-
മർക്കോസ്: പഠനക്കുറിപ്പുകൾ—അധ്യായം 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മകളേ: യേശു ഒരു സ്ത്രീയെ “മകളേ“ എന്നു നേരിട്ട് വിളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു സന്ദർഭം. ആ സ്ത്രീയുടെ പ്രത്യേകസാഹചര്യവും മാനസികാവസ്ഥയും പരിഗണിച്ചും അതുപോലെ അവർ ‘വിറയ്ക്കുന്നതു’ കണ്ടിട്ടും ആയിരിക്കാം യേശു അങ്ങനെ വിളിച്ചത്. (മർ 5:33; ലൂക്ക 8:47) വാത്സല്യം തുളുമ്പുന്ന ഈ പ്രയോഗം ആ സ്ത്രീയോടുള്ള യേശുവിന്റെ ആർദ്രസ്നേഹവും കരുതലും എടുത്തുകാട്ടുന്നു. ഈ അഭിസംബോധന ആ സ്ത്രീയുടെ പ്രായത്തെക്കുറിച്ചുള്ള സൂചനകളൊന്നും തരുന്നില്ല.
സമാധാനത്തോടെ പൊയ്ക്കൊള്ളൂ: എബ്രായ, ഗ്രീക്ക് തിരുവെഴുത്തുകളിൽ പലയിടത്തും ഈ പ്രയോഗം “നല്ലതു വരട്ടെ” എന്ന അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. (ലൂക്ക 7:50; 8:48; യാക്ക 2:16; 1ശമു 1:17-ഉം 20:42-ഉം 25:35-ഉം 29:7-ഉം 2ശമു 15:9-ഉം 2രാജ 5:19-ഉം താരതമ്യം ചെയ്യുക.) മിക്കയിടങ്ങളിലും “സമാധാനം” (ഷാലോം) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിനു വിശാലമായ അർഥമാണുള്ളത്. അതു യുദ്ധവും പ്രശ്നങ്ങളും ഇല്ലാത്ത ഒരു അവസ്ഥയെ കുറിക്കുന്നു. (ന്യായ 4:17; 1ശമു 7:14; സഭ 3:8) അതേ പദത്തിന് ആരോഗ്യം, സുരക്ഷിതത്വം, സുസ്ഥിതി എന്നീ ആശയങ്ങളെയും (1ശമു 25:6, അടിക്കുറിപ്പ്; 2ദിന 15:5, അടിക്കുറിപ്പ്; ഇയ്യ 5:24, അടിക്കുറിപ്പ്) ക്ഷേമത്തെയും (എസ്ഥ 10:3, അടിക്കുറിപ്പ്) സൗഹൃദത്തെയും (സങ്ക 41:9) കുറിക്കാനാകും. ഗ്രീക്കുതിരുവെഴുത്തുകളിൽ “സമാധാനം” എന്നതിനുള്ള ഗ്രീക്കുപദം (ഐറേനേ) അതിന്റെ എബ്രായപദത്തോളംതന്നെ വിശാലമായ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പദത്തിനും, കലഹങ്ങളില്ലാത്ത അവസ്ഥ എന്ന അർഥത്തിനു പുറമേ സുസ്ഥിതി, രക്ഷ, ഐക്യം എന്നീ ആശയങ്ങളെയും കുറിക്കാനാകും.
മാറാരോഗം: അക്ഷ. “ചാട്ടയടി.” ഈ പദത്തിന്റെ അക്ഷരാർഥം, പലപ്പോഴും ദണ്ഡനമുറയായി ഉപയോഗിച്ചിരുന്ന ചാട്ടയടിയുടെ ഒരു രൂപത്തെയാണു കുറിക്കുന്നത്. (പ്രവൃ 22:24; എബ്ര 11:36) ഇവിടെ ആലങ്കാരികാർഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ഈ പദപ്രയോഗം, അസുഖംമൂലം ആ സ്ത്രീക്കുണ്ടായ യാതനകളെ നന്നായി ചിത്രീകരിക്കുന്നു.
-