യഹോവയിൽ ആശ്രയിക്കൂ, ജീവിക്കൂ!
“പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്തം വിവേകത്തിൽ ആശ്രയം വെക്കരുത്.”—സുഭാ. 3:5.
1. നമുക്ക് എല്ലാവർക്കും ആശ്വാസം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
ആശ്വാസം ആവശ്യമില്ലാത്ത ആരാണുള്ളത്? നമ്മളിൽ ചിലർ പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളും പ്രിയപ്പെട്ട ആരുടെയെങ്കിലും വേർപാടിന്റെ വേദനയും അനുഭവിക്കുന്നവരാണ്. ശത്രുതയുടെ ഇരകളാണു വേറെ ചിലർ. ദുഷ്ടത നമുക്കു ചുറ്റും തഴച്ചുവളരുകയാണ്. അതെ, ഉത്കണ്ഠകളും നിരാശകളും കഷ്ടതകളും നിമിത്തം നമ്മൾ വലയുകയായിരിക്കാം. ‘ബുദ്ധിമുട്ടു നിറഞ്ഞ ഈ സമയങ്ങൾ’ നമ്മൾ ‘അവസാനകാലത്താണ്’ ജീവിക്കുന്നത് എന്നതിന്റെ അനിഷേധ്യമായ തെളിവാണ്. ഓരോ ദിവസം കഴിയുംതോറും നമ്മൾ പുതിയ ലോകത്തിലേക്ക് ഓരോ ചുവടുകൂടെ അടുക്കുകയാണ്. (2 തിമൊ. 3:1) എങ്കിലും യഹോവയുടെ വാഗ്ദാനങ്ങൾ നിറവേറുന്നതു കാണാനുള്ള നമ്മുടെ കാത്തിരിപ്പു തുടങ്ങിയിട്ടു കാലങ്ങളായി, കഷ്ടപ്പാടുകളാണെങ്കിൽ കൂടിക്കൂടിവരുകയുമാണ്. നമ്മുടെ സാഹചര്യം അതാണെങ്കിൽ ആശ്വാസം എവിടെനിന്ന് കിട്ടും?
2, 3. (എ) ഹബക്കൂക്കിനെക്കുറിച്ച് നമുക്ക് എന്തൊക്കെ അറിയാം? (ബി) നമ്മൾ ഹബക്കൂക്കിന്റെ പുസ്തകം പരിശോധിക്കുന്നത് എന്തിനുവേണ്ടിയാണ്?
2 ഉത്തരം കിട്ടുന്നതിനു നമുക്കു ഹബക്കൂക്കിന്റെ പുസ്തകം ഒന്നു പരിശോധിക്കാം. ഹബക്കൂക്കിന്റെ ജീവിതത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും തിരുവെഴുത്തുകൾ കാര്യമായ വിവരങ്ങൾ നൽകുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പേരിലുള്ള ഈ പുസ്തകം പ്രോത്സാഹനത്തിന്റെ ഒരു ഉറവിടമാണ്. ഹബക്കൂക്ക് എന്ന പേരിന്റെ അർഥം സാധ്യതയനുസരിച്ച് “ഊഷ്മളമായ ആശ്ലേഷം” എന്നാണ്. യഹോവ നമ്മളെ ആശ്വസിപ്പിക്കുന്നതിനായി ആശ്ലേഷിക്കുന്നതിനെയോ അല്ലെങ്കിൽ യഹോവയുടെ ആരാധകർ പൂർണമായ വിശ്വാസത്തോടെ യഹോവയോടു പറ്റിനിൽക്കുന്നതിനെയോ ആയിരിക്കാം ഇതു പരാമർശിക്കുന്നത്. ജിജ്ഞാസ നിറഞ്ഞ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് ഹബക്കൂക്ക് ദൈവത്തോടു സംസാരിക്കുന്നത്. നമ്മൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾതന്നെയാണു ഹബക്കൂക്ക് ചോദിച്ചത്. അതുകൊണ്ട് ആ സംഭാഷണം രേഖപ്പെടുത്താൻ യഹോവ അദ്ദേഹത്തെ പ്രചോദിപ്പിച്ചു.—ഹബ. 2:2.
