യഹസ്കേൽ
43 പിന്നെ, കിഴക്കോട്ടു ദർശനമുള്ള കവാടത്തിലേക്ക് എന്നെ കൊണ്ടുപോയി.+ 2 അവിടെവെച്ച് ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കുനിന്ന് വരുന്നതു+ ഞാൻ കണ്ടു. ദൈവത്തിന്റെ ശബ്ദം ആർത്തിരമ്പിവരുന്ന വെള്ളത്തിന്റെ ശബ്ദംപോലെയായിരുന്നു.+ ദൈവതേജസ്സുകൊണ്ട് ഭൂമി പ്രഭാപൂരിതമായി.+ 3 ഞാൻ* നഗരത്തെ നശിപ്പിക്കാൻ വന്നപ്പോൾ കണ്ട ദിവ്യദർശനംപോലുള്ള കാഴ്ചയായിരുന്നു അത്, കെബാർ നദീതീരത്തുവെച്ച് കണ്ടതുപോലുള്ളൊരു കാഴ്ച.+ അപ്പോൾ, ഞാൻ നിലത്ത് കമിഴ്ന്നുവീണു.
4 ആ സമയത്ത്, യഹോവയുടെ തേജസ്സു കിഴക്കോട്ടു ദർശനമുള്ള കവാടത്തിലൂടെ+ ദേവാലയത്തിലേക്കു* പ്രവേശിച്ചു. 5 ഒരു ആത്മാവ്* എന്നെ എഴുന്നേൽപ്പിച്ച് അകത്തെ മുറ്റത്തേക്കു കൊണ്ടുപോയി. അപ്പോൾ അതാ, ദേവാലയത്തിൽ യഹോവയുടെ തേജസ്സു നിറഞ്ഞുനിൽക്കുന്നു!+ 6 ദേവാലയത്തിൽനിന്ന് ആരോ എന്നോടു സംസാരിക്കുന്ന ശബ്ദം അപ്പോൾ ഞാൻ കേട്ടു. അദ്ദേഹം എന്റെ അടുത്ത് വന്ന് നിന്നു.+ 7 എന്നിട്ട്, എന്നോടു പറഞ്ഞു:
“മനുഷ്യപുത്രാ, ഇത് എന്റെ സിംഹാസനത്തിന്റെ+ സ്ഥലവും എനിക്കു കാൽ വെക്കാനുള്ള ഇടവും+ ആണ്. ഞാൻ ഇവിടെ എന്നും ഇസ്രായേൽ ജനത്തോടൊപ്പം കഴിയും.+ ഇസ്രായേൽഗൃഹവും അവരുടെ രാജാക്കന്മാരും തങ്ങളുടെ ആത്മീയവേശ്യാവൃത്തികൊണ്ടും തങ്ങളുടെ രാജാക്കന്മാർ മരിക്കുമ്പോൾ അവരുടെ ശവങ്ങൾകൊണ്ടും എന്റെ വിശുദ്ധനാമം മേലാൽ അശുദ്ധമാക്കില്ല.+ 8 അവർ തങ്ങളുടെ വാതിൽപ്പടി എന്റെ വാതിൽപ്പടിയുടെ അടുത്തും തങ്ങളുടെ കട്ടിളക്കാൽ എന്റെ കട്ടിളക്കാലിന്റെ അടുത്തും സ്ഥാപിച്ചു. അവർക്കും എനിക്കും ഇടയിൽ ഒരു ഭിത്തിയുടെ അകലമേ ഉള്ളൂ.+ അങ്ങനെ, അവർ ചെയ്തുകൂട്ടിയ എല്ലാ വൃത്തികേടുകളാലും അവർ എന്റെ വിശുദ്ധനാമം അശുദ്ധമാക്കി. അതുകൊണ്ട്, എനിക്ക് അവരോടു ദേഷ്യം തോന്നി. ഞാൻ അവരെ ഇല്ലായ്മ ചെയ്തു.+ 9 അവർ ആദ്യം തങ്ങളുടെ ആത്മീയവേശ്യാവൃത്തിയും തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങളും എന്റെ അടുത്തുനിന്ന് ദൂരെ നീക്കിക്കളയട്ടെ. അങ്ങനെയെങ്കിൽ, ഞാൻ എന്നും അവരോടൊപ്പം കഴിയും.+
