യേശുവിന്റെ അത്ഭുതങ്ങളിൽനിന്നുള്ള പാഠങ്ങൾ
“മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; . . . യേശുവിനെയും ശിഷ്യൻമാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു. വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.” ഈ സംഭവം യേശുവിന്റെ ആദ്യത്തെ അത്ഭുതത്തിന് വേദി ഒരുക്കി.—യോഹന്നാൻ 2:1-3.
യേശുവിന്റെ ശ്രദ്ധ അർഹിക്കാഞ്ഞ, അപ്രധാനമായ, നിസ്സാരമായ ഒരു പ്രശ്നമായിരുന്നില്ലേ അത്? “ആതിഥ്യോപചാരം എന്നതു പൗരസ്ത്യദേശത്ത് ഒരു പാവന കർമമായിരുന്നു . . . യഥാർഥ ആതിഥ്യോപചാരം, പ്രത്യേകിച്ചും ഒരു വിവാഹവിരുന്നിൽ, സമൃദ്ധമായ ഭക്ഷണപാനീയങ്ങൾ ഉപലബ്ധമാക്കുന്നതിനെ അർഥമാക്കി. ഒരു വിവാഹവിരുന്നിൽ ഭക്ഷണപാനീയങ്ങളുടെ ശേഖരം തീർന്നുപോകുന്നതു കുടുംബാംഗങ്ങളുടെയും യുവദമ്പതികളും മുഖത്തു കരിവാരിത്തേക്കുന്നതിനു സമാനമായിരുന്നു” എന്ന് ഒരു ബൈബിൾ പണ്ഡിതൻ വിശദീകരിക്കുന്നു.
യേശു അതുകൊണ്ടു നടപടി സ്വീകരിച്ചു. “യെഹൂദൻമാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു . . . ആറു കല്പാത്രം” അവിടെ വെച്ചിരിക്കുന്നത് അവൻ നിരീക്ഷിച്ചു. ഭക്ഷണം കഴിക്കുന്നതിനുമുമ്പുള്ള ആചാരപ്രകാരമുള്ള കഴുക്ക് യഹൂദൻമാരുടെയിടയിൽ പരമ്പരാഗതമായിരുന്നതിനാൽ സന്നിഹിതരായവരുടെ ആവശ്യങ്ങൾ നിറവേററാൻ ധാരാളം വെള്ളം ആവശ്യമായിരുന്നു. “ഈ കല്പാത്രങ്ങളിൽ വെള്ളം നിറപ്പിൻ” എന്ന് അതിഥികളെ പരിചരിക്കുന്നവരോട് യേശു പറഞ്ഞു. യേശു “വിരുന്നുവാഴി” ആയിരുന്നില്ല, എങ്കിലും അവൻ നേരിട്ടും അധികാരത്തോടുംകൂടെ സംസാരിച്ചു. വൃത്താന്തം ഇങ്ങനെ പറയുന്നു: “വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കി.”—യോഹന്നാൻ 2:6-9; മർക്കൊസ് 7:3.
യേശുവിന്റെ ആദ്യത്തെ അത്ഭുതത്തിന്റെ രംഗവിധാനം വിവാഹംപോലെ ഒരു സാധാരണ സംഭവമായിരുന്നെന്നതു വിചിത്രമായി തോന്നിയേക്കാം. എന്നാൽ ആ സംഭവം യേശുവിനെപ്പററി വളരെയധികം കാര്യങ്ങൾ വെളിപ്പെടുത്തുന്നു. അവൻ അവിവാഹിതനായിരുന്നു. പല സന്ദർഭങ്ങളിലും യേശു ഏകാകിത്വത്തിന്റെ പ്രയോജനങ്ങളെപ്പററി തന്റെ ശിഷ്യൻമാരുമായി ചർച്ച നടത്തുകയും ചെയ്തു. (മത്തായി 19:12) എന്നിരുന്നാലും, ഒരു വിവാഹവിരുന്നിലെ അവന്റെ സാന്നിധ്യം അവൻ വിവാഹത്തിന് എതിരല്ലായിരുന്നുവെന്നു വ്യക്തമാക്കി. അവൻ സന്തുലിത ചിന്താഗതിയുള്ളവനായിരുന്നു, വിവാഹ ക്രമീകരണത്തെ പിന്തുണയ്ക്കുന്നവനുമായിരുന്നു; ദൈവദൃഷ്ടിയിൽ മാന്യമായ ഒന്നായി അവൻ അതിനെ വീക്ഷിച്ചു.—താരതമ്യം ചെയ്യുക: എബ്രായർ 13:4.
