യോശുവ
22 പിന്നെ, യോശുവ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും വിളിച്ചുകൂട്ടി 2 അവരോടു പറഞ്ഞു: “യഹോവയുടെ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങൾ ചെയ്തിരിക്കുന്നു.+ ഞാൻ നിങ്ങളോടു കല്പിച്ച കാര്യങ്ങളെല്ലാം നിങ്ങൾ കേട്ടനുസരിച്ചിട്ടുമുണ്ട്.+ 3 ഇന്നേവരെ ഒരിക്കലും നിങ്ങൾ നിങ്ങളുടെ സഹോദരന്മാരെ കൈവെടിഞ്ഞിട്ടില്ല.+ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന അനുസരിക്കാനുള്ള കടപ്പാടു നിങ്ങൾ നിറവേറ്റിയിരിക്കുന്നു.+ 4 ഇപ്പോൾ, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാരോടു വാഗ്ദാനം ചെയ്തതുപോലെതന്നെ അവർക്കു സ്വസ്ഥത കൊടുത്തു.+ അതുകൊണ്ട്, യോർദാന്റെ മറുകരയിൽ* യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു കൈവശമാക്കാൻ തന്ന ദേശത്തുള്ള നിങ്ങളുടെ കൂടാരങ്ങളിലേക്കു നിങ്ങൾക്ക് ഇപ്പോൾ മടങ്ങിപ്പോകാം.+ 5 പക്ഷേ, നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും+ ദൈവത്തിന്റെ എല്ലാ വഴികളിലും നടക്കുകയും വേണം.+ ദൈവത്തിന്റെ കല്പനകൾ എല്ലാം പാലിച്ച്+ ദൈവത്തോടു പറ്റിനിൽക്കണം.+ നിങ്ങൾ നിങ്ങളുടെ മുഴുഹൃദയത്തോടെയും നിങ്ങളുടെ മുഴുദേഹിയോടെയും*+ ദൈവത്തെ സേവിക്കണം.+ അങ്ങനെ, യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു തന്ന നിയമവും കല്പനയും അനുസരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.”+
6 പിന്നെ, യോശുവ അവരെ അനുഗ്രഹിച്ച് യാത്രയാക്കി. അവരോ അവരുടെ കൂടാരങ്ങളിലേക്കു പോയി. 7 മനശ്ശെയുടെ പാതി ഗോത്രത്തിനു മോശ ബാശാനിൽ+ അവകാശം കൊടുത്തിരുന്നു. മറ്റേ പാതി ഗോത്രത്തിന് അവരുടെ സഹോദരന്മാരുടെകൂടെ യോശുവ യോർദാനു പടിഞ്ഞാറ് സ്ഥലം കൊടുത്തു.+ അതിനു പുറമേ, യോശുവ അവരെ തങ്ങളുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചപ്പോൾ അവരെ അനുഗ്രഹിച്ച് 8 ഇങ്ങനെ പറയുകയും ചെയ്തു: “ധാരാളം സമ്പത്ത്, വളരെയധികം മൃഗങ്ങൾ, അനവധി വസ്ത്രങ്ങൾ, സ്വർണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നിവയെല്ലാംകൊണ്ട് നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങുക.+ ശത്രുക്കളെ കൊള്ളയടിച്ച് കിട്ടിയതു+ നിങ്ങളും സഹോദരന്മാരും വീതിച്ച് എടുത്തുകൊള്ളുക.”
9 അതിനു ശേഷം, രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും മറ്റ് ഇസ്രായേല്യരെ വിട്ട് കനാൻ ദേശത്തെ ശീലോയിൽനിന്ന് യാത്രയായി. മോശയിലൂടെ യഹോവ കല്പിച്ചതനുസരിച്ച്+ അവർ താമസമാക്കിയിരുന്ന അവരുടെ അവകാശദേശമായ ഗിലെയാദ് ദേശത്തേക്ക് അവർ മടങ്ങിപ്പോയി.+ 10 കനാൻ ദേശത്തെ യോർദാൻപ്രദേശത്ത് എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും അവിടെ യോർദാനു സമീപം ഒരു യാഗപീഠം പണിതു, വലുതും ഗംഭീരവും ആയ ഒരു യാഗപീഠം! 11 പിന്നീട്, മറ്റ് ഇസ്രായേല്യരുടെ അടുത്ത് ഈ വാർത്ത+ എത്തി: “ഇതാ! രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും കനാൻ ദേശത്തിന്റെ അതിർത്തിയിൽ യോർദാൻപ്രദേശത്ത്, ഇസ്രായേല്യർക്ക് അവകാശപ്പെട്ട പടിഞ്ഞാറുവശത്ത്, ഒരു യാഗപീഠം പണിതിരിക്കുന്നു.” 12 ഇതു കേട്ട ഇസ്രായേല്യസമൂഹം മുഴുവനും അവരോടു യുദ്ധത്തിനു പോകാൻ ശീലോയിൽ+ ഒന്നിച്ചുകൂടി.