10 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹത്തോട്+ ദേവാലയത്തെക്കുറിച്ച് വിവരിക്കൂ! അങ്ങനെ, തങ്ങൾ ചെയ്തുകൂട്ടിയ തെറ്റുകൾ ഓർത്ത് അവർ ലജ്ജിക്കട്ടെ.+ അവർ അതിന്റെ രൂപരേഖ പഠിക്കണം.* 11 തങ്ങൾ ചെയ്തത് ഓർത്ത് അവർക്കു നാണക്കേടു തോന്നുന്നെങ്കിൽ ദേവാലയത്തിന്റെ അടിത്തറയുടെ രൂപരേഖ, ദേവാലയത്തിന്റെ ഘടന, പുറത്തേക്കുള്ള വഴികൾ, പ്രവേശനകവാടങ്ങൾ+ എന്നിവയെക്കുറിച്ചെല്ലാം നീ അവർക്കു പറഞ്ഞുകൊടുക്കണം. അതിന്റെ അടിത്തറയുടെ എല്ലാ രൂപരേഖകളും അതിന്റെ നിയമങ്ങളും, അതിന്റെ അടിത്തറയുടെ രൂപരേഖകളും അതിന്റെ വ്യവസ്ഥകളും അവരെ കാണിക്കുക. അവർ അതിന്റെ അടിത്തറയുടെ രൂപരേഖ പിൻപറ്റുകയും അതിന്റെ നിയമങ്ങൾ അനുസരിക്കുകയും+ ചെയ്യാൻവേണ്ടി അവരുടെ കൺമുന്നിൽവെച്ച് നീ അവയെല്ലാം എഴുതണം. 12 ദേവാലയത്തെക്കുറിച്ചുള്ള നിയമം ഇതാണ്. മലമുകളിൽ ദേവാലയത്തിനു ചുറ്റുമുള്ള പ്രദേശം മുഴുവൻ അതിവിശുദ്ധമാണ്.+ ഇതാ, ഇതാണ് ദേവാലയത്തെക്കുറിച്ചുള്ള നിയമം.
13 “മുഴക്കണക്കിൽ യാഗപീഠത്തിന്റെ അളവുകൾ ഇതാണ്.+ (ഇവിടെ ഒരു മുഴം എന്നു പറയുന്നത് ഒരു മുഴവും നാലു വിരൽ കനവും ചേർന്നതാണ്.)* അതിന്റെ ചുവട് ഒരു മുഴം; അതിന് ഒരു മുഴം വീതിയുണ്ട്. അതിന്റെ വക്കിനു ചുറ്റും ഒരു ചാൺ* വീതിയിൽ ഒരു അരികുപാളിയുണ്ട്. ഇതാണു യാഗപീഠത്തിന്റെ ചുവട്. 14 തറയിലെ ആ ചുവടിൽനിന്ന് താഴത്തെ ചുറ്റുപടിവരെ രണ്ടു മുഴം. അതിന്റെ വീതി ഒരു മുഴം. ചെറിയ ചുറ്റുപടിമുതൽ വലിയ ചുറ്റുപടിവരെ നാലു മുഴം. അതിന്റെ വീതി ഒരു മുഴം. 15 തീ കത്തിക്കാൻവേണ്ടി യാഗപീഠത്തിലുള്ള തട്ടിന്റെ ഉയരം നാലു മുഴം. ആ തട്ടിന്റെ നാലു മൂലയിൽനിന്നും നാലു കൊമ്പു മുകളിലേക്കു തള്ളിനിൽക്കുന്നു.+ 16 തീത്തട്ടു സമചതുരമാണ്; നീളം 12 മുഴം, വീതിയും 12 മുഴം.+ 17 ചുറ്റുപടിയുടെ നാലു വശത്തിനും നീളം 14 മുഴം; വീതിയും 14 മുഴം. ചുറ്റുമുള്ള അരികുപാളി അര മുഴം. അതിന്റെ ചുവടു നാലു വശത്തും ഓരോ മുഴം.
“അതിന്റെ നടകളുടെ ദർശനം കിഴക്കോട്ടാണ്.”