സഭാ ചിത്രകാരൻമാർ അവനെ പിൽക്കാലങ്ങളിൽ ചിത്രീകരിച്ചമാതിരിയുള്ള അപ്രസന്നനായ സന്ന്യാസി ആയിരുന്നില്ല യേശു. സ്പഷ്ടമായും അവൻ ആളുകളുമായി ഇടപഴകുന്നത് ആസ്വദിച്ചു. അവൻ സാമൂഹിക കൂടിവരവുകൾ വെറുത്തിരുന്നില്ല. (താരതമ്യം ചെയ്യുക: ലൂക്കൊസ് 5:29.) അവന്റെ പ്രവൃത്തികൾ അങ്ങനെ അവന്റെ അനുഗാമികൾക്ക് ഒരു മാതൃകയായി. നീതിയെന്നാൽ സന്തോഷരഹിതരായിരിക്കുക എന്നാണ് അർഥമെന്നപോലെ തന്റെ ശിഷ്യൻമാർ അനാവശ്യമായി ഗൗരവപ്രകൃതമുള്ളവരോ വിഷണ്ണരോ ആയിക്കൂടാ എന്ന് അവൻ വ്യക്തിപരമായി പ്രകടമാക്കി. നേരേമറിച്ച്, “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ” എന്നു ക്രിസ്ത്യാനികൾ പിന്നീടു കൽപ്പിക്കപ്പെട്ടു. (ഫിലിപ്പിയർ 4:4) വിനോദത്തെ ന്യായമായ പരിധിക്കുള്ളിൽ നിർത്താൻ ക്രിസ്ത്യാനികൾ ഇന്നു ശ്രദ്ധ ചെലുത്തുന്നു. അവർ ദൈവസേവനത്തിൽ സന്തുഷ്ടിയടയുന്നു, എന്നാൽ യേശുവിന്റെ മാതൃക പിൻപററിക്കൊണ്ട് അവർ ചിലപ്പോഴെല്ലാം സാമൂഹിക കൂടിവരവിലൂടെ ആനന്ദമനുഭവിക്കാൻ സമയം കണ്ടെത്തുന്നു.
യേശുവിന്റെ ആർദ്രവികാരങ്ങളും നിരീക്ഷിക്കുക. ഒരു അത്ഭുതം പ്രവർത്തിക്കണമെന്ന യാതൊരു കടപ്പാടിലുമായിരുന്നില്ല അവൻ. ഇതിനോടുള്ള ബന്ധത്തിൽ നിവൃത്തിയേറേണ്ടിയിരുന്ന ഒരു പ്രവചനവുമില്ലായിരുന്നു. യേശു തന്റെ അമ്മയുടെ ജിജ്ഞാസയും വിവാഹിതരാകുന്ന ദമ്പതികളുടെ അവസ്ഥയും തിരിച്ചറിഞ്ഞതിനാൽ പ്രേരിതനാവുകയായിരുന്നു. അവൻ അവരുടെ ചേതോവികാരങ്ങളെ മാനിക്കുകയും അവർക്കു നാണക്കേട് ഒഴിവാക്കാൻ ആഗ്രഹിക്കുകയും ചെയ്തു. ക്രിസ്തുവിന് നിങ്ങളിൽ—നിങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽപ്പോലും യഥാർഥ താത്പര്യമുണ്ടെന്ന ആത്മവിശ്വാസം നട്ടുവളർത്താൻ ഇതു നിങ്ങളെ സഹായിക്കുന്നില്ലേ?—താരതമ്യം ചെയ്യുക: എബായർ 4:14-16.