13 പിന്നെ, ഇസ്രായേല്യർ പുരോഹിതനായ എലെയാസരിന്റെ മകൻ ഫിനെഹാസിനെ+ ഗിലെയാദ് ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതി ഗോത്രത്തിന്റെയും അടുത്തേക്ക് അയച്ചു. 14 എല്ലാ ഇസ്രായേൽഗോത്രങ്ങളുടെയും ഓരോ പിതൃഭവനത്തിൽനിന്നും ഒരു അധിപൻ വീതം പത്ത് അധിപന്മാർ ഫിനെഹാസിന്റെകൂടെയുണ്ടായിരുന്നു. അവരെല്ലാം ഇസ്രായേൽസഹസ്രങ്ങളിൽ* അവരവരുടെ പിതൃഭവനത്തിന്റെ തലവന്മാരായിരുന്നു.+ 15 അവർ ഗിലെയാദ് ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതി ഗോത്രത്തിന്റെയും അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു:
16 “യഹോവയുടെ സഭ ഒന്നടങ്കം ചോദിക്കുന്നു: ‘നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്, ഇസ്രായേലിന്റെ ദൈവത്തോട് അവിശ്വസ്തത കാട്ടുന്നോ?+ നിങ്ങൾ നിങ്ങൾക്കുവേണ്ടി ഒരു യാഗപീഠം ഉണ്ടാക്കി യഹോവയെ ധിക്കരിച്ച് യഹോവയെ അനുഗമിക്കുന്നതിൽനിന്ന് ഇപ്പോൾ പിന്മാറിയിരിക്കുന്നു.+ 17 പെയോരിൽവെച്ച് ചെയ്ത തെറ്റുകൊണ്ടൊന്നും നമുക്കു മതിയായില്ലേ? യഹോവയുടെ ജനത്തിന്മേൽ ബാധ വന്നിട്ടുപോലും+ നമ്മൾ ആ തെറ്റിൽനിന്ന് നമ്മളെത്തന്നെ ഇന്നുവരെ ശുദ്ധീകരിച്ചിട്ടില്ല. 18 എന്നിട്ട്, ഇപ്പോൾ നിങ്ങൾ യഹോവയെ അനുഗമിക്കുന്നതിൽനിന്ന് പിന്മാറുന്നോ? ഇന്നു നിങ്ങൾ യഹോവയെ ധിക്കരിച്ചാൽ നാളെ ദൈവം ഇസ്രായേൽസമൂഹത്തോടു മുഴുവൻ കോപിക്കും.+ 19 ഇനി, നിങ്ങളുടെ അവകാശദേശം അശുദ്ധമാണെന്നു നിങ്ങൾക്കു തോന്നുന്നതാണു കാര്യമെങ്കിൽ അക്കരെ യഹോവയുടെ വിശുദ്ധകൂടാരം സ്ഥിതിചെയ്യുന്ന+ യഹോവയുടെ അവകാശദേശത്തേക്കു+ വന്ന് ഞങ്ങളുടെ ഇടയിൽ താമസമാക്കുക. പക്ഷേ, യഹോവയെ ധിക്കരിക്കുക മാത്രമരുത്. നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിനു പുറമേ നിങ്ങൾക്കുവേണ്ടി മറ്റൊരു യാഗപീഠം പണിത് ഞങ്ങളെയുംകൂടെ ധിക്കാരികളാക്കരുത്.+ 20 നശിപ്പിച്ചുകളയേണ്ട വസ്തുക്കളുടെ കാര്യത്തിൽ സേരഹിന്റെ മകനായ ആഖാൻ+ അവിശ്വസ്തത കാണിച്ചപ്പോൾ+ മുഴുവൻ ഇസ്രായേൽസമൂഹവും ദൈവത്തിന്റെ ധാർമികരോഷത്തിന് ഇരയായില്ലേ? ആഖാന്റെ തെറ്റുകൊണ്ട് ആ ഒരാൾ മാത്രമല്ലല്ലോ മരിച്ചത്.’”+