3 അസ്വസ്ഥനായ ഈ ദൈവദാസനും യഹോവയും തമ്മിലുള്ള സംഭാഷണമാണു ഹബക്കൂക്ക് പ്രവാചകനെക്കുറിച്ച് തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്ന ആകെയുള്ള വിവരങ്ങൾ. ‘നമ്മുടെ സഹനത്താലും തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകുന്നതിന്’ വേണ്ടി “മുമ്പ് എഴുതിയിട്ടുള്ളതിന്റെ” ഭാഗമാണ് ഹബക്കൂക്കിന്റെ പുസ്തകം. ദൈവവചനമായ ബൈബിളിന്റെ ഭാഗമായി അതു പരിരക്ഷിച്ചിരിക്കുന്നു. (റോമ. 15:4) ഹബക്കൂക്കിന്റെ പുസ്തകത്തിൽനിന്ന് നമുക്ക് ഓരോരുത്തർക്കും എങ്ങനെ പ്രയോജനം നേടാം? യഹോവയിൽ ആശ്രയിക്കുക എന്നതിന്റെ അർഥം എന്താണെന്നു കാണാൻ അതു നമ്മളെ സഹായിക്കുന്നു. കൂടാതെ, കഷ്ടപ്പാടുകളുടെയും പ്രശ്നങ്ങളുടെയും മധ്യേ ശാന്തമായ ഒരു ഹൃദയം നേടാനും നിലനിറുത്താനും കഴിയുമെന്ന് അദ്ദേഹത്തിന്റെ പ്രവചനം നമുക്ക് ഉറപ്പു തരുന്നു. ഈ കാര്യങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട് നമുക്കു ഹബക്കൂക്കിന്റെ പുസ്തകം ഒന്നു വിശദമായി പരിശോധിക്കാം.
യഹോവയെ വിളിച്ചപേക്ഷിക്കുക
4. ഹബക്കൂക്ക് അസ്വസ്ഥനായത് എന്തുകൊണ്ടാണ്?
4 ഹബക്കൂക്ക് 1:2, 3 വായിക്കുക. ബുദ്ധിമുട്ടുകൾ നിറഞ്ഞ, പ്രശ്നപൂരിതമായ ഒരു സമയത്താണു ഹബക്കൂക്ക് ജീവിച്ചിരുന്നത്. ചുറ്റും അക്രമാസക്തരായ ആളുകളായിരുന്നു. എവിടെ നോക്കിയാലും ദുഷ്ടന്മാർ. ഈ സാഹചര്യം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. അവരുടെ ദുഷ്ടത എപ്പോൾ അവസാനിക്കും? യഹോവ നടപടിയെടുക്കാൻ എന്തുകൊണ്ടാണ് ഇത്രയേറെ വൈകുന്നത്? സ്വന്തം ജനതയിൽപ്പെട്ടവർ അനീതി കാണിക്കുന്നു, അടിച്ചമർത്തുന്നു. ഇതു മാത്രമാണ് ഹബക്കൂക്ക് എവിടെയും കാണുന്നത്. താൻ നിസ്സഹായനാണെന്നു ഹബക്കൂക്കിനു തോന്നി. അന്ധകാരം നിറഞ്ഞ ഈ സമയത്ത് ഇടപെടേണമേ എന്നു ഹബക്കൂക്ക് യഹോവയോട് അപേക്ഷിക്കുന്നു. യഹോവയ്ക്ക് ഇക്കാര്യത്തിലൊന്നും താത്പര്യമില്ലെന്ന് ഒരുപക്ഷേ ഹബക്കൂക്ക് ചിന്തിച്ചിരിക്കാം. ദൈവം പെട്ടെന്നു പ്രവർത്തിക്കാൻപോകുന്നില്ലെന്ന് അദ്ദേഹത്തിനു തോന്നിക്കാണും. ഈ പ്രിയപ്പെട്ട ദൈവദാസന്റെ ചിന്തകളും വികാരങ്ങളും നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയുന്നുണ്ടോ?
5. ഹബക്കൂക്കിന്റെ പുസ്തകത്തിൽ ഏതു പ്രധാനപ്പെട്ട പാഠമാണു കാണുന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
5 ഹബക്കൂക്കിനു യഹോവയിലുള്ള വിശ്വാസം നഷ്ടമായോ? ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസം പൊയ്പോയോ? ഒരിക്കലുമില്ല! ഒന്നു ചിന്തിക്കുക: തന്റെ പ്രശ്നങ്ങളും ഉത്കണ്ഠകളും എല്ലാം ഹബക്കൂക്ക് മനുഷ്യരെ അല്ല, യഹോവയെയാണ് അറിയിച്ചത്. അതുതന്നെ, അദ്ദേഹം പ്രതീക്ഷ കൈവിട്ടില്ല എന്നതിന്റെ തെളിവാണ്. പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ഇത്ര അസ്വസ്ഥനായത്? ദൈവം എന്തുകൊണ്ടാണു നടപടിയെടുക്കാൻ വൈകുന്നതെന്നും വേദനാകരമായ കഷ്ടപ്പാടുകളിലൂടെ കടന്നുപോകാൻ തന്നെ അനുവദിക്കുന്നതെന്നും ഹബക്കൂക്കിനു മനസ്സിലായില്ല. ഹബക്കൂക്കിന്റെ ഉത്കണ്ഠകൾ എഴുതിവെക്കാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചതിലൂടെ യഹോവ നമ്മളെ ഒരു പ്രധാനപ്പെട്ട കാര്യം പഠിപ്പിക്കുകയാണ്: നമ്മുടെ ആകുലതകളും സംശയങ്ങളും യഹോവയോടു തുറന്നുപറയാൻ ഒരിക്കലും മടിക്കരുത്. വാസ്തവത്തിൽ പ്രാർഥനയിലൂടെ നമ്മുടെ ഹൃദയങ്ങൾ യഹോവയുടെ മുമ്പാകെ പകരാനാണ് അനുകമ്പയോടെ യഹോവ നമ്മളെ ക്ഷണിക്കുന്നത്. (സങ്കീ. 50:15; 62:8) കൂടാതെ, ‘പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കാനും’ ‘സ്വന്തം വിവേകത്തിൽ ആശ്രയം വെക്കാതിരിക്കാനും’ സുഭാഷിതങ്ങൾ 3:5 നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. ഹബക്കൂക്കിന് ഈ വാക്കുകൾ അറിയാമായിരുന്നിരിക്കണം, അത് അദ്ദേഹം മനസ്സിൽപ്പിടിക്കുകയും ചെയ്തു.
