ദിനവൃത്താന്തം ഒന്നാം ഭാഗം
11 പിന്നീട് ഇസ്രായേല്യരെല്ലാം ഹെബ്രോനിൽ+ ദാവീദിന്റെ അടുത്ത് ഒന്നിച്ചുകൂടി. അവർ പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ സ്വന്തം അസ്ഥിയും മാംസവും* ആണല്ലോ.+ 2 മുമ്പ് ശൗൽ രാജാവായിരുന്നപ്പോഴും അങ്ങായിരുന്നല്ലോ ഇസ്രായേലിന്റെ സൈന്യത്തെ നയിച്ചിരുന്നത്.*+ മാത്രമല്ല അങ്ങയുടെ ദൈവമായ യഹോവ അങ്ങയോട്, ‘എന്റെ ജനമായ ഇസ്രായേലിനെ നീ മേയ്ക്കും. നീ എന്റെ ജനമായ ഇസ്രായേലിന്റെ നേതാവാകും’ എന്നു പറയുകയും ചെയ്തിട്ടുണ്ട്.”+ 3 അങ്ങനെ ഇസ്രായേലിലെ മൂപ്പന്മാരെല്ലാം* ഹെബ്രോനിൽ രാജാവിന്റെ അടുത്ത് വന്നു. ദാവീദ് ഹെബ്രോനിൽവെച്ച് യഹോവയെ സാക്ഷിയാക്കി അവരുമായി ഒരു ഉടമ്പടി ചെയ്തു. അതിനു ശേഷം, ശമുവേലിലൂടെ യഹോവ പറഞ്ഞതുപോലെ+ അവർ ദാവീദിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു.+
4 പിന്നെ ദാവീദും എല്ലാ ഇസ്രായേലും കൂടി യരുശലേമിലേക്ക്, അതായത് യബൂസിലേക്ക്,+ പുറപ്പെട്ടു. യബൂസ്യരാണ്+ അക്കാലത്ത് അവിടെ താമസിച്ചിരുന്നത്. 5 “നിനക്ക് ഒരു കാലത്തും ഇവിടെ കാൽ കുത്താനാകില്ല!”+ എന്നു പറഞ്ഞ് യബൂസിൽ താമസിക്കുന്നവർ ദാവീദിനെ കളിയാക്കി. എന്നാൽ ദാവീദ് സീയോൻ+ കോട്ട പിടിച്ചെടുത്തു. അതു ദാവീദിന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. 6 ദാവീദ് പറഞ്ഞു: “യബൂസ്യരെ ആദ്യം ആക്രമിക്കുന്നവൻ തലവനും* പ്രഭുവും ആയിത്തീരും.” അങ്ങനെ സെരൂയയുടെ മകനായ യോവാബ്+ ആദ്യം പുറപ്പെട്ടു; യോവാബ് തലവനായിത്തീർന്നു. 7 ദാവീദ് ആ കോട്ടയിൽ താമസംതുടങ്ങി. അതുകൊണ്ടാണ് അവർ അതിനെ ദാവീദിന്റെ നഗരം എന്നു വിളിച്ചത്. 8 ദാവീദ് മില്ലോ* മുതൽ ചുറ്റോടുചുറ്റും നഗരം പണിതുറപ്പിച്ചു. നഗരത്തിന്റെ ബാക്കി ഭാഗം യോവാബ് പുതുക്കിപ്പണിതു. 9 അങ്ങനെ ദാവീദ് കൂടുതൽക്കൂടുതൽ ശക്തനായി.+ സൈന്യങ്ങളുടെ അധിപനായ യഹോവ ദാവീദിന്റെകൂടെയുണ്ടായിരുന്നു.
