രാജാക്കന്മാർ രണ്ടാം ഭാഗം
2 യഹോവ ഏലിയയെ+ ഒരു കൊടുങ്കാറ്റിൽ+ ആകാശത്തേക്ക് എടുക്കാനുള്ള സമയമായപ്പോൾ ഏലിയയും എലീശയും+ ഗിൽഗാലിൽനിന്ന്+ പുറപ്പെട്ടു. 2 ഏലിയ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിച്ചുകൊള്ളൂ; യഹോവ എന്നെ ബഥേലിലേക്ക് അയച്ചിരിക്കുന്നു.” പക്ഷേ എലീശ പറഞ്ഞു: “യഹോവയാണെ, അങ്ങാണെ, ഞാൻ അങ്ങയെ വിട്ട് പോകില്ല.” അങ്ങനെ അവർ ബഥേലിലേക്കു+ പോയി. 3 അപ്പോൾ ബഥേലിലുള്ള പ്രവാചകപുത്രന്മാർ* എലീശയുടെ അടുത്ത് വന്ന് എലീശയോട്, “താങ്കളുടെ യജമാനനും ഗുരുവും ആയ ഏലിയയെ യഹോവ ഇന്നു താങ്കളുടെ അടുത്തുനിന്ന് എടുക്കുകയാണെന്ന കാര്യം അറിയാമോ”+ എന്നു ചോദിച്ചു. “എനിക്ക് അറിയാം, നിങ്ങൾ മിണ്ടാതിരിക്കുക” എന്ന് എലീശ പറഞ്ഞു.
4 പിന്നെ ഏലിയ പറഞ്ഞു: “എലീശാ, നീ ഇവിടെ താമസിക്കുക; യഹോവ എന്നെ യരീഹൊയിലേക്ക്+ അയച്ചിരിക്കുന്നു.” പക്ഷേ എലീശ പറഞ്ഞു: “യഹോവയാണെ, അങ്ങാണെ, ഞാൻ അങ്ങയെ വിട്ട് പോകില്ല.” അങ്ങനെ അവർ യരീഹൊയിലേക്കു ചെന്നു. 5 അപ്പോൾ യരീഹൊയിലുള്ള പ്രവാചകപുത്രന്മാർ എലീശയുടെ അടുത്ത് വന്ന്, “താങ്കളുടെ യജമാനനും ഗുരുവും ആയ ഏലിയയെ യഹോവ ഇന്നു താങ്കളുടെ അടുത്തുനിന്ന് എടുക്കുകയാണെന്ന കാര്യം അറിയാമോ” എന്നു ചോദിച്ചു. “എനിക്ക് അറിയാം, നിങ്ങൾ മിണ്ടാതിരിക്കുക” എന്ന് എലീശ പറഞ്ഞു.
6 പിന്നീട് ഏലിയ എലീശയോടു പറഞ്ഞു: “നീ ഇവിടെ താമസിക്കുക; യഹോവ എന്നെ യോർദാനിലേക്ക് അയച്ചിരിക്കുന്നു.” പക്ഷേ എലീശ പറഞ്ഞു: “യഹോവയാണെ, അങ്ങാണെ, ഞാൻ അങ്ങയെ വിട്ട് പോകില്ല.” അങ്ങനെ അവർ യാത്ര തുടർന്നു. 