ലേവ്യ
13 യഹോവ മോശയോടും അഹരോനോടും ഇങ്ങനെയും പറഞ്ഞു: 2 “ഒരാളുടെ തൊലിപ്പുറത്ത് തടിപ്പോ ചിരങ്ങോ പുള്ളിയോ ഉണ്ടായിട്ട് അത് അവന്റെ ചർമത്തിൽ കുഷ്ഠരോഗമായിത്തീരാൻ*+ സാധ്യതയുണ്ടെന്നു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്റെയോ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരിൽ ഒരാളുടെയോ അടുത്ത് കൊണ്ടുവരണം.+ 3 പുരോഹിതൻ തൊലിപ്പുറത്തെ രോഗബാധ പരിശോധിക്കും. ആ ഭാഗത്തെ രോമം വെള്ള നിറമാകുകയും രോഗം തൊലിയുടെ അടിയിലേക്കു വ്യാപിച്ചതുപോലെ കാണപ്പെടുകയും ചെയ്താൽ അതു കുഷ്ഠരോഗമാണ്. പുരോഹിതൻ അതു പരിശോധിച്ച് അവനെ അശുദ്ധനായി പ്രഖ്യാപിക്കും. 4 എന്നാൽ തൊലിപ്പുറത്തെ പുള്ളി വെളുത്തിരിക്കുന്നെങ്കിലും അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചതായോ രോമം വെള്ള നിറമായതായോ കാണുന്നില്ലെങ്കിൽ രോഗബാധിതനായ വ്യക്തിയെ പുരോഹിതൻ ഏഴു ദിവസം മാറ്റിപ്പാർപ്പിക്കും.+ 5 ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കും. അപ്പോൾ അതു തൊലിപ്പുറത്ത് പടരാതെ അങ്ങനെതന്നെ നിൽക്കുന്നെന്നു കണ്ടാൽ പുരോഹിതൻ വീണ്ടും ഏഴു ദിവസംകൂടെ അവനെ മാറ്റിപ്പാർപ്പിക്കും.
6 “ഏഴാം ദിവസം പുരോഹിതൻ വീണ്ടും അവനെ പരിശോധിക്കണം. രോഗബാധ മങ്ങിയെന്നും തൊലിപ്പുറത്ത് പടർന്നിട്ടില്ലെന്നും കണ്ടാൽ പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും.+ അതു വെറുമൊരു ചിരങ്ങായിരുന്നു. അവൻ വസ്ത്രം അലക്കി ശുദ്ധനാകും. 7 എന്നാൽ ശുദ്ധനാണെന്നു സ്ഥിരീകരിക്കാൻ പുരോഹിതന്റെ അടുത്ത് ചെന്നശേഷം ചിരങ്ങു* തൊലിപ്പുറത്ത് പടർന്നെങ്കിൽ അവൻ പുരോഹിതന്റെ അടുത്ത് രണ്ടാമതും ചെല്ലണം. 8 പുരോഹിതൻ അതു പരിശോധിക്കും. ചിരങ്ങു തൊലിപ്പുറത്ത് പടർന്നിട്ടുണ്ടെങ്കിൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. അതു കുഷ്ഠംതന്നെ.+
9 “ഒരാൾക്കു കുഷ്ഠരോഗം പിടിപെടുന്നെങ്കിൽ അവനെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം. 10 പുരോഹിതൻ അവനെ പരിശോധിക്കും.+ തൊലിപ്പുറത്ത് ഒരു വെളുത്ത തടിപ്പ് ഉണ്ടായിട്ട് അവിടത്തെ രോമം വെള്ള നിറമാകുകയും അവിടെ വ്രണം വന്ന് പൊട്ടുകയും ചെയ്തിട്ടുണ്ടെങ്കിൽ+ 11 അതു തൊലിപ്പുറത്ത് ഉണ്ടാകുന്ന വിട്ടുമാറാത്ത കുഷ്ഠമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. നിരീക്ഷണാർഥം അവനെ മാറ്റിപ്പാർപ്പിക്കേണ്ടതില്ല.+ അവൻ അശുദ്ധനാണ്. 12 എന്നാൽ, അടിമുടി കുഷ്ഠം ഉണ്ടായി അതു തൊലിപ്പുറത്ത് പുരോഹിതനു കാണാനാകുന്നിടത്തെല്ലാം വ്യാപിച്ചിട്ടുണ്ടെങ്കിൽ 13 പുരോഹിതൻ അവനെ പരിശോധിച്ച് കുഷ്ഠം അവന്റെ ചർമത്തിൽ മുഴുവൻ പടർന്നിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. അത് ഉറപ്പായാൽ പുരോഹിതൻ ആ രോഗിയെ ശുദ്ധനായി* പ്രഖ്യാപിക്കും. കാരണം ശരീരം മുഴുവൻ വെള്ള നിറമായിരിക്കുന്നു; അവൻ ശുദ്ധനാണ്. 14 എന്നാൽ എപ്പോഴെങ്കിലും ഒരു വ്രണം വന്ന് പൊട്ടിയാൽ അവൻ അശുദ്ധനാകും. 15 വ്രണം വന്ന് പൊട്ടിയെന്നു കണ്ടാൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും.+ പൊട്ടിയ വ്രണം അശുദ്ധമാണ്. അതു കുഷ്ഠംതന്നെ.+ 16 അഥവാ, പൊട്ടിയ വ്രണം വീണ്ടും വെള്ള നിറമാകുന്നെങ്കിൽ, അവൻ പുരോഹിതന്റെ അടുത്ത് ചെല്ലണം. 17 പുരോഹിതൻ അവനെ പരിശോധിക്കും.+ രോഗബാധ വെള്ള നിറമായിട്ടുണ്ടെങ്കിൽ അവനെ ശുദ്ധനായി പ്രഖ്യാപിക്കും; അവൻ ശുദ്ധനാണ്.
