യോശുവ
7 പക്ഷേ യഹൂദാഗോത്രത്തിലെ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ,+ നശിപ്പിച്ചുകളയേണ്ടവയിൽ ചിലത് എടുത്തു.+ അങ്ങനെ, നശിപ്പിച്ചുകളയേണ്ടവയുടെ കാര്യത്തിൽ ഇസ്രായേല്യർ അവിശ്വസ്തരായി. അപ്പോൾ യഹോവയുടെ കോപം ഇസ്രായേല്യരുടെ നേരെ ആളിക്കത്തി.+
2 പിന്നെ യോശുവ യരീഹൊയിൽനിന്ന് ചില പുരുഷന്മാരെ ബഥേലിനു+ കിഴക്ക് ബേത്ത്-ആവെനു സമീപത്തുള്ള ഹായിയിലേക്ക്+ അയച്ച് അവരോട്, “ചെന്ന് ദേശം ഒറ്റുനോക്കുക” എന്നു പറഞ്ഞു. അവർ ചെന്ന് ഹായി ഒറ്റുനോക്കി. 3 യോശുവയുടെ അടുത്ത് മടങ്ങിയെത്തിയ അവർ പറഞ്ഞു: “എല്ലാവരുംകൂടെ പോകേണ്ടതില്ല. ഹായിയെ തോൽപ്പിക്കാൻ 2,000-ഓ 3,000-ഓ പേർ മതിയാകും. എല്ലാവരെയുംകൂടെ പറഞ്ഞയച്ച് അവരെയെല്ലാം ക്ഷീണിതരാക്കേണ്ടാ. കാരണം, അവിടെ കുറച്ച് പേരേ ഉള്ളൂ.”
4 അങ്ങനെ ഏകദേശം 3,000 പേർ അവിടേക്കു ചെന്നു. പക്ഷേ, ഹായിയിലെ പുരുഷന്മാരുടെ മുന്നിൽനിന്ന് അവർക്കു തോറ്റോടേണ്ടിവന്നു.+ 5 ഹായിയിലെ പുരുഷന്മാർ 36 പേരെ വെട്ടിവീഴ്ത്തി. നഗരകവാടത്തിനു പുറത്തുനിന്ന് ശെബാരീം* വരെ അവർ അവരെ പിന്തുടർന്നു. ഇറക്കം ഇറങ്ങുമ്പോഴും അവർ അവരെ വെട്ടിവീഴ്ത്തിക്കൊണ്ടിരുന്നു. അതുകൊണ്ട്, ജനത്തിന്റെ ധൈര്യം* ഉരുകി വെള്ളംപോലെ ഒലിച്ചുപോയി.
6 അപ്പോൾ, യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിനു മുന്നിൽ കമിഴ്ന്നുവീണ് തലയിൽ പൊടി വാരിയിട്ടുകൊണ്ട് വൈകുന്നേരംവരെ നിലത്ത് കിടന്നു; അങ്ങനെതന്നെ ഇസ്രായേൽമൂപ്പന്മാരും* ചെയ്തു. 7 യോശുവ പറഞ്ഞു: “അയ്യോ! പരമാധികാരിയായ യഹോവേ, ഈ ജനത്തെ ഈ ദൂരമത്രയും കൊണ്ടുവന്നത് എന്തിനാണ്? ഞങ്ങളെ അമോര്യരുടെ കൈയിൽ ഏൽപ്പിച്ച് സംഹരിക്കാനാണോ യോർദാന് ഇക്കരെ എത്തിച്ചത്? യോർദാന്റെ മറുകരയിൽത്തന്നെ* കഴിയാൻ ഞങ്ങൾ തീരുമാനിച്ചിരുന്നെങ്കിൽ! 8 യഹോവേ, എന്നോടു ക്ഷമിക്കേണമേ. ശത്രുക്കളുടെ മുന്നിൽനിന്ന് ഇസ്രായേൽ പിൻവാങ്ങിയ* സ്ഥിതിക്ക് ഞാൻ ഇനി എന്തു പറയാനാണ്? 9 കനാന്യരും ദേശത്ത് താമസിക്കുന്ന മറ്റെല്ലാവരും ഇതു കേൾക്കുമ്പോൾ അവർ ഞങ്ങളെ വളഞ്ഞ് ഞങ്ങളുടെ പേരുപോലും ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും. ഇനി, അങ്ങയുടെ മഹനീയനാമത്തിന്റെ+ കാര്യത്തിലോ, അങ്ങ് എന്തു ചെയ്യും?”
