യഹസ്കേൽ
17 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 2 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തെക്കുറിച്ച് നീ ഒരു കടങ്കഥ+ പറയുക; ഒരു ദൃഷ്ടാന്തകഥ അറിയിക്കുക. 3 നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “വലിയ ചിറകും ചിറകിൽ നീണ്ട തൂവലുകളും ദേഹമാകെ നിറപ്പകിട്ടാർന്ന പപ്പുകളും ഉള്ള ഒരു വലിയ കഴുകൻ+ ലബാനോനിലേക്കു+ വന്ന് ദേവദാരു മരത്തിന്റെ മുകളറ്റം മുറിച്ചെടുത്തു.+ 4 അവൻ അതിന്റെ തുഞ്ചത്തെ ഇളംചില്ല കൊത്തിയെടുത്ത് വ്യാപാരികളുടെ ദേശത്ത്,* വ്യാപാരികളുടെ ഒരു നഗരത്തിൽ കൊണ്ടുചെന്ന് നട്ടു.+ 5 പിന്നെ അവൻ, ആ ദേശത്തുനിന്ന് കുറച്ച് വിത്തുകൾ+ എടുത്ത് വളക്കൂറുള്ള ഒരു നിലത്ത് പാകി. നല്ല നീരോട്ടമുള്ള സ്ഥലത്തെ വില്ലോ മരംപോലെ വളരാൻ അവൻ അതു നട്ടു. 6 അങ്ങനെ അതു മുളച്ച് അധികം പൊങ്ങിപ്പോകാത്ത ഒരു മുന്തിരിവള്ളിയായി പടർന്നു.+ അതിന്റെ വള്ളിത്തലകൾ അകത്തേക്കു തിരിഞ്ഞിരുന്നു. അതിന്റെ വേരുകൾ താഴേക്ക് ഇറങ്ങി. അങ്ങനെ അത് ഒരു മുന്തിരിവള്ളിയായി വളർന്നു; അതിൽ ഇളംചില്ലകളും ശാഖകളും ഉണ്ടായി.+
7 “‘“അപ്പോൾ അതാ, വലിയ ചിറകും ചിറകിൽ നീണ്ട തൂവലുകളും+ ഉള്ള മറ്റൊരു വലിയ കഴുകൻ+ വരുന്നു! തന്നെ നനയ്ക്കാൻവേണ്ടി മുന്തിരിവള്ളി ആ കഴുകന്റെ നേരെ വള്ളിത്തലകൾ നീട്ടുകയും തന്നെ നട്ട തടത്തിൽനിന്ന് ആർത്തിയോടെ വേരുകൾ അവന്റെ നേരെ അയയ്ക്കുകയും ചെയ്തു.+ 8 വാസ്തവത്തിൽ, ധാരാളം വെള്ളമുള്ള സ്ഥലത്തിന് അടുത്ത് ഒരു നല്ല നിലത്താണ് അതിനെ നട്ടിരുന്നത്. അതു ശാഖകൾ പടർത്തി ഫലം കായ്ച്ച് പ്രൗഢിയുള്ള ഒരു മുന്തിരിവള്ളിയാകുമെന്നു പ്രതീക്ഷിച്ചിരുന്നു.”’+
9 “നീ പറയണം: ‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “അതു തഴച്ചുവളരുമെന്നു തോന്നുന്നുണ്ടോ? ആരെങ്കിലും അതിന്റെ വേരുകൾ പറിച്ചുകളയില്ലേ?+ അങ്ങനെ അതിന്റെ പഴം ചീയുകയും മുളകൾ ഉണങ്ങിപ്പോകുകയും ചെയ്യില്ലേ?+ അതു വേരോടെ പിഴുതെടുക്കാൻ, ബലമുള്ള കൈയോ ഏറെ ആളുകളോ വേണ്ടിവരില്ല. കാരണം, അത് അത്രകണ്ട് ഉണങ്ങിപ്പോയിരിക്കും. 10 ഇനി അതിനെ പറിച്ച് നട്ടാലും അതു തഴച്ചുവളരുമെന്നു തോന്നുന്നുണ്ടോ? കിഴക്കൻ കാറ്റ് അടിക്കുമ്പോൾ അതു നിശ്ശേഷം കരിഞ്ഞുപോകില്ലേ? അതു മുളച്ച് വളർന്ന തടത്തിൽവെച്ചുതന്നെ വാടിക്കരിഞ്ഞുപോകും.”’”
