രാജാക്കന്മാർ ഒന്നാം ഭാഗം
12 രഹബെയാം ശെഖേമിലേക്കു+ ചെന്നു. രഹബെയാമിനെ രാജാവാക്കാൻ+ എല്ലാ ഇസ്രായേല്യരും ശെഖേമിൽ കൂടിവന്നിരുന്നു. 2 നെബാത്തിന്റെ മകനായ യൊരോബെയാം ഇത് അറിഞ്ഞു. (ശലോമോൻ രാജാവിനെ പേടിച്ച് ഈജിപ്തിലേക്ക് ഓടിപ്പോയിരുന്ന യൊരോബെയാം അപ്പോഴും ഈജിപ്തിലായിരുന്നു.)+ 3 അവർ ആളയച്ച് അയാളെ വിളിപ്പിച്ചു. അതിനു ശേഷം യൊരോബെയാമും ഇസ്രായേലിന്റെ സഭ മുഴുവനും രഹബെയാമിന്റെ അടുത്ത് എത്തി ഇങ്ങനെ പറഞ്ഞു: 4 “അങ്ങയുടെ അപ്പൻ ഞങ്ങളുടെ നുകം കഠിനമാക്കി.+ അദ്ദേഹം ഞങ്ങളുടെ മേൽ ചുമത്തിയ കഠിനവേല അങ്ങ് ഇപ്പോൾ കുറച്ചുതരുകയും അങ്ങയുടെ അപ്പൻ ഞങ്ങളുടെ മേൽ വെച്ച ഭാരമുള്ള* നുകം ലഘൂകരിച്ചുതരുകയും ചെയ്താൽ ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”
5 അപ്പോൾ രഹബെയാം അവരോട്, “പോയി മൂന്നു ദിവസം കഴിഞ്ഞ് മടങ്ങിവരുക” എന്നു പറഞ്ഞു. അങ്ങനെ ജനം പിരിഞ്ഞുപോയി.+ 6 അപ്പോൾ രഹബെയാം രാജാവ് അപ്പനായ ശലോമോന്റെ കാലത്ത് ശലോമോനെ സേവിച്ചിരുന്ന പ്രായമുള്ള പുരുഷന്മാരുമായി* കൂടിയാലോചിച്ചു. രാജാവ് അവരോടു ചോദിച്ചു: “ഈ ജനത്തിനു ഞാൻ എന്തു മറുപടി കൊടുക്കണം, എന്താണു നിങ്ങളുടെ അഭിപ്രായം?” 7 അവർ പറഞ്ഞു: “അങ്ങ് ഇന്ന് ഈ ജനത്തിന്റെ ഒരു ദാസനെപ്പോലെ അവരുടെ അപേക്ഷയ്ക്കു വഴങ്ങി അവരെ പ്രീതിപ്പെടുത്തുന്ന ഒരു മറുപടി കൊടുത്താൽ അവർ എല്ലാ കാലത്തും അങ്ങയുടെ ദാസന്മാരായിരിക്കും.”
8 എന്നാൽ പ്രായമുള്ള പുരുഷന്മാർ കൊടുത്ത ഉപദേശം രഹബെയാം തള്ളിക്കളഞ്ഞു. പകരം, തന്റെകൂടെ വളർന്നവരും ഇപ്പോൾ തന്റെ ഭൃത്യരും ആയ ചെറുപ്പക്കാരുമായി കൂടിയാലോചിച്ചു.+ 9 രാജാവ് അവരോടു ചോദിച്ചു: “‘അങ്ങയുടെ അപ്പൻ ഞങ്ങളുടെ മേൽ വെച്ച നുകം ലഘൂകരിച്ചുതരുക’ എന്ന് എന്നോട് ആവശ്യപ്പെട്ട ഈ ജനത്തോട് എന്താണു മറുപടി പറയേണ്ടത്, എന്താണു നിങ്ങളുടെ അഭിപ്രായം?” 10 അദ്ദേഹത്തോടൊപ്പം വളർന്ന ആ ചെറുപ്പക്കാർ പറഞ്ഞു: “‘അങ്ങയുടെ അപ്പൻ ഭാരമുള്ളതാക്കിയ ഞങ്ങളുടെ നുകം അങ്ങ് ലഘൂകരിച്ചുതരണം’ എന്ന് അങ്ങയോടു പറഞ്ഞ ജനത്തോട് ഇങ്ങനെ പറയണം: ‘എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരക്കെട്ടിനെക്കാൾ വണ്ണമുള്ളതായിരിക്കും. 11 എന്റെ അപ്പൻ നിങ്ങളുടെ മേൽ ഭാരമുള്ള നുകം വെച്ചു. എന്നാൽ ഞാൻ ആ നുകത്തിന്റെ ഭാരം വർധിപ്പിക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാറുകൊണ്ട് ശിക്ഷിച്ചെങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് ശിക്ഷിക്കും.’”
