യോഹന്നാൻ എഴുതിയത്
2 മൂന്നാം ദിവസം ഗലീലയിലെ കാനായിൽ+ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മയും അവിടെയുണ്ടായിരുന്നു. 2 വിവാഹവിരുന്നിനു യേശുവിനെയും ശിഷ്യന്മാരെയും ക്ഷണിച്ചിരുന്നു.
3 വീഞ്ഞു തികയാതെ വന്നപ്പോൾ അമ്മ യേശുവിനോട്, “അവർക്കു വീഞ്ഞില്ല” എന്നു പറഞ്ഞു. 4 അപ്പോൾ യേശു അമ്മയോടു പറഞ്ഞു: “സ്ത്രീയേ, നമുക്ക് ഇതിൽ എന്തു കാര്യം? എന്റെ സമയം ഇതുവരെ വന്നിട്ടില്ല.” 5 യേശുവിന്റെ അമ്മ വിളമ്പുകാരോട്, “അവൻ എന്തു പറഞ്ഞാലും അതുപോലെ ചെയ്യുക” എന്നു പറഞ്ഞു. 6 ജൂതന്മാരുടെ ശുദ്ധീകരണനിയമമനുസരിച്ച്+ വെള്ളം വെക്കാനുള്ള ആറു കൽഭരണി അവിടെ ഇരിപ്പുണ്ടായിരുന്നു. അവ ഓരോന്നും രണ്ടോ മൂന്നോ അളവുപാത്രം നിറയെ വെള്ളം കൊള്ളുന്നതായിരുന്നു. 7 യേശു അവരോട്, “ഭരണികളിൽ വെള്ളം നിറയ്ക്കുക” എന്നു പറഞ്ഞു. അവർ വക്കുവരെ നിറച്ചു. 8 അപ്പോൾ യേശു അവരോട്, “ഇതിൽനിന്ന് കുറച്ച് എടുത്ത് വിരുന്നുനടത്തിപ്പുകാരനു കൊണ്ടുപോയി കൊടുക്കൂ” എന്നു പറഞ്ഞു. അവർ കൊണ്ടുപോയി കൊടുത്തു. 9 വീഞ്ഞായി മാറിയ വെള്ളം അയാൾ രുചിച്ചുനോക്കി. എന്നാൽ അത് എവിടെനിന്നാണു വന്നതെന്നു നടത്തിപ്പുകാരന് അറിയില്ലായിരുന്നു. (വെള്ളം കോരിയ ജോലിക്കാർക്കു പക്ഷേ കാര്യം അറിയാമായിരുന്നു.) അതു രുചിച്ചുനോക്കിയ ഉടനെ വിരുന്നുനടത്തിപ്പുകാരൻ മണവാളനെ വിളിച്ച് 10 ഇങ്ങനെ പറഞ്ഞു: “എല്ലാവരും ആദ്യം മേത്തരം വീഞ്ഞും, ആളുകൾ ലഹരിപിടിച്ചുകഴിയുമ്പോൾ നിലവാരം കുറഞ്ഞതും ആണ് വിളമ്പാറ്. പക്ഷേ നീ മേത്തരം വീഞ്ഞ് ഇതുവരെ എടുക്കാതെ വെച്ചല്ലോ!” 11 ഇങ്ങനെ, ഗലീലയിലെ കാനായിൽവെച്ച് ആദ്യത്തെ അടയാളം കാണിച്ചുകൊണ്ട് യേശു തന്റെ മഹത്ത്വം വെളിപ്പെടുത്തി.+ ശിഷ്യന്മാർ യേശുവിൽ വിശ്വസിച്ചു.
12 അതിനു ശേഷം യേശുവും അമ്മയും സഹോദരന്മാരും+ യേശുവിന്റെ ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി.+ എന്നാൽ അവിടെ അവർ അധികം ദിവസം താമസിച്ചില്ല.
