ദൈവത്തിന്റെ പ്രീതി ലഭിക്കാമായിരുന്നു, പക്ഷേ. . .
നമ്മൾ യഹോവയെ സേവിക്കുന്നു, യഹോവയുടെ പ്രീതി നേടാൻ ആഗ്രഹിക്കുന്നു, ഇല്ലേ? എന്നാൽ ആർക്കായിരിക്കും ദൈവത്തിന്റെ പ്രീതിയും അനുഗ്രഹവും ലഭിക്കുന്നത്? ബൈബിൾക്കാലങ്ങളിൽ ചിലർ ഗൗരവമുള്ള തെറ്റുകൾ ചെയ്തുപോയെങ്കിലും പിന്നീട് അവർക്ക് യഹോവയുടെ അംഗീകാരം ആസ്വദിക്കാൻ കഴിഞ്ഞു. എന്നാൽ നല്ല ഗുണങ്ങളുണ്ടായിരുന്നെങ്കിലും ദൈവത്തിന്റെ പ്രീതി നേടാൻ കഴിയാതെപോയ ചിലരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. അതുകൊണ്ട് നമ്മൾ ഇങ്ങനെ ചോദിച്ചേക്കാം: ‘യഹോവ പ്രധാനമായും നമ്മളിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്?’ യഹൂദാരാജാവായ രഹബെയാമിന്റെ ജീവിതം അതിനുള്ള ഉത്തരം കണ്ടെത്താൻ നമ്മളെ സഹായിക്കും.
മോശമായ തുടക്കം
രഹബെയാമിന്റെ പിതാവായ ശലോമോൻ ഇസ്രായേലിൽ 40 വർഷം ഭരണം നടത്തി. (1 രാജാ. 11:42) ബി.സി. 997-ൽ ശലോമോൻ മരിച്ചു. അനന്തരാവകാശിയായ രഹബെയാം കിരീടധാരണത്തിനായി യരുശലേമിൽനിന്ന് വടക്ക് ശെഖേമിലേക്കു പോയി. (2 ദിന. 10:1) അസാധാരണമായ ജ്ഞാനത്തിന് ഉടമയായിരുന്ന ശലോമോനെപ്പോലെ ഭരണം നടത്താൻ കഴിയുമോ എന്നു രഹബെയാമിന് ആശങ്കയുണ്ടായിരുന്നോ? ഏതായാലും സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള രഹബെയാമിന്റെ പ്രാപ്തി ഉടൻതന്നെ പരിശോധിക്കപ്പെടാൻ പോകുകയായിരുന്നു.
ഇസ്രായേലിൽ സമ്മർദം നിറഞ്ഞ അന്തരീക്ഷമാണെന്നു രഹബെയാമിനു മനസ്സിലായിക്കാണും. ഭരണം തുടങ്ങി കുറച്ച് കഴിഞ്ഞ് ജനത്തിന്റെ പ്രതിനിധികൾ നേരിട്ട് വന്ന് രഹബെയാമിനോടു തങ്ങളുടെ ആകുലതകൾ പറഞ്ഞു: “അങ്ങയുടെ അപ്പൻ ഞങ്ങളുടെ നുകം കഠിനമാക്കി. അദ്ദേഹം ഞങ്ങളുടെ മേൽ ചുമത്തിയ കഠിനവേല അങ്ങ് ഇപ്പോൾ കുറച്ചുതരുകയും അങ്ങയുടെ അപ്പൻ ഞങ്ങളുടെ മേൽ വെച്ച ഭാരമുള്ള നുകം ലഘൂകരിച്ചുതരുകയും ചെയ്താൽ ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”—2 ദിന. 10:3, 4.
