പുറപ്പാട്
20 പിന്നെ ദൈവം ഈ കാര്യങ്ങൾ പറഞ്ഞു:+
2 “അടിമവീടായ ഈജിപ്ത് ദേശത്തുനിന്ന് നിന്നെ വിടുവിച്ച് കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയാണു ഞാൻ.+ 3 ഞാനല്ലാതെ* മറ്റു ദൈവങ്ങൾ നിനക്കുണ്ടാകരുത്.+
4 “മീതെ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള എന്തിന്റെയെങ്കിലും രൂപമോ വിഗ്രഹമോ നീ ഉണ്ടാക്കരുത്.+ 5 നീ അവയുടെ മുന്നിൽ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്.+ കാരണം നിന്റെ ദൈവമായ യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്.+ എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ തെറ്റിനുള്ള ശിക്ഷ ഞാൻ അവരുടെ മക്കളുടെ മേലും മൂന്നാം തലമുറയുടെ മേലും നാലാം തലമുറയുടെ മേലും വരുത്തും. 6 എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കല്പനകൾ അനുസരിക്കുന്നവരോട്+ ആയിരം തലമുറവരെ ഞാൻ അചഞ്ചലമായ സ്നേഹം കാണിക്കും.
7 “നിന്റെ ദൈവമായ യഹോവയുടെ പേര് നീ വിലയില്ലാത്ത രീതിയിൽ ഉപയോഗിക്കരുത്.+ തന്റെ പേര് വിലയില്ലാത്ത രീതിയിൽ ഉപയോഗിക്കുന്ന ആരെയും യഹോവ ശിക്ഷിക്കാതെ വിടില്ല.+
8 “ശബത്തുദിവസം വിശുദ്ധമായി കണക്കാക്കി അത് ആചരിക്കാൻ ഓർക്കുക.+ 9 ആറു ദിവസം നീ അധ്വാനിക്കണം, നിന്റെ പണികളെല്ലാം ചെയ്യണം.+ 10 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്കുള്ള ശബത്താണ്. അന്നു നീ ഒരു പണിയും ചെയ്യരുത്. നീയോ നിന്റെ മക്കളോ നിനക്ക് അടിമപ്പണി ചെയ്യുന്ന പുരുഷനോ സ്ത്രീയോ നിന്റെ വളർത്തുമൃഗമോ നിന്റെ അധിവാസസ്ഥലത്ത്* താമസമാക്കിയ വിദേശിയോ ആ ദിവസം പണിയൊന്നും ചെയ്യരുത്.+ 11 യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ആറു ദിവസംകൊണ്ട് ഉണ്ടാക്കിയിട്ട് ഏഴാം ദിവസം വിശ്രമിക്കാൻതുടങ്ങിയല്ലോ.+ അതുകൊണ്ടാണ്, യഹോവ ശബത്തുദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധമാക്കിയത്.
12 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ദീർഘായുസ്സോടിരിക്കാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക.+
16 “സഹമനുഷ്യന് എതിരെ സാക്ഷി പറയേണ്ടിവരുമ്പോൾ കള്ളസാക്ഷി പറയരുത്.+
17 “സഹമനുഷ്യന്റെ വീടു നീ മോഹിക്കരുത്. അവന്റെ ഭാര്യ,+ അവന് അടിമപ്പണി ചെയ്യുന്ന പുരുഷൻ, അവന് അടിമപ്പണി ചെയ്യുന്ന സ്ത്രീ, അവന്റെ കാള, കഴുത എന്നിങ്ങനെ സഹമനുഷ്യന്റേതൊന്നും നീ മോഹിക്കരുത്.”+
18 അപ്പോൾ ജനമെല്ലാം ഇടിമുഴക്കവും കൊമ്പുവിളിയും കേട്ടു. ഇടിമിന്നലും പർവതം പുകയുന്നതും അവർ കണ്ടു. ഇതെല്ലാം കാരണം പേടിച്ചുവിറച്ച അവർ ദൂരെ മാറി നിന്നു.+ 19 അവർ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളോടു സംസാരിച്ചാൽ മതി. ഞങ്ങൾ കേട്ടുകൊള്ളാം. ദൈവം ഞങ്ങളോടു സംസാരിക്കരുതേ. ദൈവം സംസാരിച്ചിട്ട് ഞങ്ങൾ മരിച്ചുപോയാലോ?”+ 20 അപ്പോൾ മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ പേടിക്കേണ്ടാ. കാരണം നിങ്ങളെ പരീക്ഷിക്കാനും+ നിങ്ങൾ പാപം ചെയ്യാതിരിക്കാൻ നിങ്ങളിൽ ദൈവഭയം+ ജനിപ്പിക്കാനും ആണ് സത്യദൈവം വന്നിരിക്കുന്നത്.” 21 ജനം തുടർന്നും ദൂരെത്തന്നെ നിന്നു. മോശയോ സത്യദൈവമുണ്ടായിരുന്ന ഇരുണ്ട മേഘത്തിന്റെ അടുത്തേക്കു ചെന്നു.+
22 അപ്പോൾ യഹോവ മോശയോടു പറഞ്ഞു: “ഇസ്രായേല്യരോടു നീ ഇങ്ങനെ പറയണം: ‘ഞാൻ ആകാശത്തുനിന്ന് നിങ്ങളോടു സംസാരിക്കുന്നതു+ നിങ്ങൾതന്നെ കണ്ടല്ലോ. 23 വെള്ളികൊണ്ടോ സ്വർണംകൊണ്ടോ ഉള്ള ദൈവങ്ങളെ നിങ്ങൾ ഉണ്ടാക്കരുത്.+ ഞാനല്ലാതെ വേറൊരു ദൈവം നിങ്ങൾക്കു കാണരുത്. 24 മണ്ണുകൊണ്ടുള്ള ഒരു യാഗപീഠം നിങ്ങൾ എനിക്കുവേണ്ടി ഉണ്ടാക്കണം. നിങ്ങളുടെ ദഹനയാഗങ്ങൾ, സഹഭോജനബലികൾ,* നിങ്ങളുടെ ആടുമാടുകൾ എന്നിവ അതിൽ അർപ്പിക്കണം. എന്റെ പേര് അനുസ്മരിക്കാൻ ഞാൻ ഇടവരുത്തുന്നിടത്തെല്ലാം+ ഞാൻ നിങ്ങളുടെ അടുത്ത് വന്ന് നിങ്ങളെ അനുഗ്രഹിക്കും. 25 നിങ്ങൾ എനിക്കുവേണ്ടി കല്ലുകൊണ്ടുള്ള ഒരു യാഗപീഠം പണിയുന്നെങ്കിൽ ആയുധം തൊടാത്ത കല്ലുകൾകൊണ്ട് വേണം അതു പണിയാൻ.+ കാരണം, അതിൽ കല്ലുളി തൊട്ടാൽ അത് അശുദ്ധമാകും. 26 നിങ്ങളുടെ ഗുഹ്യഭാഗങ്ങൾ* യാഗപീഠത്തിൽ പ്രദർശിതമാകാതിരിക്കാൻ നിങ്ങൾ അതിലേക്കു പടികൾ കയറി പോകരുത്.’