ഓരോ കല്പാത്രത്തിലും വെള്ളം “രണ്ടോ മൂന്നോ പറ വീതം കൊള്ളു”മായിരുന്നതിനാൽ വലിയ അളവിൽ വീഞ്ഞുണ്ടാക്കുന്ന അത്ഭുതമാണ് യേശു ചെയ്തത്—ഒരുപക്ഷേ 390 ലിററർ (105 ഗ്യാലൻ)! (യോഹന്നാൻ 2:6) അത്രയും ഭീമമായ അളവിന്റെ ആവശ്യം എന്തായിരുന്നു? യേശു ദൈവം കുററംവിധിക്കുന്ന അമിതമദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല. (എഫെസ്യർ 5:18) മറിച്ച്, അവൻ ദൈവസമാനമായ ഉദാരത പ്രകടിപ്പിക്കുകയായിരുന്നു. വീഞ്ഞ് ഒരു സാധാരണ പാനീയമായിരുന്നതിനാൽ അവശേഷിക്കുന്നത് മററു സന്ദർഭങ്ങളിൽ ഉപയോഗിക്കാനാവുമായിരുന്നു.—താരതമ്യം ചെയ്യുക: മത്തായി 14:14-20; 15:32-37.
ആദിമ ക്രിസ്ത്യാനികൾ ഉദാരതയുടെ കാര്യത്തിൽ യേശുവിന്റെ ദൃഷ്ടാന്തം അനുകരിച്ചു. (താരതമ്യം ചെയ്യുക: പ്രവൃത്തികൾ 4:34, 35.) ‘കൊടുക്കുന്നത് അഭ്യസിക്കുവാൻ’ യഹോവയുടെ ജനം ഇന്ന് സമാനമായി പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. (ലൂക്കൊസ് 6:38) എന്നിരുന്നാലും, യേശുവിന്റെ ആദ്യത്തെ അത്ഭുതം പ്രാവചനികപരമായും പ്രാധാന്യമുള്ളതാണ്. അത് ദൈവം ഉദാരപൂർവം “മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കു”കയും സമ്പൂർണമായി വിശപ്പു തുടച്ചുമാററുകയും ചെയ്യുന്ന ഒരു ഭാവിസമയത്തേക്കു വിരൽ ചൂണ്ടുകയാണ്.—യെശയ്യാവു 25:6.
എന്നുവരികിലും, യേശു പ്രവർത്തിച്ച ശാരീരിക സൗഖ്യം ഉൾപ്പെട്ട അത്ഭുതങ്ങളെ സംബന്ധിച്ചെന്ത്? അവയിൽനിന്നു നമുക്ക് എന്തു പഠിക്കാൻ കഴിയും?
ശബത്തിൽ നൻമ ചെയ്യൽ
“എഴുന്നേററു നിന്റെ കിടക്ക എടുത്തു നടക്ക.” 38 വർഷമായി രോഗബാധിതനായ ഒരുവനോടുള്ള യേശുവിന്റെ വാക്കുകളായിരുന്നു അത്. സുവിശേഷ വിവരണം ഇങ്ങനെ തുടരുന്നു: “ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു.” ഈ സംഭവവികാസത്തിൽ എല്ലാവരുമൊന്നും ആനന്ദിതരായിരുന്നില്ല എന്നത് ആശ്ചര്യജനകമാണ്. “യേശു ശബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദൻമാർ അവനെ ഉപദ്രവിച്ചു” എന്ന് ആ വൃത്താന്തം പറയുന്നു.—യോഹന്നാൻ 5:1-9, 16.
