ലേവ്യ
2 “‘ആരെങ്കിലും യഹോവയ്ക്ക് ഒരു ധാന്യയാഗം+ അർപ്പിക്കുന്നെങ്കിൽ, ആ യാഗം നേർത്ത ധാന്യപ്പൊടിയായിരിക്കണം. അതിനു മുകളിൽ എണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം.+ 2 പിന്നെ അവൻ അത് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുത്ത് കൊണ്ടുവരും. പുരോഹിതൻ അതിൽനിന്ന് ഒരു കൈ നിറയെ ധാന്യപ്പൊടിയും എണ്ണയും അതിലെ കുന്തിരിക്കം മുഴുവനും എടുക്കും. എന്നിട്ട്, ആ മുഴുവൻ യാഗത്തിന്റെയും പ്രതീകമായി*+ അതു യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും.* ഇത് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന യാഗം. 3 ധാന്യയാഗത്തിൽ ശേഷിക്കുന്നതെല്ലാം അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+ അത് അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളിൽനിന്നുള്ള ഏറ്റവും വിശുദ്ധമായ ഭാഗമാണ്.+
4 “‘അടുപ്പിൽ ചുട്ടെടുത്തതാണു ധാന്യയാഗമായി അർപ്പിക്കുന്നതെങ്കിൽ അത് ഒന്നുകിൽ നേർത്ത ധാന്യപ്പൊടികൊണ്ട്, എണ്ണ ചേർത്ത് വളയാകൃതിയിൽ ഉണ്ടാക്കിയ പുളിപ്പില്ലാത്ത* അപ്പമായിരിക്കണം. അല്ലെങ്കിൽ, കനം കുറച്ച് മൊരിച്ചെടുത്ത, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത അപ്പമായിരിക്കണം.+
5 “‘അപ്പക്കല്ലിൽ ഉണ്ടാക്കിയതാണു ധാന്യയാഗമായി കൊണ്ടുവരുന്നതെങ്കിൽ+ അത് എണ്ണ ചേർത്ത, നേർത്ത, പുളിപ്പില്ലാത്ത മാവുകൊണ്ടുള്ളതായിരിക്കണം. 6 അതു നുറുക്കി കഷണങ്ങളാക്കിയിട്ട് അതിനു മുകളിൽ എണ്ണ ഒഴിക്കണം.+ ഇത് ഒരു ധാന്യയാഗമാണ്.
7 “‘ചട്ടിയിൽ തയ്യാറാക്കിയതാണു ധാന്യയാഗമായി കൊണ്ടുവരുന്നതെങ്കിൽ അതു നേർത്ത ധാന്യപ്പൊടിയും എണ്ണയും ഉപയോഗിച്ച് ഉണ്ടാക്കിയതായിരിക്കണം. 8 ഇങ്ങനെ ഉണ്ടാക്കിയതു ധാന്യയാഗമായി യഹോവയുടെ മുന്നിൽ കൊണ്ടുവരുമ്പോൾ അതു പുരോഹിതനെ ഏൽപ്പിക്കണം. അവൻ അതു യാഗപീഠത്തിന് അടുത്തേക്കു കൊണ്ടുവരണം. 9 പുരോഹിതൻ ധാന്യയാഗത്തിൽനിന്ന് കുറച്ച് എടുത്ത് മുഴുവൻ യാഗത്തിന്റെയും ഒരു പ്രതീകമായി+ യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും. യഹോവയെ പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന യാഗമാണ് ഇത്.+ 10 ധാന്യയാഗത്തിൽ മിച്ചമുള്ളതു മുഴുവൻ, അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗങ്ങളിൽനിന്നുള്ള ഏറ്റവും വിശുദ്ധമായ ഒന്നായി, അഹരോനും പുത്രന്മാർക്കും ഉള്ളതായിരിക്കും.+
11 “‘നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കുന്ന ധാന്യയാഗമൊന്നും പുളിച്ചതായിരിക്കരുത്.+ ഒരുതരത്തിലുമുള്ള പുളിച്ച മാവോ തേനോ അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമായി നിങ്ങൾ ദഹിപ്പിക്കാൻ പാടില്ല.
12 “‘അവ ആദ്യഫലങ്ങളുടെ+ യാഗമായി യഹോവയ്ക്ക് അർപ്പിക്കാം. എന്നാൽ, പ്രസാദിപ്പിക്കുന്ന സുഗന്ധമായി അവ യാഗപീഠത്തിൽ അർപ്പിക്കരുത്.
13 “‘നീ അർപ്പിക്കുന്ന ധാന്യയാഗമെല്ലാം ഉപ്പു ചേർത്തതായിരിക്കണം. നിന്റെ ദൈവത്തിന്റെ ഉടമ്പടിയുടെ ഉപ്പു നിന്റെ ധാന്യയാഗത്തിൽ ഇല്ലാതെപോകരുത്. നിന്റെ എല്ലാ യാഗങ്ങളുടെയുംകൂടെ നീ ഉപ്പ്+ അർപ്പിക്കണം.
14 “‘നീ യഹോവയ്ക്ക് അർപ്പിക്കുന്ന ധാന്യയാഗം ആദ്യവിളയിൽനിന്നാണെങ്കിൽ, അതു പുതിയ ധാന്യമായിരിക്കണം. അതു തീയിൽ വറുത്ത്, തരിയായി പൊടിക്കണം. ഇതായിരിക്കണം നിന്റെ ആദ്യവിളയിൽനിന്നുള്ള+ ധാന്യയാഗം. 15 നീ അതിന്റെ മുകളിൽ എണ്ണ ഒഴിച്ച് കുന്തിരിക്കം വെക്കണം. ഇത് ഒരു ധാന്യയാഗമാണ്. 16 തരിയായി പൊടിച്ച ധാന്യത്തിൽ കുറച്ചും അൽപ്പം എണ്ണയും കുന്തിരിക്കം മുഴുവനും പുരോഹിതൻ, മുഴുവൻ യാഗത്തിന്റെയും പ്രതീകമായി+ ദഹിപ്പിക്കും. ഇത് അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമാണ്.