10 യഹോവ ഇസ്രായേലിനോടു വാഗ്ദാനം ചെയ്തതുപോലെ ദാവീദിനെ രാജാവാക്കുന്നതിൽ+ ദാവീദിന്റെ വീരയോദ്ധാക്കളുടെ തലവന്മാർ ഇസ്രായേൽ ജനത്തോടൊപ്പം ശക്തമായ പിന്തുണ നൽകി. 11 ഇവരാണു ദാവീദിന്റെ ആ വീരയോദ്ധാക്കൾ: ഒരു ഹഖ്മോന്യന്റെ മകനായ യാശോബെയാം.+ യാശോബെയാമായിരുന്നു മൂവരിൽ തലവൻ.+ യാശോബെയാം ഒരിക്കൽ കുന്തംകൊണ്ട് 300 പേരെ കൊന്നു!+ 12 അടുത്തത് അഹോഹ്യനായ+ ദോദൊയുടെ മകൻ എലെയാസർ.+ എലെയാസരും ആ മൂന്നു വീരയോദ്ധാക്കളിൽ ഒരാളായിരുന്നു. 13 ഫെലിസ്ത്യർ പസ്-ദമ്മീമിൽ+ യുദ്ധത്തിന് ഒന്നിച്ചുകൂടിയപ്പോൾ അവിടെ ദാവീദിനോടൊപ്പം എലെയാസരുമുണ്ടായിരുന്നു. പസ്-ദമ്മീമിൽ ഒരു ബാർളിവയലുണ്ടായിരുന്നു. ഫെലിസ്ത്യരെ പേടിച്ച് ജനം ഓടിപ്പോയി. 14 പക്ഷേ എലെയാസർ ആ വയലിന്റെ നടുവിൽ നിന്ന് പൊരുതി അതു സംരക്ഷിച്ച് ഫെലിസ്ത്യരെ വെട്ടിവീഴ്ത്തിക്കൊണ്ടിരുന്നു. അങ്ങനെ യഹോവ അവർക്കു വലിയൊരു വിജയം കൊടുത്തു.+
15 ഫെലിസ്ത്യരുടെ ഒരു സൈന്യം രഫായീം താഴ്വരയിൽ പാളയമടിച്ചിരിക്കുമ്പോൾ 30 തലവന്മാരിൽ 3 പേർ ദാവീദിന്റെ അടുത്ത് പാറയിലേക്ക്,+ അതായത് അദുല്ലാം ഗുഹയിലേക്ക്,+ ചെന്നു. 16 ദാവീദ് അപ്പോൾ ഒളിസങ്കേതത്തിൽ കഴിയുകയായിരുന്നു. ഫെലിസ്ത്യരുടെ ഒരു കാവൽസേനാകേന്ദ്രം ബേത്ത്ലെഹെമിലുണ്ടായിരുന്നു. 17 ദാവീദ് വലിയൊരു ആഗ്രഹം പറഞ്ഞു: “ബേത്ത്ലെഹെംകവാടത്തിന്+ അടുത്തുള്ള ജലസംഭരണിയിൽനിന്ന്* കുറച്ച് വെള്ളം കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ!” 18 അപ്പോൾ ആ മൂന്നു പേർ ഫെലിസ്ത്യപാളയത്തിലേക്കു ബലം പ്രയോഗിച്ച് കടന്നുചെന്ന് ബേത്ത്ലെഹെംകവാടത്തിന് അടുത്തുള്ള ജലസംഭരണിയിൽനിന്ന് വെള്ളം കോരി ദാവീദിനു കൊണ്ടുവന്ന് കൊടുത്തു. പക്ഷേ ദാവീദ് അതു കുടിക്കാൻ കൂട്ടാക്കാതെ യഹോവയുടെ സന്നിധിയിൽ നിലത്ത് ഒഴിച്ചു. 19 ദാവീദ് പറഞ്ഞു: “ഞാൻ എന്റെ ദൈവത്തെ ഭയപ്പെടുന്നു. അതുകൊണ്ട് ഇതു കുടിക്കുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല. സ്വന്തം ജീവൻ പണയംവെച്ചാണ് ഇവർ ഇതു കൊണ്ടുവന്നത്. ജീവൻ അപകടപ്പെടുത്തി അവിടേക്കു പോയ ഇവരുടെ രക്തം ഞാൻ കുടിക്കാനോ!”+ ദാവീദ് അതു കുടിക്കാൻ വിസമ്മതിച്ചു. ഇതെല്ലാമാണു ദാവീദിന്റെ മൂന്നു യോദ്ധാക്കളുടെ വീരകൃത്യങ്ങൾ.
20 യോവാബിന്റെ+ സഹോദരനായ അബീശായി+ വേറെ മൂന്നു പേരിൽ തലവനായിത്തീർന്നു. അബീശായി കുന്തംകൊണ്ട് 300 പേരെ കൊന്നു. ആദ്യത്തെ മൂന്നു പേരെപ്പോലെ അയാളും കീർത്തി നേടി.+ 21 മറ്റേ മൂവരിൽ അബീശായിയായിരുന്നു മികച്ചുനിന്നത്; അയാൾ അവരുടെ തലവനുമായിരുന്നു. എന്നിട്ടും ആദ്യത്തെ മൂവരുടെ നിരയിലേക്ക് അയാൾ എത്തിയില്ല.
