പുറപ്പാട്
30 “സുഗന്ധക്കൂട്ടു കത്തിക്കാൻവേണ്ടി നീ ഒരു യാഗപീഠം ഉണ്ടാക്കണം.+ കരുവേലത്തടികൊണ്ട്+ വേണം അത് ഉണ്ടാക്കാൻ. 2 ഒരു മുഴം* നീളവും ഒരു മുഴം വീതിയും ഉള്ള സമചതുരമായിരിക്കണം അത്. അതിന്റെ ഉയരം രണ്ടു മുഴമായിരിക്കണം. അതിന്റെ കൊമ്പുകൾ അതിൽനിന്നുതന്നെയുള്ളതായിരിക്കണം.+ 3 അതിന്റെ ഉപരിതലം, ചുറ്റോടുചുറ്റും അതിന്റെ വശങ്ങൾ, അതിന്റെ കൊമ്പുകൾ എന്നിവയെല്ലാം തനിത്തങ്കംകൊണ്ട് പൊതിയണം. അതിനു ചുറ്റും സ്വർണ്ണംകൊണ്ടുള്ള ഒരു വക്കും* ഉണ്ടാക്കണം. 4 യാഗപീഠം ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ ഇടാനായി അതിന്റെ വക്കിനു കീഴെ രണ്ട് എതിർവശങ്ങളിലായി സ്വർണംകൊണ്ടുള്ള രണ്ടു വളയങ്ങളും ഉണ്ടാക്കണം. 5 തണ്ടുകൾ കരുവേലത്തടികൊണ്ട് ഉണ്ടാക്കി സ്വർണംകൊണ്ട് പൊതിയുക. 6 ഞാൻ നിന്റെ മുന്നിൽ സന്നിഹിതനാകുന്ന സ്ഥലമായ സാക്ഷ്യപ്പെട്ടകത്തിനു മുകളിലുള്ള മൂടിയുടെ മുന്നിലായി,+ അതിന്റെ സമീപത്തുള്ള തിരശ്ശീലയ്ക്കു+ മുന്നിൽ, നീ അതു വെക്കുക.
7 “അഹരോൻ+ ഓരോ പ്രഭാതത്തിലും ദീപങ്ങൾ+ ഒരുക്കുമ്പോൾ ആ യാഗപീഠത്തിൽ സുഗന്ധദ്രവ്യം+ പുകയ്ക്കണം.+ 8 കൂടാതെ അവൻ സന്ധ്യക്കു* ദീപങ്ങൾ തെളിക്കുമ്പോഴും സുഗന്ധക്കൂട്ടു കത്തിക്കണം. നിങ്ങളുടെ എല്ലാ തലമുറകളിലും യഹോവയുടെ മുമ്പാകെ ക്രമമായി ഈ സുഗന്ധക്കൂട്ട് അർപ്പിക്കണം. 9 നിങ്ങൾ അതിൽ ദഹനയാഗമോ ധാന്യയാഗമോ നിഷിദ്ധമായ സുഗന്ധക്കൂട്ടോ അർപ്പിക്കരുത്.+ അതിൽ പാനീയയാഗം ഒഴിക്കുകയുമരുത്. 10 വർഷത്തിലൊരിക്കൽ അഹരോൻ അതിന്റെ കൊമ്പുകളിൽ പാപപരിഹാരം ചെയ്യണം.+ പാപപരിഹാരത്തിനായുള്ള പാപയാഗത്തിൽനിന്ന് കുറച്ച് രക്തം എടുത്ത് വേണം അവൻ അതിനു പാപപരിഹാരം വരുത്താൻ.+ നിങ്ങളുടെ എല്ലാ തലമുറകളിലും അതു വർഷത്തിലൊരിക്കൽ ചെയ്യണം. അത് യഹോവയ്ക്ക് ഏറ്റവും വിശുദ്ധമാണ്.”