6. പ്രാർഥന പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
6 ആശ്രയയോഗ്യനായ സുഹൃത്തും പിതാവും ആയ യഹോവയോട് അടുത്തുചെല്ലാൻ ഹബക്കൂക്ക് മുൻകൈയെടുത്തു. സ്വന്തം വിവേകത്തിൽ ആശ്രയിച്ചുകൊണ്ട് തന്റെ സാഹചര്യങ്ങളെ ഓർത്ത് ഹബക്കൂക്ക് വേവലാതിപ്പെട്ടില്ല. പകരം, തന്റെ വികാരങ്ങളെയും ഉത്കണ്ഠകളെയും കുറിച്ച് അദ്ദേഹം പ്രാർഥിച്ചു. അതു നമുക്ക് ഒരു നല്ല മാതൃകയാണ്. കൂടാതെ, നമ്മുടെ ഉത്കണ്ഠകൾ പ്രാർഥനയിൽ പകർന്നുകൊണ്ട് യഹോവയിലുള്ള ആശ്രയം കാണിക്കാൻ ‘പ്രാർഥന കേൾക്കുന്നവനായ’ യഹോവ നമ്മളെ ക്ഷണിക്കുന്നു. (സങ്കീ. 65:2) അങ്ങനെ ചെയ്യുന്നത്, ദയയോടെ മാർഗനിർദേശം തന്നുകൊണ്ട് യഹോവ നമ്മളെ ഊഷ്മളമായി ആശ്ലേഷിക്കുന്നത് അനുഭവിച്ചറിയാൻ സഹായിക്കും, അതെ, യഹോവ മറുപടി തരുന്നതു നമ്മൾ അനുഭവിച്ചറിയും. (സങ്കീ. 73:23, 24) നമ്മളെ ക്ലേശിപ്പിക്കുന്നത് എന്തായാലും അതെക്കുറിച്ച് യഹോവ ചിന്തിക്കുന്നത് എന്താണെന്ന് അറിയാൻ യഹോവ നമ്മളെ സഹായിക്കും. നമ്മുടെ ഹൃദയത്തിൽനിന്നുള്ള പ്രാർഥനകളാണു നമ്മൾ ദൈവത്തിൽ ആശ്രയിക്കുന്നുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ്.
യഹോവ പറയുന്നതു ശ്രദ്ധിക്കുക
7. ഹബക്കൂക്ക് ഉത്കണ്ഠകളെക്കുറിച്ച് പറഞ്ഞപ്പോൾ യഹോവ എങ്ങനെയാണു പ്രതികരിച്ചത്?
7 ഹബക്കൂക്ക് 1:5-7 വായിക്കുക. തന്റെ ഉത്കണ്ഠകളും ആകുലതകളും യഹോവയോടു പറഞ്ഞപ്പോൾ, എന്ത് ഉത്തരം കിട്ടുമെന്നു ഹബക്കൂക്ക് ചിന്തിച്ചിരിക്കാം. സ്നേഹമുള്ള ഒരു പിതാവിനെപ്പോലെ, ഹബക്കൂക്കിന്റെ വിഷമങ്ങൾ മനസ്സിലാക്കിയാണ് യഹോവ അദ്ദേഹത്തോട് ഇടപെട്ടത്. പരാതികൾ തുറന്നുപറഞ്ഞതിന് യഹോവ അദ്ദേഹത്തെ ശാസിച്ചില്ല. നിസ്സഹായനായ ഒരാളുടെ വേദനയും ദുഃഖവും കലർന്ന നിലവിളിയാണ് അതെന്നു ദൈവത്തിന് അറിയാമായിരുന്നു. വഴിപിഴച്ച ജൂതന്മാരെ മനസ്സിൽ കണ്ടുകൊണ്ട് സമീപഭാവിയിൽ എന്താണു സംഭവിക്കാൻപോകുന്നതെന്ന് യഹോവ ഹബക്കൂക്കിനെ അറിയിച്ചു. അക്രമം നിറഞ്ഞ ആ കാലഘട്ടത്തിന്റെ അന്ത്യം അടുത്തെന്ന് യഹോവ ഹബക്കൂക്കിനായിരിക്കാം ആദ്യം വെളിപ്പെടുത്തുന്നത്.
