അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
25 സംസ്ഥാനത്ത് എത്തി അധികാരം ഏറ്റെടുത്ത് മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഫെസ്തൊസ്+ കൈസര്യയിൽനിന്ന് യരുശലേമിലേക്കു പോയി. 2 മുഖ്യപുരോഹിതന്മാരും ജൂതപ്രമാണിമാരും പൗലോസിനെക്കുറിച്ച് ഫെസ്തൊസിനോടു പരാതി ബോധിപ്പിച്ചു.+ 3 തങ്ങളുടെ അപേക്ഷ മാനിച്ച്, പൗലോസിനെ ആളയച്ച് യരുശലേമിലേക്കു കൊണ്ടുവരാമോ എന്ന് അവർ ഫെസ്തൊസിനോടു ചോദിച്ചു. വഴിമധ്യേ ഒളിച്ചിരുന്ന് പൗലോസിനെ കൊല്ലാനായിരുന്നു അവരുടെ പദ്ധതി.+ 4 എന്നാൽ പൗലോസിനെ കൈസര്യയിൽത്തന്നെ സൂക്ഷിക്കേണ്ടതുണ്ടെന്നും താൻ ഉടനെ അവിടേക്കു പോകാനിരിക്കുകയാണെന്നും ഫെസ്തൊസ് പറഞ്ഞു. 5 “പൗലോസ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്കിടയിലെ അധികാരപ്പെട്ടവർക്ക് എന്നോടൊപ്പം വന്ന് അതു ബോധിപ്പിക്കാവുന്നതാണ്” എന്നു ഫെസ്തൊസ് അറിയിച്ചു.+
6 എട്ടുപത്തു ദിവസം അവിടെ താമസിച്ചിട്ട് ഫെസ്തൊസ് കൈസര്യയിലേക്കു മടങ്ങി. പിറ്റേന്ന് ഫെസ്തൊസ് ന്യായാസനത്തിൽ ഇരുന്ന് പൗലോസിനെ കൊണ്ടുവരാൻ ആജ്ഞാപിച്ചു. 7 പൗലോസ് വന്നപ്പോൾ, യരുശലേമിൽനിന്ന് എത്തിയ ജൂതന്മാർ പൗലോസിനു ചുറ്റുംനിന്ന് ഗുരുതരമായ പല ആരോപണങ്ങൾ ഉന്നയിക്കാൻതുടങ്ങി. എന്നാൽ അതൊന്നും തെളിയിക്കാൻ അവർക്കു കഴിഞ്ഞില്ല.+
8 മറുപടിയായി പൗലോസ് പറഞ്ഞു: “ജൂതന്മാരുടെ നിയമത്തിനോ ദേവാലയത്തിനോ സീസറിനോ എതിരായി ഞാൻ ഒരു പാപവും ചെയ്തിട്ടില്ല.”+ 9 ജൂതന്മാരുടെ പ്രീതി പിടിച്ചുപറ്റാൻ ആഗ്രഹിച്ച+ ഫെസ്തൊസ് പൗലോസിനോടു ചോദിച്ചു: “യരുശലേമിലേക്കു വരാനും ഇക്കാര്യങ്ങൾ സംബന്ധിച്ച് എന്റെ മുമ്പാകെ വിചാരണ നേരിടാനും നിനക്കു സമ്മതമാണോ?” 10 പൗലോസ് പറഞ്ഞു: “ഞാൻ സീസറിന്റെ ന്യായാസനത്തിനു മുമ്പാകെയാണു നിൽക്കുന്നത്. എന്നെ ന്യായം വിധിക്കേണ്ടത് ഇവിടെവെച്ചാണ്. അങ്ങയ്ക്കു നന്നായി അറിയാവുന്നതുപോലെ ജൂതന്മാരോടു ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല. 11 ഞാൻ മരണശിക്ഷ അർഹിക്കുന്ന എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ+ മരിക്കാൻ എനിക്ക് ഒരു മടിയുമില്ല. എന്നാൽ ഇവർ എനിക്ക് എതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളൊന്നും സത്യമല്ലെങ്കിൽ, ഇവരുടെ കൈയിൽ എന്നെ ഏൽപ്പിക്കാൻ ആർക്കും അധികാരമില്ല. ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!”+ 12 അപ്പോൾ ഫെസ്തൊസ് ഉപദേശകസമിതിയുമായി ആലോചിച്ചിട്ട്, “നീ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചല്ലോ; അതുകൊണ്ട് സീസറിന്റെ അടുത്തേക്കുതന്നെ നിന്നെ വിടാം” എന്നു പറഞ്ഞു.