ശബത്ത് സകലരെയും സംബന്ധിച്ചിടത്തോളം വിശ്രമത്തിനും ആനന്ദത്തിനുമുള്ള ഒരു ദിനമായിരുന്നു. (പുറപ്പാടു 20:8-11) യേശുവിന്റെ നാളോടെ അത് മർദകമായ, മനുഷ്യനിർമിതമായ കുഴപ്പംപിടിച്ച നിയമങ്ങളിലൊന്നായി മാറിയിരുന്നു. തൽമൂദിൽ ശബത്ത് നിയമത്തെപ്പററി സുദീർഘമായി വിവരിക്കുന്ന ഭാഗങ്ങളിൽ, “കാര്യാദികൾ മതപരമായി മർമപ്രധാനമുള്ളതായി സഗൗരവം ചർച്ചചെയ്തിരിക്കുന്നു. യുക്തിബോധമുള്ള ഒരുവൻ അതു ഗൗരവമുള്ളതായി പരിചിന്തിക്കാൻ വിരളമായ സാധ്യതയേയുള്ളൂ” എന്ന് പണ്ഡിതനായ ആൽഫ്രഡ് എഡേർഷിം എഴുതി. (യേശുമിശിഹായുടെ ജീവിതവും കാലങ്ങളും, [ഇംഗ്ലീഷ്]) ഒരു യഹൂദന്റെ ജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളെയും നിയന്ത്രിക്കാൻപോന്നവിധം നിസ്സാരമായ, ഐച്ഛികമായ നിയമങ്ങൾക്ക് റബ്ബിമാർ ജീവൻമരണ പ്രാധാന്യം കൽപ്പിച്ചു. മിക്കപ്പോഴും മനുഷ്യ വികാരങ്ങൾക്കു തണുപ്പൻ അവഗണനയാണു നൽകിയിരുന്നത്. ഒരു ശബത്ത് നിയമം ഇപ്രകാരം കൽപ്പിച്ചു: “ഒരു മനുഷ്യന്റെമേൽ ഒരു കെട്ടിടം തകർന്നു വീഴുകയും അയാൾ അവിടെയുണ്ടോ ഇല്ലയോ, ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ, അയാൾ ഒരു വിജാതീയനോ യഹൂദനോ എന്നീ കാര്യങ്ങളിൽ സംശയം തോന്നുന്നപക്ഷം അയാളുടെ മുകളിൽനിന്ന് അവശിഷ്ടങ്ങൾ എടുത്തുമാററണം. അയാൾ ജീവിച്ചിരിക്കുന്നുവെന്നു കണ്ടെത്തിയാൽ അത് തീർച്ചയായും എടുത്തുമാററണം; എന്നാൽ [അയാൾ] മരിച്ചെങ്കിൽ അവർ അയാളെ അവിടെ ഉപേക്ഷിക്കണം.”—ചെറുപുസ്തകം യോമ 8:7, ദ മിഷ്ന, ഹെർബർട്ട് ഡാൻബി പരിഭാഷപ്പെടുത്തിയത്.
ഇത്തരം നിരർഥകമായ നിയമനിഷ്ഠയെ യേശു വീക്ഷിച്ചത് എപ്രകാരമാണ്? ശബത്തിൽ സൗഖ്യമാക്കിയതിനെപ്രതി വിമർശിച്ചപ്പോൾ യേശു പറഞ്ഞു: “എന്റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു.” (യോഹന്നാൻ 5:17) സ്വയം സമ്പന്നനാകാൻ ലൗകിക ജോലിയിൽ ഏർപ്പെടുകയായിരുന്നില്ല യേശു. മറിച്ച്, അവൻ ദൈവേഷ്ടം ചെയ്യുകയായിരുന്നു. ശബത്തിൽ വിശുദ്ധ സേവനം തുടരാൻ ലേവ്യർക്ക് അനുവാദമുണ്ടായിരുന്നപോലെ ദൈവനിയമം ലംഘിക്കാതെ മിശിഹാ എന്നനിലയിൽ തന്റെ ദൈവദത്തമായ നിയമനം ആധികാരികമായി നിറവേററാൻ യേശുവിന് കഴിയുമായിരുന്നു.—മത്തായി 12:5.