ഒരു കെണിയിൽ അകപ്പെട്ടതുപോലെ രഹബെയാമിനു തോന്നിക്കാണും. ജനങ്ങളുടെ ആവശ്യങ്ങൾ അനുവദിച്ചാൽ അവരുടെ ഭാരം കുറച്ചുകൊടുക്കണം. അപ്പോൾ രാജാവും രാജകുടുംബവും കൊട്ടാരത്തിലുള്ളവരും ഇപ്പോൾ അനുഭവിക്കുന്ന കുറെ ആഡംബരങ്ങൾ വേണ്ടെന്നുവെക്കേണ്ടിവരും. അതേസമയം, ആവശ്യങ്ങൾ നിരാകരിച്ചാൽ ജനങ്ങൾ ഭരണത്തിന് എതിരെ തിരിയാനുള്ള സാധ്യതയുണ്ടായിരുന്നു. ഇപ്പോൾ രഹബെയാം എന്തു ചെയ്യും? അദ്ദേഹം ആദ്യം ശലോമോന്റെ ഉപദേഷ്ടാക്കളായിരുന്ന പ്രായമുള്ള ആളുകളോട് അഭിപ്രായം ചോദിക്കുന്നു. എന്നാൽ പിന്നീട് തന്റെ പ്രായക്കാരായ ചെറുപ്പക്കാരുടെ ഉപദേശവും തേടുന്നു. ചെറുപ്പക്കാരുടെ ഉപദേശമനുസരിച്ച് രഹബെയാം ജനത്തോടു കർശനമായി ഇടപെടാൻ തീരുമാനിക്കുന്നു. അദ്ദേഹം ജനത്തിന് ഇങ്ങനെ മറുപടി കൊടുക്കുന്നു: “ഞാൻ നിങ്ങളുടെ നുകം കഠിനമാക്കും. ഞാൻ അതിന്റെ ഭാരം വർധിപ്പിക്കും. എന്റെ അപ്പൻ നിങ്ങളെ ചാട്ടവാറുകൊണ്ട് ശിക്ഷിച്ചെങ്കിൽ ഞാൻ നിങ്ങളെ മുൾച്ചാട്ടകൊണ്ട് ശിക്ഷിക്കും.”—2 ദിന. 10:6-14.
ഇതിൽനിന്ന് നിങ്ങൾക്ക് ഒരു പാഠം പഠിക്കാനില്ലേ? പ്രായമുള്ള, ആത്മീയപക്വതയുള്ള ആളുകളുടെ ഉപദേശം ശ്രദ്ധിക്കുന്നതു മിക്കപ്പോഴും ജ്ഞാനമാണ്. അനുഭവപരിചയമുള്ളതുകൊണ്ട് ഒരു തീരുമാനത്തിന്റെ അനന്തരഫലങ്ങൾ മുൻകൂട്ടിക്കാണാനും നല്ല ഉപദേശം തരാനും അവർക്കു കഴിഞ്ഞേക്കും.—ഇയ്യോ. 12:12.
‘അവർ യഹോവയുടെ വാക്ക് കേട്ടു’
തന്നെ ധിക്കരിച്ച പത്തുഗോത്ര രാജ്യത്തിന് എതിരെ യുദ്ധം ചെയ്യാൻ രഹബെയാം സൈന്യത്തെ വിളിച്ചുകൂട്ടി. എന്നാൽ യഹോവ ഇടപെട്ടു. പ്രവാചകനായ ശെമയ്യയിലൂടെ യഹോവ പറഞ്ഞു: “നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേല്യരോടു നിങ്ങൾ യുദ്ധത്തിനു പോകരുത്. ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു തിരിച്ചുപോകണം. കാരണം ഇങ്ങനെയെല്ലാം സംഭവിക്കാൻ ഇടവരുത്തിയതു ഞാനാണ്.”—1 രാജാ. 12:21-24.a
ഒന്നു പോരാടുകപോലും ചെയ്യരുതെന്നോ? ആ കല്പന രഹബെയാമിനെ എത്രമാത്രം അസ്വസ്ഥനാക്കിക്കാണും! പ്രജകളെ “മുൾച്ചാട്ടകൊണ്ട്” ശിക്ഷിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ട് അവരുടെ ധിക്കാരത്തിനു മുന്നിൽ കീഴടങ്ങേണ്ടിവരുന്ന രാജാവിനെക്കുറിച്ച് ആളുകൾ എന്തു ചിന്തിക്കും? (2 ദിനവൃത്താന്തം 13:7 താരതമ്യം ചെയ്യുക.) എങ്കിലും രാജാവും സൈന്യവും “യഹോവയുടെ വാക്കു കേട്ട് . . . യഹോവ കല്പിച്ചതുപോലെ അവരവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി.”
