കുന്നു! 5 സ്ത്രീകൾ പേടിച്ച് തല കുനിച്ചുനിൽക്കുമ്പോൾ ആ പുരുഷന്മാർ അവരോടു ചോദിച്ചു: “ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ തിരയുന്നത് എന്തിനാണ്?+ 6 യേശു ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. ഗലീലയിൽവെച്ച് യേശു നിങ്ങളോടു പറഞ്ഞത് ഓർത്തുനോക്കൂ. 7 മനുഷ്യപുത്രനെ പാപികളുടെ കൈയിൽ ഏൽപ്പിക്കുകയും അവർ അവനെ സ്തംഭത്തിലേറ്റുകയും മൂന്നാം ദിവസം അവൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നു യേശു പറഞ്ഞിരുന്നില്ലേ?”+ 8 അപ്പോൾ അവർ യേശുവിന്റെ വാക്കുകൾ ഓർത്തു.+ 9 കല്ലറയിൽനിന്ന് മടങ്ങിവന്ന അവർ ഇതൊക്കെ പതിനൊന്നു പേരെയും* മറ്റെല്ലാവരെയും അറിയിച്ചു.+ 10 മഗ്ദലക്കാരി മറിയ, യോഹന്ന, യാക്കോബിന്റെ അമ്മയായ മറിയ എന്നിവരായിരുന്നു കല്ലറയിലേക്കു പോയ സ്ത്രീകൾ. അവരോടൊപ്പമുണ്ടായിരുന്ന മറ്റു സ്ത്രീകളും അപ്പോസ്തലന്മാരോട് ഇതെക്കുറിച്ച് പറഞ്ഞു. 11 എന്നാൽ അവർ പറഞ്ഞതൊക്കെ ഒരു കെട്ടുകഥപോലെ തോന്നിയതുകൊണ്ട് അവർ ആ സ്ത്രീകളെ വിശ്വസിച്ചില്ല.
12 എന്നാൽ പത്രോസ് എഴുന്നേറ്റ് കല്ലറയുടെ അടുത്തേക്ക് ഓടി. കല്ലറയുടെ അകത്തേക്കു നോക്കിയപ്പോൾ അവിടെ ലിനൻതുണികളല്ലാതെ ഒന്നും കണ്ടില്ല. എന്തായിരിക്കും സംഭവിച്ചതെന്ന് അത്ഭുതപ്പെട്ടുകൊണ്ട് പത്രോസ് അവിടെനിന്ന് പോന്നു.
13 അന്നേ ദിവസം അവരിൽ രണ്ടു പേർ യരുശലേമിൽനിന്ന് ഏകദേശം 11 കിലോമീറ്റർ* ദൂരെയുള്ള എമ്മാവൂസ് എന്ന ഗ്രാമത്തിലേക്കു പോകുകയായിരുന്നു. 14 സംഭവിച്ച കാര്യങ്ങളെക്കുറിച്ചെല്ലാം അവർ സംസാരിച്ചുകൊണ്ടിരുന്നു.
15 അവർ ഇങ്ങനെ പറഞ്ഞും ചർച്ച ചെയ്തും നടക്കുമ്പോൾ യേശുവും അടുത്ത് എത്തി അവരുടെകൂടെ നടക്കാൻതുടങ്ങി. 16 എന്നാൽ യേശുവിനെ തിരിച്ചറിയാൻ പറ്റാത്ത വിധം അവരുടെ കണ്ണുകൾ മറയ്ക്കപ്പെട്ടിരുന്നു.+ 17 യേശു അവരോട്, “എന്തിനെക്കുറിച്ചാണു നിങ്ങൾ ഇത്ര കാര്യമായി സംസാരിക്കുന്നത്” എന്നു ചോദിച്ചു. അവരാകട്ടെ വാടിയ മുഖത്തോടെ നിന്നു. 18 പിന്നെ ക്ലെയൊപ്പാവ് എന്നു പേരുള്ളയാൾ യേശുവിനോടു ചോദിച്ചു: “ഈ ദിവസങ്ങളിൽ യരുശലേമിൽ നടന്ന സംഭവങ്ങളൊന്നും അറിഞ്ഞില്ലേ? താങ്കൾ എന്താ അവിടെ ഒറ്റപ്പെട്ട് കഴിയുന്ന വല്ല അന്യനാട്ടുകാരനുമാണോ?”* 19 “ഏതു സംഭവങ്ങൾ” എന്നു യേശു ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: “നസറെത്തുകാരനായ യേശുവിനെക്കുറിച്ചുള്ള കാര്യങ്ങൾ.+ ദൈവത്തിന്റെയും ജനത്തിന്റെയും മുമ്പാകെ യേശു വാക്കിലും പ്രവൃത്തിയിലും ശക്തനായ ഒരു പ്രവാചകനായിരുന്നു.+ 20 ഞങ്ങളുടെ മുഖ്യപുരോഹിതന്മാരും പ്രമാണിമാരും യേശുവിനു മരണശിക്ഷ വിധിക്കാൻ ഏൽപ്പിച്ചുകൊടുത്തു.