7 അവരോടൊപ്പം 50 പ്രവാചകപുത്രന്മാരും പോയി. അവർ രണ്ടും യോർദാന്റെ തീരത്ത് വന്ന് നിന്നു. അവരെ നിരീക്ഷിച്ചുകൊണ്ട് കുറച്ച് അകലെ മാറി ആ പ്രവാചകപുത്രന്മാരും നിൽക്കുന്നുണ്ടായിരുന്നു. 8 അപ്പോൾ ഏലിയ പ്രവാചകവസ്ത്രം+ എടുത്ത് ചുരുട്ടി നദിയെ അടിച്ചു. ഉടനെ വെള്ളം ഇടത്തേക്കും വലത്തേക്കും വേർപിരിഞ്ഞു! അങ്ങനെ അവർ രണ്ടും ഉണങ്ങിയ നിലത്തുകൂടി മറുകര കടന്നു.+
9 അക്കരെ എത്തിയ ഉടനെ ഏലിയ എലീശയോട്: “പറയൂ, ദൈവം എന്നെ നിന്റെ അടുത്തുനിന്ന് എടുക്കുന്നതിനു മുമ്പ് ഞാൻ നിനക്ക് എന്താണു ചെയ്തുതരേണ്ടത്?” അപ്പോൾ എലീശ പറഞ്ഞു: “ദയവുചെയ്ത് അങ്ങയുടെ ആത്മാവിന്റെ*+ ഇരട്ടി ഓഹരി*+ എനിക്കു തന്നാലും!” 10 ഏലിയ പറഞ്ഞു: “പ്രയാസമുള്ള ഒരു കാര്യമാണു നീ ചോദിച്ചത്. എന്നെ നിന്റെ അടുത്തുനിന്ന് എടുക്കുമ്പോൾ നീ എന്നെ കാണുകയാണെങ്കിൽ നീ ആവശ്യപ്പെട്ടതു നിനക്കു കിട്ടും. കാണുന്നില്ലെങ്കിൽ നിനക്ക് അതു കിട്ടില്ല.”
11 അങ്ങനെ അവർ സംസാരിച്ചുകൊണ്ട് നടക്കുമ്പോൾ പെട്ടെന്ന് അഗ്നിപ്രഭയുള്ള ഒരു രഥവും+ തീപോലെ ജ്വലിക്കുന്ന കുതിരകളും വന്ന് അവരെ രണ്ടു പേരെയും വേർതിരിച്ചു. ഏലിയ കൊടുങ്കാറ്റിൽ ആകാശത്തേക്ക് ഉയർന്നു.+ 12 ഇതു കണ്ട എലീശ ഇങ്ങനെ നിലവിളിച്ചു: “എന്റെ പിതാവേ! എന്റെ പിതാവേ! ഇസ്രായേലിന്റെ രഥവും കുതിരപ്പടയാളികളും!”+ ഏലിയ കാഴ്ചയിൽനിന്ന് മറഞ്ഞപ്പോൾ എലീശ തന്റെ വസ്ത്രം രണ്ടായി കീറി.+ 13 അതിനു ശേഷം, ഏലിയയിൽനിന്ന് വീണ പ്രവാചകവസ്ത്രം+ എടുത്ത് തിരികെ യോർദാന്റെ തീരത്ത് ചെന്ന് നിന്നു. 14 എലീശ ഏലിയയുടെ പ്രവാചകവസ്ത്രംകൊണ്ട് നദിയെ അടിച്ചിട്ട് ഇങ്ങനെ ചോദിച്ചു: “ഏലിയയുടെ ദൈവമായ യഹോവ എവിടെ?” എലീശ നദിയെ അടിച്ചപ്പോൾ അത് ഇടത്തേക്കും വലത്തേക്കും വേർപിരിഞ്ഞു.+ അങ്ങനെ എലീശ മറുകര കടന്നു.