11 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 12 “നീ ഇസ്രായേൽമക്കളെ എണ്ണി ജനസംഖ്യ കണക്കാക്കുമ്പോഴെല്ലാം+ ഓരോരുത്തനും തന്റെ ജീവനുവേണ്ടി ആ കണക്കെടുപ്പിന്റെ സമയത്ത് യഹോവയ്ക്കു മോചനവില നൽകണം. അവരുടെ പേര് രേഖപ്പെടുത്തുമ്പോൾ അവരുടെ മേൽ ബാധയൊന്നും വരാതിരിക്കാനാണ് ഇത്. 13 രേഖയിൽ പേര് വരുന്ന ഓരോ ആളും കൊടുക്കേണ്ടത് ഇതാണ്: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച് അര ശേക്കെൽ.+ ഒരു ശേക്കെൽ എന്നാൽ ഇരുപതു ഗേര.* അര ശേക്കെലാണ് യഹോവയ്ക്കുള്ള സംഭാവന.+ 14 പേര് രേഖപ്പെടുത്തിയ, 20 വയസ്സും അതിനു മേലോട്ടും പ്രായമുള്ള എല്ലാവരും യഹോവയ്ക്കുള്ള സംഭാവന കൊടുക്കണം.+ 15 നിങ്ങളുടെ ജീവനു പാപപരിഹാരം വരുത്താൻ യഹോവയ്ക്കു സംഭാവന കൊടുക്കുമ്പോൾ അര ശേക്കെൽ* മാത്രം കൊടുക്കുക. സമ്പന്നർ കൂടുതലോ ദരിദ്രർ കുറവോ കൊടുക്കേണ്ടതില്ല. 16 നീ ഇസ്രായേല്യരിൽനിന്ന് പാപപരിഹാരത്തിനുള്ള ആ വെള്ളിപ്പണം വാങ്ങി സാന്നിധ്യകൂടാരത്തിലെ സേവനങ്ങൾക്കുവേണ്ടി കൊടുക്കുക. നിങ്ങളുടെ ജീവനു പാപപരിഹാരം വരുത്താൻ ഇത് ഇസ്രായേല്യർക്കുവേണ്ടി യഹോവയുടെ മുന്നിൽ ഒരു സ്മാരകമായി ഉതകട്ടെ.”
17 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: 18 “കഴുകുന്നതിനുവേണ്ടിയുള്ള ഒരു പാത്രവും അതു വെക്കാനുള്ള താങ്ങും ചെമ്പുകൊണ്ട് ഉണ്ടാക്കുക.+ അതു സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയിൽ വെച്ചിട്ട് അതിൽ വെള്ളം ഒഴിക്കുക.+ 19 അഹരോനും പുത്രന്മാരും അവിടെ കൈകാലുകൾ കഴുകണം.+ 20 അവർ സാന്നിധ്യകൂടാരത്തിൽ കടക്കുമ്പോഴോ പുക ഉയരുംവിധം യഹോവയ്ക്ക് അഗ്നിയിൽ യാഗങ്ങൾ അർപ്പിച്ച് ശുശ്രൂഷ ചെയ്യാൻ യാഗപീഠത്തെ സമീപിക്കുമ്പോഴോ മരിക്കാതിരിക്കേണ്ടതിനു വെള്ളത്തിൽ കഴുകണം. 21 മരിക്കാതിരിക്കാൻ അവർ കൈകാലുകൾ കഴുകണം. ഇത് അവനും അവന്റെ സന്തതികൾക്കും തലമുറതോറും സ്ഥിരമായ ഒരു ചട്ടമായിരിക്കും.”+
22 യഹോവ മോശയോടു തുടർന്ന് പറഞ്ഞു: 23 “അടുത്തതായി ഈ വിശിഷ്ടപരിമളദ്രവ്യങ്ങൾ എടുക്കുക: ഉറഞ്ഞ് കട്ടിയായ 500 ശേക്കെൽ മീറ, അതിന്റെ പകുതി അളവ്, അതായത് 250 ശേക്കെൽ, വാസനയുള്ള കറുവാപ്പട്ട, 250 ശേക്കെൽ സുഗന്ധമുള്ള വയമ്പ്, 24 500 ശേക്കെൽ ഇലവങ്ങം. വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കമനുസരിച്ച്+ വേണം അവ എടുക്കാൻ. ഒപ്പം ഒരു ഹീൻ* ഒലിവെണ്ണയും എടുക്കുക. 25 അവകൊണ്ട് വിശുദ്ധമായൊരു അഭിഷേകതൈലം ഉണ്ടാക്കണം. അതു വിദഗ്ധമായി സംയോജിപ്പിച്ചെടുത്തതായിരിക്കണം.*+ വിശുദ്ധമായൊരു അഭിഷേകതൈലമായിരിക്കും അത്.