8. യഹോവയുടെ പ്രതികരണം ഹബക്കൂക്കിനെ ചിന്താക്കുഴപ്പത്തിലാക്കിയത് എന്തുകൊണ്ട്?
8 താൻ പ്രവർത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണെന്ന് യഹോവ ഹബക്കൂക്കിനു കാണിച്ചുകൊടുത്തു. അക്രമാസക്തമായ, ദുഷ്ടത നിറഞ്ഞ ആ തലമുറയ്ക്കുള്ള ശിക്ഷ അടുത്തെത്തിയിരുന്നു. “നിങ്ങളുടെ കാലത്ത്” എന്ന പദപ്രയോഗത്തിലൂടെ പ്രവാചകന്റെയോ അദ്ദേഹത്തിന്റെ സമകാലീനരുടെയോ കാലത്ത് ന്യായവിധി നടക്കുമെന്ന് യഹോവ സൂചിപ്പിച്ചു. പക്ഷേ അതല്ലായിരുന്നു ഹബക്കൂക്ക് പ്രതീക്ഷിച്ച മറുപടി. യഹൂദ്യയിലുള്ള ആളുകളുടെ കഷ്ടതകൾ കുറയുന്നതിനു പകരം വർധിക്കുമെന്നാണു യഹോവയുടെ വാക്കുകൾ കാണിച്ചത്.a കൽദയർ (ബാബിലോൺകാർ) കണ്ണിൽച്ചോരയില്ലാത്തവരും ക്രൂരന്മാരും ആയിരുന്നു. ഹബക്കൂക്കിന്റെ സ്വന്തം നാട്ടുകാരെക്കാൾ അക്രമാസക്തരായിരുന്നു അവർ. യഹൂദന്മാർക്കു കുറഞ്ഞപക്ഷം യഹോവയുടെ നിലവാരങ്ങളെക്കുറിച്ച് അറിയുകയെങ്കിലും ചെയ്യാമായിരുന്നു. തന്റെ ജനത്തിന്മേൽ ദുരന്തം വരുത്താൻ യഹോവ ക്രൂരരായ ഈ വിജാതീയരാഷ്ട്രത്തിലെ ആളുകളെ ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? ദൈവം ഇങ്ങനെ പ്രതികരിച്ചതിനെക്കുറിച്ച് കേൾക്കുമ്പോൾ നിങ്ങളായിരുന്നെങ്കിൽ എന്തു പറയുമായിരുന്നു?
9. ഹബക്കൂക്ക് ഏതെല്ലാം ചോദ്യങ്ങൾ സ്വയം ചോദിച്ചിരിക്കാം?
9 ഹബക്കൂക്ക് 1:12-14, 17 വായിക്കുക. യഹോവ ബാബിലോണിനെ ഉപയോഗിച്ച് ചുറ്റുമുള്ള ദുഷ്ടന്മാരെ ന്യായം വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യുമെന്നു മനസ്സിലാക്കിയെങ്കിലും ഹബക്കൂക്കിന് ഇപ്പോഴും സംശയം തീർന്നില്ല. എങ്കിലും യഹോവ തുടർന്നും തന്റെ “പാറ”യായിരിക്കുമെന്ന് അദ്ദേഹം യഹോവയോടു പറഞ്ഞു. (ആവ. 32:4; യശ. 26:4) തുടർന്നും ദൈവത്തിന്റെ സ്നേഹത്തിലും കരുണയിലും ക്ഷമയോടെ ആശ്രയിക്കാൻ ഹബക്കൂക്ക് തീരുമാനിച്ചു. ആ ഉറച്ച തീരുമാനം യഹോവയോടു വീണ്ടും ചോദ്യങ്ങൾ ചോദിക്കാനുള്ള ധൈര്യം അദ്ദേഹത്തിനു കൊടുത്തു. യഹൂദ്യയിലെ അവസ്ഥകൾ കൂടുതൽ വഷളാകാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്? യഹോവ എന്തുകൊണ്ടാണ് പെട്ടെന്നു പ്രവർത്തിക്കാത്തത്? എന്തുകൊണ്ടാണു സർവശക്തൻ ഈ ദുരിതങ്ങളെല്ലാം വെച്ചുപൊറുപ്പിക്കുന്നത്? ദുഷ്ടത വർധിക്കുമ്പോൾ എന്തുകൊണ്ടാണ് യഹോവ ‘മൗനം പാലിക്കുന്നത്?’ കാരണം, യഹോവ ‘പരിശുദ്ധനാണല്ലോ;’ ‘ദോഷത്തെ നോക്കാൻ യഹോവയ്ക്കാകില്ല, അത്ര വിശുദ്ധമാണല്ലോ യഹോവയുടെ കണ്ണുകൾ.’