18 “ഒരാൾക്കു തൊലിപ്പുറത്ത് പരു ഉണ്ടായിട്ട് അതു സുഖപ്പെട്ടെങ്കിലും 19 പരു വന്നിടത്ത് ഒരു വെള്ളത്തടിപ്പോ ചുവപ്പു കലർന്ന വെള്ള നിറത്തിലുള്ള പുള്ളിയോ ഉണ്ടായിട്ടുണ്ടെങ്കിൽ അവൻ പുരോഹിതന്റെ അടുത്ത് ചെല്ലണം. 20 പുരോഹിതൻ അതു പരിശോധിക്കും.+ അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചതായി കാണപ്പെടുകയും അതിലെ രോമം വെള്ള നിറമാകുകയും ചെയ്തിട്ടുണ്ടെങ്കിൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. പരുവിൽ ഉണ്ടായിരിക്കുന്നതു കുഷ്ഠമാണ്. 21 എന്നാൽ, പുരോഹിതൻ അതു പരിശോധിക്കുമ്പോൾ അതു മങ്ങിയിട്ടുണ്ടെന്നും അതിൽ വെള്ള നിറത്തിലുള്ള രോമമില്ലെന്നും അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചിട്ടില്ലെന്നും കാണുന്നെങ്കിൽ പുരോഹിതൻ ഏഴു ദിവസത്തേക്ക് അവനെ മാറ്റിപ്പാർപ്പിക്കും.+ 22 എന്നാൽ അതു തൊലിപ്പുറത്ത് പടർന്നിട്ടുണ്ടെങ്കിൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. അത് ഒരു രോഗമാണ്. 23 എന്നാൽ പുള്ളി പടരാതെ അങ്ങനെതന്നെ നിൽക്കുന്നെങ്കിൽ അതു പരു നിമിത്തമുള്ള വീക്കം മാത്രമാണ്. പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും.+
24 “ഇനി, ഒരാൾക്കു തീപ്പൊള്ളലേറ്റിട്ട് ആ ഭാഗത്തെ പച്ചമാംസം വെള്ളപ്പുള്ളിയോ ചുവപ്പു കലർന്ന വെള്ള നിറത്തിലുള്ള പുള്ളിയോ ആകുന്നെങ്കിൽ 25 പുരോഹിതൻ അതു പരിശോധിക്കും. അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചതുപോലെ കാണപ്പെടുകയും പുള്ളിയിലെ രോമം വെള്ള നിറമാകുകയും ചെയ്തിട്ടുണ്ടെങ്കിൽ അതു പൊള്ളലിൽനിന്ന് ഉണ്ടായ കുഷ്ഠരോഗമാണ്. പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. അതു കുഷ്ഠരോഗമാണ്. 26 എന്നാൽ പുരോഹിതൻ അതു പരിശോധിക്കുമ്പോൾ അതു മങ്ങിയിട്ടുണ്ടെന്നും പുള്ളിയിൽ വെള്ള നിറത്തിലുള്ള രോമമില്ലെന്നും അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചിട്ടില്ലെന്നും കണ്ടാൽ അവനെ ഏഴു ദിവസത്തേക്കു നിരീക്ഷണാർഥം മാറ്റിപ്പാർപ്പിക്കും.+ 27 ഏഴാം ദിവസം പുരോഹിതൻ അവനെ പരിശോധിക്കും. അപ്പോൾ അതു തൊലിപ്പുറത്ത് പടർന്നിട്ടുണ്ടെങ്കിൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. അതു കുഷ്ഠരോഗമാണ്. 28 എന്നാൽ പുള്ളി തൊലിപ്പുറത്ത് പടരാതെ അങ്ങനെതന്നെ നിൽക്കുന്നെന്നും അതു മങ്ങിയിട്ടുണ്ടെന്നും കണ്ടാൽ അത് ഒരു തടിപ്പു മാത്രമാണ്. പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും. കാരണം അതു വെറുമൊരു വീക്കമാണ്.