ശബത്ത് നാളിൽ നടത്തിയ സൗഖ്യമാക്കലുകൾ യഹൂദ ശാസ്ത്രിമാരും പരീശൻമാരും ‘അതിനീതിമാൻമാരാണെന്ന്’—തങ്ങളുടെ ചിന്തയിൽ കർക്കശരും സന്തുലിത മനോഭാവമില്ലാത്തവരുമാണെന്ന്—തുറന്നുകാട്ടി. (സഭാപ്രസംഗി 7:16) സൽപ്രവൃത്തികൾ ആഴ്ചയിൽ ഏതാനും ദിനങ്ങളിൽ ഒതുക്കിനിർത്തണമെന്നത് ദൈവഹിതമായിരുന്നില്ല; ശബത്ത് കണ്ണുംപൂട്ടി നിയമം പിന്തുടരുന്നതിനുള്ള ഒരു ദിനമായിരിക്കാനും ദൈവം ഉദ്ദേശിച്ചിരുന്നില്ല. “മനുഷ്യൻ ശബ്ബത്ത്നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻനിമിത്തമത്രേ ഉണ്ടായതു” എന്ന് യേശു മർക്കൊസ് 2:27-ൽ പറഞ്ഞു. യേശു ആളുകളെയാണു സ്നേഹിച്ചത് അല്ലാതെ നിരർഥകമായ നിയമങ്ങളെയല്ല.
തങ്ങളുടെ ചിന്താഗതിയിൽ അമിതമായി കർക്കശരല്ലാതിരിക്കുകയും നിയമത്തിൽ കടിച്ചുതൂങ്ങാതിരിക്കുകയും ചെയ്യുന്നത് ഇന്നു ക്രിസ്ത്യാനികൾക്കു പ്രയോജനംചെയ്യും. സഭയിൽ അധികാരസ്ഥാനത്തുള്ളവർ മററുള്ളവരെ അമിതമായ മനുഷ്യനിർമിത നിയമങ്ങളാലും വ്യവസ്ഥകളാലും ഞെരുക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കും. നൻമ ചെയ്യുന്നതിന് അവസരം തേടാനും യേശുവിന്റെ ദൃഷ്ടാന്തം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, താൻ വീടുതോറുമുള്ള ശുശ്രൂഷയിലോ ഒരു പ്രസംഗം നടത്തുമ്പോഴോ മാത്രമേ ബൈബിൾ സത്യങ്ങൾ പങ്കിടുകയുള്ളൂ എന്ന് ഒരു ക്രിസ്ത്യാനി ഒരിക്കലും ന്യായവാദം ചെയ്യുകയില്ല. “നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും . . . പ്രതിവാദം പറവാൻ എപ്പോഴും ഒരുങ്ങിയിരി”ക്കുന്നവനായിരിക്കണം ക്രിസ്ത്യാനി എന്ന് അപ്പോസ്തലനായ പത്രോസ് പറയുന്നു. (1 പത്രൊസ് 3:15) നൻമ ചെയ്യുന്നതിന് ഒരു സമയപരിധിയും ഇല്ല.