10. ഹബക്കൂക്കിനെപ്പോലെ ചിലപ്പോൾ നമ്മൾ എങ്ങനെ ചിന്തിച്ചേക്കാം?
10 ഹബക്കൂക്കിനെപ്പോലെ നമ്മളും യഹോവയ്ക്കു ശ്രദ്ധ കൊടുക്കുന്നു. യഹോവയിൽ പൂർണമായി ആശ്രയിക്കുകയും ദൈവവചനം വായിക്കുകയും പഠിക്കുകയും ചെയ്യുന്നു, ഇതു നമുക്കു പ്രത്യാശ പകരുന്നു. യഹോവയുടെ വാഗ്ദാനങ്ങളെക്കുറിച്ച് സംഘടനയും നമ്മളെ പഠിപ്പിക്കുന്നു. എങ്കിലും ഹബക്കൂക്കിനെപ്പോലെ ഒരുപക്ഷേ നമ്മളും ചോദിച്ചുപോയേക്കാം, ‘നമ്മുടെ കഷ്ടപ്പാടുകൾ എന്നാണൊന്ന് അവസാനിക്കുക?’ ഹബക്കൂക്ക് പിന്നീടു ചെയ്തതിൽനിന്നും നമുക്ക് എന്തു പഠിക്കാമെന്നു നോക്കാം.
യഹോവയ്ക്കായി കാത്തിരിക്കുക
11. യഹോവയ്ക്കു ശ്രദ്ധ കൊടുത്തതിനു ശേഷം ഹബക്കൂക്ക് എന്തു ചെയ്യാനാണു തീരുമാനിച്ചത്?
11 ഹബക്കൂക്ക് 2:1 വായിക്കുക. യഹോവയുമായുള്ള സംഭാഷണം ഹബക്കൂക്കിന്റെ മനസ്സു തണുപ്പിച്ചു. അതുകൊണ്ട് യഹോവ പ്രവർത്തിക്കുന്ന സമയംവരെ കാത്തിരിക്കാൻ അദ്ദേഹം തീരുമാനിച്ചു. പെട്ടെന്ന് അങ്ങനെയങ്ങ് തോന്നിയപ്പോൾ എടുത്ത ഒരു തീരുമാനമല്ല ഇത്. കാരണം, “നമ്മളെ ആക്രമിക്കുന്ന ആളുകളുടെ മേലാണല്ലോ അതു വരുന്നതെന്ന് ഓർത്ത് കഷ്ടതയുടെ ദിവസത്തിനായി ഞാൻ ക്ഷമയോടെ കാത്തിരിക്കുകയാണ്” എന്ന് അദ്ദേഹം പിന്നീടു പറഞ്ഞു. (ഹബ. 3:16) ഹബക്കൂക്കിനെപ്പോലെ, യഹോവ പ്രവർത്തിക്കുന്നതിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറായ വിശ്വസ്തരായ മറ്റു ദൈവദാസരും നമ്മളെ പ്രോത്സാഹിപ്പിക്കുന്നു.—മീഖ 7:7; യാക്കോ. 5:7, 8.
12. ഹബക്കൂക്കിൽനിന്ന് നമുക്കു പഠിക്കാവുന്ന ചില പാഠങ്ങൾ ഏവ?
12 ഹബക്കൂക്കിന്റെ ഉറച്ച തീരുമാനം നമ്മളെ എന്താണു പഠിപ്പിക്കുന്നത്? ഒന്നാമത്, എന്തൊക്കെ പരിശോധനകൾ നേരിട്ടാലും യഹോവയോടു പ്രാർഥിക്കുന്നത് ഒരിക്കലും നിറുത്തിക്കളയരുത്. രണ്ടാമത്, തന്റെ വചനത്തിലൂടെയും സംഘടനയിലൂടെയും യഹോവ നമ്മളോടു പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. മൂന്നാമത്, തന്റേതായ സമയത്ത് യഹോവ നമ്മുടെ പ്രയാസങ്ങളും വിഷമങ്ങളും നീക്കുമെന്ന ഉറച്ച വിശ്വാസത്തോടെ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരിക്കണം. യഹോവയോട് ഒരു ഉറ്റ സുഹൃത്തിനോടെന്നപോലെ സംസാരിക്കുകയും കാത്തിരിക്കാൻ തയ്യാറുള്ള ഒരു മനസ്സോടെ യഹോവയെ ശ്രദ്ധിക്കുകയും ചെയ്യുന്നെങ്കിൽ ശാന്തമായ ഒരു ഹൃദയം നേടാൻ നമുക്കു കഴിയും, സഹിച്ചുനിൽക്കാൻ അതു നമ്മളെ സഹായിക്കും. ഹബക്കൂക്ക് അങ്ങനെയാണു ചെയ്തത്. പ്രത്യാശ കൈവിടാതിരുന്നാൽ നമ്മളും ക്ഷമയോടെ കാത്തിരിക്കും. സാഹചര്യങ്ങൾ എത്ര മോശമായാലും സന്തോഷം നിലനിറുത്താൻ അതു നമ്മളെ സഹായിക്കും. പ്രത്യാശയുണ്ടെങ്കിൽ നമ്മുടെ സ്വർഗീയപിതാവ് നമുക്കുവേണ്ടി പ്രവർത്തിക്കുമെന്ന ഉറച്ച ബോധ്യം നമുക്കുണ്ടായിരിക്കും.—റോമ. 12:12.