+ ഒടുവിൽ അവർ യേശുവിനെ സ്തംഭത്തിൽ തറച്ചു. 21 എന്നാൽ യേശു ഇസ്രായേലിനെ മോചിപ്പിക്കും എന്നാണു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്.+ പക്ഷേ എല്ലാം സംഭവിച്ചിട്ട് ഇതു മൂന്നാം ദിവസമാണ്. 22 മാത്രമല്ല, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകൾ അമ്പരപ്പിക്കുന്ന ചില കാര്യങ്ങൾ ഞങ്ങളോടു പറയുകയും ചെയ്തു: അവർ അതിരാവിലെ കല്ലറയിൽ ചെന്ന് നോക്കിയപ്പോൾ+ 23 യേശുവിന്റെ ശരീരം അവിടെ കണ്ടില്ല. പക്ഷേ ഒരു അസാധാരണകാഴ്ച കണ്ടെന്നും ദൈവദൂതന്മാർ പ്രത്യക്ഷരായി യേശു ജീവിച്ചിരിപ്പുണ്ടെന്നു പറഞ്ഞെന്നും അവർ ഞങ്ങളെ അറിയിച്ചു. 24 അപ്പോൾ ഞങ്ങളോടൊപ്പമുണ്ടായിരുന്ന ചിലരും കല്ലറയുടെ അടുത്തേക്കു പോയി,+ സ്ത്രീകൾ പറഞ്ഞതു ശരിയാണെന്നു കണ്ട് ബോധ്യപ്പെട്ടു. പക്ഷേ അവരും യേശുവിനെ കണ്ടില്ല.”
25 യേശു അവരോട്, “ബുദ്ധിയില്ലാത്തവരേ, പ്രവാചകന്മാർ പറഞ്ഞതെല്ലാം വിശ്വസിക്കാൻ മടികാണിക്കുന്ന ഹൃദയമുള്ളവരേ, 26 ക്രിസ്തു ഇതെല്ലാം സഹിച്ചിട്ടല്ലേ+ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടത്”+ എന്നു ചോദിച്ചു. 27 പിന്നെ, മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും+ തിരുവെഴുത്തുകളിൽ തന്നെക്കുറിച്ച് പറഞ്ഞിരുന്നതെല്ലാം യേശു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28 ഒടുവിൽ അവർ അവർക്കു പോകേണ്ട ഗ്രാമത്തിന് അടുത്ത് എത്തി. അപ്പോൾ യേശു മുമ്പോട്ടു പോകുന്നതായി ഭാവിച്ചു. 29 എന്നാൽ അവർ യേശുവിനെ നിർബന്ധിച്ചു: “ഞങ്ങളോടൊപ്പം താമസിക്ക്. നേരം വൈകിയല്ലോ, ഉടൻ ഇരുട്ടു വീഴും.” അപ്പോൾ യേശു അവരോടൊപ്പം താമസിക്കാൻ ചെന്നു. 30 അവരുടെകൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ യേശു ഒരു അപ്പം എടുത്ത് അനുഗ്രഹത്തിനുവേണ്ടി പ്രാർഥിച്ച് നുറുക്കി അവർക്കു കൊടുത്തു.+ 31 ഉടനെ അവരുടെ കണ്ണു തുറന്നു. അവർ ആളെ തിരിച്ചറിഞ്ഞു. എന്നാൽ യേശു അവരുടെ മുന്നിൽനിന്ന് അപ്രത്യക്ഷനായി.+ 32 “യേശു വഴിയിൽവെച്ച് നമ്മളോടു സംസാരിക്കുകയും തിരുവെഴുത്തുകൾ നമുക്കു വ്യക്തമായി വിശദീകരിച്ചുതരുകയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നു, അല്ലേ” എന്ന് അവർ തമ്മിൽ പറഞ്ഞു. 33 അപ്പോൾത്തന്നെ അവർ എഴുന്നേറ്റ് യരുശലേമിലേക്കു മടങ്ങി; പതിനൊന്നു പേരെയും അവരുടെകൂടെ കൂടിവന്നവരെയും കണ്ടു. 34 അവിടെ കൂടിയിരുന്നവർ, “കർത്താവ് ഉറപ്പായും ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു, ശിമോനു പ്രത്യക്ഷനായി”+ എന്നു പറഞ്ഞു. 35 വഴിയിൽവെച്ച് സംഭവിച്ചതും അപ്പം നുറുക്കുമ്പോൾ യേശുവിനെ തിരിച്ചറിഞ്ഞതും+ അവരും വിവരിച്ചു.