12 “മൂന്നാം ദിവസം മടങ്ങിവരുക” എന്നു രാജാവ് നിർദേശിച്ചതനുസരിച്ച്, മൂന്നാം ദിവസം യൊരോബെയാമും മറ്റെല്ലാവരും രഹബെയാമിന്റെ അടുത്ത് എത്തി.+ 13 എന്നാൽ പ്രായമുള്ള പുരുഷന്മാർ കൊടുത്ത ഉപദേശം തള്ളിക്കളഞ്ഞുകൊണ്ട് രാജാവ് ജനത്തോടു കടുത്ത ഭാഷയിൽ സംസാരിച്ചു. 14 ചെറുപ്പക്കാർ നൽകിയ നിർദേശമനുസരിച്ച് രാജാവ് ജനത്തോട് ഇങ്ങനെ പറഞ്ഞു: “എന്റെ അപ്പൻ നിങ്ങളുടെ നുകം ഭാരമുള്ളതാക്കി. എന്നാൽ ഞാൻ അതിന്റെ ഭാരം വർധിപ്പിക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാറുകൊണ്ട് ശിക്ഷിച്ചെങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് ശിക്ഷിക്കും.” 15 അങ്ങനെ ജനത്തിന്റെ അപേക്ഷ രാജാവ് തള്ളിക്കളഞ്ഞു. യഹോവ ശീലോന്യനായ അഹീയയിലൂടെ+ നെബാത്തിന്റെ മകനായ യൊരോബെയാമിനോടു പറഞ്ഞ വാക്കുകൾ നിവർത്തിക്കാനായി, യഹോവയാണ് ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയത്.+
16 രാജാവ് അപേക്ഷ തള്ളിക്കളഞ്ഞെന്നു കണ്ടപ്പോൾ ഇസ്രായേൽ ജനം രാജാവിനോടു പറഞ്ഞു: “ദാവീദിൽ ഞങ്ങൾക്ക് എന്ത് ഓഹരിയാണുള്ളത്? യിശ്ശായിയുടെ മകനിൽ ഞങ്ങൾക്ക് ഒരു അവകാശവുമില്ല. ഇസ്രായേലേ, നിങ്ങളുടെ ദൈവങ്ങളുടെ അടുത്തേക്കു മടങ്ങുക! ദാവീദേ, നീ ഇനി നിന്റെ സ്വന്തം ഭവനം നോക്കിക്കൊള്ളുക!” തുടർന്ന് ഇസ്രായേല്യർ അവരവരുടെ വീടുകളിലേക്കു* മടങ്ങിപ്പോയി.+ 17 എന്നാൽ രഹബെയാം തുടർന്നും യഹൂദയിലെ നഗരങ്ങളിൽ വസിച്ചിരുന്ന ഇസ്രായേല്യരുടെ മേൽ ഭരണം നടത്തി.+
18 പിന്നീട് രഹബെയാം രാജാവ്, നിർബന്ധിതസേവനം ചെയ്യുന്നവരുടെ മേൽനോട്ടം വഹിച്ചിരുന്ന അദോരാമിനെ+ ഇസ്രായേല്യർക്കിടയിലേക്ക് അയച്ചു. എന്നാൽ ഇസ്രായേൽ ജനം അയാളെ കല്ലെറിഞ്ഞ് കൊന്നു. രഹബെയാം രാജാവ് ഒരുവിധത്തിൽ തന്റെ രഥത്തിൽ കയറിപ്പറ്റി യരുശലേമിലേക്കു രക്ഷപ്പെട്ടു.+ 19 അങ്ങനെ ഇന്നും ഇസ്രായേല്യർ ദാവീദുഗൃഹത്തെ എതിർത്തുകൊണ്ടിരിക്കുന്നു.+
20 യൊരോബെയാം തിരിച്ചെത്തിയിരിക്കുന്നെന്നു കേട്ട ഉടനെ ഇസ്രായേല്യരെല്ലാം അയാളെ സമൂഹത്തിലേക്കു വരുത്തി ഇസ്രായേലിനു മുഴുവൻ രാജാവാക്കി.+ യഹൂദാഗോത്രം+ ഒഴികെ മറ്റാരും ദാവീദുഗൃഹത്തെ പിന്തുണച്ചില്ല.
