ദിനവൃത്താന്തം ഒന്നാം ഭാഗം
29 ദാവീദ് രാജാവ് സഭയോടു മുഴുവൻ ഇങ്ങനെ പറഞ്ഞു: “ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ+ ചെറുപ്പമാണ്; അവനു വേണ്ടത്ര അനുഭവപരിചയമില്ല.+ എന്നാൽ ഈ ദേവാലയം* മനുഷ്യനുവേണ്ടിയുള്ള ഒന്നല്ല, ദൈവമായ യഹോവയ്ക്കുവേണ്ടിയുള്ളതാണ്.+ അതുകൊണ്ടുതന്നെ വലിയൊരു ജോലിയാണു നമ്മുടെ മുന്നിലുള്ളത്. 2 എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ എന്റെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി ചെയ്തിട്ടുണ്ട്. അതിന്റെ പണിക്കുവേണ്ട സ്വർണവും വെള്ളിയും ചെമ്പും ഇരുമ്പും+ തടിയും+ നഖവർണിക്കല്ലുകളും ചെറിയ അലങ്കാരക്കല്ലുകളും അമൂല്യമായ എല്ലാ തരം കല്ലുകളും ചാന്തു ചേർത്ത് ഉറപ്പിക്കേണ്ട വിശേഷപ്പെട്ട കല്ലുകളും അനേകം വെൺകല്ലുകളും ഞാൻ ശേഖരിച്ചുവെച്ചിട്ടുണ്ട്. 3 എന്റെ ദൈവത്തിന്റെ ഭവനത്തോടുള്ള പ്രത്യേകതാത്പര്യം+ കാരണം, വിശുദ്ധഭവനത്തിനുവേണ്ടി ഞാൻ ഒരുക്കിവെച്ചിട്ടുള്ള എല്ലാത്തിനും പുറമേ, എന്റെ സ്വന്തം ഖജനാവിലെ+ സ്വർണവും വെള്ളിയും കൂടി ഞാൻ എന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു കൊടുക്കുന്നു. 4 അതായത്, ഓഫീരിൽനിന്നുള്ള+ 3,000 താലന്തു* സ്വർണം, 7,000 താലന്തു ശുദ്ധീകരിച്ച വെള്ളി എന്നിവ ഭവനങ്ങളുടെ ചുവരുകൾ പൊതിയുന്നതിനും 5 സ്വർണം, വെള്ളി എന്നിവകൊണ്ടുള്ള പണികൾക്കും ശില്പികളുടെ എല്ലാ തരം പണികൾക്കും വേണ്ടി ഞാൻ ഇതാ, കൊടുക്കുന്നു. ഇനി നിങ്ങളിൽ ആരെല്ലാമാണ് ഇന്ന് യഹോവയ്ക്കു കാഴ്ചയുമായി+ മുന്നോട്ടു വരാൻ ആഗ്രഹിക്കുന്നത്?”
6 അപ്പോൾ പിതൃഭവനങ്ങളുടെ പ്രഭുക്കന്മാരും ഇസ്രായേൽഗോത്രങ്ങളുടെ പ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും+ രാജാവിന്റെ കാര്യാദികൾ നോക്കിനടത്തിയിരുന്ന പ്രമാണിമാരും+ മനസ്സോടെ മുന്നോട്ടു വന്നു. 7 അവർ സത്യദൈവത്തിന്റെ ഭവനത്തിലെ സേവനങ്ങൾക്കുവേണ്ടി 5,000 താലന്തു സ്വർണവും 10,000 ദാരിക്കും* 10,000 താലന്തു വെള്ളിയും 18,000 താലന്തു ചെമ്പും 1,00,000 താലന്ത് ഇരുമ്പും കൊടുത്തു. 8 അമൂല്യരത്നങ്ങൾ കൈവശമുണ്ടായിരുന്നവർ അവ യഹോവയുടെ ഭവനത്തിലെ ഖജനാവിലേക്കു കൊണ്ടുവന്ന് അതിന്റെ ചുമതല വഹിച്ചിരുന്ന ഗർശോന്യനായ+ യഹീയേലിനെ+ ഏൽപ്പിച്ചു. 9 തങ്ങൾ മനസ്സോടെ നൽകിയ ഈ കാഴ്ചകൾ നിമിത്തം ജനം വളരെ സന്തോഷിച്ചു. കാരണം പൂർണഹൃദയത്തോടെയാണ്+ അവർ അത് യഹോവയ്ക്കു നൽകിയത്. ദാവീദ് രാജാവിനും വളരെ സന്തോഷമായി.
