എബ്രായർക്ക് എഴുതിയ കത്ത്
1 പണ്ടുകാലത്ത് ദൈവം നമ്മുടെ പൂർവികരോടു പല പ്രാവശ്യം, പല വിധങ്ങളിൽ പ്രവാചകന്മാരിലൂടെ സംസാരിച്ചു.+ 2 എന്നാൽ ഈ അവസാനനാളുകളിൽ ദൈവം നമ്മളോടു പുത്രനിലൂടെ സംസാരിച്ചിരിക്കുന്നു.+ പുത്രനെയാണു ദൈവം എല്ലാത്തിനും അവകാശിയായി നിയമിച്ചിരിക്കുന്നത്;+ പുത്രനിലൂടെയാണു ദൈവം വ്യവസ്ഥിതികൾ* സൃഷ്ടിച്ചത്.+ 3 പുത്രൻ ദൈവതേജസ്സിന്റെ പ്രതിഫലനവും+ ദൈവത്തിന്റെ തനിപ്പകർപ്പും ആണ്.+ പുത്രൻ ശക്തിയുള്ള വചനംകൊണ്ട് എല്ലാത്തിനെയും നിലനിറുത്തുന്നു. നമ്മളെ പാപങ്ങളിൽനിന്ന് ശുദ്ധീകരിച്ചശേഷം+ പുത്രൻ ഉന്നതങ്ങളിൽ അത്യുന്നതന്റെ വലതുഭാഗത്ത് ഇരുന്നു.+ 4 അങ്ങനെ ദൈവദൂതന്മാരുടേതിനെക്കാൾ ഉത്തമമായ+ ഒരു പേരിന് അവകാശിയായിക്കൊണ്ട് പുത്രൻ അവരെക്കാൾ ശ്രേഷ്ഠനായി.+
5 ദൈവം ഏതെങ്കിലും ഒരു ദൂതനോട്, “നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു”+ എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? “ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും”+ എന്നു പറഞ്ഞിട്ടുണ്ടോ? 6 എന്നാൽ മൂത്ത മകനെ+ വീണ്ടും ലോകത്തേക്ക് അയയ്ക്കുമ്പോൾ, “എല്ലാ ദൈവദൂതന്മാരും അവനെ വണങ്ങട്ടെ”* എന്നു ദൈവം പറയുന്നു.
7 “ദൈവം തന്റെ ദൂതന്മാരെ കാറ്റും* ശുശ്രൂഷകന്മാരെ+ തീജ്വാലയും ആക്കുന്നു”+ എന്നു ദൈവം ദൂതന്മാരെക്കുറിച്ച് പറയുന്നു. 8 എന്നാൽ പുത്രനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദൈവമാണ് എന്നുമെന്നേക്കും അങ്ങയുടെ സിംഹാസനം!+ അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോൽ നേരിന്റെ* ചെങ്കോലാണ്! 9 അങ്ങ് നീതിയെ സ്നേഹിച്ചു, ധിക്കാരത്തെ* വെറുത്തു. അതുകൊണ്ടാണ് ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാളികളെക്കാൾ അധികം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്തത്.”+ 10 ഇങ്ങനെയും പറഞ്ഞിരിക്കുന്നു: “കർത്താവേ, തുടക്കത്തിൽ അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; അങ്ങയുടെ കൈകൾ ആകാശം സൃഷ്ടിച്ചു. 11 അവ നശിക്കും; പക്ഷേ അങ്ങ് നിലനിൽക്കും; വസ്ത്രംപോലെ അവയെല്ലാം പഴകിപ്പോകും. 12 അങ്ങ് അവയെ ഒരു മേലങ്കിപോലെ ചുരുട്ടും; വസ്ത്രം മാറ്റുന്നതുപോലെ അവയെ മാറ്റും. എന്നാൽ അങ്ങയ്ക്കു മാറ്റമില്ല; അങ്ങയുടെ ആയുസ്സിന് അവസാനമില്ല.”+
13 എന്നാൽ ദൈവം ഏതെങ്കിലും ഒരു ദൂതനോട്, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക”+ എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? 14 അവർ എല്ലാവരും വിശുദ്ധസേവനം ചെയ്യുന്ന ആത്മവ്യക്തികളല്ലേ?+ രക്ഷ അവകാശമാക്കാനുള്ളവരെ ശുശ്രൂഷിക്കാൻ ദൈവം അയയ്ക്കുന്നത് അവരെയല്ലേ?