ശമുവേൽ ഒന്നാം ഭാഗം
9 ബന്യാമീൻഗോത്രത്തിൽ കീശ്+ എന്നു പേരുള്ള അതിസമ്പന്നനായ ഒരു മനുഷ്യനുണ്ടായിരുന്നു. ബന്യാമീന്യനായ+ അഫിയയുടെ മകനായ ബഖോറത്തിന്റെ മകനായ സെറോരിന്റെ മകനായ അബിയേലിന്റെ മകനായിരുന്നു കീശ്. 2 കീശിനു ശൗൽ എന്നു പേരുള്ള,+ ചെറുപ്പക്കാരനും സുന്ദരനും ആയ ഒരു മകനുണ്ടായിരുന്നു. ഇസ്രായേല്യരുടെ കൂട്ടത്തിൽ ശൗലിനെക്കാൾ സുന്ദരനായി ആരുമുണ്ടായിരുന്നില്ല. ജനത്തിൽ എല്ലാവരെക്കാളും ഏറെ പൊക്കമുള്ളവനായിരുന്നു ശൗൽ.
3 ഒരിക്കൽ, ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകളെ* കാണാതായി. അപ്പോൾ, കീശ് മകനായ ശൗലിനോടു പറഞ്ഞു: “ദയവായി പരിചാരകന്മാരിലൊരാളെയും കൂട്ടി കഴുതകളെ അന്വേഷിച്ച് പോകുക.” 4 അവർ എഫ്രയീംമലനാട്ടിലൂടെയും ശാലീശ ദേശത്തുകൂടെയും പോയി. പക്ഷേ, അവയെ കണ്ടില്ല. അവർ ശാലീം ദേശത്തുകൂടെയും സഞ്ചരിച്ചു. പക്ഷേ, കഴുതകൾ അവിടെയുമുണ്ടായിരുന്നില്ല. അവർ ബന്യാമീന്യരുടെ ദേശം മുഴുവൻ സഞ്ചരിച്ചെങ്കിലും അവയെ കണ്ടെത്തിയില്ല.
5 അങ്ങനെ, അവർ സൂഫ് ദേശത്ത് എത്തി. ഒപ്പമുണ്ടായിരുന്ന പരിചാരകനോടു ശൗൽ പറഞ്ഞു: “വരൂ! നമുക്കു മടങ്ങിപ്പോകാം. അല്ലാത്തപക്ഷം, അപ്പൻ ഇനി കഴുതകൾക്കു പകരം നമ്മളെ ഓർത്തായിരിക്കും ഉത്കണ്ഠപ്പെടുന്നത്.”+ 6 പക്ഷേ, പരിചാരകൻ പറഞ്ഞു: “ഇതാ, ഈ നഗരത്തിൽ ഒരു ദൈവപുരുഷനുണ്ട്, വളരെ ആദരണീയനായ ഒരാൾ. അദ്ദേഹം പറയുന്നതെല്ലാം നിശ്ചയമായും അങ്ങനെതന്നെ സംഭവിക്കും.+ അവിടെവരെ പോയാലോ? നമ്മൾ ഏതു വഴിക്കു പോകണമെന്ന് അദ്ദേഹത്തിനു നമ്മളോടു പറയാനായേക്കും.” 7 അപ്പോൾ ശൗൽ പരിചാരകനോടു പറഞ്ഞു: “പക്ഷേ നമ്മൾ പോയാൽ, അദ്ദേഹത്തിന് എന്തു കൊടുക്കും? നമ്മുടെ സഞ്ചികളിൽ അപ്പമില്ലല്ലോ. ദൈവപുരുഷനു കാഴ്ചയായി കൊണ്ടുപോകാൻ ഒന്നുമില്ലെന്നതാണു വാസ്തവം. എന്തെങ്കിലുമുണ്ടോ?” 8 അപ്പോൾ, പരിചാരകൻ ശൗലിനോടു പറഞ്ഞു: “ഇതാ, എന്റെ കൈയിൽ കാൽ ശേക്കെൽ* വെള്ളിയുണ്ട്. അതു ഞാൻ ദൈവപുരുഷനു കൊടുക്കാം. നമ്മൾ ഏതു വഴിക്കു പോകണമെന്നു ദൈവപുരുഷൻ നമ്മോടു പറയും.” 9 (പണ്ട് ഇസ്രായേലിൽ, ഒരാൾ ദൈവത്തിന്റെ ഉപദേശം ചോദിക്കാൻ പോകുമ്പോൾ, “വരൂ! നമുക്കു ദിവ്യജ്ഞാനിയുടെ അടുത്ത് പോകാം”+ എന്നു പറയുമായിരുന്നു. കാരണം, പ്രവാചകനെ പണ്ടു ദിവ്യജ്ഞാനി എന്നാണു വിളിച്ചിരുന്നത്.) 10 അപ്പോൾ, ശൗൽ പരിചാരകനോടു പറഞ്ഞു: “നീ പറഞ്ഞതു കൊള്ളാം. നമുക്കു പോകാം.” അങ്ങനെ, അവർ ദൈവപുരുഷനുണ്ടായിരുന്ന നഗരത്തിലേക്കു പോയി.