അനുകമ്പയുടെ കാര്യത്തിൽ ഒരു പാഠം
മറെറാരു പ്രമുഖ അത്ഭുതം ലൂക്കൊസ് 7:11-17-ൽ രേഖപ്പെടുത്തിയിരിക്കുന്നു. വൃത്താന്തം പറയുന്നതനുസരിച്ച് യേശു “നയിൻ എന്ന ഒരു പട്ടണത്തിലേക്കു പോകുമ്പോൾ അവന്റെ ശിഷ്യൻമാരും വളരെ പുരുഷാരവും കൂടെ പോയി.” ആധുനിക അറേബ്യ ഗ്രാമമായ നയീനിന്റെ തെക്കുകിഴക്കായി ഈ നാളുവരെ ശ്മശാനസ്ഥലം കാണാവുന്നതാണ്. “അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ” ശബ്ദമുഖരിതമായ ഒരു രംഗത്തെ അവൻ അഭിമുഖീകരിച്ചു. “മരിച്ചുപോയ ഒരുത്തനെ പുറത്തു കൊണ്ടുവരുന്നു; അവൻ അമ്മെക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.” പുരാതന കാലംമുതൽ ഇന്നോളം “ശവസംസ്കാരം നടത്തുന്ന രീതിയിൽ മാററം വന്നിട്ടില്ല” എന്ന് എച്ച്. ബി. ട്രിസ്ട്രാം പറയുന്നു. “വിലപിക്കാൻ കൂലിക്കുവാങ്ങിയ സ്ത്രീകൾ മുമ്പിൽ, തൊട്ടുപിറകിൽ മററു സ്ത്രീകൾ, അവർക്കും പിറകിൽ ശവമഞ്ചം, ഇങ്ങനെപോകുന്നതു ഞാൻ കണ്ടിട്ടുണ്ട്. അങ്ങേയററം ദുഃഖം പ്രകടമാക്കിക്കൊണ്ട് അവർ കൈകൾ വീശിയെറിയുകയും തലമുടി വലിച്ചുപറിക്കുകയും ദുഃഖത്തിന്റെ വന്യമായ ചേഷ്ടകൾ കാണിക്കുകയും മരണമടഞ്ഞ വ്യക്തിയുടെ പേര് അലറിവിളിക്കുകയും ചെയ്യുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.—ബൈബിൾ നാടുകളിലെ പൂർവദേശ ആചാരങ്ങൾ (ഇംഗ്ലീഷ്).
അത്തരം ശബ്ദമുഖരിതമായ അലങ്കോലപ്പെട്ട അവസ്ഥയിൽ നടന്ന ദുഃഖിതയായ ഒരു വിധവയുടെ മുഖത്തു വേദന തളംകെട്ടി നിന്നിരുന്നിരിക്കണം. നേരത്തെതന്നെ ഭർത്താവു മരിച്ചുപോയ ആ സ്ത്രീ തന്റെ മകനെ വീക്ഷിച്ചത്, ഗ്രന്ഥകാരനായ ഹെർബർട്ട് ലോക്യറിന്റെ വാക്കുകളിൽ പറഞ്ഞാൽ, “തന്റെ വാർധക്യകാലത്തെ പിന്തുണയും ഏകാന്തതയ്ക്കുള്ള സാന്ത്വനവും കുടുംബത്തിന്റെ താങ്ങും തൂണുമായിട്ടാണ്. തന്റെ ഏക മകന്റെ നഷ്ടത്തോടെ അവശേഷിച്ച അവസാനത്തെ ആലംബവും അററപോലെയായി.” (ബൈബിളിലെ എല്ലാ അത്ഭുതങ്ങളും) യേശുവിന്റെ പ്രതികരണമെന്തായിരുന്നു? ലൂക്കോസിന്റെ വാചാലമായ വാക്കുകളിൽ പറഞ്ഞാൽ: “അവളെ കണ്ടിട്ടു കർത്താവു മനസ്സലിഞ്ഞു (“സഹതാപം തോന്നി,” NW) അവളോടു; കരയേണ്ടാ എന്നു പറഞ്ഞു.” “സഹതാപം തോന്നി” എന്ന പ്രയോഗം “കുടലുകൾ” എന്ന അക്ഷരീയ അർഥമുള്ള ഗ്രീക്കു പദത്തിൽനിന്ന് എടുത്തിട്ടുള്ളതാണ്. അതിന്റെ അർഥം “ഉള്ളിന്റെ ഉള്ളിൽനിന്നും വൈകാരികമായി പ്രേരിതമാവുക” എന്നാണ്. (വൈൻസ് എക്സ്പോസിറററി ഡിക്ഷ്നറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്ററമെൻറ് വേഡ്സ്) ഉവ്വ്, യേശുവിന്റെ വികാരങ്ങൾ ശക്തമായി ഉണർത്തപ്പെടുകയുണ്ടായി.
