-
മർക്കോസ് 5:25-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 രക്തസ്രാവം+ കാരണം 12 വർഷമായി+ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ അക്കൂട്ടത്തിലുണ്ടായിരുന്നു; 26 പല വൈദ്യന്മാരുടെ അടുത്ത് പോയി വല്ലാതെ കഷ്ടപ്പെടുകയും തനിക്കുള്ളതെല്ലാം ചെലവാക്കുകയും ചെയ്തിട്ടും ആ സ്ത്രീയുടെ സ്ഥിതി വഷളായതല്ലാതെ ഒരു പ്രയോജനവുമുണ്ടായില്ല. 27 യേശു ചെയ്തതിനെക്കുറിച്ചൊക്കെ കേട്ടറിഞ്ഞ ആ സ്ത്രീ ജനക്കൂട്ടത്തിന് ഇടയിലൂടെ യേശുവിന്റെ പിന്നിൽ എത്തി പുറങ്കുപ്പായത്തിൽ തൊട്ടു.+ 28 കാരണം “യേശുവിന്റെ പുറങ്കുപ്പായത്തിലൊന്നു തൊട്ടാൽ മതി, എന്റെ അസുഖം മാറും”*+ എന്ന് ആ സ്ത്രീയുടെ മനസ്സു പറയുന്നുണ്ടായിരുന്നു. 29 അപ്പോൾത്തന്നെ അവരുടെ രക്തസ്രാവം നിലച്ചു. തന്നെ വല്ലാതെ വലച്ചിരുന്ന ആ രോഗം മാറിയതായി അവർക്കു മനസ്സിലായി.
30 തന്നിൽനിന്ന് ശക്തി+ പുറപ്പെട്ടെന്നു യേശു പെട്ടെന്നു തിരിച്ചറിഞ്ഞു. ജനക്കൂട്ടത്തിന്റെ നടുവിൽ നിന്നിരുന്ന യേശു തിരിഞ്ഞ്, “ആരാണ് എന്റെ പുറങ്കുപ്പായത്തിൽ തൊട്ടത് ”+ എന്നു ചോദിച്ചു. 31 എന്നാൽ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “ഈ ജനം മുഴുവൻ അങ്ങയെ തിക്കിഞെരുക്കുന്നതു കാണുന്നില്ലേ? എന്നിട്ടും, ‘എന്നെ തൊട്ടത് ആരാണ് ’ എന്ന് അങ്ങ് ചോദിക്കുന്നോ?” 32 യേശുവോ തന്നെ തൊട്ടത് ആരാണെന്നു കാണാൻ ചുറ്റും നോക്കുന്നുണ്ടായിരുന്നു. 33 തനിക്കു സംഭവിച്ചതു മനസ്സിലാക്കിയ സ്ത്രീ പേടിച്ചുവിറച്ച് യേശുവിന്റെ കാൽക്കൽ വീണ് സത്യം മുഴുവൻ തുറന്നുപറഞ്ഞു. 34 യേശു ആ സ്ത്രീയോടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്.* സമാധാനത്തോടെ പൊയ്ക്കൊള്ളൂ.+ നിന്റെ മാറാരോഗം മാറിക്കിട്ടിയല്ലോ.+ ഇനി ആരോഗ്യത്തോടെ ജീവിക്കുക.”
-
-
ലൂക്കോസ് 8:43-48വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
43 രക്തസ്രാവം+ കാരണം 12 വർഷമായി കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ അക്കൂട്ടത്തിലുണ്ടായിരുന്നു. ആർക്കും ആ സ്ത്രീയെ സുഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.+ 44 ആ സ്ത്രീ യേശുവിന്റെ പുറകിലൂടെ ചെന്ന് പുറങ്കുപ്പായത്തിന്റെ അറ്റത്ത്* തൊട്ടു.+ അപ്പോൾത്തന്നെ അവരുടെ രക്തസ്രാവം നിലച്ചു. 45 അപ്പോൾ യേശു, “ആരാണ് എന്നെ തൊട്ടത്” എന്നു ചോദിച്ചു. എല്ലാവരും ‘ഞാനല്ല’ എന്നു പറഞ്ഞു. പത്രോസ് യേശുവിനോട്, “ഗുരുവേ, എത്രയോ ആളുകളാണ് അങ്ങയെ തിക്കുന്നത്”+ എന്നു പറഞ്ഞു. 46 എന്നാൽ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു. കാരണം എന്നിൽനിന്ന് ശക്തി+ പുറപ്പെട്ടതു ഞാൻ അറിഞ്ഞു.” 47 ഇനിയൊന്നും മറച്ചുവെച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ സ്ത്രീ വിറച്ചുകൊണ്ട് ചെന്ന് യേശുവിന്റെ കാൽക്കൽ വീണു. എന്നിട്ട് യേശുവിനെ തൊട്ടത് എന്തിനാണെന്നും ഉടൻതന്നെ രോഗം മാറിയത് എങ്ങനെയെന്നും എല്ലാവരും കേൾക്കെ വെളിപ്പെടുത്തി. 48 എന്നാൽ യേശു ആ സ്ത്രീയോടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാസമാണു നിന്നെ സുഖപ്പെടുത്തിയത്.* സമാധാനത്തോടെ പൊയ്ക്കൊള്ളൂ.”+
-