10 അപ്പോൾ യഹോവ യോശുവയോടു പറഞ്ഞു: “എഴുന്നേൽക്കൂ! എന്തിനാണ് നീ ഇങ്ങനെ കമിഴ്ന്നുവീണ് കിടക്കുന്നത്? 11 ഇസ്രായേൽ പാപം ചെയ്തിരിക്കുന്നു. ഞാൻ അവരോടു പാലിക്കാൻ കല്പിച്ച എന്റെ ഉടമ്പടി അവർ ലംഘിച്ചിരിക്കുന്നു.+ നശിപ്പിക്കാൻ വേർതിരിച്ചവയിൽ+ ചിലത് അവർ മോഷ്ടിച്ച്+ അവരുടെ വസ്തുവകകളുടെ ഇടയിൽ ഒളിച്ചുവെച്ചിരിക്കുന്നു.+ 12 അതുകൊണ്ട്, ഇസ്രായേല്യർക്കു ശത്രുക്കളോടു ചെറുത്തുനിൽക്കാനാകില്ല. അവർ ശത്രുക്കളുടെ മുന്നിൽനിന്ന് പിന്തിരിഞ്ഞ് ഓടും. കാരണം അവർതന്നെ നാശയോഗ്യരായിരിക്കുകയാണ്. നശിപ്പിച്ചുകളയേണ്ടതിനെ നിങ്ങളുടെ ഇടയിൽനിന്ന് നിശ്ശേഷം നശിപ്പിക്കാത്തിടത്തോളം ഞാൻ നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല.+ 13 എഴുന്നേറ്റ് ജനത്തെ വിശുദ്ധീകരിക്കുക!+ അവരോട് ഇങ്ങനെ പറയുക: ‘നാളത്തേക്കായി നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു: “ഇസ്രായേലേ, നശിപ്പിച്ചുകളയേണ്ടതു നിങ്ങളുടെ ഇടയിലുണ്ട്. അതു നിങ്ങളുടെ ഇടയിൽനിന്ന് നീക്കം ചെയ്യാത്തിടത്തോളം നിങ്ങൾക്കു ശത്രുക്കളോടു ചെറുത്തുനിൽക്കാൻ സാധിക്കില്ല. 14 രാവിലെ നിങ്ങൾ ഗോത്രംഗോത്രമായി ഹാജരാകണം. അവയിൽനിന്ന് യഹോവ തിരഞ്ഞെടുക്കുന്ന+ ഗോത്രം കുലംകുലമായി അടുത്തേക്കു വരണം. യഹോവ തിരഞ്ഞെടുക്കുന്ന കുലം കുടുംബംകുടുംബമായി അടുത്തേക്കു വരണം. യഹോവ തിരഞ്ഞെടുക്കുന്ന കുടുംബത്തിലെ പുരുഷന്മാർ അടുത്തേക്കു വരണം. 15 നശിപ്പിച്ചുകളയേണ്ട വസ്തുവുമായി പിടിയിലാകുന്നവനെ തീയിലിട്ട് ചുട്ടുകളയണം. അയാളോടൊപ്പം അയാൾക്കുള്ളതെല്ലാം ചുട്ടുകളയണം.+ കാരണം, അയാൾ യഹോവയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു,+ ഇസ്രായേലിൽ അപമാനകരമായ ഒരു കാര്യം ചെയ്തിരിക്കുന്നു.”’”
16 യോശുവ പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ഇസ്രായേലിനെ ഗോത്രംഗോത്രമായി അടുത്ത് വരുത്തി. അതിൽനിന്ന് യഹൂദാഗോത്രം പിടിയിലായി. 17 യഹൂദാഗോത്രത്തിലെ കുലങ്ങളെ യോശുവ അടുത്ത് വരുത്തി. അതിൽനിന്ന് സേരഹ്യകുലം+ പിടിയിലായി. തുടർന്ന്, സേരഹ്യകുലത്തിലെ പുരുഷന്മാരെ ഓരോരുത്തരെ അടുത്ത് വരുത്തി. അതിൽനിന്ന് സബ്ദി പിടിയിലായി. 18 ഒടുവിൽ, സബ്ദിയുടെ കുടുംബത്തിൽപ്പെട്ട പുരുഷന്മാരെ ഓരോരുത്തരെ അടുത്ത് വരുത്തി. അവരിൽനിന്ന്, യഹൂദാഗോത്രത്തിലെ സേരഹിന്റെ മകനായ സബ്ദിയുടെ മകനായ കർമ്മിയുടെ മകൻ ആഖാൻ പിടിയിലായി.+ 19 അപ്പോൾ, യോശുവ ആഖാനോടു പറഞ്ഞു: “എന്റെ മകനേ, ദയവായി ഇസ്രായേലിന്റെ ദൈവമായ യഹോവയോടു കുറ്റം ഏറ്റുപറഞ്ഞ് ദൈവത്തെ ആദരിക്കൂ. നീ എന്താണു ചെയ്തത്? ദയവായി എന്നോടു പറയൂ. ഒന്നും മറച്ചുവെക്കരുത്.”