11 അവർ നഗരത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളം കോരാൻ പുറത്തേക്കു പോകുന്ന ചില പെൺകുട്ടികളെ കണ്ടുമുട്ടി. അപ്പോൾ അവർ അവരോട്, “ദിവ്യജ്ഞാനി+ ഇവിടെയുണ്ടോ” എന്നു ചോദിച്ചു. 12 അവർ പറഞ്ഞു: “ഉണ്ട്. ഇതാ, തൊട്ടടുത്താണ്; നേരെ പോയാൽ മതി. പെട്ടെന്നു ചെല്ലൂ. ആരാധനാസ്ഥലത്ത്* ജനം ഇന്നു ബലി അർപ്പിക്കുന്നതുകൊണ്ട്+ അദ്ദേഹം ഇന്നു നഗരത്തിലെത്തിയിട്ടുണ്ട്.+ 13 നഗരത്തിൽ കടക്കുന്ന ഉടനെ നിങ്ങൾക്ക് അദ്ദേഹത്തെ കാണാം. ഭക്ഷണം കഴിക്കാനായി അദ്ദേഹം ആരാധനാസ്ഥലത്തേക്കു പോകുന്ന സമയമായി. ബലിയെ അനുഗ്രഹിക്കേണ്ടത് അദ്ദേഹമായതുകൊണ്ട് അദ്ദേഹം ചെല്ലാതെ ജനം കഴിക്കില്ല. അദ്ദേഹം അനുഗ്രഹിച്ചശേഷമേ ക്ഷണിക്കപ്പെട്ടവർക്കു കഴിക്കാനാകൂ. അതുകൊണ്ട്, ഇപ്പോൾത്തന്നെ ചെല്ലുക. നിങ്ങൾക്ക് അദ്ദേഹത്തെ കാണാം.” 14 അങ്ങനെ, അവർ നഗരത്തിലേക്കു പോയി. അവർ നഗരമധ്യത്തിലേക്കു ചെല്ലുമ്പോൾ അവരെ കാണാനും ആരാധനാസ്ഥലത്തേക്കു പോകാനും വേണ്ടി ശമുവേൽ വരുന്നുണ്ടായിരുന്നു.
15 ശൗൽ വന്നതിന്റെ തലേന്ന് യഹോവ ശമുവേലിനോട് ഇങ്ങനെ പറഞ്ഞിരുന്നു:* 16 “നാളെ ഏകദേശം ഈ സമയത്ത് ബന്യാമീന്റെ ദേശത്തുനിന്ന് ഒരു പുരുഷനെ ഞാൻ നിന്റെ അടുത്തേക്ക് അയയ്ക്കും.+ എന്റെ ജനമായ ഇസ്രായേലിന്റെ നേതാവായി നീ ആ പുരുഷനെ അഭിഷേകം ചെയ്യണം.+ ഫെലിസ്ത്യരുടെ കൈയിൽനിന്ന് അവൻ എന്റെ ജനത്തെ രക്ഷിക്കും. കാരണം, എന്റെ ജനത്തിന്റെ ക്ലേശം ഞാൻ കണ്ടിരിക്കുന്നു; അവരുടെ നിലവിളി എന്റെ അടുത്തെത്തിയിരിക്കുന്നു.”+ 17 ശമുവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ ശമുവേലിനോടു പറഞ്ഞു: “‘എന്റെ ജനത്തെ ഭരിക്കുന്നത് ഇവനായിരിക്കും’+ എന്നു ഞാൻ നിന്നോടു പറഞ്ഞത് ഈ പുരുഷനെക്കുറിച്ചാണ്.”