11 എനിക്കു വീണ്ടും യഹോവയുടെ സന്ദേശം കിട്ടി: 12 “മത്സരഗൃഹത്തോടു നീ ദയവായി ഇങ്ങനെ പറയുക: ‘ഇതിന്റെയൊക്കെ അർഥം നിങ്ങൾക്കു മനസ്സിലാകുന്നില്ലേ?’ നീ പറയണം: ‘ബാബിലോൺരാജാവ് യരുശലേമിലേക്കു വന്ന് അവിടത്തെ രാജാവിനെയും പ്രഭുക്കന്മാരെയും ബാബിലോണിലേക്കു കൊണ്ടുപോയി.+ 13 കൂടാതെ, അവൻ രാജാവിന്റെ സന്തതിപരമ്പരയിൽപ്പെട്ട ഒരാളെ തിരഞ്ഞെടുത്ത്+ അവനുമായി ഒരു ഉടമ്പടി ചെയ്ത് അവനെക്കൊണ്ട് ആണയിടുവിക്കുകയും ചെയ്തു.+ പിന്നെ അവൻ ദേശത്തെ പ്രമുഖരെ പിടിച്ചുകൊണ്ടുപോയി.+ 14 വീണ്ടും തലപൊക്കാത്തതുപോലെ രാജ്യത്തെ താഴ്ത്താനും തന്റെ ഉടമ്പടി പാലിച്ചാൽ മാത്രമേ അതിനു നിലനിൽപ്പുള്ളൂ+ എന്ന സ്ഥിതിയിലാക്കാനും വേണ്ടിയാണ് അവൻ ഇങ്ങനെ ചെയ്തത്. 15 പക്ഷേ കുതിരകളെയും ഒരു വൻസൈന്യത്തെയും+ കിട്ടാൻവേണ്ടി ഈജിപ്തിലേക്കു+ ദൂതന്മാരെ അയച്ചുകൊണ്ട് രാജാവ് അവനോടു മത്സരിച്ചു.+ അവൻ ഉദ്ദേശിച്ചതു നടക്കുമോ? ഇങ്ങനെയൊക്കെ ചെയ്യുന്നവൻ ശിക്ഷയിൽനിന്ന് രക്ഷപ്പെടുമോ? ഉടമ്പടി ലംഘിച്ചിട്ട് അവനു രക്ഷപ്പെടാനാകുമെന്നു തോന്നുന്നുണ്ടോ?’+
16 “‘പരമാധികാരിയാം കർത്താവായ യഹോവ പ്രഖ്യാപിക്കുന്നു: “ഞാനാണെ, ബാബിലോണിൽവെച്ച് അവൻ മരിക്കും. ആരാണോ അവനെ* രാജാവാക്കിയത്, ആരുടെ ആണയാണോ അവൻ പുച്ഛിച്ചുതള്ളിയത്, ആരുടെ ഉടമ്പടിയാണോ അവൻ ലംഘിച്ചത്, ആ രാജാവ്* ഉള്ളിടത്തുവെച്ചുതന്നെ ഇതു സംഭവിക്കും.+ 17 അനേകരെ കൊല്ലാൻ ഉപരോധമതിലുകൾ പണിയുകയും ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കുകയും ചെയ്യുന്ന സമയം വരും. പക്ഷേ ആ യുദ്ധത്തിൽ അവനെ സഹായിക്കാൻ ഫറവോന്റെ മഹാസൈന്യത്തിനും എണ്ണമറ്റ സേനാവ്യൂഹങ്ങൾക്കും കഴിയാതാകും.+ 18 അവൻ ആണ പുച്ഛിച്ചുതള്ളുകയും ഉടമ്പടി ലംഘിക്കുകയും ചെയ്തു. അവൻ വാക്കു തന്നിരുന്നതാണ്.* എന്നിട്ടും ഇങ്ങനെയൊക്കെ ചെയ്തു. അവൻ രക്ഷപ്പെടില്ല.”’
19 “‘അതുകൊണ്ട്, പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഞാനാണെ, എന്റെ ആണ പുച്ഛിച്ചുതള്ളിയതിന്റെയും+ ഉടമ്പടി ലംഘിച്ചതിന്റെയും ഭവിഷ്യത്തുകൾ ഞാൻ അവന്റെ തലമേൽ വരുത്തും. 20 ഞാൻ എന്റെ വല അവന്റെ മേൽ വീശിയെറിയും. അവൻ അതിൽ കുടുങ്ങും.+ എന്നോട് അവിശ്വസ്തത കാട്ടിയതുകൊണ്ട് ഞാൻ അവനെ ബാബിലോണിലേക്കു കൊണ്ടുവന്ന് അവിടെവെച്ച് വിസ്തരിക്കും.+ 21 അവന്റെ പടയാളികളിൽ ഓടിപ്പോകുന്നവരെല്ലാം വാളാൽ വീഴും. ബാക്കിയുള്ളവരെ നാലുപാടും* ചിതറിക്കും.+ യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞതെന്നു നിങ്ങൾ അപ്പോൾ അറിയേണ്ടിവരും.”’+
22 “‘പരമാധികാരിയായ യഹോവ പറയുന്നത് ഇതാണ്: “ഈ ഞാൻ ഉന്നതമായ ദേവദാരുവിന്റെ തുഞ്ചത്തുനിന്ന് ഒരു ഇളംചില്ല+ എടുത്ത് നടും. അതിന്റെ ഏറ്റവും മുകളിലത്തെ കൊമ്പിൽനിന്ന് ഒരു ഇളംചില്ല മുറിച്ചെടുത്ത്+ ഞാൻതന്നെ ഉയരമുള്ള, ഉന്നതമായ ഒരു മലയിൽ നടും.+ 23 ഇസ്രായേലിലെ ഉയരമുള്ളൊരു മലയിൽ ഞാൻ അതു നടും. അതിൽ ശാഖകൾ വളർന്ന് ഫലം കായ്ക്കും. അതു വലിയൊരു ദേവദാരുവാകും. എല്ലാ തരം പക്ഷികളും അതിന്റെ കീഴെ കൂടു കൂട്ടും; അതിന്റെ ഇലകളുടെ തണലിൽ അവ കഴിയും. 24 ഉയരമുള്ള മരത്തെ താഴ്ത്തിയതും താഴ്ന്ന മരത്തെ ഉയർത്തിയതും യഹോവ എന്ന ഞാനാണെന്നു ഭൂമിയിലെ എല്ലാ മരങ്ങളും അറിയേണ്ടിവരും.+ ഞാൻ പച്ചമരത്തെ ഉണക്കുകയും ഉണക്കമരത്തെ പൂവണിയിക്കുകയും ചെയ്തിരിക്കുന്നു.+ യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞത്. അങ്ങനെതന്നെ ഞാൻ ചെയ്തുമിരിക്കുന്നു.”’”