29 “ഒരു പുരുഷന്റെയോ സ്ത്രീയുടെയോ തലയിലോ താടിയിലോ രോഗബാധ ഉണ്ടാകുന്നെങ്കിൽ 30 പുരോഹിതൻ അതു പരിശോധിക്കും. അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചതായി കാണപ്പെടുകയും അതിലുള്ള രോമം എണ്ണത്തിൽ കുറഞ്ഞ് മഞ്ഞ നിറമാകുകയും ചെയ്തിട്ടുണ്ടെങ്കിൽ പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കും. തലയിലെയോ താടിയിലെയോ ഈ രോഗബാധ+ കുഷ്ഠമാണ്. 31 എന്നാൽ രോഗബാധ തൊലിയുടെ അടിയിലേക്കു വ്യാപിച്ചിട്ടില്ലെന്നും അതിൽ കറുത്ത രോമമില്ലെന്നും കണ്ടാൽ പുരോഹിതൻ അവനെ ഏഴു ദിവസം മാറ്റിപ്പാർപ്പിക്കണം.+ 32 പുരോഹിതൻ ഏഴാം ദിവസം രോഗബാധ പരിശോധിക്കും. അപ്പോൾ, അതു തൊലിപ്പുറത്ത് പടർന്നിട്ടില്ലെന്നും അതിൽ മഞ്ഞരോമം വളർന്നിട്ടില്ലെന്നും കാണുകയും അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചിട്ടില്ലെന്നു തോന്നുകയും ചെയ്യുന്നെങ്കിൽ 33 രോഗി തന്റെ തലയും താടിയും വടിക്കണം. പക്ഷേ, രോഗം ബാധിച്ച ഭാഗം അവൻ വടിക്കരുത്. തുടർന്ന് പുരോഹിതൻ രോഗിയെ ഏഴു ദിവസം മാറ്റിപ്പാർപ്പിക്കും.
34 “ഏഴാം ദിവസം പുരോഹിതൻ രോഗം ബാധിച്ച ഭാഗം വീണ്ടും പരിശോധിക്കും. അപ്പോൾ, അതു തൊലിപ്പുറത്ത് പടർന്നിട്ടില്ലെന്നു കാണുകയും അതു തൊലിയുടെ അടിയിലേക്കു വ്യാപിച്ചിട്ടില്ലെന്നു തോന്നുകയും ചെയ്യുന്നെങ്കിൽ പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കണം. അവൻ വസ്ത്രം അലക്കി ശുദ്ധനാകണം. 35 എന്നാൽ അവന്റെ ശുദ്ധീകരണത്തിനു ശേഷം രോഗബാധ തൊലിപ്പുറത്ത് പടരുന്നെങ്കിൽ 36 പുരോഹിതൻ അവനെ വീണ്ടും പരിശോധിക്കും. രോഗബാധ തൊലിപ്പുറത്ത് പടർന്നിട്ടുണ്ടെങ്കിൽ മഞ്ഞ നിറത്തിലുള്ള രോമം അതിലുണ്ടോ എന്നു പുരോഹിതൻ നോക്കേണ്ടതില്ല. അവൻ അശുദ്ധനാണ്. 37 എന്നാൽ പരിശോധനയിൽ രോഗബാധ തൊലിപ്പുറത്ത് പടർന്നിട്ടില്ലെന്നും അതിൽ കറുത്ത രോമം വളർന്നിട്ടുണ്ടെന്നും കാണുന്നെങ്കിൽ രോഗം ഭേദമായിരിക്കുന്നു. അവൻ ശുദ്ധനാണ്. പുരോഹിതൻ അവനെ ശുദ്ധനായി പ്രഖ്യാപിക്കും.+
38 “ഒരു പുരുഷന്റെയോ സ്ത്രീയുടെയോ തൊലിപ്പുറത്ത് പുള്ളികൾ ഉണ്ടായി അവ വെള്ള നിറമാകുന്നെങ്കിൽ, 39 പുരോഹിതൻ അവ പരിശോധിക്കും.+ തൊലിപ്പുറത്തെ പുള്ളികൾ മങ്ങിയ വെള്ള നിറത്തിലുള്ളതാണെങ്കിൽ, തൊലിപ്പുറത്ത് ഉണ്ടായിരിക്കുന്നതു വെറുമൊരു പാടാണ്. അവൻ ശുദ്ധനാണ്.
