ഹബക്കൂക്ക്
1 ഒരു ദിവ്യദർശനത്തിൽ ഹബക്കൂക്ക്* പ്രവാചകൻ കേട്ട പ്രഖ്യാപനം:
2 യഹോവേ, എത്ര കാലം ഞാൻ ഇങ്ങനെ സഹായത്തിനായി നിലവിളിക്കും, അങ്ങ് എന്താണു കേൾക്കാത്തത്?+
അക്രമത്തിൽനിന്ന് രക്ഷപ്പെടാനായി ഞാൻ എത്ര കാലം അങ്ങയെ വിളിച്ചപേക്ഷിക്കും, അങ്ങ് എന്താണ് ഇടപെടാത്തത്?*+
3 ഞാൻ ദുഷ്ചെയ്തികൾ കാണാൻ അങ്ങ് എന്തിനാണ് ഇടയാക്കുന്നത്?
എന്തിനാണ് അങ്ങ് അടിച്ചമർത്തൽ വെച്ചുപൊറുപ്പിക്കുന്നത്?
അക്രമവും നാശവും എനിക്കു കാണേണ്ടിവരുന്നത് എന്തുകൊണ്ടാണ്?
കലഹങ്ങളുടെയും പോരാട്ടങ്ങളുടെയും നടുവിലാണല്ലോ എന്റെ ജീവിതം!
4 നിയമം ദുർബലമായിരിക്കുന്നു,
നീതി നടപ്പാകുന്നതേ ഇല്ല.
ദുഷ്ടൻ നീതിമാനെ വളയുന്നു.
ന്യായത്തെ വളച്ചൊടിക്കുന്നു.+
5 “ജനതകളെ ഒന്നു ശ്രദ്ധിച്ചുനോക്കൂ!
അത്ഭുതസ്തബ്ധരായി അന്ധാളിച്ച് നിൽക്കൂ!
നിങ്ങളുടെ കാലത്ത് ഒരു കാര്യം സംഭവിക്കും,
നിങ്ങളോടു പറഞ്ഞാലും നിങ്ങൾ അതു വിശ്വസിക്കില്ല.+
6 ഞാൻ ഇതാ, ക്രൂരരും നിഷ്ഠുരരും ആയ കൽദയരെ എഴുന്നേൽപ്പിക്കുന്നു.+
അവരുടേതല്ലാത്ത താമസസ്ഥലങ്ങൾ കൈവശമാക്കാനായി
ആ ജനത വിശാലമായ ഭൂപ്രദേശങ്ങളിലേക്ക് ഇരച്ചുകയറുന്നു.+
7 അവർ ഭയങ്കരന്മാരും കണ്ടാൽ പേടി തോന്നുന്നവരും ആണ്.
തോന്നുന്നതുപോലെ അവർ നിയമങ്ങൾ ഉണ്ടാക്കുന്നു,
സ്വന്തം ഇഷ്ടപ്രകാരം അധികാരം സ്ഥാപിക്കുന്നു.+
8 അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗമുള്ളവ,
രാത്രിയിലെ ചെന്നായ്ക്കളെക്കാൾ ക്രൗര്യമുള്ളവ.+
അവരുടെ പടക്കുതിരകൾ കുതിച്ചുപായുന്നു.
അവരുടെ കുതിരകൾ ദൂരെനിന്ന് വരുന്നു.
ഇരയെ റാഞ്ചാൻ വരുന്ന കഴുകനെപ്പോലെ അവർ പറന്നിറങ്ങുന്നു.+
9 അവരെല്ലാം അക്രമത്തിനായി കച്ചകെട്ടി വരുന്നു.+
ഒരു കിഴക്കൻ കാറ്റുപോലെ അവർ ഒരുമിച്ച് കൂടുന്നു.+
അവർ ബന്ദികളെ മണൽപോലെ കോരിയെടുക്കുന്നു.
കോട്ടമതിലുള്ള സ്ഥലങ്ങൾ നോക്കി അവർ പരിഹസിച്ച് ചിരിക്കുന്നു,+
മൺതിട്ടയുണ്ടാക്കി അവ കീഴടക്കുന്നു.
11 പിന്നെ അവർ കാറ്റുപോലെ വീശിയടിച്ച് കടന്നുപോകുന്നു.
എങ്കിലും അവർ കുറ്റക്കാരാകും.+
കാരണം അവർ അവരുടെ ശക്തിയുടെ ബഹുമതി അവരുടെ ദൈവത്തിനു കൊടുക്കുന്നു.”*+
12 യഹോവേ, അങ്ങ് അനാദിമുതലേ ഉള്ളവനല്ലേ?+
എന്റെ ദൈവമേ, എന്റെ പരിശുദ്ധനേ, അങ്ങയ്ക്കു മരണമില്ല.*+
യഹോവേ, ന്യായവിധി നടപ്പാക്കാനായി അങ്ങ് അവരെ നിയമിച്ചിരിക്കുന്നല്ലോ,
എന്റെ പാറയേ,+ ഞങ്ങളെ ശിക്ഷിക്കാനായി* അങ്ങ് അവരെ നിയോഗിച്ചിരിക്കുന്നു.+
13 ദോഷത്തെ നോക്കാൻ അങ്ങയ്ക്കാകില്ല, അത്ര വിശുദ്ധമാണ് അങ്ങയുടെ കണ്ണുകൾ.
ദുഷ്ടത അങ്ങയ്ക്ക് അസഹ്യമാണല്ലോ.+
പിന്നെ എന്തുകൊണ്ടാണ് അങ്ങ് വഞ്ചന കാട്ടുന്നവരെ വെച്ചുപൊറുപ്പിക്കുന്നത്,+
തന്നെക്കാൾ നീതിമാനായ ഒരാളെ ദുഷ്ടൻ അടിച്ചമർത്തുമ്പോൾ മൗനം പാലിക്കുന്നത്?+
14 മനുഷ്യനെ അങ്ങ് എന്തിനാണു കടലിലെ മത്സ്യങ്ങളെപ്പോലെയും
അധിപതിയില്ലാത്ത ഇഴജന്തുക്കളെപ്പോലെയും ആക്കുന്നത്?
15 ഇവയെ എല്ലാം അവൻ* ചൂണ്ടകൊണ്ട് കൊളുത്തിയെടുക്കുന്നു.
അവന്റെ കോരുവലയിൽ അവൻ അവരെ പിടിക്കുന്നു,
തന്റെ മീൻവലയിൽ അവരെ ശേഖരിക്കുന്നു.
അതുകൊണ്ടാണ് അവന് ഇത്രയധികം സന്തോഷം.+
16 അവയാൽ അവനു സമൃദ്ധമായ ആഹാരവും
വിശിഷ്ടമായ ഭക്ഷണവും ലഭിക്കുന്നു.
അതുകൊണ്ട് അവൻ തന്റെ കോരുവലയ്ക്കു ബലി അർപ്പിക്കുന്നു,
മീൻവലയ്ക്കു ബലികഴിക്കുന്നു.
17 അവൻ എന്നും അവന്റെ കോരുവല കുടഞ്ഞിട്ടുകൊണ്ടിരിക്കുമോ?*
ഒരു അനുകമ്പയുമില്ലാതെ അവൻ ജനതകളെ എന്നും കൊന്നൊടുക്കുമോ?+