10 പിന്നെ ദാവീദ് സഭ മുഴുവൻ കാൺകെ യഹോവയെ സ്തുതിച്ചുകൊണ്ട് പറഞ്ഞു: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് നിത്യതയിലെന്നും* വാഴ്ത്തപ്പെടട്ടെ. 11 യഹോവേ, മഹത്ത്വവും+ ശക്തിയും+ മഹിമയും തേജസ്സും പ്രതാപവും+ അങ്ങയ്ക്കുള്ളതാണ്; ആകാശത്തിലും ഭൂമിയിലും ഉള്ള സകലവും അങ്ങയുടേതല്ലോ.+ യഹോവേ, രാജ്യം അങ്ങയുടേതാണ്.+ സകലത്തിനും മീതെ തലയായി അങ്ങ് അങ്ങയെത്തന്നെ ഉയർത്തിയിരിക്കുന്നു. 12 സമ്പത്തും കീർത്തിയും അങ്ങയിൽനിന്ന് വരുന്നു;+ അങ്ങ് സകലത്തെയും ഭരിക്കുന്നു.+ ബലവും+ ശക്തിയും+ അങ്ങയുടെ കൈകളിലുണ്ട്. സകലത്തിനും മഹത്ത്വവും+ ബലവും+ നൽകുന്നത് അങ്ങയുടെ കൈകളാണ്. 13 ഞങ്ങളുടെ ദൈവമേ, ഞങ്ങൾ ഇതാ, അങ്ങയോടു നന്ദി പറയുകയും അങ്ങയുടെ മഹനീയനാമത്തെ സ്തുതിക്കുകയും ചെയ്യുന്നു.
14 “എന്നാൽ ഇങ്ങനെ കാഴ്ചകൾ കൊണ്ടുവരാൻ എനിക്കും എന്റെ ജനത്തിനും എന്തു യോഗ്യതയാണുള്ളത്? സകലവും അങ്ങയിൽനിന്നുള്ളതാണല്ലോ; അങ്ങയുടെ കൈകളിൽനിന്ന് ലഭിച്ചതു ഞങ്ങൾ അങ്ങയ്ക്കു തിരികെ തരുന്നെന്നേ ഉള്ളൂ. 15 പൂർവികരെപ്പോലെ+ ഞങ്ങളും തിരുമുമ്പാകെ പരദേശികളും കുടിയേറിപ്പാർത്തവരും ആണല്ലോ. ഭൂമിയിൽ ഞങ്ങളുടെ നാളുകൾ നിഴൽപോലെയാണ്,+ പ്രത്യാശയ്ക്ക് ഒരു വകയുമില്ല. 16 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ പരിശുദ്ധനാമത്തിനുവേണ്ടി ഒരു ഭവനം പണിയാൻ ഞങ്ങൾ സ്വരുക്കൂട്ടിയ ഈ സമ്പത്തെല്ലാം ഞങ്ങൾക്ക് അങ്ങയുടെ കൈയിൽനിന്ന് ലഭിച്ചതാണ്; എല്ലാം അങ്ങയുടേതാണ്. 17 എന്റെ ദൈവമേ, അങ്ങ് മനുഷ്യരുടെ ഹൃദയങ്ങളെ പരിശോധിക്കുകയും+ അവരുടെ നിഷ്കളങ്കതയിൽ*+ സന്തോഷിക്കുകയും ചെയ്യുന്നവനാണെന്ന് എനിക്കു നന്നായി അറിയാം. ഞാൻ ഇതാ, ശുദ്ധമായ* ഹൃദയത്തോടെ ഈ കാഴ്ചകൾ തിരുമുമ്പാകെ സമർപ്പിച്ചിരിക്കുന്നു. അങ്ങയുടെ ഈ ജനം അങ്ങയ്ക്കു സ്വമനസ്സാലെ കാഴ്ചകൾ കൊണ്ടുവന്നതിലും ഞാൻ വളരെ സന്തോഷിക്കുന്നു. 18 ഞങ്ങളുടെ പൂർവികരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവേ, ഈ ചിന്തകളും ചായ്വുകളും അങ്ങയുടെ ജനത്തിന്റെ ഹൃദയത്തിൽ എക്കാലവും നിലനിറുത്തി അവരുടെ ഹൃദയങ്ങളെ അങ്ങയിലേക്കു തിരിക്കേണമേ.+ 19 ഈ ദേവാലയത്തിന്റെ പണിക്കുവേണ്ട ഒരുക്കങ്ങളെല്ലാം+ ഞാൻ ചെയ്തിരിക്കുന്നു. ഈ ദേവാലയം പണിതുപൂർത്തിയാക്കേണ്ടതിനും അങ്ങയുടെ കല്പനകളും+ ഓർമിപ്പിക്കലുകളും ചട്ടങ്ങളും അനുസരിക്കേണ്ടതിനും എന്റെ മകനായ ശലോമോന് അങ്ങ് ഏകാഗ്രമായ* ഒരു ഹൃദയം+ നൽകേണമേ.”