20 ആഖാൻ യോശുവയോടു പറഞ്ഞു: “വാസ്തവത്തിൽ, ഇസ്രായേലിന്റെ ദൈവമായ യഹോവയോടു പാപം ചെയ്തതു ഞാനാണ്. ഇതാണു ഞാൻ ചെയ്തത്: 21 അവിടെ കണ്ട സാധനങ്ങളുടെ* കൂട്ടത്തിൽ ശിനാരിൽനിന്നുള്ള+ മനോഹരമായ ഒരു മേലങ്കിയും 200 ശേക്കെൽ* വെള്ളിയും 50 ശേക്കെൽ തൂക്കം വരുന്ന ഒരു സ്വർണക്കട്ടിയും കണ്ടപ്പോൾ എനിക്ക് അവയോടു മോഹം തോന്നി. അങ്ങനെ, ഞാൻ അവ എടുത്തു. അവ ഇപ്പോൾ എന്റെ കൂടാരത്തിനുള്ളിൽ നിലത്ത് കുഴിച്ചിട്ടിട്ടുണ്ട്. പണം അടിയിലായാണു വെച്ചിരിക്കുന്നത്.”
22 ഉടനെ യോശുവ ദൂതന്മാരെ അയച്ചു. അവർ കൂടാരത്തിലേക്ക് ഓടിച്ചെന്നു. അവിടെ ആഖാന്റെ കൂടാരത്തിൽ വസ്ത്രം ഒളിപ്പിച്ചുവെച്ചിരുന്നത് അവർ കണ്ടെത്തി. അതിന്റെ അടിയിൽ പണവും ഉണ്ടായിരുന്നു. 23 അവർ അവ കൂടാരത്തിൽനിന്ന് എടുത്ത് യോശുവയുടെയും എല്ലാ ഇസ്രായേല്യരുടെയും അടുത്ത് കൊണ്ടുവന്ന് യഹോവയുടെ മുന്നിൽ വെച്ചു. 24 അപ്പോൾ, യോശുവയും യോശുവയുടെകൂടെ എല്ലാ ഇസ്രായേല്യരും സേരഹിന്റെ മകനായ ആഖാനെ+ വെള്ളി, മേലങ്കി, സ്വർണക്കട്ടി+ എന്നിവയും, അയാളുടെ പുത്രീപുത്രന്മാർ, കാള, കഴുത, ആട്ടിൻപറ്റം, കൂടാരം തുടങ്ങി അയാൾക്കുള്ളതെല്ലാം സഹിതം ആഖോർ താഴ്വരയിൽ+ കൊണ്ടുവന്നു. 25 യോശുവ പറഞ്ഞു: “എന്തിനാണു നീ ഞങ്ങളുടെ മേൽ ആപത്തു* വരുത്തിവെച്ചത്?+ ഈ ദിവസം യഹോവ നിന്റെ മേൽ ആപത്തു വരുത്തും.” ഇതു പറഞ്ഞ ഉടനെ ഇസ്രായേൽ മുഴുവനും അയാളെ കല്ലെറിഞ്ഞു.+ അതിനു ശേഷം അവർ അവരെ തീയിലിട്ട് ചുട്ടുകളഞ്ഞു.+ അങ്ങനെ, അവർ അവരെ എല്ലാവരെയും കല്ലെറിഞ്ഞ് കൊന്നു. 26 അവർ അയാളുടെ മുകളിൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടി. അത് ഇന്നുവരെയും അവിടെയുണ്ട്. അതോടെ യഹോവയുടെ ഉഗ്രകോപം ശമിച്ചു.+ അതുകൊണ്ടാണ് ആ സ്ഥലത്തിന് ഇന്നുവരെയും ആഖോർ* താഴ്വര എന്നു പേര് വിളിക്കുന്നത്.