13. ഹബക്കൂക്ക് 2:3-ൽ ഏത് ഉറപ്പാണു നമ്മൾ കാണുന്നത്?
13 ഹബക്കൂക്ക് 2:3 വായിക്കുക. കാത്തിരിക്കാനുള്ള ഹബക്കൂക്കിന്റെ തീരുമാനത്തിൽ യഹോവയ്ക്ക് ഉറപ്പായും സന്തോഷം തോന്നിയിട്ടുണ്ടാകും. ഹബക്കൂക്കിന്റെ വിഷമംപിടിച്ച സാഹചര്യങ്ങളെക്കുറിച്ച് സർവശക്തനു നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ദൈവം ഹബക്കൂക്കിനെ ആശ്വസിപ്പിച്ചു, ഹബക്കൂക്കിന്റെ ആത്മാർഥമായ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമെന്ന് സ്നേഹത്തോടെ, സൗമ്യമായി ഉറപ്പു കൊടുത്തു. അധികം വൈകാതെതന്നെ അദ്ദേഹത്തിന്റെ ഉത്കണ്ഠകൾക്കെല്ലാം ശമനമുണ്ടാകും. ഫലത്തിൽ ദൈവം ഹബക്കൂക്കിനോട് ഇങ്ങനെ പറയുകയായിരുന്നു: ‘ക്ഷമയോടിരിക്കുക, എന്നെ വിശ്വസിക്കൂ. താമസിക്കുന്നെന്നു തോന്നിയാലും ഞാൻ മറുപടി തന്നിരിക്കും.’ തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനു താൻ ഒരു ‘സമയം നിശ്ചയിച്ചിട്ടുണ്ടെന്ന്’ യഹോവ അദ്ദേഹത്തെ ഓർമിപ്പിച്ചു. തന്റെ ഉദ്ദേശ്യങ്ങളുടെ പൂർത്തീകരണത്തിനുവേണ്ടി കാത്തിരിക്കാൻ യഹോവ ഹബക്കൂക്കിനെ ഉപദേശിച്ചു. പ്രവാചകന്റെ കാത്തിരിപ്പു പാഴായില്ല.
14. പ്രയാസസാഹചര്യങ്ങളിൽ നമ്മുടെ തീരുമാനം എന്തായിരിക്കണം?
14 യഹോവയ്ക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയും യഹോവ പറയുന്ന കാര്യങ്ങൾക്കായി കാതോർത്തിരിക്കുകയും ചെയ്യുന്നതു നമുക്കു ധൈര്യം പകരും, കഷ്ടപ്പാടുകളുടെയും പ്രതികൂലസാഹചര്യങ്ങളുടെയും മധ്യേ ശാന്തമായ ഹൃദയം നേടിയെടുക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യും. ദൈവം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത “സമയങ്ങളെയും കാലങ്ങളെയും” ഓർത്ത് ആകുലപ്പെടുന്നതിനു പകരം സമയം പാലിക്കുന്നതിൽ ഏറ്റവും നല്ല മാതൃകയായ യഹോവയിൽ ആശ്രയിക്കാൻ കഴിയുമെന്നു യേശു നമുക്ക് ഉറപ്പു തന്നിട്ടുണ്ട്. (പ്രവൃ. 1:7) അതുകൊണ്ട്, നിരാശപ്പെട്ട് പിന്മാറുന്നതിനു പകരം കഴിവിന്റെ പരമാവധി യഹോവയെ സേവിക്കുന്നതിനു നമുക്കു സമയം നന്നായി ഉപയോഗിക്കാം. താഴ്മയും വിശ്വാസവും ക്ഷമയും പ്രകടമാക്കിക്കൊണ്ട് കാത്തിരിക്കാം.—മർക്കോ. 13:35-37; ഗലാ. 6:9.
യഹോവയിൽ ആശ്രയിക്കുക, ജീവനും മഹത്തായ ഭാവിയും കരഗതമാക്കുക
15, 16. (എ) നമുക്കു കരുത്തു പകരുന്ന ഏതെല്ലാം വാഗ്ദാനങ്ങളാണു ഹബക്കൂക്കിന്റെ പുസ്തകത്തിൽ കാണുന്നത്? (ബി) ഈ വാഗ്ദാനങ്ങൾ നമ്മളെ എന്തെല്ലാം പഠിപ്പിക്കുന്നു?