26 “അത് ഉപയോഗിച്ച് നീ സാന്നിധ്യകൂടാരവും സാക്ഷ്യപ്പെട്ടകവും അഭിഷേകം ചെയ്യണം.+ 27 ഒപ്പം, മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും, തണ്ടുവിളക്കും അതിന്റെ ഉപകരണങ്ങളും, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠവും, 28 ദഹനയാഗത്തിനുള്ള യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും, വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും അഭിഷേകം ചെയ്യണം. 29 അവ ഏറ്റവും വിശുദ്ധമാകാൻ നീ അവ വിശുദ്ധീകരിക്കണം.+ അവയിൽ തൊടുന്നയാൾ വിശുദ്ധനായിരിക്കണം.+ 30 അഹരോനും പുത്രന്മാരും+ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിനു നീ അവരെ അഭിഷേകം ചെയ്ത് വിശുദ്ധീകരിക്കണം.+
31 “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയണം: ‘നിങ്ങളുടെ വരുംതലമുറകളിലും ഇത് എനിക്കുവേണ്ടിയുള്ള വിശുദ്ധമായ ഒരു അഭിഷേകതൈലമായിരിക്കും.+ 32 സാധാരണമനുഷ്യരുടെ ദേഹത്ത് അതു പുരട്ടരുത്. ഈ ചേരുവകൾ ഉപയോഗിച്ച് ഇതുപോലുള്ള ഒന്നും നിങ്ങൾ ഉണ്ടാക്കരുത്. അതു വിശുദ്ധമാണ്. അതു നിങ്ങൾക്ക് എന്നും വിശുദ്ധമായ ഒന്നായിരിക്കണം. 33 ആരെങ്കിലും അതുപോലുള്ള ഒരു ലേപം ഉണ്ടാക്കുകയോ അത് അർഹതയില്ലാത്ത ഒരാളുടെ* മേൽ പുരട്ടുകയോ ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.’”+
34 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: “സുഗന്ധക്കറ, ഒനീഖാ, വാസന വരുത്തിയ ഗൽബാനപ്പശ, ശുദ്ധമായ കുന്തിരിക്കം എന്നീ പരിമളദ്രവ്യങ്ങൾ+ ഒരേ അളവിൽ എടുത്ത് 35 അവകൊണ്ട് സുഗന്ധക്കൂട്ട്+ ഉണ്ടാക്കുക. ഈ സുഗന്ധവ്യഞ്ജനക്കൂട്ടു നിപുണതയോടെ സംയോജിപ്പിച്ച് ഉപ്പു ചേർത്ത്+ ഉണ്ടാക്കിയതായിരിക്കണം. അതു നിർമലവും വിശുദ്ധവും ആയിരിക്കണം. 36 അതിൽ കുറച്ച് എടുത്ത് ഇടിച്ച് നേർത്ത പൊടിയാക്കണം. എന്നിട്ട് അതിൽനിന്ന് അൽപ്പം എടുത്ത് ഞാൻ നിന്റെ മുന്നിൽ സന്നിഹിതനാകാനുള്ള സാന്നിധ്യകൂടാരത്തിലെ ‘സാക്ഷ്യ’ത്തിനു മുമ്പിൽ വെക്കുക. അതു നിങ്ങൾക്ക് ഏറ്റവും വിശുദ്ധമായിരിക്കണം. 37 ഇതിന്റെ ചേരുവകൾ അതേ കണക്കിൽ ചേർത്ത് സ്വന്തം ഉപയോഗത്തിനുവേണ്ടി നിങ്ങൾ സുഗന്ധക്കൂട്ട് ഉണ്ടാക്കരുത്.+ അത് യഹോവയ്ക്കു വിശുദ്ധമായ ഒന്നായി കരുതണം. 38 സൗരഭ്യം ആസ്വദിക്കാൻ ആരെങ്കിലും അതുപോലൊന്ന് ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.”