റോമിലുള്ളവർക്ക് എഴുതിയ കത്ത്
4 അങ്ങനെയെങ്കിൽ, നമ്മുടെ പൂർവികനായ അബ്രാഹാം ജഡപ്രകാരം* എന്തു നേടി? 2 അബ്രാഹാമിനെ നീതിമാനായി പ്രഖ്യാപിച്ചതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണെങ്കിൽ അബ്രാഹാമിന് അഭിമാനിക്കാൻ വകയുണ്ട്. എന്നാൽ ദൈവസന്നിധിയിൽ അഭിമാനിക്കാൻ വകയില്ല. 3 തിരുവെഴുത്ത് എന്തു പറയുന്നു? “അബ്രാഹാം യഹോവയിൽ* വിശ്വസിച്ചു. അതുകൊണ്ട് അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്നല്ലേ? 4 ജോലി ചെയ്യുന്നയാൾക്കു കൊടുക്കുന്ന കൂലിയെ ഒരു ഔദാര്യമായി* ആരും കണക്കാക്കില്ല. അത് അയാൾക്ക് അവകാശപ്പെട്ടതാണ്. 5 എന്നാൽ ഒരാൾ ഒന്നും ചെയ്യുന്നില്ലെങ്കിൽപ്പോലും അഭക്തരെ നീതിമാന്മാരായി പ്രഖ്യാപിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്നെങ്കിൽ അയാളുടെ വിശ്വാസം നീതിയായി കണക്കിടും.+ 6 പ്രവൃത്തികൾ നോക്കാതെതന്നെ ദൈവം നീതിമാനായി കണക്കാക്കുന്ന മനുഷ്യന്റെ സന്തോഷത്തെപ്പറ്റി ദാവീദും ഇങ്ങനെ പറയുന്നു: 7 “ധിക്കാരം* ക്ഷമിച്ചും പാപം മറച്ചും* കിട്ടിയവർ സന്തുഷ്ടർ. 8 യഹോവ* പാപം കണക്കിലെടുക്കാത്ത മനുഷ്യൻ സന്തുഷ്ടൻ.”+
9 ഈ സന്തോഷം പരിച്ഛേദനയേറ്റവർക്കു* മാത്രമുള്ളതാണോ, അതോ പരിച്ഛേദനയേൽക്കാത്ത അഗ്രചർമികൾക്കും കൂടെയുള്ളതോ?+ “അബ്രാഹാമിന്റെ വിശ്വാസം കാരണം അബ്രാഹാമിനെ നീതിമാനായി കണക്കാക്കി”+ എന്നു നമ്മൾ പറയുന്നുണ്ടല്ലോ. 10 അങ്ങനെയെങ്കിൽ, എപ്പോഴാണ് അതു കണക്കിട്ടത്? പരിച്ഛേദനയേറ്റശേഷമോ, അതിനു മുമ്പോ? പരിച്ഛേദനയേറ്റശേഷമല്ല, അതിനു മുമ്പുതന്നെയാണ്. 11 പരിച്ഛേദനയേൽക്കുന്നതിനു മുമ്പുതന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ടു എന്നതിന്റെ മുദ്രയായി* അബ്രാഹാമിനു പരിച്ഛേദനയെന്ന അടയാളം+ ലഭിച്ചു. അങ്ങനെ, അഗ്രചർമികളായിരിക്കെ വിശ്വാസത്താൽ നീതീകരിക്കപ്പെട്ട സകലർക്കും അബ്രാഹാം പിതാവായി.+ 12 പരിച്ഛേദനയേറ്റവർക്കും അബ്രാഹാം പിതാവായി. അതെ, പരിച്ഛേദനയേറ്റവർക്കും അഗ്രചർമിയായിരിക്കെ നമ്മുടെ പിതാവായ അബ്രാഹാമിനുണ്ടായിരുന്ന വിശ്വാസത്തിന്റെ അതേ മാതൃക ചിട്ടയോടെ പിൻപറ്റുന്നവർക്കും അബ്രാഹാം പിതാവായി.+
13 ഒരു ലോകത്തിന്റെ* അവകാശിയാകുമെന്ന വാഗ്ദാനം അബ്രാഹാമിനും സന്തതിക്കും* ലഭിച്ചതു+ നിയമത്തിലൂടെയല്ല, വിശ്വാസത്താലുള്ള നീതിയിലൂടെയാണ്.+ 14 നിയമം പാലിക്കുന്നവരാണ് അവകാശികളെങ്കിൽ വിശ്വാസംകൊണ്ട് ഒരു പ്രയോജനവുമില്ലെന്നും വാഗ്ദാനത്തിനു വിലയില്ലെന്നും വരും. 15 വാസ്തവത്തിൽ, നിയമം ക്രോധത്തിനു വഴിതെളിക്കുകയാണു ചെയ്യുന്നത്.+ കാരണം നിയമമില്ലെങ്കിൽ ലംഘനവുമില്ല.+
16 അതുകൊണ്ടാണ് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വാഗ്ദാനം നൽകിയത്. ദൈവത്തിന് അനർഹദയ തോന്നിയിട്ടാണു+ വാഗ്ദാനം നൽകിയത് എന്ന് അതിലൂടെ വ്യക്തമാകുന്നു. വാഗ്ദാനം നിറവേറുമെന്ന് അബ്രാഹാമിന്റെ സന്തതികൾക്കെല്ലാം*+ ഉറപ്പു തോന്നാനാണു ദൈവം അങ്ങനെ ചെയ്തത്. അതിൽ നിയമം പാലിക്കുന്നവർ മാത്രമല്ല നമ്മുടെയെല്ലാം പിതാവായ അബ്രാഹാമിന്റേതുപോലുള്ള വിശ്വാസമുള്ള മറ്റുള്ളവരും ഉൾപ്പെടുന്നു.+ 17 (“ഞാൻ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.) അബ്രാഹാം വിശ്വസിച്ച ദൈവത്തിന്റെ വീക്ഷണത്തിൽ, അതായത് മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ വിളിക്കുകയും* ചെയ്യുന്ന ദൈവത്തിന്റെ വീക്ഷണത്തിൽ, ഉറപ്പുള്ളതായിരുന്നു ഈ വാഗ്ദാനം. 18 “നിന്റെ സന്തതിയും* ഇതുപോലെയാകും”+ എന്ന വാഗ്ദാനത്തിനു ചേർച്ചയിൽ താൻ അനേകം ജനതകൾക്കു പിതാവാകും എന്ന് അബ്രാഹാം പ്രത്യാശയോടെ വിശ്വസിച്ചു. പ്രതീക്ഷയ്ക്ക് ഒരു വകയുമില്ലാഞ്ഞിട്ടും അബ്രാഹാം അതു വിശ്വസിച്ചു. 19 തന്റെ ശരീരം മരിച്ചതിനു തുല്യമാണെന്നും (കാരണം അപ്പോൾ അബ്രാഹാമിന് ഏകദേശം 100 വയസ്സുണ്ടായിരുന്നു.)+ സാറയുടെ ഗർഭപാത്രം നിർജീവമാണെന്നും*+ അറിയാമായിരുന്നിട്ടും അബ്രാഹാമിന്റെ വിശ്വാസത്തിന് ഒരു കുറവും വന്നില്ല. 20 ദൈവത്തിന്റെ വാഗ്ദാനത്തെ അവിശ്വസിച്ച് ചഞ്ചലപ്പെടാതെ അബ്രാഹാം വിശ്വാസത്താൽ ശക്തിപ്പെട്ട് ദൈവത്തെ മഹത്ത്വപ്പെടുത്തി. 21 വാഗ്ദാനം നിവർത്തിക്കാൻ ദൈവം പ്രാപ്തനാണെന്ന്+ അബ്രാഹാമിനു പൂർണബോധ്യമുണ്ടായിരുന്നു. 22 അതുകൊണ്ട്, “അബ്രാഹാമിനെ നീതിമാനായി കണക്കാക്കി.”+
23 ‘അത് അബ്രാഹാമിനു കണക്കിട്ടു’ എന്ന് എഴുതിയിരിക്കുന്നത് അബ്രാഹാമിനുവേണ്ടി മാത്രമല്ല,+ 24 നമുക്കുവേണ്ടിയുമാണ്. നമുക്കും അതു കണക്കിടും. കാരണം, നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിൽ+ നമ്മളും വിശ്വസിക്കുന്നുണ്ട്. 25 നമ്മുടെ അപരാധങ്ങൾക്കുവേണ്ടിയാണല്ലോ യേശുവിനെ മരണത്തിന് ഏൽപ്പിച്ചത്.+ നമ്മളെ നീതിമാന്മാരായി പ്രഖ്യാപിക്കാൻവേണ്ടിയാണല്ലോ+ യേശുവിനെ ഉയിർപ്പിച്ചത്.