യിരെമ്യ
13 യഹോവ എന്നോടു പറഞ്ഞു: “നീ പോയി ലിനൻതുണികൊണ്ടുള്ള ഒരു അരപ്പട്ട വാങ്ങി അരയ്ക്കു കെട്ടുക. പക്ഷേ, അതു വെള്ളത്തിൽ മുക്കരുത്.” 2 അങ്ങനെ, യഹോവ പറഞ്ഞതുപോലെ ഞാൻ ചെന്ന് അരപ്പട്ട വാങ്ങി അരയ്ക്കു കെട്ടി. 3 വീണ്ടും എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 4 “നീ അരയ്ക്കു കെട്ടിയിരിക്കുന്ന അരപ്പട്ടയുംകൊണ്ട് യൂഫ്രട്ടീസിലേക്കു പോകുക. എന്നിട്ട്, അത് അവിടെയുള്ള ഒരു പാറയിടുക്കിൽ ഒളിച്ചുവെക്കുക.” 5 അങ്ങനെ യഹോവ കല്പിച്ചതുപോലെ, ഞാൻ ചെന്ന് യൂഫ്രട്ടീസിന് അടുത്ത് അത് ഒളിച്ചുവെച്ചു.
6 പക്ഷേ, ഏറെ ദിവസങ്ങൾ കഴിഞ്ഞ് യഹോവ എന്നോടു പറഞ്ഞു: “എഴുന്നേറ്റ് യൂഫ്രട്ടീസിലേക്കു പോയി ഞാൻ അവിടെ ഒളിച്ചുവെക്കാൻ കല്പിച്ച അരപ്പട്ട എടുക്കുക.” 7 അങ്ങനെ, ഞാൻ അവിടെ ചെന്ന് ഒളിച്ചുവെച്ചിരുന്ന അരപ്പട്ട കണ്ടെടുത്തു. പക്ഷേ അതു ദ്രവിച്ച് ഒന്നിനും കൊള്ളാത്തതായിപ്പോയിരുന്നു.
8 അപ്പോൾ, എനിക്ക് യഹോവയുടെ സന്ദേശം കിട്ടി: 9 “യഹോവ പറയുന്നത് ഇതാണ്: ‘ഇതേപോലെതന്നെ യഹൂദയുടെ അഹങ്കാരവും യരുശലേമിന്റെ കടുത്ത അഹംഭാവവും ഞാൻ ഇല്ലാതാക്കും.+ 10 എന്റെ സന്ദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കാതെ+ ശാഠ്യപൂർവം സ്വന്തം ഹൃദയത്തെ അനുസരിച്ച് നടക്കുകയും+ മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവയെ സേവിക്കുകയും അവയുടെ മുന്നിൽ കുമ്പിടുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളാത്ത ഈ അരപ്പട്ടപോലെയാകും.’ 11 ‘അരപ്പട്ട ഒരാളുടെ അരയിൽ പറ്റിച്ചേർന്നിരിക്കുന്നതുപോലെ ഞാൻ ഇസ്രായേൽഗൃഹത്തെയും യഹൂദാഗൃഹത്തെയും മുഴുവൻ എന്നോടു പറ്റിച്ചേരാൻ ഇടയാക്കി. അവർ എനിക്ക് ഒരു ജനവും+ ഒരു പേരും+ ഒരു പുകഴ്ചയും ഒരു മനോഹരവസ്തുവും ആകണമെന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ അവർ അനുസരിച്ചില്ല’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
12 “നീ ഈ സന്ദേശവും അവരെ അറിയിക്കണം: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: “എല്ലാ വലിയ ഭരണിയിലും വീഞ്ഞു നിറയ്ക്കണം.”’ അപ്പോൾ അവർ നിന്നോടു പറയും: ‘എല്ലാ വലിയ ഭരണിയിലും വീഞ്ഞു നിറയ്ക്കണമെന്ന കാര്യം ഞങ്ങൾക്ക് അറിയാവുന്നതല്ലേ?’ 13 അപ്പോൾ അവരോടു പറയണം: ‘യഹോവ പറയുന്നത് ഇതാണ്: “ഈ ദേശത്ത് താമസിക്കുന്ന എല്ലാവരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും യരുശലേമിൽ താമസിക്കുന്ന എല്ലാവരെയും ഞാൻ കുടിപ്പിച്ച് മത്തരാക്കും.+ 14 അപ്പന്മാരെന്നോ മക്കളെന്നോ വ്യത്യാസമില്ലാതെ ഞാൻ അവരെ പരസ്പരം കൂട്ടിയിടിപ്പിച്ച് തകർത്തുകളയും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.+ “ഞാൻ അവരോട് അനുകമ്പയോ കരുണയോ കാണിക്കില്ല; എനിക്കു ദുഃഖവും തോന്നില്ല. അവരെ ഞാൻ നിഗ്രഹിക്കും, തടയാൻ ഒന്നിനുമാകില്ല.”’+
15 ശ്രദ്ധിച്ചുകേൾക്കൂ!