13 കുറെ ദിവസം കഴിഞ്ഞപ്പോൾ ഫെസ്തൊസിനെ അഭിനന്ദനങ്ങൾ അറിയിക്കാനായി അഗ്രിപ്പ രാജാവും ബർന്നീക്കയും കൈസര്യയിൽ ഒരു ഔദ്യോഗിക സന്ദർശനം നടത്തി. 14 അവർ കുറെ ദിവസം അവിടെ താമസിക്കുമെന്ന് അറിഞ്ഞ ഫെസ്തൊസ് പൗലോസിന്റെ കേസ് രാജാവിന്റെ മുമ്പാകെ അവതരിപ്പിച്ചു:
“ഫേലിക്സ് തടവുകാരനായി വിട്ടിട്ടുപോയ ഒരാൾ ഇവിടെയുണ്ട്.+ 15 ഞാൻ യരുശലേമിൽ ചെന്നപ്പോൾ മുഖ്യപുരോഹിതന്മാരും ജൂതന്മാരുടെ മൂപ്പന്മാരും അയാൾക്കെതിരെ പരാതി ബോധിപ്പിക്കുകയും+ ശിക്ഷ വിധിക്കണമെന്ന് എന്നോട് അപേക്ഷിക്കുകയും ചെയ്തു. 16 എന്നാൽ വാദികളെ മുഖാമുഖം കണ്ട് ആരോപണങ്ങൾക്കു മറുപടി നൽകാൻ അവസരം കൊടുക്കാതെ പ്രതിയെ അവർക്കു വിട്ടുകൊടുക്കുന്നതു റോമാക്കാരുടെ രീതിയല്ലെന്നു ഞാൻ അവരോടു പറഞ്ഞു.+ 17 അതുകൊണ്ട് അവർ ഇവിടെ വന്നപ്പോൾ പിറ്റേന്നുതന്നെ ഞാൻ ന്യായാസനത്തിലിരുന്ന്, അയാളെ കൊണ്ടുവരാൻ കല്പിച്ചു. 18 എന്നാൽ വാദിഭാഗം എഴുന്നേറ്റ് അയാൾക്കെതിരെ പലതും പറഞ്ഞെങ്കിലും ഞാൻ പ്രതീക്ഷിച്ചതുപോലുള്ള ഒരു കുറ്റവും അവർ ഉന്നയിച്ചില്ല.+ 19 അവരുടെ മതത്തെക്കുറിച്ചും* യേശു എന്ന ഒരാളെക്കുറിച്ചും ഉള്ള എന്തോ ചില തർക്കങ്ങളേ അവർക്കിടയിലുണ്ടായിരുന്നുള്ളൂ.+ മരിച്ചുപോയ ആ യേശു ജീവിച്ചിരിപ്പുണ്ടെന്നാണു പൗലോസ് വാദിക്കുന്നത്.+ 20 ഈ തർക്കം എങ്ങനെ കൈകാര്യം ചെയ്യണമെന്നു നിശ്ചയമില്ലാഞ്ഞതുകൊണ്ട്, യരുശലേമിൽ ചെന്ന് അവിടെവെച്ച് വിചാരണ നേരിടാൻ സമ്മതമാണോ എന്നു ഞാൻ അയാളോടു ചോദിച്ചു.+ 21 എന്നാൽ ചക്രവർത്തിയുടെ തീരുമാനം അറിയുന്നതുവരെ തന്നെ തടവിൽ പാർപ്പിക്കണമെന്നു പൗലോസ് അപേക്ഷിച്ചു.+ അതുകൊണ്ട് സീസറിന്റെ അടുത്തേക്ക് അയയ്ക്കുന്നതുവരെ പൗലോസിനെ തടവിൽ സൂക്ഷിക്കാൻ ഞാൻ കല്പിച്ചു.”
22 അപ്പോൾ അഗ്രിപ്പ ഫെസ്തൊസിനോട്, “അയാൾക്കു പറയാനുള്ളത് എനിക്കു കേൾക്കണമെന്നുണ്ട്”+ എന്നു പറഞ്ഞു. “നാളെയാകട്ടെ” എന്നു ഫെസ്തൊസ് പറഞ്ഞു. 23 അങ്ങനെ പിറ്റേന്ന് അഗ്രിപ്പയും ബർന്നീക്കയും ആഡംബരത്തോടെ സൈന്യാധിപന്മാരോടും നഗരത്തിലെ പ്രമുഖരോടും ഒപ്പം കോടതിയിൽ എത്തി. ഫെസ്തൊസിന്റെ ആജ്ഞയനുസരിച്ച് പൗലോസിനെ അവിടെ കൊണ്ടുവന്നു. 24 അപ്പോൾ ഫെസ്തൊസ് പറഞ്ഞു: “അഗ്രിപ്പ രാജാവേ, ഇവിടെ ഞങ്ങളോടൊപ്പം കൂടിവന്നിരിക്കുന്നവരേ, ഈ കാണുന്ന മനുഷ്യനെക്കുറിച്ചാണ് യരുശലേമിലും ഇവിടെയും വെച്ച് ജൂതസമൂഹം എന്നോടു പരാതിപ്പെട്ടത്. ഇനി ഒരു നിമിഷംപോലും ഇയാൾ ജീവിക്കാൻ പാടില്ല എന്നു പറഞ്ഞ് അവർ ബഹളം കൂട്ടി.+ 25 എന്നാൽ മരണശിക്ഷ അർഹിക്കുന്നതൊന്നും ഇയാൾ ചെയ്തിട്ടില്ലെന്ന് എനിക്കു മനസ്സിലായി.+ അതുകൊണ്ട് ഈ മനുഷ്യൻ ചക്രവർത്തിയുടെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചപ്പോൾ ഇയാളെ അങ്ങോട്ട് അയയ്ക്കാൻ ഞാൻ തീരുമാനിച്ചു. 26 എന്നാൽ ഇയാളെക്കുറിച്ച് തിരുമനസ്സിന് എന്ത് എഴുതണമെന്ന് എനിക്കു വ്യക്തമായി അറിയില്ല. അതുകൊണ്ട് വിചാരണ കഴിയുമ്പോൾ എഴുതാൻ വല്ലതും കിട്ടിയേക്കുമെന്നു വിചാരിച്ചാണു ഞാൻ ഇയാളെ നിങ്ങളുടെ മുമ്പാകെ, വിശേഷിച്ച് അഗ്രിപ്പ രാജാവേ, അങ്ങയുടെ മുമ്പാകെ കൊണ്ടുവന്നിരിക്കുന്നത്. 27 ഒരു തടവുകാരനെ അയയ്ക്കുമ്പോൾ അയാൾക്കെതിരെയുള്ള ആരോപണങ്ങൾ വ്യക്തമാക്കാതിരിക്കുന്നതു ശരിയല്ലല്ലോ.”