18 ശൗൽ കവാടത്തിൽ ശമുവേലിന്റെ അടുത്തെത്തി, “ദയവായി ദിവ്യജ്ഞാനിയുടെ വീട് എവിടെയാണെന്നു പറഞ്ഞുതരാമോ” എന്നു ചോദിച്ചു. 19 അപ്പോൾ ശമുവേൽ ശൗലിനോടു പറഞ്ഞു: “ദിവ്യജ്ഞാനി ഞാനാണ്. ആരാധനാസ്ഥലത്തേക്ക്* എന്റെ മുന്നിലായി നടക്കുക. ഇന്നു താങ്കൾ എന്റെകൂടെ ഭക്ഷണം കഴിക്കും.+ രാവിലെ ഞാൻ താങ്കളെ യാത്രയാക്കാം. താങ്കൾക്ക് അറിയേണ്ടതെല്ലാം* ഞാൻ പറഞ്ഞുതരാം. 20 മൂന്നു ദിവസം മുമ്പ് കാണാതായ കഴുതകളുടെ കാര്യം+ ഓർത്ത് ഇനി ഉത്കണ്ഠപ്പെടേണ്ടാ. അവയെ കണ്ടെത്തി. അല്ല, ഇസ്രായേലിലെ അഭികാമ്യമായതെല്ലാം ആർക്കുള്ളതാണ്? താങ്കൾക്കും പിതൃഭവനത്തിനും ഉള്ളതല്ലേ?”+ 21 അപ്പോൾ ശൗൽ പറഞ്ഞു: “ഇസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബന്യാമീൻഗോത്രത്തിൽപ്പെട്ടവനല്ലേ ഞാൻ?+ എന്റെ കുലം ബന്യാമീൻഗോത്രത്തിലെ എല്ലാ കുലങ്ങളിലുംവെച്ച് ഏറ്റവും നിസ്സാരമല്ലേ? പിന്നെ, എന്തിനാണ് അങ്ങ് എന്നോട് ഇങ്ങനെ സംസാരിക്കുന്നത്?”
22 പിന്നെ, ശമുവേൽ ശൗലിനെയും പരിചാരകനെയും ഊണുമുറിയിലേക്കു കൂട്ടിക്കൊണ്ടുവന്ന് ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്ക് ഏറ്റവും പ്രധാനപ്പെട്ട സ്ഥലം കൊടുത്തു. അവിടെ ഏകദേശം 30 പുരുഷന്മാരുണ്ടായിരുന്നു. 23 ശമുവേൽ പാചകക്കാരനോടു പറഞ്ഞു: “‘മാറ്റിവെക്കുക’ എന്നു പറഞ്ഞ് ഞാൻ നിന്നെ ഏൽപ്പിച്ച പങ്ക് എടുത്തുകൊണ്ടുവരൂ.” 24 അപ്പോൾ, പാചകക്കാരൻ കാൽക്കുറകും അതിന്മേലുള്ളതും എടുത്ത് ശൗലിന്റെ മുന്നിൽ വെച്ചു. ശമുവേൽ പറഞ്ഞു: “താങ്കൾക്കുവേണ്ടി മാറ്റിവെച്ചിരുന്ന പങ്കാണ് ഇപ്പോൾ മുന്നിൽ വെച്ചിരിക്കുന്നത്. കഴിക്കൂ! ഈ അവസരത്തിൽ താങ്കൾക്കു തരാൻ അവർ പ്രത്യേകം മാറ്റിവെച്ചിരുന്നതാണ് ഇത്. കാരണം, ‘ഞാൻ അതിഥികളെ ക്ഷണിച്ചിട്ടുണ്ട്’ എന്ന് അവരോടു പറഞ്ഞിരുന്നു.” അങ്ങനെ, ശൗൽ അന്നു ശമുവേലിന്റെകൂടെ ഭക്ഷണം കഴിച്ചു. 25 പിന്നെ, അവർ ആരാധനാസ്ഥലത്തുനിന്ന്+ നഗരത്തിലേക്ക് ഇറങ്ങിച്ചെന്നു. എന്നിട്ട്, വീടിനു മുകളിലിരുന്ന് ശമുവേൽ ശൗലുമായുള്ള സംസാരം തുടർന്നു. 26 അവർ അതിരാവിലെ എഴുന്നേറ്റു. നേരം പുലർന്നപ്പോൾ പുരമുകളിലുള്ള ശൗലിനോടു ശമുവേൽ പറഞ്ഞു: “തയ്യാറായിക്കൊള്ളൂ. ഞാൻ താങ്കളെ യാത്രയാക്കാം.” ശൗൽ തയ്യാറായി. എന്നിട്ട്, ശൗലും ശമുവേലും കൂടെ പുറത്തേക്കു പോയി. 27 അവർ ഇറക്കം ഇറങ്ങി നഗരത്തിന്റെ അതിർത്തിയിലേക്കു ചെല്ലുമ്പോൾ ശമുവേൽ ശൗലിനോട്, “പരിചാരകനോടു മുന്നോട്ടു പൊയ്ക്കൊള്ളാൻ പറയുക” എന്നു പറഞ്ഞു.+ പരിചാരകൻ മുന്നോട്ടു നടന്നപ്പോൾ ശമുവേൽ പറഞ്ഞു: “പക്ഷേ, താങ്കൾ ഇവിടെ നിൽക്ക്. എനിക്കു ദൈവത്തിന്റെ സന്ദേശം താങ്കളെ അറിയിക്കാനുണ്ട്.”