ധാർഷ്ട്യം കാണിക്കരുത്; യഹോവയാണു സംസാരിച്ചിരിക്കുന്നത്.
16 ദൈവം ഇരുട്ടു വരുത്തുന്നതിനു മുമ്പേ,
മലകളിൽ ഇരുൾ വീണിട്ട് നിങ്ങളുടെ കാൽ ഇടറുന്നതിനു മുമ്പേ,
നിങ്ങളുടെ ദൈവമായ യഹോവയെ മഹത്ത്വപ്പെടുത്തുക.
നിങ്ങൾ വെളിച്ചം ഉണ്ടാകുമെന്നു പ്രതീക്ഷിക്കും;
പക്ഷേ ദൈവം കൂരിരുട്ടു വരുത്തും;
വെളിച്ചത്തെ കനത്ത മൂടലാക്കി മാറ്റും.+
17 നിങ്ങൾ ശ്രദ്ധിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ
നിങ്ങളുടെ അഹങ്കാരം ഓർത്ത് ആരും കാണാതെ ഞാൻ കരയും.
യഹോവയുടെ ആട്ടിൻപറ്റത്തെ+ ബന്ദികളായി കൊണ്ടുപോയിരിക്കയാൽ
ഞാൻ കണ്ണീർ പൊഴിക്കും; എന്റെ കണ്ണീർ ധാരധാരയായി ഒഴുകും.+
18 രാജാവിനോടും അമ്മമഹാറാണിയോടും* പറയുക:+ ‘താഴേക്ക് ഇറങ്ങി ഇരിക്കൂ!
നിങ്ങളുടെ മനോഹരമായ കിരീടം തലയിൽനിന്ന് വീണുപോകുമല്ലോ.’
19 തെക്കുള്ള നഗരങ്ങൾ അടച്ചിട്ടിരിക്കുന്നു;* അവ തുറക്കാൻ ആരുമില്ല.
യഹൂദയിലുള്ള എല്ലാവരെയും ബന്ദികളായി പിടിച്ചുകൊണ്ടുപോയിരിക്കുന്നു; ഒറ്റ ഒരാൾപ്പോലും അവിടെയില്ല.+
20 നിങ്ങൾ കണ്ണ് ഉയർത്തി വടക്കുനിന്ന് വരുന്നവരെ നോക്കൂ!+
നിനക്കു തന്ന ആട്ടിൻപറ്റം, അഴകുള്ള ആ ചെമ്മരിയാടുകൾ, എവിടെ?+
21 എന്നും ഉറ്റ ചങ്ങാതിമാരായി നിനക്കുണ്ടായിരുന്നവർതന്നെ
നിന്നെ ശിക്ഷിക്കുമ്പോൾ നീ എന്തു പറയും?+
പ്രസവവേദന അനുഭവിക്കുന്നവളെപ്പോലെ നീ വേദനയാൽ പുളയില്ലേ?+
22 ‘എനിക്ക് എന്താണ് ഇങ്ങനെയൊക്കെ സംഭവിച്ചത്’ എന്നു നീ ചിന്തിക്കും.+
നിന്റെ തെറ്റുകളുടെ ആധിക്യം കാരണമാണു നിന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞത്,+
നിന്റെ ഉപ്പൂറ്റി കഠിനവേദനയിലായത്.
23 ഒരു കൂശ്യനു* തന്റെ ചർമവും ഒരു പുള്ളിപ്പുലിക്ക് അതിന്റെ പുള്ളികളും മാറ്റാനാകുമോ?+
എങ്കിൽ മാത്രമേ, തിന്മ ചെയ്യാൻ ശീലിച്ച നിനക്കു
നന്മ ചെയ്യാൻ പറ്റൂ.
24 അതുകൊണ്ട്, മരുഭൂമിയിൽനിന്ന് വീശുന്ന കാറ്റ്, വയ്ക്കോൽ പറപ്പിക്കുന്നതുപോലെ ഞാൻ നിന്നെ ചിതറിക്കും.+
25 ഇതാണു നിന്റെ പങ്ക്; ഞാൻ അളന്നുവെച്ചിരിക്കുന്ന ഓഹരി” എന്ന് യഹോവ പ്രഖ്യാപിക്കുന്നു;
26 അതുകൊണ്ട്, ഞാൻ നിന്റെ വസ്ത്രം നിന്റെ മുഖംവരെ പൊക്കും;
നിന്റെ നഗ്നത ആളുകൾ കാണും.+
27 നിന്റെ വ്യഭിചാരവും+ കാമവെറിയോടെയുള്ള ചിനയ്ക്കലും
മ്ലേച്ഛമായ* വേശ്യാവൃത്തിയും അവർ കാണും.
കുന്നുകളിലും വയലുകളിലും
നിന്റെ വൃത്തികെട്ട പെരുമാറ്റം+ ഞാൻ കണ്ടു.
യരുശലേമേ, നിന്റെ കാര്യം മഹാകഷ്ടം!
എത്ര കാലംകൂടെ നീ ഇങ്ങനെ അശുദ്ധയായിരിക്കും?”+