നമ്മളെ ഇത് എന്താണു പഠിപ്പിക്കുന്നത്? ദൈവത്തെ അനുസരിക്കുന്നതിന്റെ പേരിൽ പരിഹാസത്തിന് ഇരയാകേണ്ടിവന്നാലും അങ്ങനെ ചെയ്യുന്നതാണു ജ്ഞാനം. അതു ദൈവത്തിന്റെ പ്രീതിയും അനുഗ്രഹവും നേടിത്തരും.—ആവ. 28:2.
ദൈവത്തെ അനുസരിച്ചതുകൊണ്ട് രഹബെയാമിന് എന്തു പ്രയോജനമുണ്ടായി? പുതുതായി സ്ഥാപിതമായ വടക്കേ രാജ്യത്തോടു യുദ്ധം ചെയ്യാനുള്ള പദ്ധതി ഉപേക്ഷിച്ചിട്ട് രഹബെയാം തന്റെ അധീനതയിലുണ്ടായിരുന്ന യഹൂദ, ബന്യാമീൻ ഗോത്രങ്ങളുടെ പ്രദേശങ്ങളിൽ നഗരങ്ങൾ പണിയാൻ തുടങ്ങി. അദ്ദേഹം പല നഗരങ്ങളും “പണിത് നന്നായി ബലപ്പെടുത്തി.” (2 ദിന. 11:5-12) കുറച്ച് കാലത്തേക്ക് അദ്ദേഹം യഹോവയുടെ നിയമങ്ങൾ അനുസരിക്കുകയും ചെയ്തെന്നതു ശ്രദ്ധേയമാണ്. യൊരോബെയാമിന്റെ കീഴിലുള്ള പത്തുഗോത്ര ഇസ്രായേൽ വിഗ്രഹാരാധനയിലേക്കു കൂപ്പുകുത്തിയപ്പോൾ ആ രാജ്യത്തുനിന്നുള്ള പലരും “രഹബെയാമിനെ പിന്തുണച്ച്” യരുശലേമിലേക്കു വരുകയും സത്യാരാധനയുടെ പക്ഷം ചേരുകയും ചെയ്തു. (2 ദിന. 11:16, 17) അങ്ങനെ രഹബെയാമിന്റെ അനുസരണം അദ്ദേഹത്തിന്റെ ഭരണം ശക്തിപ്പെടുത്തി.
രഹബെയാമിന്റെ പാപവും പശ്ചാത്താപവും
ഭരണം ശക്തിപ്പെട്ടുകഴിഞ്ഞപ്പോൾ രഹബെയാം തികച്ചും അവിശ്വസനീയമായ ഒരു കാര്യം ചെയ്തു. അദ്ദേഹം യഹോവയുടെ നിയമം ഉപേക്ഷിച്ചു, എന്നിട്ട് വ്യാജാരാധന സ്വീകരിച്ചു! എന്തുകൊണ്ട്? അമ്മോന്യസ്ത്രീയായിരുന്ന അമ്മയുടെ സ്വാധീനമായിരുന്നോ അതിനു പിന്നിൽ? (1 രാജാ. 14:21) കാരണം എന്തുതന്നെയായാലും, യഹൂദാജനം രഹബെയാമിന്റെ പാത പിന്തുടർന്നു. അതുകൊണ്ട് രഹബെയാം കോട്ടകെട്ടി ബലപ്പെടുത്തിയിരുന്നതാണെങ്കിലും യഹൂദയിലെ അനേകം നഗരങ്ങൾ പിടിച്ചെടുക്കാൻ ഈജിപ്ത് രാജാവായ ശീശക്കിനെ യഹോവ അനുവദിച്ചു.—1 രാജാ. 14:22-24; 2 ദിന. 12:1-4.