40 “ഒരാളുടെ മുടി കൊഴിഞ്ഞ് തല കഷണ്ടിയാകുന്നെങ്കിൽ അവൻ ശുദ്ധനാണ്. 41 തലയുടെ മുൻവശത്തെ മുടി കൊഴിഞ്ഞ് അവിടെ കഷണ്ടിയുണ്ടാകുന്നെങ്കിൽ അവൻ ശുദ്ധനാണ്. 42 എന്നാൽ, അവന്റെ നെറ്റിയിലോ തലയിൽ കഷണ്ടിയുള്ള ഭാഗത്തോ ചുവപ്പു കലർന്ന വെള്ള നിറത്തിലുള്ള വ്രണം ഉണ്ടാകുന്നെങ്കിൽ, അവന്റെ നെറ്റിയിലോ തലയിലോ കുഷ്ഠം വരുകയാണ്. 43 പുരോഹിതൻ അവനെ പരിശോധിക്കും. രോഗബാധ നിമിത്തം അവന്റെ നെറ്റിയിലോ ഉച്ചിയിലെ കഷണ്ടിയിലോ ചുവപ്പു കലർന്ന വെള്ള നിറത്തിൽ കാണുന്ന തടിപ്പു തൊലിപ്പുറത്തെ കുഷ്ഠംപോലെ കാണപ്പെടുന്നെങ്കിൽ, 44 അവൻ കുഷ്ഠരോഗിയാണ്. അവൻ അശുദ്ധനാണ്. തലയിലെ രോഗം കാരണം പുരോഹിതൻ അവനെ അശുദ്ധനായി പ്രഖ്യാപിക്കണം. 45 കുഷ്ഠരോഗി കീറിയ വസ്ത്രം ധരിക്കണം. മുടി കോതിയൊതുക്കാനും പാടില്ല. അവൻ വായ്* മറച്ചുപിടിച്ച് ‘അശുദ്ധൻ! അശുദ്ധൻ!’ എന്നു വിളിച്ചുപറയണം. 46 രോഗം മാറുന്നതുവരെ അവൻ അശുദ്ധനായിരിക്കും. അവൻ മറ്റുള്ളവരിൽനിന്ന് മാറിത്താമസിക്കണം. അവന്റെ താമസം പാളയത്തിനു പുറത്തായിരിക്കണം.+
47 “കമ്പിളിവസ്ത്രമോ ലിനൻവസ്ത്രമോ, 48 ലിനന്റെയോ കമ്പിളിയുടെയോ ഇഴകളോ, തോലോ തോലുകൊണ്ട് ഉണ്ടാക്കിയ എന്തെങ്കിലുമോ കുഷ്ഠരോഗത്താൽ മലിനമായിട്ട് 49 ആ വസ്ത്രത്തിലോ തോലിലോ ഇഴകളിലോ തോലുകൊണ്ടുള്ള വസ്തുവിലോ മഞ്ഞ കലർന്ന പച്ച നിറത്തിലുള്ളതോ ഇളഞ്ചുവപ്പു നിറത്തിലുള്ളതോ ആയ പാട് ഉണ്ടാകുന്നെങ്കിൽ അതു കുഷ്ഠരോഗംകൊണ്ടുള്ള മലിനതയാണ്. അതു പുരോഹിതനെ കാണിക്കണം. 50 പുരോഹിതൻ രോഗബാധ പരിശോധിക്കുകയും അതു ബാധിച്ച വസ്തു ഏഴു ദിവസം നിരീക്ഷണാർഥം മറ്റൊന്നുമായി സമ്പർക്കത്തിൽവരാതെ മാറ്റിവെക്കുകയും വേണം.+ 51 ഏഴാം ദിവസം പുരോഹിതൻ രോഗബാധ പരിശോധിക്കുമ്പോൾ അതു തോലിലോ (അതിന്റെ ഉപയോഗം എന്തുമാകട്ടെ.) വസ്ത്രത്തിലോ വസ്ത്രത്തിന്റെ ഇഴകളിലോ വ്യാപിച്ചിരിക്കുന്നതായി കണ്ടാൽ അതു കഠിനമായ കുഷ്ഠമാണ്. അത് അശുദ്ധം.+ 52 രോഗബാധ വസ്ത്രത്തിലോ കമ്പിളിയുടെയോ ലിനന്റെയോ ഇഴകളിലോ തോലുകൊണ്ടുള്ള വസ്തുവിലോ ആകട്ടെ അതു കത്തിച്ചുകളയണം. കാരണം അതു കഠിനമായ കുഷ്ഠമാണ്. അതു കത്തിച്ചുകളയണം.