15 എലീശ ദൂരെനിന്ന് വരുന്നതു കണ്ടപ്പോൾ യരീഹൊയിലെ പ്രവാചകപുത്രന്മാർ പറഞ്ഞു: “ഏലിയയുടെ ആത്മാവ്* എലീശയുടെ മേൽ വന്നിരിക്കുന്നു.”+ അങ്ങനെ അവർ എലീശയുടെ അടുത്ത് ചെന്ന് അദ്ദേഹത്തിന്റെ മുമ്പിൽ കുമ്പിട്ട് നമസ്കരിച്ചു. 16 അവർ പറഞ്ഞു: “അടിയങ്ങളോടൊപ്പം സമർഥരായ 50 പുരുഷന്മാരുണ്ട്. അങ്ങയുടെ യജമാനനെ തിരയാൻ അവരെ അയയ്ക്കട്ടേ? ചിലപ്പോൾ യഹോവയുടെ ആത്മാവ്* ഏലിയയെ എടുത്ത് ഏതെങ്കിലും ഒരു മലയിലോ താഴ്വരയിലോ കൊണ്ടുചെന്ന് ഇട്ടിട്ടുണ്ടാകും.”+ എന്നാൽ എലീശ അവരോട്, “അവരെ അയയ്ക്കേണ്ടാ!” എന്നു പറഞ്ഞു. 17 പക്ഷേ അവർ ചോദിച്ചുചോദിച്ച് സ്വൈരം കെടുത്തിയപ്പോൾ, “അവരെ അയച്ചുകൊള്ളൂ” എന്ന് എലീശ പറഞ്ഞു. അങ്ങനെ അവർ ആ 50 പേരെ പറഞ്ഞയച്ചു. എന്നാൽ മൂന്നു ദിവസം തിരഞ്ഞിട്ടും അവർക്ക് ഏലിയയെ കണ്ടെത്താനായില്ല. 18 അവർ തിരിച്ചുവന്നപ്പോൾ എലീശ യരീഹൊയിൽ+ താമസിക്കുന്നുണ്ടായിരുന്നു. എലീശ അവരോട്, “പോകേണ്ടെന്നു ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ” എന്നു ചോദിച്ചു.
19 പിന്നീട് ആ നഗരത്തിലുള്ളവർ എലീശയോടു പറഞ്ഞു: “ഈ നഗരം എല്ലാംകൊണ്ടും വളരെ നല്ലതാണെന്ന്+ യജമാനന് അറിയാമല്ലോ. പക്ഷേ ഇവിടുത്തെ വെള്ളം മോശമാണ്; ദേശത്ത് കൃഷി ചെയ്താൽ ഒന്നും ഉണ്ടാകില്ല.”* 20 അപ്പോൾ എലീശ പറഞ്ഞു: “വലുപ്പം കുറഞ്ഞ ഒരു പുതിയ പാത്രത്തിൽ ഉപ്പിട്ട് കൊണ്ടുവരുക.” അവർ അത് എലീശയുടെ അടുത്ത് കൊണ്ടുവന്നു. 21 എലീശ നീരുറവിലേക്കു ചെന്ന് ആ ഉപ്പ് അതിൽ ഇട്ടിട്ട്+ പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘ഞാൻ ഈ വെള്ളം ശുദ്ധീകരിച്ചിരിക്കുന്നു. ഇനി ഒരിക്കലും ഇതു മരണത്തിനോ വന്ധ്യതയ്ക്കോ* കാരണമാകില്ല.’” 22 എലീശ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ ശുദ്ധമായിത്തന്നെയിരിക്കുന്നു.
23 എലീശ അവിടെനിന്ന് ബഥേലിലേക്കു പോയി. പോകുന്ന വഴിക്കു കുറച്ച് ആൺകുട്ടികൾ ആ നഗരത്തിൽനിന്ന് വന്ന്, “പോ മൊട്ടത്തലയാ! പോ മൊട്ടത്തലയാ!” എന്നു വിളിച്ചുപറഞ്ഞ് അദ്ദേഹത്തെ കളിയാക്കിക്കൊണ്ടിരുന്നു.+ 24 ഒടുവിൽ എലീശ അവരുടെ നേരെ തിരിഞ്ഞ് യഹോവയുടെ നാമത്തിൽ അവരെ ശപിച്ചു. അപ്പോൾ കാട്ടിൽനിന്ന് രണ്ടു പെൺകരടികൾ+ ഇറങ്ങിവന്ന് 42 കുട്ടികളെ കീറിക്കളഞ്ഞു!+ 25 എലീശ അവിടെനിന്ന് കർമേൽ പർവതത്തിലേക്കു+ യാത്ര തുടർന്നു. പിന്നീട് അവിടെനിന്ന് ശമര്യയിലേക്കു മടങ്ങി.