ആക്രമിച്ച് മുന്നേറിയ ശീശക്കും സൈന്യവും രഹബെയാം ഭരണം നടത്തുന്ന യരുശലേം വരെ എത്തി. അപ്പോൾ പ്രവാചകനായ ശെമയ്യ രഹബെയാമിനെയും പ്രഭുക്കന്മാരെയും ദൈവത്തിന്റെ ഈ സന്ദേശം അറിയിച്ചു: “നിങ്ങൾ എന്നെ ഉപേക്ഷിച്ചതിനാൽ ഞാൻ നിങ്ങളെയും ഉപേക്ഷിക്കും; ഞാൻ നിങ്ങളെ ശീശക്കിന്റെ കൈയിൽ ഏൽപ്പിക്കും.” ശാസനയുടെ രൂപത്തിലുള്ള ആ സന്ദേശത്തോടു രഹബെയാം എങ്ങനെയാണു പ്രതികരിച്ചത്? ബൈബിൾ പറയുന്നു: “രാജാവും ഇസ്രായേൽപ്രഭുക്കന്മാരും, ‘യഹോവ നീതിമാനാണ്’ എന്നു പറഞ്ഞ് സ്വയം താഴ്ത്തി.” അതുകൊണ്ട് യഹോവ രഹബെയാമിനെയും യരുശലേം നഗരത്തെയും ശീശക്കിൽനിന്ന് രക്ഷിച്ചു.—2 ദിന. 12:5-7, 12.
അങ്ങനെ രഹബെയാം തെക്കേ രാജ്യത്തിന്റെ ഭരണം തുടർന്നു. മരിക്കുന്നതിനു മുമ്പ് അദ്ദേഹം ആൺമക്കൾക്കു ധാരാളം സമ്മാനങ്ങൾ കൊടുത്തു. അവർ തങ്ങളുടെ സഹോദരനും അടുത്ത അവകാശിയും ആയ അബീയയെ എതിർക്കാതിരിക്കാനായിരിക്കാം അദ്ദേഹം ഇങ്ങനെ ചെയ്തത്. (2 ദിന. 11:21-23) പണ്ടത്തേതിൽനിന്ന് വ്യത്യസ്തമായി ഇക്കാര്യത്തിൽ രഹബെയാം ബുദ്ധിപൂർവം പ്രവർത്തിച്ചെന്നു പറയാം.
നല്ലതോ മോശമോ?
നല്ല കാര്യങ്ങളൊക്കെ ചെയ്യാൻ ശ്രമിച്ചെങ്കിലും രഹബെയാമിനു ദൈവത്തിന്റെ പ്രീതി ലഭിച്ചില്ല. ബൈബിൾ അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ച് ഇങ്ങനെ ചുരുക്കിപ്പറയുന്നു: “രഹബെയാം മോശമായ കാര്യങ്ങൾ ചെയ്തു.” എന്തുകൊണ്ട്? അദ്ദേഹം ‘യഹോവയെ അന്വേഷിക്കാൻ ഹൃദയത്തിൽ നിശ്ചയിച്ചുറച്ചിരുന്നില്ല.’—2 ദിന. 12:14.