15 തന്നിൽ ആശ്രയമർപ്പിക്കുന്ന നീതിമാന്മാർക്ക് യഹോവ ഇങ്ങനെ ഉറപ്പു തരുന്നു: “നീതിമാൻ തന്റെ വിശ്വസ്തത കാരണം ജീവിക്കും.” മാത്രമല്ല, “ഭൂമി യഹോവയുടെ മഹത്ത്വത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറയും.” (ഹബ. 2:4, 14) ക്ഷമയോടെ ദൈവത്തിൽ ആശ്രയിക്കുന്നവർക്കു ജീവൻ സമ്മാനമായി കിട്ടും.
16 ഹബക്കൂക്ക് 2:4-ൽ കാണുന്ന വാഗ്ദാനം പൊതുവായ ഒരു പ്രസ്താവന മാത്രമാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാനിടയുണ്ട്. പക്ഷേ യഹോവയുടെ ഈ ഉറപ്പ് അത്ര പ്രധാനപ്പെട്ടതാണെന്നു മനസ്സിലായതുകൊണ്ട് പൗലോസ് അപ്പോസ്തലൻ ഈ വാക്യം മൂന്നു പ്രാവശ്യം ഉദ്ധരിച്ചിട്ടുണ്ട്! (റോമ. 1:17; ഗലാ. 3:11; എബ്രാ. 10:38) നീതിമാനായ ഒരു വ്യക്തിക്ക് എന്തെല്ലാം വിഷമസാഹചര്യങ്ങൾ അനുഭവിക്കേണ്ടിവന്നാലും വിശ്വാസംകൊണ്ടും ദൈവത്തിലുള്ള ആശ്രയംകൊണ്ടും ദൈവോദ്ദേശ്യങ്ങളുടെ നിവൃത്തി അദ്ദേഹം ജീവിച്ചിരുന്ന് കാണും. ഇന്നത്തെ ദുഃഖങ്ങളല്ല, നാളത്തെ സന്തോഷം കാണാനാണ് യഹോവ നമ്മളോട് ആവശ്യപ്പെടുന്നത്.
17. ഹബക്കൂക്കിന്റെ പുസ്തകം എന്തെല്ലാം ഉറപ്പാണു നമുക്കു നൽകുന്നത്?
17 ഈ അവസാനകാലത്ത് ജീവിക്കുന്ന നമുക്ക് എല്ലാവർക്കും വേണ്ട ശക്തമായ ഒരു പാഠം ഹബക്കൂക്കിന്റെ പുസ്തകം നൽകുന്നുണ്ട്. തന്നിൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന നീതിമാനായ ഏതൊരാൾക്കും യഹോവ ജീവന്റെ വാഗ്ദാനം നീട്ടിക്കൊടുക്കുന്നു. നമ്മൾ അനുഭവിക്കുന്ന ദുരിതങ്ങളും ഉത്കണ്ഠകളും എന്തുതന്നെയായാലും, നമുക്കു ദൈവത്തിലുള്ള വിശ്വാസവും ആശ്രയവും ശക്തിപ്പെടുത്താം. നമ്മളെ പിന്തുണയ്ക്കുകയും വിടുവിക്കുകയും ചെയ്യുമെന്ന് യഹോവ ഹബക്കൂക്കിലൂടെ ഉറപ്പു തരുന്നു. തന്നിൽ ആശ്രയിക്കാനും ക്ഷമയോടെ കാത്തിരിക്കാനും യഹോവ നമ്മളോടു കരുണയോടെ ആവശ്യപ്പെടുന്നു. യഹോവ നിശ്ചയിച്ച സമയം വന്നെത്തുകതന്നെ ചെയ്യും, അന്ന് ദൈവരാജ്യഭരണത്തിൻകീഴിൽ മുഴുഭൂമിയും സന്തുഷ്ടരും സൗമ്യരും ആയ ആരാധകരെക്കൊണ്ട് നിറയും.—മത്താ. 5:5; എബ്രാ. 10:36-39.
സന്തോഷത്തോടെ യഹോവയിൽ ആശ്രയിക്കുക
18. യഹോവയുടെ വാക്കുകൾ ഹബക്കൂക്കിനെ എങ്ങനെയാണു സ്വാധീനിച്ചത്?