21 യരുശലേമിൽ എത്തിയ ഉടനെ ശലോമോന്റെ മകനായ രഹബെയാം ഇസ്രായേൽഗൃഹത്തോടു യുദ്ധം ചെയ്ത് രാജാധികാരം വീണ്ടെടുക്കാനായി, പരിശീലനം ലഭിച്ച* 1,80,000 യോദ്ധാക്കളെ യഹൂദാഗൃഹത്തിൽനിന്നും ബന്യാമീൻ ഗോത്രത്തിൽനിന്നും കൂട്ടിവരുത്തി.+ 22 അപ്പോൾ ദൈവപുരുഷനായ ശെമയ്യയോടു+ സത്യദൈവം ഇങ്ങനെ പറഞ്ഞു: 23 “നീ യഹൂദയിലെ രാജാവായ ശലോമോന്റെ മകൻ രഹബെയാമിനോടും എല്ലാ യഹൂദാഭവനത്തോടും ബന്യാമീൻ ഗോത്രത്തോടും മറ്റെല്ലാ ജനങ്ങളോടും പറയുക: 24 ‘യഹോവ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേല്യരോടു നിങ്ങൾ യുദ്ധത്തിനു പോകരുത്. ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു തിരിച്ചുപോകണം. കാരണം ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയതു ഞാനാണ്.”’”+ അങ്ങനെ യഹോവയുടെ വാക്കു കേട്ട് അവർ യഹോവ കല്പിച്ചതുപോലെ അവരവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി.
25 യൊരോബെയാം എഫ്രയീംമലനാട്ടിലുള്ള ശെഖേം+ നഗരം പണിത്* അവിടെ താമസിച്ചു. പിന്നെ അയാൾ അവിടെനിന്ന് പുറപ്പെട്ട് പെനുവേൽ+ പണിതു.* 26 യൊരോബെയാം മനസ്സിൽ പറഞ്ഞു: “രാജ്യം ദാവീദുഗൃഹത്തിലേക്കുതന്നെ മടങ്ങിപ്പോകും.+ 27 ഈ ജനം ഇനിയും യരുശലേമിലുള്ള യഹോവയുടെ ഭവനത്തിൽ ബലി അർപ്പിക്കാൻ പോകുകയാണെങ്കിൽ+ അവരുടെ ഹൃദയം യഹൂദാരാജാവായ അവരുടെ യജമാനൻ രഹബെയാമിലേക്കു ചായും. അതെ, അവർ എന്നെ കൊന്ന് യഹൂദാരാജാവായ രഹബെയാമിന്റെ അടുത്തേക്കു മടങ്ങിപ്പോകും.” 28 ചിലരുമായി കൂടിയാലോചിച്ചശേഷം രാജാവ് രണ്ടു സ്വർണക്കാളക്കുട്ടികളെ+ ഉണ്ടാക്കി. അയാൾ ജനത്തോടു പറഞ്ഞു: “യരുശലേം വരെ പോകുന്നതു നിങ്ങൾക്കൊരു ബുദ്ധിമുട്ടാണ്. ഇസ്രായേലേ, ഇതാ ഈജിപ്ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച് കൊണ്ടുവന്ന നിങ്ങളുടെ ദൈവം!”+ 29 പിന്നെ അയാൾ ഒന്നിനെ ബഥേലിലും+ മറ്റേതിനെ ദാനിലും+ സ്ഥാപിച്ചു. 30 അങ്ങനെ ജനം പാപം ചെയ്തു.+ കാളക്കുട്ടികളിലൊന്നിനെ ആരാധിക്കാൻ അവർ ദാൻ വരെ യാത്ര ചെയ്തു.
31 യൊരോബെയാം ഉയർന്ന സ്ഥലങ്ങളിൽ ആരാധനയ്ക്കുള്ള മന്ദിരങ്ങൾ നിർമിച്ച് അവിടെ ലേവ്യരല്ലാത്ത സാധാരണജനങ്ങളെ പുരോഹിതന്മാരായി നിയമിച്ചു.+ 32 മാത്രമല്ല, യഹൂദയിലെ ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം 15-ാം ദിവസം ഒരു ഉത്സവവും ഏർപ്പെടുത്തി.+ താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്കുവേണ്ടി, ബഥേലിൽ+ താൻ നിർമിച്ച യാഗപീഠത്തിൽ അയാൾ ബലി അർപ്പിച്ചു. ബഥേലിൽ താൻ ഉണ്ടാക്കിയ ആരാധനാസ്ഥലങ്ങളിൽ* അയാൾ പുരോഹിതന്മാരെ നിയമിക്കുകയും ചെയ്തു. 33 ബഥേലിൽ അയാൾ ഉണ്ടാക്കിയ യാഗപീഠത്തിൽ സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിച്ച മാസത്തിൽ, അതായത് എട്ടാം മാസം 15-ാം ദിവസം, അയാൾ യാഗങ്ങൾ അർപ്പിച്ചു; ഇസ്രായേൽ ജനത്തിനുവേണ്ടി അയാൾ ഒരു ഉത്സവം ഏർപ്പെടുത്തി. യൊരോബെയാം യാഗപീഠത്തിലേക്കു കയറിച്ചെന്ന് യാഗവസ്തുക്കൾ ദഹിപ്പിച്ച്* യാഗം അർപ്പിച്ചു.