ആ വാക്കുകളുടെ അർഥം എന്താണെന്നു ചിന്തിക്കുക. രഹബെയാം ദൈവത്തെ ചിലപ്പോഴൊക്കെ അനുസരിച്ചു, യഹോവയുടെ ജനത്തിനുവേണ്ടി ചില നല്ല കാര്യങ്ങൾ ചെയ്യുകയും ചെയ്തു. പക്ഷേ രഹബെയാം യഹോവയുമായി ഒരു അടുത്തബന്ധം വളർത്തിയെടുത്തില്ല. യഹോവയെ പ്രസാദിപ്പിക്കാനുള്ള തീവ്രമായ ആഗ്രഹവും അദ്ദേഹത്തിന് ഇല്ലായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം തെറ്റിലേക്കും വ്യാജാരാധനയിലേക്കും വീണുപോയത്. ഒരുപക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘വാസ്തവത്തിൽ രഹബെയാം ദൈവത്തിന്റെ തിരുത്തൽ സ്വീകരിച്ചത്, പശ്ചാത്താപവും ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹവും സ്വയം തോന്നിയിട്ടാണോ അതോ അദ്ദേഹം മറ്റാരുടെയെങ്കിലും പ്രേരണയ്ക്കു വഴങ്ങുകയായിരുന്നോ?’ (2 ദിന. 11:3, 4; 12:6) പിൽക്കാലത്ത് അദ്ദേഹം വീണ്ടും തെറ്റിലേക്കു തിരിഞ്ഞു. മുത്തച്ഛനായ ദാവീദ് രാജാവിൽനിന്ന് എത്രയോ വ്യത്യസ്തൻ! ദാവീദിനു ചില തെറ്റുകൾ പറ്റിയെന്നതു ശരിയാണ്. പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉടനീളം നിറഞ്ഞുനിന്നിരുന്നത് യഹോവയോടുള്ള സ്നേഹവും സത്യാരാധനയോടുള്ള കൂറും ആയിരുന്നു. ചെയ്തുപോയ തെറ്റുകളെപ്രതി അദ്ദേഹത്തിന് ആത്മാർഥമായ പശ്ചാത്താപവുമുണ്ടായിരുന്നു.—1 രാജാ. 14:8; സങ്കീ. 51:1, 17; 63:1.
രഹബെയാമിൽനിന്ന് നമുക്കു ഒരു പ്രധാനപ്പെട്ട പാഠം പഠിക്കാനുണ്ട്. ആളുകൾ കുടുംബത്തിനുവേണ്ടി കരുതുന്നതും എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുന്നതും ഒക്കെ അഭിനന്ദനാർഹമാണ്. എന്നാൽ ദൈവത്തിന്റെ പ്രീതി ലഭിക്കണമെങ്കിൽ നമ്മൾ എല്ലാത്തിനും ഉപരി സത്യാരാധനയെ പിന്തുണയ്ക്കുകയും അതിനോടു പറ്റിനിൽക്കുകയും വേണം.
യഹോവയോട് ആഴമായ സ്നേഹമുണ്ടെങ്കിലേ നമുക്ക് അതിനു കഴിയൂ. ആ സ്നേഹം നിലനിറുത്താൻ നമ്മൾ കഠിനശ്രമം ചെയ്യണം. വിറക് ഇട്ടുകൊടുത്തുകൊണ്ട് തീ ജ്വലിപ്പിച്ചുനിറുത്തുന്നതുപോലെ, ക്രമമായി ദൈവവചനം പഠിച്ചുകൊണ്ടും വായിച്ച കാര്യങ്ങൾ ധ്യാനിച്ചുകൊണ്ടും ഇടവിടാതെ പ്രാർഥിച്ചുകൊണ്ടും ദൈവത്തോടുള്ള സ്നേഹം ജ്വലിപ്പിച്ചുനിറുത്തണം. (സങ്കീ. 1:2; റോമ. 12:12) എല്ലാ കാര്യങ്ങളും യഹോവയെ പ്രസാദിപ്പിക്കുന്ന വിധത്തിൽ ചെയ്യാൻ യഹോവയോടുള്ള സ്നേഹം നമ്മളെ പ്രചോദിപ്പിക്കും. തെറ്റു പറ്റുമ്പോൾ ആത്മാർഥമായ പശ്ചാത്താപം കാണിക്കാൻ അതു നമ്മളെ പ്രേരിപ്പിക്കും. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ, രഹബെയാമിൽനിന്ന് വ്യത്യസ്തരായി, സത്യാരാധനയിൽ ഉറച്ചുനിൽക്കാൻ നമുക്കു കഴിയും.—യൂദ 20, 21.
a ശലോമോന്റെ അവിശ്വസ്തത കാരണം രാജ്യം വിഭജിതമാകുമെന്ന് യഹോവ നേരത്തേതന്നെ പറഞ്ഞിരുന്നു.—1 രാജാ. 11:31.