36 അവർ ഇക്കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവരുടെ നടുവിൽ വന്ന് നിന്ന് അവരോട്, “നിങ്ങൾക്കു സമാധാനം”+ എന്നു പറഞ്ഞു. 37 അവർ ഞെട്ടിത്തരിച്ചു. ആകെ പേടിച്ചുപോയ അവർ അത് ഒരു ആത്മവ്യക്തിയാണെന്നു* വിചാരിച്ചു. 38 അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്തിനാണ് ഇങ്ങനെ അസ്വസ്ഥരാകുന്നത്? നിങ്ങളുടെ ഹൃദയത്തിൽ സംശയങ്ങൾ ഉണ്ടാകുന്നത് എന്താണ്? 39 എന്റെ കൈകളും കാലുകളും നോക്ക്. ഇതു ഞാൻതന്നെയാണ്. എന്നെ തൊട്ടുനോക്കൂ. ഒരു ആത്മവ്യക്തിക്കു നിങ്ങൾ ഈ കാണുന്നതുപോലെ മാംസവും അസ്ഥികളും ഇല്ലല്ലോ.” 40 ഇങ്ങനെ പറഞ്ഞിട്ട് യേശു കൈകളും കാലുകളും അവരെ കാണിച്ചു. 41 പക്ഷേ അവർ സന്തോഷവും ആശ്ചര്യവും കൊണ്ട് ഒന്നും വിശ്വസിക്കാനാകാതെ നിന്നു. അപ്പോൾ യേശു അവരോട്, “നിങ്ങളുടെ കൈയിൽ കഴിക്കാൻ എന്തെങ്കിലുമുണ്ടോ” എന്നു ചോദിച്ചു. 42 അവർ ചുട്ടെടുത്ത ഒരു കഷണം മീൻ കൊടുത്തു. 43 യേശു അതു വാങ്ങി അവരുടെ മുന്നിൽവെച്ച് കഴിച്ചു.
44 പിന്നെ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെകൂടെയായിരുന്നപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ+ ഓർത്തുനോക്കൂ. മോശയുടെ നിയമത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ളതെല്ലാം നിറവേറണം എന്നു ഞാൻ പറഞ്ഞില്ലേ?”+ 45 അതു കഴിഞ്ഞ്, തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കാൻ യേശു അവരുടെ മനസ്സുകൾ മുഴുവനായി തുറന്നു.+ 46 യേശു അവരോടു പറഞ്ഞു: “ക്രിസ്തു കഷ്ടപ്പാടുകൾ സഹിക്കണമെന്നും മൂന്നാം ദിവസം മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർക്കണമെന്നും എഴുതിയിട്ടുണ്ട്.+ 47 കൂടാതെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ+ മാനസാന്തരപ്പെടണമെന്ന്, യരുശലേമിൽ തുടങ്ങി+ എല്ലാ ജനതകളോടും+ അവന്റെ നാമത്തിൽ പ്രസംഗിക്കണമെന്നും എഴുതിയിരിക്കുന്നു. 48 ഈ കാര്യങ്ങൾക്കു നിങ്ങൾ സാക്ഷികളായിരിക്കണം.+ 49 എന്റെ പിതാവ് വാഗ്ദാനം ചെയ്തതു ഞാൻ നിങ്ങളുടെ മേൽ അയയ്ക്കാൻപോകുന്നു. ഉയരത്തിൽനിന്ന് ശക്തി ലഭിക്കുന്നതുവരെ നിങ്ങൾ ഈ നഗരത്തിൽത്തന്നെ താമസിക്കുക.”+
50 പിന്നെ യേശു അവരെ ബഥാന്യ വരെ കൂട്ടിക്കൊണ്ടുപോയി; കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചു. 51 അവരെ അനുഗ്രഹിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ യേശു അവരെ വിട്ടുപിരിഞ്ഞു. യേശുവിനെ സ്വർഗത്തിലേക്ക് എടുത്തു.+ 52 അവർ യേശുവിനെ വണങ്ങിയിട്ട് വലിയ സന്തോഷത്തോടെ യരുശലേമിലേക്കു മടങ്ങി.+ 53 പിന്നെ അവർ ദൈവത്തെ സ്തുതിച്ചുകൊണ്ട്+ എപ്പോഴും അവിടെയുള്ള ദേവാലയത്തിലുണ്ടായിരുന്നു.