21 അപ്പോൾ, രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും ഇസ്രായേൽസഹസ്രങ്ങളുടെ അധിപന്മാരോടു+ പറഞ്ഞു: 22 “ദൈവാധിദൈവമായ യഹോവ!+ ദൈവാധിദൈവമായ യഹോവ! ആ ദൈവത്തിന് അറിയാം, ഇസ്രായേലും അറിയും. ഞങ്ങൾ യഹോവയെ ധിക്കരിക്കുകയോ അവിശ്വസ്തത കാട്ടുകയോ ചെയ്തെങ്കിൽ ഞങ്ങളെ ഇന്നു വെറുതേ വിടേണ്ടാ. 23 യഹോവയെ അനുഗമിക്കുന്നതിൽനിന്ന് പിന്മാറാനും ദഹനയാഗങ്ങൾ, ധാന്യയാഗങ്ങൾ, സഹഭോജനബലികൾ എന്നിവ അർപ്പിക്കാനും ആണ് ഞങ്ങൾ യാഗപീഠം പണിതതെങ്കിൽ യഹോവ ഞങ്ങളെ ശിക്ഷിക്കട്ടെ.+ 24 വാസ്തവത്തിൽ, മറ്റൊരു ആശങ്കയുള്ളതുകൊണ്ടാണു ഞങ്ങൾ ഇതു ചെയ്തത്. ഞങ്ങൾ ഇങ്ങനെ ചിന്തിച്ചുപോയി: ‘ഭാവിയിൽ നിങ്ങളുടെ പുത്രന്മാർ ഞങ്ങളുടെ പുത്രന്മാരോട് ഇങ്ങനെ പറഞ്ഞാലോ: “ഇസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്ക് എന്തു കാര്യം? 25 യഹോവ ഞങ്ങൾക്കും രൂബേന്യരും ഗാദ്യരും ആയ നിങ്ങൾക്കും ഇടയിൽ യോർദാൻ അതിരായി വെച്ചിരിക്കുന്നു. യഹോവയിൽ നിങ്ങൾക്ക് ഒരു ഓഹരിയുമില്ല.” അങ്ങനെ, യഹോവയെ ആരാധിക്കുന്നതിൽനിന്ന്* നിങ്ങളുടെ പുത്രന്മാർ ഞങ്ങളുടെ പുത്രന്മാരെ തടയും.’
26 “അതുകൊണ്ട് ഞങ്ങൾ പറഞ്ഞു: ‘നമ്മൾ ഇപ്പോൾ എന്തെങ്കിലും ചെയ്തേ തീരൂ. നമുക്ക് ഒരു യാഗപീഠം പണിയാം; ദഹനയാഗങ്ങൾക്കും ബലികൾക്കും വേണ്ടിയല്ല 27 മറിച്ച്, യഹോവയുടെ സന്നിധിയിൽ ദഹനയാഗങ്ങളും ബലികളും സഹഭോജനബലികളും അർപ്പിച്ചുകൊണ്ട്+ ഞങ്ങൾ ദൈവത്തിനു ശുശ്രൂഷ ചെയ്യുമെന്നതിനു നിങ്ങൾക്കും ഞങ്ങൾക്കും നമ്മുടെ വരുംതലമുറകൾക്കും മധ്യേ ഒരു സാക്ഷിയായിരിക്കാൻവേണ്ടിയാണ്+ ആ യാഗപീഠം. അങ്ങനെയാകുമ്പോൾ, ഭാവിയിൽ നിങ്ങളുടെ പുത്രന്മാർ ഞങ്ങളുടെ പുത്രന്മാരോട്, “യഹോവയിൽ നിങ്ങൾക്ക് ഒരു ഓഹരിയുമില്ല” എന്നു പറയാൻ ഇടവരില്ല.’ 28 അതുകൊണ്ട്, ഞങ്ങൾ പറഞ്ഞു: ‘ഭാവിയിൽ ഞങ്ങളോടും ഞങ്ങളുടെ വരുംതലമുറകളോടും അവർ അങ്ങനെ പറയുന്നെങ്കിൽ, ഞങ്ങൾ പറയും: “ഞങ്ങളുടെ പൂർവികർ ഉണ്ടാക്കിയ, യഹോവയുടെ യാഗപീഠത്തിന്റെ തനിപ്പകർപ്പു കണ്ടോ. ഇതു ദഹനയാഗങ്ങളോ ബലികളോ അർപ്പിക്കാനല്ല മറിച്ച്, നിങ്ങൾക്കും ഞങ്ങൾക്കും മധ്യേ ഒരു സാക്ഷിയായിരിക്കാൻവേണ്ടി ഉണ്ടാക്കിയതാണ്.”’ 29 വിശുദ്ധകൂടാരത്തിനു മുന്നിലുള്ള, നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠമല്ലാതെ ദഹനയാഗങ്ങൾക്കോ ധാന്യയാഗങ്ങൾക്കോ ബലികൾക്കോ വേണ്ടി മറ്റൊരു യാഗപീഠം പണിത് യഹോവയെ ധിക്കരിക്കുന്നതിനെക്കുറിച്ചും+ ദൈവത്തെ അനുഗമിക്കുന്നതിൽനിന്ന് പിന്മാറുന്നതിനെക്കുറിച്ചും ഞങ്ങൾക്കു ചിന്തിക്കാനേ കഴിയില്ല!”+
30 രൂബേൻ, ഗാദ്, മനശ്ശെ എന്നിവരുടെ വംശജർ പറഞ്ഞതു പുരോഹിതനായ ഫിനെഹാസും കൂടെയുണ്ടായിരുന്ന ഇസ്രായേൽസഹസ്രങ്ങളുടെ അധിപന്മാരായ സമൂഹത്തലവന്മാരും+ കേട്ടപ്പോൾ അവർക്കു തൃപ്തിയായി. 31 അതുകൊണ്ട് രൂബേൻ, ഗാദ്, മനശ്ശെ എന്നിവരുടെ വംശജരോടു പുരോഹിതനായ എലെയാസരിന്റെ മകൻ ഫിനെഹാസ് പറഞ്ഞു: “നിങ്ങൾ ഇക്കാര്യത്തിൽ യഹോവയോട് അവിശ്വസ്തത കാട്ടിയിട്ടില്ലാത്തതുകൊണ്ട് യഹോവ നമ്മുടെ ഇടയിലുണ്ടെന്ന് ഇന്നു ഞങ്ങൾ അറിയുന്നു. ഇപ്പോൾ, നിങ്ങൾ യഹോവയുടെ കൈയിൽനിന്ന് ഇസ്രായേല്യരെ രക്ഷിച്ചിരിക്കുന്നു.”
32 പുരോഹിതനായ എലെയാസരിന്റെ മകൻ ഫിനെഹാസും തലവന്മാരും ഗിലെയാദ് ദേശത്തുള്ള രൂബേന്യരുടെയും ഗാദ്യരുടെയും അടുത്തുനിന്ന് കനാൻ ദേശത്ത് മടങ്ങിവന്ന് മറ്റ് ഇസ്രായേല്യരെ വിവരം ധരിപ്പിച്ചു. 33 അത് അറിഞ്ഞപ്പോൾ അവർക്കു സമാധാനമായി. ഇസ്രായേല്യർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും താമസിക്കുന്ന ദേശം നശിപ്പിക്കാൻവേണ്ടി അവരോടു യുദ്ധത്തിനു പോകുന്നതിനെക്കുറിച്ച് അവർ പിന്നെ ഒന്നും പറഞ്ഞില്ല.
34 അതുകൊണ്ട്, “യഹോവയാണു സത്യദൈവം എന്നതിന് ഇതു നമുക്കു മധ്യേ ഒരു സാക്ഷി” എന്നു പറഞ്ഞ് രൂബേന്യരും ഗാദ്യരും യാഗപീഠത്തിനു പേരിട്ടു.*