13 ജൂതന്മാരുടെ പെസഹ+ അടുത്തിരുന്നതുകൊണ്ട് യേശു യരുശലേമിലേക്കു പോയി. 14 ദേവാലയത്തിൽ ചെന്ന യേശു ആടുമാടുകൾ, പ്രാവുകൾ+ എന്നിവ വിൽക്കുന്നവരെയും അവിടെ ഇരുന്ന് നാണയം മാറ്റിക്കൊടുക്കുന്നവരെയും കണ്ടിട്ട് 15 കയറുകൊണ്ട് ഒരു ചാട്ടയുണ്ടാക്കി ആടുമാടുകളെയും അവരെയെല്ലാവരെയും ദേവാലയത്തിനു പുറത്താക്കി. നാണയം മാറ്റിക്കൊടുക്കുന്നവരുടെ നാണയങ്ങൾ യേശു ചിതറിച്ചുകളഞ്ഞു, അവരുടെ മേശകൾ മറിച്ചിട്ടു.+ 16 പ്രാവുകളെ വിൽക്കുന്നവരോടു യേശു പറഞ്ഞു: “എല്ലാം ഇവിടെനിന്ന് കൊണ്ടുപോകൂ! എന്റെ പിതാവിന്റെ ഭവനം ഒരു കച്ചവടസ്ഥലമാക്കുന്നതു മതിയാക്കൂ!”+ 17 “അങ്ങയുടെ ഭവനത്തോടുള്ള ശുഷ്കാന്തി എന്നെ തിന്നുകളയും”+ എന്ന് എഴുതിയിരിക്കുന്നതു യേശുവിന്റെ ശിഷ്യന്മാർ അപ്പോൾ ഓർത്തു.
18 എന്നാൽ ജൂതന്മാർ യേശുവിനോട്, “ഇതൊക്കെ ചെയ്യാൻ തനിക്ക് അധികാരമുണ്ടെന്നതിനു തെളിവായി എന്തെങ്കിലും അടയാളം കാണിച്ചുതരാൻ പറ്റുമോ”+ എന്നു ചോദിച്ചു. 19 യേശു അവരോടു പറഞ്ഞു: “ഈ ദേവാലയം പൊളിക്കുക; മൂന്നു ദിവസത്തിനകം ഞാൻ ഇതു പണിയും.”+ 20 അപ്പോൾ ജൂതന്മാർ, “46 വർഷംകൊണ്ട് പണിത ഈ ദേവാലയം മൂന്നു ദിവസത്തിനകം നീ പണിയുമെന്നോ” എന്നു ചോദിച്ചു. 21 പക്ഷേ യേശു തന്റെ ശരീരം എന്ന ആലയത്തെക്കുറിച്ചാണു പറഞ്ഞത്.+ 22 യേശു ഇക്കാര്യം പറയാറുണ്ടായിരുന്നല്ലോ എന്നു യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടപ്പോൾ ശിഷ്യന്മാർ ഓർത്തു.+ തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്നതും യേശു പറഞ്ഞതും അപ്പോൾ അവർ വിശ്വസിച്ചു.
23 പെസഹാപ്പെരുന്നാളിന്റെ സമയത്ത് യരുശലേമിൽവെച്ച് യേശു കാണിച്ച അടയാളങ്ങൾ കണ്ടിട്ട് അനേകം ആളുകൾ യേശുവിന്റെ നാമത്തിൽ വിശ്വാസമർപ്പിച്ചു.+ 24 എന്നാൽ അവരെയെല്ലാം നന്നായി അറിയാമായിരുന്നതുകൊണ്ട് യേശു അവരെ അപ്പാടേ വിശ്വസിച്ചില്ല. 25 മനുഷ്യരുടെ ഹൃദയത്തിൽ എന്താണെന്ന് അറിയാമായിരുന്നതുകൊണ്ട്+ അവരെപ്പറ്റി ആരും പ്രത്യേകിച്ചൊന്നും യേശുവിനു പറഞ്ഞുകൊടുക്കേണ്ടതില്ലായിരുന്നു.