യേശുവിന്റെ സ്വന്തം അമ്മയും സാധ്യതയനുസരിച്ച് ഈ സമയത്തു വിധവയായിരുന്നു. അതുകൊണ്ട് തന്റെ വളർത്തുപിതാവായ യോസേഫിനെ മരണത്തിൽ നഷ്ടപ്പെട്ടതുമൂലം ആ ദുഃഖം അവന് ഒരുപക്ഷേ അറിയാമായിരുന്നു. (താരതമ്യം ചെയ്യുക: യോഹന്നാൻ 19:25-27.) ആ വിധവയ്ക്ക് യേശുവിനോടു കേണപേക്ഷിക്കേണ്ടി വന്നില്ല. മോശൈക ന്യായപ്രമാണപ്രകാരം, ശവത്തെ തൊടുന്നത് ഒരുവനെ അശുദ്ധനാക്കുമായിരുന്നിട്ടും സ്വമനസ്സാലെ “അവൻ അടുത്തുചെന്നു ശവമഞ്ചം തൊട്ടു.” (സംഖ്യാപുസ്തകം 19:11) തന്റെ അത്ഭുത ശക്തിമൂലം യേശുവിന് അശുദ്ധിയുടെ മൂലകാരണം തുടച്ചുകളയാൻ കഴിയുമായിരുന്നു! “ബാല്യക്കാരാ എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു. മരിച്ചവൻ എഴുന്നേററു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.”
അനുകമ്പയുടെ എത്രയോ പ്രചോദിതമായ പാഠം! ഈ “അന്ത്യകാലത്തു” പ്രബലമായിരിക്കുന്ന സ്നേഹശൂന്യമായ, തണുപ്പൻ മനോഭാവം ക്രിസ്ത്യാനികൾ അനുകരിക്കരുത്. (2 തിമൊഥെയൊസ് 3:1-5) അതിനു നേരേ വിപരീതമായി 1 പത്രൊസ് 3:8 ഇങ്ങനെ പ്രബോധിപ്പിക്കുന്നു: ‘തീർച്ചെക്കു എല്ലാവരും ഐക്യമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും . . . ഉള്ളവരായിരിപ്പിൻ.’ നമുക്കു പരിചയമുള്ള ഒരാൾക്കു മരണമോ ഗുരുതരമായ രോഗമോ ഉണ്ടാകുമ്പോൾ ഒരു പുനരുത്ഥാനം നടത്തുന്നതിനോ രോഗിയെ സൗഖ്യമാക്കുന്നതിനോ നമുക്കു കഴിയുകയില്ല. എങ്കിലും അവിടെ ആയിരുന്ന് അവരോടൊപ്പം വിലപിച്ചുകൊണ്ട് പ്രായോഗികമായ സഹായവും സാന്ത്വനവും പ്രദാനം ചെയ്യാൻ നമുക്കു കഴിയും.—റോമർ 12:15.