53 “എന്നാൽ പുരോഹിതൻ അതു പരിശോധിക്കുമ്പോൾ രോഗബാധ വസ്ത്രത്തിലോ അതിന്റെ ഇഴകളിലോ തോലുകൊണ്ടുള്ള വസ്തുവിലോ വ്യാപിച്ചിട്ടില്ലെന്നാണു കാണുന്നതെങ്കിൽ, 54 മലിനമായ ആ വസ്തു കഴുകാൻ പുരോഹിതൻ അവരോടു കല്പിക്കും. എന്നിട്ട് അവൻ അതു മറ്റൊന്നുമായി സമ്പർക്കത്തിൽ വരാതെ നിരീക്ഷണാർഥം ഏഴു ദിവസംകൂടെ മാറ്റിവെക്കും. 55 പിന്നെ അതു നന്നായി കഴുകിയശേഷം പുരോഹിതൻ വീണ്ടും പരിശോധിക്കണം. ആ പാടിനു പ്രത്യക്ഷത്തിൽ വ്യത്യാസമൊന്നും വന്നിട്ടില്ലെങ്കിൽ, രോഗബാധ വ്യാപിച്ചിട്ടില്ലെങ്കിൽപ്പോലും, അത് അശുദ്ധമാണ്. അതു കത്തിച്ചുകളയണം. കാരണം, അതിന്റെ അകവശത്തുനിന്നോ പുറത്തുനിന്നോ അതു ദ്രവിച്ചല്ലോ.
56 “എന്നാൽ നന്നായി കഴുകിയപ്പോൾ, മലിനമായ ഭാഗം മങ്ങിയതായി പുരോഹിതൻ പരിശോധനയിൽ കാണുന്നെങ്കിൽ അവൻ ആ ഭാഗം വസ്ത്രത്തിൽനിന്നോ തുണിയുടെ ഇഴകളിൽനിന്നോ തോലിൽനിന്നോ നീക്കം ചെയ്യും. 57 എങ്കിലും അതു വസ്ത്രത്തിന്റെ മറ്റൊരു ഭാഗത്തോ തുണിയുടെ ഇഴകളിലോ തോലുകൊണ്ടുള്ള ആ വസ്തുവിലോ അപ്പോഴും കാണുന്നെങ്കിൽ അതു വ്യാപിക്കുന്നുണ്ട്. മലിനമായ ഏതൊരു വസ്തുവും തീയിലിട്ട് ചുട്ടുകളയണം.+ 58 എന്നാൽ കഴുകിയ വസ്ത്രത്തിൽനിന്നോ ഇഴകളിൽനിന്നോ തോലുകൊണ്ടുള്ള ആ വസ്തുവിൽനിന്നോ മലിനത അപ്രത്യക്ഷമാകുന്നെങ്കിൽ നീ അതു രണ്ടാമതും കഴുകണം. അപ്പോൾ അതു ശുദ്ധമാകും.
59 “കമ്പിളിത്തുണിയിലോ ലിനൻതുണിയിലോ തുണിയുടെ ഇഴകളിലോ തോലുകൊണ്ടുള്ള ഏതെങ്കിലും വസ്തുവിലോ ഉണ്ടാകുന്ന കുഷ്ഠരോഗത്തെ സംബന്ധിച്ചുള്ള നിയമമാണ് ഇത്. അവ ശുദ്ധമോ അശുദ്ധമോ എന്നു പ്രഖ്യാപിക്കാൻവേണ്ടിയുള്ളതാണ് ഈ നിയമം.”