18 ഹബക്കൂക്ക് 3:16-19 വായിക്കുക. യഹോവയുടെ വാക്കുകൾ ഹബക്കൂക്കിനെ ആഴമായി സ്വാധീനിച്ചു. മുൻകാലത്ത് തന്റെ ജനത്തിനുവേണ്ടി യഹോവ നടത്തിയിട്ടുള്ള വൻകാര്യങ്ങളെക്കുറിച്ച് അദ്ദേഹം ധ്യാനിച്ചു. അതുകൊണ്ട് അദ്ദേഹത്തിനു തന്റെ വിശ്വാസം പുതുക്കാൻ കഴിഞ്ഞു. യഹോവ വൈകാതെ പ്രവർത്തിക്കുമെന്ന് അദ്ദേഹത്തിനു മനസ്സിലായി. തന്റെ കഷ്ടപ്പാടുകൾ കുറച്ച് കാലംകൂടെ തുടർന്നേക്കാമെങ്കിലും ഈ അറിവ് പ്രവാചകനെ ആശ്വസിപ്പിച്ചു. ഹബക്കൂക്കിന്റെ സത്യസന്ധമായ സംശയങ്ങൾ ഇപ്പോൾ, സന്തോഷത്തിനും യഹോവയുടെ രക്ഷാശക്തിയിലുള്ള ഇളകാത്ത ആശ്രയത്തിനും വഴിമാറി. യഹോവയിലുള്ള വിശ്വാസം തുളുമ്പുന്ന അവിസ്മരണീയമായ ചില വാക്കുകളാണ് അദ്ദേഹം പിന്നീടു പറഞ്ഞത്. ദൈവത്തിൽ ആശ്രയിക്കുന്നതിനെക്കുറിച്ച് മനുഷ്യൻ ഇന്നേവരെ പറഞ്ഞിട്ടുള്ള മനോഹരമായ വാക്കുകളിൽ ചിലതാണ് അവ! 18-ാം വാക്യത്തിന്റെ അക്ഷരാർഥം ഇങ്ങനെയാണെന്നാണു ചില പണ്ഡിതന്മാർ പറയുന്നത്: “എന്റെ കർത്താവിൽ സന്തോഷിച്ചുകൊണ്ട് ഞാൻ തുള്ളിച്ചാടും. ദൈവത്തിൽ ആനന്ദിച്ചുകൊണ്ട് ഞാൻ നൃത്തം ചെയ്യും.” നമുക്കുള്ള എത്ര ശക്തമായ ഉറപ്പ്! നമുക്ക് അത്ഭുതകരമായ വാഗ്ദാനങ്ങൾ തരുക മാത്രമല്ല, തന്റെ മഹത്തായ ഉദ്ദേശ്യം നിറവേറ്റുന്നതിനു ത്വരിതഗതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും യഹോവ നമുക്ക് ഉറപ്പു നൽകിയിരിക്കുന്നു.
19. ഹബക്കൂക്കിനു ലഭിച്ചതുപോലെ നമുക്കും എങ്ങനെ ആശ്വാസം നേടാം?
19 യഹോവയിൽ ആശ്രയിക്കുക എന്നതാണു ഹബക്കൂക്കിന്റെ സന്ദേശത്തിന്റെ കാതൽ. (ഹബ. 2:4) നമുക്ക് എങ്ങനെ അത്തരം ആശ്രയം നേടിയെടുക്കുകയും നിലനിറുത്തുകയും ചെയ്യാം? യഹോവയുമായുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്. അതിനുവേണ്ടി (1) പ്രാർഥനയിൽ ഉറ്റിരിക്കുക, നമ്മുടെ എല്ലാ ഉത്കണ്ഠകളും മനോവിഷമങ്ങളും യഹോവയെ അറിയിക്കുക. (2) യഹോവയുടെ വചനത്തിനും സംഘടനയിലൂടെ ലഭിക്കുന്ന ഏതൊരു മാർഗനിർദേശത്തിനും അടുത്ത ശ്രദ്ധ കൊടുക്കുക. (3) യഹോവയ്ക്കായി ക്ഷമയോടെ, വിശ്വസ്തമായി കാത്തിരിക്കുക. അതാണു ഹബക്കൂക്ക് ചെയ്തത്. അദ്ദേഹം തന്റെ പുസ്തകം എഴുതിത്തുടങ്ങിയത് ദുഃഖം നിറഞ്ഞ വാക്കുകളോടെയാണെങ്കിലും അവസാനിപ്പിക്കുന്നത് ആത്മവിശ്വാസം തുടിക്കുന്നതും സന്തോഷം നിറഞ്ഞതും ആയ വാക്കുകളിലാണ്. പ്രചോദനം പകരുന്ന ഈ മാതൃക നമുക്ക് അനുകരിക്കാം, അങ്ങനെ യഹോവയുടെ പിതൃനിർവിശേഷമായ ആശ്ലേഷം നമുക്ക് അനുഭവിച്ചറിയാം! ഇരുട്ട് ഒന്നിനൊന്ന് കനത്തുകൊണ്ടിരിക്കുന്ന ഈ ലോകത്ത് ഇതിലും വലിയ ആശ്വാസം മറ്റ് എന്താണുള്ളത്?
a ഹബക്കൂക്ക് 1:5-ൽ “നിങ്ങളുടെ” എന്ന ബഹുവചനരൂപം ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് ഈ ദുരന്തം മുഴുവൻ യഹൂദയെയും ബാധിക്കുമെന്നു സൂചിപ്പിക്കുന്നു.