20 പിന്നെ ദാവീദ് സഭയോടു മുഴുവൻ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയെ സ്തുതിക്കൂ!” അപ്പോൾ സഭ മുഴുവനും അവരുടെ പൂർവികരുടെ ദൈവമായ യഹോവയെ സ്തുതിച്ചു. അവർ യഹോവയുടെയും രാജാവിന്റെയും മുമ്പാകെ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു. 21 പിറ്റെ ദിവസവും അവർ യഹോവയ്ക്കു ബലി അർപ്പിക്കുകയും യഹോവയ്ക്കു ദഹനയാഗങ്ങൾ+ അർപ്പിക്കുകയും ചെയ്തു. അവർ 1,000 കാളക്കുട്ടികളെയും 1,000 ആൺചെമ്മരിയാടുകളെയും 1,000 ആൺചെമ്മരിയാട്ടിൻകുട്ടികളെയും അവയുടെ പാനീയയാഗങ്ങൾ+ സഹിതം അർപ്പിച്ചു. ഇസ്രായേൽ ജനത്തിനുവേണ്ടി അവർ കുറെ ബലികൾ അർപ്പിച്ചു.+ 22 അന്നേ ദിവസവും അവർ യഹോവയുടെ മുമ്പാകെ തിന്നുകുടിച്ച് ആഹ്ലാദിച്ചു.+ രണ്ടാമതും അവർ ദാവീദിന്റെ മകനായ ശലോമോനെ രാജാവാക്കി. യഹോവയുടെ മുമ്പാകെ അവർ ശലോമോനെ അവരുടെ നായകനായും സാദോക്കിനെ പുരോഹിതനായും+ അഭിഷേകം ചെയ്തു.+ 23 അങ്ങനെ ശലോമോൻ അപ്പനായ ദാവീദിനു പകരം യഹോവയുടെ സിംഹാസനത്തിൽ ഇരുന്നു.+ ശലോമോന്റെ ഭരണം മേൽക്കുമേൽ പുരോഗതി നേടി; ഇസ്രായേല്യരെല്ലാം ശലോമോനെ അനുസരിച്ചു. 24 എല്ലാ പ്രഭുക്കന്മാരും+ വീരയോദ്ധാക്കളും+ ദാവീദ് രാജാവിന്റെ എല്ലാ ആൺമക്കളും+ ശലോമോൻ രാജാവിനു കീഴ്പെട്ടിരുന്നു. 25 യഹോവ ശലോമോനെ എല്ലാ ഇസ്രായേലിന്റെയും മുമ്പാകെ അതിശ്രേഷ്ഠനാക്കി; ഇസ്രായേലിൽ മുമ്പ് ഒരു രാജാവിനും ഉണ്ടായിട്ടില്ലാത്തത്ര+ രാജകീയപ്രതാപവും കനിഞ്ഞുനൽകി.
26 യിശ്ശായിയുടെ മകനായ ദാവീദ് ഇസ്രായേലിനെ മുഴുവൻ ഭരിച്ചു. 27 ദാവീദ് 40 വർഷം ഇസ്രായേലിൽ ഭരണം നടത്തി; 7 വർഷം ഹെബ്രോനിലും+ 33 വർഷം യരുശലേമിലും.+ 28 സമ്പത്തും മഹത്ത്വവും നേടി ദീർഘകാലം ജീവിച്ച് തൃപ്തനായി ദാവീദ് നല്ല വാർധക്യത്തിൽ+ മരിച്ചു; ദാവീദിന്റെ മകൻ ശലോമോൻ അടുത്ത രാജാവായി.+ 29 ദിവ്യജ്ഞാനിയായ ശമുവേലിന്റെയും പ്രവാചകനായ നാഥാന്റെയും+ ദിവ്യദർശിയായ ഗാദിന്റെയും+ വിവരണങ്ങളിൽ ദാവീദ് രാജാവിന്റെ ചരിത്രം ആദിയോടന്തം രേഖപ്പെടുത്തിയിട്ടുണ്ട്. 30 ദാവീദിന്റെ ഭരണത്തെയും വീരകൃത്യങ്ങളെയും ദാവീദിനും ഇസ്രായേലിനും അയൽരാജ്യങ്ങൾക്കും അക്കാലത്ത് സംഭവിച്ച കാര്യങ്ങളെയും കുറിച്ച് അവയിൽ പറഞ്ഞിരിക്കുന്നു.