22 യഹോയാദയുടെ മകനായ ബനയ+ ധീരനായിരുന്നു;* ബനയ കെബ്സെയേലിൽ+ കുറെ വീരകൃത്യങ്ങൾ ചെയ്തു. മോവാബുകാരനായ അരിയേലിന്റെ രണ്ട് ആൺമക്കളെ ബനയ വെട്ടിവീഴ്ത്തി; മഞ്ഞുവീഴ്ചയുള്ള ഒരു ദിവസം ഒരു കുഴിയിലേക്ക് ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു.+ 23 അഞ്ചു മുഴം* ഉയരമുള്ള ഭീമാകാരനായ ഒരു ഈജിപ്തുകാരനെയും+ ബനയ കൊന്നു. ആ ഈജിപ്തുകാരന്റെ കൈയിൽ നെയ്ത്തുകാരുടെ ഉരുളൻതടിപോലുള്ള ഒരു കുന്തമുണ്ടായിരുന്നെങ്കിലും+ ബനയ വെറുമൊരു വടിയുമായി അയാളുടെ നേരെ ചെന്ന് ആ കുന്തം പിടിച്ചുവാങ്ങി അതുകൊണ്ടുതന്നെ അയാളെ കൊന്നു.+ 24 ഇതെല്ലാമാണ് യഹോയാദയുടെ മകനായ ബനയ ചെയ്തത്. ആ മൂന്നു വീരയോദ്ധാക്കളെപ്പോലെ ഇയാളും കീർത്തി നേടി. 25 ബനയ ആ മുപ്പതു പേരെക്കാൾ മികച്ചുനിന്നെങ്കിലും ആ മൂന്നു പേരുടെ+ നിരയിലേക്ക് ഉയർന്നില്ല. എന്നാൽ ദാവീദ് ബനയയെ തന്റെ അംഗരക്ഷകരുടെ തലവനായി നിയമിച്ചു.
26 സൈന്യത്തിലെ വീരയോദ്ധാക്കൾ ഇവരായിരുന്നു: യോവാബിന്റെ സഹോദരനായ അസാഹേൽ,+ ബേത്ത്ലെഹെമിലെ ദോദൊയുടെ മകൻ എൽഹാനാൻ,+ 27 ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്, 28 തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈര,+ അനാഥോത്യനായ അബിയേസർ,+ 29 ഹൂശത്യനായ സിബ്ബെഖായി,+ അഹോഹ്യനായ ഈലായി, 30 നെതോഫത്യനായ മഹരായി,+ നെതോഫത്യനായ ബാനെയുടെ മകൻ ഹേലെദ്,+ 31 ബന്യാമീന്യരുടെ+ ഗിബെയയിലെ രീബായിയുടെ മകൻ ഈഥായി, പിരാഥോന്യനായ ബനയ, 32 ഗായശ്നീർച്ചാലുകളുടെ*+ അടുത്തുനിന്നുള്ള ഹൂരായി, അർബാത്യനായ അബിയേൽ, 33 ബഹൂരീമ്യനായ അസ്മാവെത്ത്, ശാൽബോന്യനായ എല്യഹ്ബ, 34 ഗിസോന്യനായ ഹശേമിന്റെ ആൺമക്കൾ, ഹരാര്യനായ ശാഗേയുടെ മകൻ യോനാഥാൻ, 35 ഹരാര്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകൻ എലീഫാൽ, 36 മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയ, 37 കർമേല്യനായ ഹെസ്രൊ, എസ്ബായിയുടെ മകൻ നയരായി, 38 നാഥാന്റെ സഹോദരൻ യോവേൽ, ഹഗ്രിയുടെ മകൻ മിബ്ഹാർ, 39 അമ്മോന്യനായ സേലെക്ക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകൻ ബരോത്യനായ നഹരായി, 40 യിത്രിയനായ ഈര, യിത്രിയനായ ഗാരേബ്, 41 ഹിത്യനായ ഊരിയാവ്,+ അഹ്ലായിയുടെ മകൻ സാബാദ്, 42 രൂബേന്യരുടെ ഒരു തലവനും രൂബേന്യനായ ശീസയുടെ മകനും ആയ അദീന, അദീനയോടുകൂടെയുള്ള 30 പേർ, 43 മാഖയുടെ മകൻ ഹാനാൻ, മിത്ന്യനായ യോശാഫാത്ത്, 44 അസ്താരോത്യനായ ഉസ്സിയ, അരോവേര്യനായ ഹോഥാമിന്റെ ആൺമക്കളായ ശാമയും യയീയേലും, 45 ശിമ്രിയുടെ മകനായ യദിയയേൽ, യദിയയേലിന്റെ സഹോദരൻ തീസ്യനായ യോഹ, 46 മഹവ്യനായ എലീയേൽ, എൽനാമിന്റെ ആൺമക്കളായ യരീബായിയും യോശവ്യയും, മോവാബ്യനായ യിത്മ, 47 എലീയേൽ, ഓബേദ്, മെസോബ്യനായ യാസിയേൽ.