യേശു ചെയ്ത വികാരോദ്ദീപകമായ ഈ പുനരുത്ഥാനവും ഭാവിയിലേക്കു വിരൽ ചൂണ്ടുന്നു—“കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു . . . പുനരുത്ഥാനം ചെയ്വാനുള്ള” ഒരു ഭാവി സമയത്തേക്കു തന്നെ! (യോഹന്നാൻ 5:28, 29) വേർപെട്ടുപോയ അമ്മമാരും പിതാക്കൻമാരും കുട്ടികളും സുഹൃത്തുക്കളും തങ്ങളുടെ കല്ലറകളിൽനിന്നു തിരിച്ചെത്തുമ്പോൾ ഭൂവ്യാപകമായി സന്തപ്തർ വ്യക്തിപരമായി യേശുവിന്റെ അനുകമ്പ അനുഭവിച്ചറിയും!
അത്ഭുതങ്ങളിലെ പാഠങ്ങൾ
തീർച്ചയായും യേശുവിന്റെ അത്ഭുതങ്ങൾ ശക്തിയുടെ കോൾമയിർകൊള്ളിക്കുന്ന പ്രകടനങ്ങളെക്കാൾ കവിഞ്ഞതായിരുന്നു. അവ ദൈവത്തെ മഹത്വപ്പെടുത്തി, ‘ദൈവത്തെ മഹത്വീകരിക്കാൻ’ പ്രേരിതരായിരിക്കുന്ന ക്രിസ്ത്യാനികൾക്കു മാതൃക ഇട്ടുകൊണ്ട്. (റോമർ 15:5) നൻമ ചെയ്യുക, ഉദാരമനോഭാവം കാട്ടുക, അനുകമ്പ പ്രകടിപ്പിക്കുക എന്നിവ ചെയ്യാൻ അവ പ്രോത്സാഹനമേകി. അതിനെക്കാളെല്ലാം പ്രധാനമായി അവ ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയിൽ നടത്താൻപോകുന്ന വീര്യപ്രവൃത്തികളുടെ ഒരു മുൻവീക്ഷണമായി ഉതകി.
ഭൂമിയിലായിരുന്നപ്പോൾ യേശു താരതമ്യേന ചുരുങ്ങിയ ഇടങ്ങളിൽ തന്റെ വീര്യപ്രവൃത്തികൾ നടത്തി. (മത്തായി 15:24) മഹനീയ രാജാവ് എന്നനിലയിൽ അവന്റെ അധികാരാതിർത്തി ഭൂവ്യാപകമായിത്തീരും! (സങ്കീർത്തനം 72:8) പണ്ട് അവൻ മുഖാന്തരം അത്ഭുതകരമായ സൗഖ്യമാക്കലുകളും പുനരുത്ഥാനവും പ്രാപിച്ചവർ ഒടുവിൽ മരിച്ചുപോയി. അവന്റെ സ്വർഗീയ ഭരണത്തിൻകീഴിൽ പാപവും മരണവും പൂർണമായി മാററിക്കളഞ്ഞുകൊണ്ട് നിത്യജീവനു വഴി തുറക്കും. (റോമർ 6:23; വെളിപ്പാടു 21:3, 4) അതേ, യേശുവിന്റെ അത്ഭുതങ്ങൾ ഒരു മഹനീയ ഭാവിയിലേക്കു വിരൽ ചൂണ്ടുന്നു. അതിന്റെ ഒരു ഭാഗമായിത്തീരാൻ യഹോവയുടെ സാക്ഷികൾ ദശലക്ഷങ്ങളെ സഹായിച്ചിരിക്കുന്നു. ആ സമയം വന്നെത്തുന്നതുവരെ, ഉടൻ സംഭവിക്കാൻപോകുന്നവ സംബന്ധിച്ച് എത്ര മഹത്തായ മുൻമാതൃകയാണ് യേശുവിന്റെ അത്ഭുതങ്ങൾ പ്രദാനം ചെയ്തിരിക്കുന്നത്!
[7-ാം പേജിലെ ചിത്രം]
യേശു വെള്ളം വീഞ്ഞാക്കി മാററുന്നു