18 പിന്നെ, അദ്ദേഹം എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, പരമാധികാരിയായ യഹോവ പറയുന്നു: ‘യാഗപീഠത്തിൽവെച്ച് സമ്പൂർണദഹനയാഗം അർപ്പിക്കാനും അതിന്മേൽ രക്തം തളിക്കാനും സാധിക്കേണ്ടതിനു യാഗപീഠം ഉണ്ടാക്കുമ്പോൾ പിൻപറ്റേണ്ട നിർദേശങ്ങളാണ് ഇവ.’+
19 “‘എനിക്കു ശുശ്രൂഷ ചെയ്യാൻവേണ്ടി എന്നെ സമീപിക്കുന്ന സാദോക്കിന്റെ സന്തതികളായ ലേവ്യപുരോഹിതന്മാർക്ക്,+ പാപപരിഹാരയാഗം അർപ്പിക്കാൻ കന്നുകാലികളിൽനിന്ന് ഒരു കാളക്കുട്ടിയെ നീ കൊടുക്കണം’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. 20 ‘നീ അതിന്റെ രക്തത്തിൽ കുറച്ച് എടുത്ത് യാഗപീഠത്തിന്റെ നാലു കൊമ്പിലും ചുറ്റുപടിയുടെ നാലു കോണിലും ചുറ്റുമുള്ള അരികുപാളിയിലും പുരട്ടണം. പാപം നീക്കി അതിനെ ശുദ്ധീകരിക്കാനും അതിനു പാപപരിഹാരം വരുത്താനും വേണ്ടിയാണ് ഇത്.+ 21 പിന്നെ, പാപയാഗമായ കാളക്കുട്ടിയെ എടുത്ത് വിശുദ്ധമന്ദിരത്തിനു പുറത്ത് ദേവാലയത്തിലെ നിർദിഷ്ട സ്ഥലത്തുവെച്ച് ദഹിപ്പിക്കണം.+ 22 രണ്ടാം ദിവസം പാപയാഗമായി ന്യൂനതയില്ലാത്ത ഒരു ആൺകോലാടിനെ നീ അർപ്പിക്കണം. കാളക്കുട്ടിയെക്കൊണ്ട് അവർ യാഗപീഠത്തിനു പാപശുദ്ധി വരുത്തിയതുപോലെതന്നെ ഇതിനെക്കൊണ്ടും പാപശുദ്ധി വരുത്തും.’
23 “‘നീ അതിനു പാപശുദ്ധി വരുത്തിക്കഴിയുമ്പോൾ കന്നുകാലികളിൽനിന്ന് ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻപറ്റത്തിൽനിന്ന് ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെയും അർപ്പിക്കണം. 24 നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം. പുരോഹിതന്മാർ അവയുടെ മേൽ ഉപ്പു വിതറി+ സമ്പൂർണദഹനയാഗമായി അവയെ യഹോവയ്ക്ക് അർപ്പിക്കണം. 25 ദിവസവും ഒന്നു വീതം ഏഴു ദിവസത്തേക്ക് ഓരോ ആൺകോലാടിനെ പാപയാഗമായി അർപ്പിക്കണം.+ അതുപോലെ, കന്നുകാലികളിൽനിന്ന് ഒരു കാളക്കുട്ടിയെയും ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആൺചെമ്മരിയാടിനെയും അർപ്പിക്കണം. ന്യൂനതയില്ലാത്ത* മൃഗങ്ങളെ വേണം അർപ്പിക്കാൻ. 26 ഏഴു ദിവസം അവർ യാഗപീഠത്തിനു പാപപരിഹാരം വരുത്തണം. അവർ അതിനെ ശുദ്ധീകരിച്ച് സമർപ്പിക്കണം. 27 ആ ദിവസങ്ങൾ തികഞ്ഞശേഷം, അതായത് എട്ടാം ദിവസവും+ അതിനു ശേഷവും, പുരോഹിതന്മാർ യാഗപീഠത്തിൽവെച്ച് നിങ്ങളുടെ* സമ്പൂർണദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിക്കും. എനിക്കു നിങ്ങളോടു പ്രീതി തോന്നും’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”